Christmas Bell Widget

Tuesday, May 29, 2012

ഇടവപ്പാതി

മഴവരുമ്പോഴും
കാറ്റു വരുമ്പൊഴും
മനസ്സ് തുള്ളിച്ചാടും

അതിന്റെ ശക്തിയിൽ
നമ്പ്യാരുടെ മാവിഞ്ചൊടാടും
മാങ്ങകൾ വീണുരുളും

മഴമാറുമ്പോഴും
കാറ്റുവഴിമാറുമ്പോഴും
പൊന്തക്കാട്
കുഞ്ഞുങ്ങളെ പ്രസവിക്കും

വേലി ചാടിയെത്തിയ
കുട്ടികൾ മാങ്ങതിരയുമ്പോൾ

“ഓടിനെടാ കള്ളന്മാരെ”യെന്നു പറഞ്ഞ്
നമ്പ്യാരോടിവരും

വേലി ചാടി
ദേഹം മുറിഞ്ഞാലും

“കട്ടുതിന്നണ മാങ്ങക്കെന്താ
ഇത്ര മധുരമെന്ന്”
കുഞ്ഞികണ്ണുകൾ
കണ്ണിറുക്കി ചോദിക്കും.

കട്ടപാപം
തിന്നു തീർത്ത്

നമ്പ്യാരെ ...

“അണ്ടിയാ പോയ്
കുണ്ടികാ‍ട്ടിക്കോയെന്ന്”
കുഞ്ഞികൈകൾ
കാലിൽ വീണ് മാപ്പിരക്കും..

-------------


ll


മഴവരുമ്പോഴും
കാറ്റു വരുമ്പോഴും
പാടം അശ്ലീല സിനിമ
പ്രക്ഷേപണം ചെയ്യാറുണ്ട്.

കൂടെ നടന്നിട്ടും
കൂട്ടു തരാത്ത
കൂട്ടുകാരിയുടെ
തുട നനച്ചതും
കുട തട്ടിയെടുത്തതും
ഒരു മഴ സിനിമ തന്നെ.

അന്നെന്റെ കുട
എത്ര പ്രണയാതുരമായാണ്
ഞങ്ങളെ കരയെത്തിച്ചത്..

പക്ഷെ ..

കുഞ്ഞുങ്ങൾ അഭിനയിക്കുന്ന
സിനിമയിൽ അശ്ലീലമില്ലെന്നും
പറന്നുപോയ കുടയുടെ കരച്ചിൽ
വീടുവരെയെത്തുമെന്നും
ആർക്കാണ് അറിയാത്തത്..!

lll

തെണ്ടിത്തിരിഞ്ഞ്
പാടത്തിരിക്കുമ്പോൾ
ആകാശത്തിന്റെ
മുഖമൊന്നു കാണണം..

ജോലിയും കൂലിയുമില്ലാത്തവൻ
കാരണം ബോധിപ്പിക്കുമ്പോഴേക്കും
ചന്നം പിന്നം
എറിഞ്ഞു തുടങ്ങും..

കൃത്യം സുശീലേച്ചിയുടെ
മുറ്റത്തെത്തുമ്പോൾ
ജോലിയില്ലാത്തവരുടെ
മഹാസമ്മേളനം കാണാം.

ഞങ്ങളുടെ പതാക
തലമാറ്റം ചെയ്ത്
ഇക്കൊല്ലം നമ്മൾ
ഭൂരിപക്ഷം നേടുമെന്ന്
പാർട്ടി റിപ്പോർട്ടിറക്കി
കട്ടൻ കാപ്പി കുടിപ്പിച്ച്
യോഗം പിരിച്ചു വിടും

ഞങ്ങളുടെ നേതാവ് സുശീലേച്ചി..!!

