Christmas Bell Widget

Monday, December 26, 2011

ഇന്ത്യയുടെ അയൽക്കാരൻ ഫിലിപ്പീൻസാണ്...


അബൂദാ‍ബിയിലെ അഞ്ചാം നിലയിലെ
അഞ്ഞൂറ്റിമുന്നാമൊറ്റമുറിയിൽ
ഇന്ത്യയുടെ അയൽക്കാരൻ
ഫിലിപ്പീൻസാണ്...

കമ്പനി ഭാഗിച്ച ചതുരക്കളത്തിൽ
കാവൽ ഭടന്മാരില്ലാത്ത അതിർത്തിരേഖകൾ
കപ്പ്ബോർഡിൽ തീർത്തൊലമാര,
കാത്ത് സംരക്ഷിക്കുന്നു..

കുളിക്ക് ശേഷം പല്ല് തേച്ചാലും
ദിനേന കുളിക്കാൻ മറക്കാതെ,
പുറത്തിറങ്ങുമ്പോളിട്ട പുതുമോടികണ്ട്
തലയിണ ചെമന്നചായത്തിൽ തല പൂഴ്ത്തുന്നു.

മസ്ദക്കാറിൽ *ബി എം മിന്റെ ചക്രം
നിരത്തിലൂടെ പായുമ്പോൾ
എഫ് എ മ്മിൽ പാടുന്ന പാട്ട്
മൂളികൊടുത്തു മണൽക്കാടിന്
ആംഗലേയം പഠിപ്പിക്കും...

പുറത്തു കണ്ടാൽ “പാരേ”*യെന്നും
പാരകളില്ലാതെ ഒന്നാകാമെന്നും
പറഞ്ഞും പ്രവർത്തിച്ചും പരസ്പരം,
പ്രതിയോഗികളല്ലാതെ തൂവെള്ള-
പതാകകളതിർത്തിയിൽ പാറിക്കളിക്കുന്നു.

മത്സ്യത്തിൽ മഞ്ഞൾ പുരട്ടാതെ
മുളക് തേക്കാതെ പാതിവേവിൽ
മുഴുവനുമകത്താക്കിയീ വെളുത്തകുറിയൻ,
മനസ്സ് കാതരമാകുമ്പോൾ സന്ധ്യക്ക്
മ്യൂസിക്ക് ബോർഡിൽ
മോഹന സംഗീതമീട്ടുന്നു..

മനം വെളുത്ത മേനിവെളുത്ത
മനിലക്കാരൻ* രാത്രിയപകടകാരിയാണ്
മൂക്കിലൂടെ ഇന്ത്യൻ വ്യോമാതിർത്ഥികടന്ന്
കവിതക്ക് കരാറെഴുതുന്നയെന്നെയാക്രമിക്കുന്നു..

എങ്കിലുമെൻപ്രിയ “പാരേ”
എനിക്കു നിന്നെ ഇഷ്ടമാണ്
നമ്മുടെ ലോകത്ത് യുദ്ധമോ
ഉടമ്പടികളോയില്ലാതെ
രണ്ടു രാജ്യങ്ങൾ സ്വസ്ഥമാകുന്നു..
-----------------------------------------------




*ബി എം:- ബി എം ഡബ്ല്യൂ കാർ
“പാരേ”*:-പ്രിയ സ്നേഹിതാ..
*മനില:- ഫിലിപ്പീൻസ് തലസ്ഥാനം..

2 comments:

  1. എങ്കിലുമെൻപ്രിയ “പാരേ”
    എനിക്കു നിന്നെ ഇഷ്ടമാണ്....

    സ്വസ്ഥമാകുന്നു..

    ReplyDelete
  2. സന്തോഷം.. പ്രിയ കൂട്ടുകാരാ...

    ReplyDelete