Christmas Bell Widget

Monday, January 20, 2014

മത്തി




ഫിഷ്‌ മാർക്കറ്റിൽ പോയാൽ
ഒരു മന്ന് മത്തി
ഓരോ പ്രവാസിയോടുമൊപ്പം
കീശ കയറിപ്പോരും.

നാട്ടിലെ മത്തിയെപ്പോലെയല്ല
അറേബ്യൻ മത്തി
നല്ല വൃത്തി
അറബിപെണ്ണിന്റെ കണ്ണ്‌.

ഏതുവലിയ മീനെടുത്താലും
ചാവക്കാട്ടുകാരൻ പറയും
"ഒരു മന്ന് മത്തിവെക്കിഷ്ടാ
പെടക്ക്ണതാ".

വേണ്ടാന്ന് പറഞ്ഞാലും
ചെറിയൊരു സമ്മാനപ്പൊതി
തന്ന് പറഞ്ഞയക്കും.

അത്യുഷണത്തിലും
അതിശൈത്യത്തിലും
വേലിയേറ്റത്തിലും
വേലിയിറക്കത്തിലും
മത്തിക്കെന്നും മന്നിന്‌
പത്ത്‌ ദിർഹം തന്നെ.

അതുകൊണ്ടായിരിക്കാം
മാമന്റെ ഫ്രിഡ്ജിലെന്നും
മത്തി ചാകര.

2

നാട്ടിൽ നിന്ന് വരുമ്പോൾ
പെട്ടിയിലെമ്പാടും
പച്ച മാങ്ങാക്കാലം.

പിന്നെ ഒരാഴ്ച
പച്ചമത്തിയും
പച്ചമാങ്ങയും കൂടി
തിളച്ചുമറിയുന്ന
പ്രണയ ചുവപ്പ്‌.

നാട്ടിലും ഫ്ലാറ്റിലും
രാത്രി രണ്ടാളുകൾ
ഉറക്കമിളച്ച്‌ ഒരേ കിടപ്പ്‌.

3.

അജ്മാനിലെ ഫിഷ്‌ മാർക്കറ്റിൽ
കറുകറുത്തൊരു മീങ്കാരനുണ്ട്‌.

പണ്ട്‌ ഉമ്മ മീൻ വാങ്ങിയിരുന്നവൻ
വിസകിട്ടി കയറിപ്പോന്നതാകുമോ?.
ചോദിക്കാൻ പലവട്ടം തുനിഞ്ഞതാണ്‌.

"ഹേയ്‌ നാട്ടിലൊന്നും
ഇപ്പണി ഞാൻ ചെയ്തിട്ടില്ലയെന്ന്"
പറഞ്ഞാൽ മുഖം വാടും

ഇന്ന് മീങ്കാരൻ
വന്നില്ലല്ലോയെന്ന്
ഉമ്മ പൂച്ചകണ്ണനോട്‌
പരിഭവം പറയും.

4

മറ്റ്‌ മീനുകളെപ്പോലെയല്ല
പൊരിക്കുമ്പോഴാണ്‌
മത്തിയുടെ ആത്മാവ്‌ പറന്നുപോകുക.

പറന്ന് പറന്ന്
ആത്മാവ്‌ ഒന്നാം നിലയിലെ
എല്ലാ ഫ്ലാറ്റുകളുടെയും
വാതിൽ മുട്ടും.

എന്നെ അകത്ത്‌ കയറ്റൂ
കയറ്റൂവെന്ന്
പലഭാഷയിൽ മൊഴിയും

ആരും തുറന്നില്ലെങ്കിലും
അകത്തു കടക്കും
വികൃതിപ്പിള്ളേരുമൊത്ത്‌
കാർട്ടൂൺ കാണും.

ബഡ്രൂമിൽ ഒളിഞ്ഞുനോക്കും
മത്തി അവന്റ്ര് പൂർവ്വകാല
ജലകേളികളോർക്കും.

വെള്ളത്തിൽ നിന്ന്
വന്നശേഷം ഒന്ന് നല്ലപോലെ
കുളിച്ചില്ലല്ലോയെന്ന് പറഞ്ഞ്‌
ബാത്ത്‌ റൂമിൽ കയറും.

മനുഷ്യന്‌ ഒരു ആമുഖം
ഇപ്പോഴാണോ വായിക്കുന്നതെന്ന്
കളിയാക്കി പുസ്തകമെടുത്ത്‌
ആടുക്കളയിലേക്കോടും.

തിരഞ്ഞ്‌ ചെന്നാൽ കാണില്ല
മത്തിയുടെ ആത്മാവ്‌
അടുക്കളയിൽ നിന്നും തുടങ്ങി
അടുക്കളയിൽ അവസാനിക്കുന്ന
ഏതോ മാന്ത്രികന്റേതാണ്‌.

ചീചട്ടിയിലെ കരക്കടിഞ്ഞ
കറുത്ത ഉടലോർമ്മകൾ
കൈകൊണ്ട്‌ വടിച്ച്‌
നക്കി നക്കി ഞാൻ തിരിഞ്ഞു നടക്കും

1 comment:

  1. പാവങ്ങളുടെ പാ‍വം മീന്‍ ആയ മത്തി
    ഈ കവിത വായിച്ച് നമ്മളെപ്പോലെ തന്നെ മത്തിക്കുട്ടന്മാരൊക്കെ സന്തോഷിക്കട്ടെ

    ReplyDelete