IV

കോരിച്ചൊരിഞ്ഞൊരു മഴ
എത്രവേഗമാണ് പെയ്തൊഴിഞ്ഞത്

ഹൃദയത്തിന്റെ നിറമുള്ള
മൂലോടിനിന്നിപ്പോഴും
ഉതിർന്നു വീഴുന്നുണ്ട്

കാണാതെപോയ ഇടവത്തുള്ളികൾ

Monday, May 21, 2012

നിലവിളിക്കുന്ന ഫ്ലാറ്റുകൾലെബനോൻ സുന്ദരി
വെള്ളാരം കണ്ണുകളുള്ള നബീല
ലിഫ്റ്റിൽ വെച്ചാണ്
കത്തുന്ന കവിത ചൊല്ലിയത്..

അഞ്ചാം നിലയിലെ
നീളനിടനാഴി,
ദമാസ്കസ്സിലെ കോഫീഷോപ്പ് പോലെ
പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു
ഉമ്മയിനി തിരിച്ച് വരില്ലെന്ന് പറയുന്നു..

ഈജിപ്തിപ്പോൾ ശാന്തമായി
ഉറങ്ങുന്നുവെങ്കിലും
മഞ്ഞച്ച പല്ലുകൾ കാട്ടി
പുതുക്കി കിട്ടാത്ത
പാസ്പ്പോർട്ടിനെ പിരാകുന്നു.
അടഞ്ഞ മുറിയിൽ നിന്നും
വായ്നാറ്റം പരക്കുന്നു...

കതകിനു കൊളുത്തിടുമ്പോൾ
കുടിയേറാത്ത ലിബിയക്കാരനെയോർത്ത്
ദുഖിക്കേണ്ടായെന്നാശ്വസിച്ചു..

മനസ്സ് തണുപ്പിക്കാൻ
ഫ്രിഡ്ജിൽ നിന്നും വെള്ളമെടുക്കുമ്പോഴാണ്
സഹമുറിയൻ ഫിലിപ്പീനി വാചാലനായത്..

ഇന്ത്യക്കെത്ര സബ് മറൈൻ ഉണ്ടെന്ന്..?

നൌ ഫിലിപ്പീൻ ഹാവിംഗ് റ്റു
നെക്സ്റ്റ് ടൈം വി വിൽ ബീറ്റ് ചൈന..

മൂന്നാമതൊന്നാലോചിക്കാതെ
ഇന്ത്യയുടെ ഭൂപടം
എന്റെ കമ്പിളി
എന്റെ സബ്മറൈനുള്ളിൽ
മൂടിക്കിടക്കുമ്പോളാരും
ആക്രമിക്കില്ലെന്ന് കരുതിയതാണ്
കഥ അവസാനിക്കേണ്ടതാണ്..

പുതപ്പിന്റെ ഇരുട്ടിൽ
പതിയിരുന്ന് ഭീരു
എന്റെ സഹോദരനെ
അമ്പത്തിമൂന്ന് കഷ്ണങ്ങളാക്കുന്നു..

എന്റെ കിടക്ക
രക്തത്തിൽ കുളിക്കുന്നു..
ഇന്ത്യയുടെ ഭൂപടം
രക്തത്തിൽ കുതിരുന്നു..

ജനൽ വഴി
ചാടി മരിക്കാൻ തുനിഞ്ഞപ്പോൾ
താഴെ
കാർ കഴുകുന്നു
കുടിയിറക്കപ്പെട്ട ശ്രീലങ്കൻ..!!

Tuesday, May 1, 2012

കുട്ടികളും കവികളുംകുട്ടികളും കവികളും
കാല്പന്തു കളിക്കുകയാ‍ണ്

കവികളിലെ മറഡോണ
നെരൂദ നീട്ടിയ പാസ്
മൊട്ടത്തലയൻ ട്രാ‍ൻസ്ടോമർ
നീട്ടിയടിച്ചപ്പോൾ
വഞ്ചിപ്പാട്ടു വ്യത്തത്തിൽ
മൂളിപോയൊരു വാക്ക്
എത്ര എളുപ്പത്തിലാണ്
പോസ്റ്റിനുള്ളിലിരുപ്പായത്..

കുട്ടികളപ്പോഴാണ്
വാശിമൂത്ത്
സമരകൂട്ടങ്ങളെപ്പോലെ
ഇരച്ചു വന്നത്..

അലിയെ*പ്പോലെ
മെലിഞ്ഞുണങ്ങിയൊരു കുട്ടി
എല്ലാ കവികളേയും പറ്റിച്ച്
തിരിച്ചടിച്ചപ്പോൾ

കുട്ടികളുടെ ബേക്കി തലകുത്തിമറിഞ്ഞു..
ഗോളി ന്യത്തം ചവിട്ടി..
മദ്ധ്യനിരയിലെ തടിയൻ
ബനിയനൂരി വീശി...

കാണികളായ കുട്ടികൾ
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പാട്ടുപാടി വിസിലടിച്ചു..

കവികളുടെയടുത്ത ടെച്ചപ്പിൽ
താടിവെച്ച കവി
നീട്ടിയടിച്ച പന്ത്
അർദ്ധവ്യത്തത്തിൽ പൊങ്ങി
മൈതാ‍നത്തിനു പുറത്ത്
മാവിൻ പൊത്തിലേക്ക്..

അന്തം വിട്ട കുട്ടികളോട്
വെള്ളമൊഴിച്ചാൽ
പൊങ്ങിവരുമെന്നറിഞ്ഞിട്ടും
കുട്ടികളോട് കളിക്കാനില്ലെന്ന്
കവികൾ പറഞ്ഞൊഴിഞ്ഞതെന്തിനാണ്..?

പന്തിന്റെ ഉടമയായ കുട്ടി
ഏങ്ങിയേങ്ങി കരയുമ്പോൾ
റ്റിങ്കിൽ റ്റിങ്കിൽ ലിറ്റിൽ സ്റ്റാർ

കുട്ടികളേ നിങ്ങൾ തോറ്റുപോയല്ലോയെന്ന്
ചിരിച്ചു പെയ്തതെന്തിനാണ്...?


അലി:- ചിൽഡ്രൻ ഓഫ് ദ ഹെവൻ എന്ന പ്രശസ്തമായ ഇറാനിയൻ സിനിമയിലെ നായകനായ കുട്ടി.(Amir Farrokh Hashemian)

--------------------------------

ll


പനിനീർ പൂവ് വിരിഞ്ഞപ്പോൾ
കവികൾ പറഞ്ഞു
പ്രണയമാണെന്ന്
കവികളുടെ ഹ്യദയമാണെന്ന്..

ആദ്യപൂവ് കൊണ്ടുപോയ കവി
തിരിച്ചു വരാതായപ്പോഴാണ്

പനിനീർപൂവ് കുട്ടികളുടെതായത്
കുട്ടികളെപ്പോലെ ചിരിക്കാൻ തുടങ്ങിയത്...!

-------------------------------------------------

III


കവിസമ്മേളനം
പുലി നഗരി,
കുറുനരിയുടെ ഓരിയിടൽ

കേട്ടവരെല്ലാം കവികളാണ്
കാണുന്നവരെല്ലാം കവികളാണ്

കുട്ടികൾ മാത്രം
നഷ്ടപ്പെട്ട പിച്ചിനെ ചൊല്ലി
പാലായനത്തിലാണ്..!

-----------------------------
IV

രാജന്മാ‍ഷ് ആനകവിത ചൊല്ലും
ആനപ്പുറത്തിരുത്തും
ആനവാൽ മോതിരം ചാർത്തും

കുട്ടികളെല്ലാം ആനകളാണെന്ന്
ആനകളില്ലാത്ത മാഷ് പറയും

ആനക്കാര്യമോർത്ത്
കുട്ടികൾ ആനകൊമ്പ് പോലെ ചിരിക്കും..
----------------------------------------
V

മഹാകാവ്യം കൊണ്ട്
കുട്ടികൾ ഏറുപന്തുണ്ടാക്കി..

വ്യത്തത്തിലുള്ളത്
നേരെ പാഞ്ഞു

ഛന്ദസ്സിലുള്ളത്
മുഖത്തൊട്ടി
കാകളി കളിച്ചു..

അഞ്ചാം പാദത്തിനന്ത്യം
മഹാകാവ്യം ചപ്പിളി പിളിയായി...