Christmas Bell Widget

Monday, October 28, 2013

തിര




ഓരോ തിരയും
പാറക്കല്ലിൽ വെടിക്കെട്ടിന്‌
തീകൊളുത്തുന്നു

പേടിതൊണ്ടനായ/സമർത്ഥനായ
വെടിക്കെട്ടുകാരനെപ്പോലെ
തിരികെ ഓടിപ്പോകുന്നു

Tuesday, October 8, 2013

മഷിപ്പാടങ്ങൾ..




പുതുമഴ പെയ്ത
മണ്ണിന്റെ മണം പോലെ
ഇഷ്ടമാണെന്ന്
ചൊല്ലിയതിൽ പിന്നെ
നീ ചൂടിയ പൂവിന്റെ പരിമളം പോലെ

ചില നേരങ്ങളിലെ
മഷിമണങ്ങളെന്നെ
ഉന്മത്തനാക്കുന്നു.

രാത്രി
മഷിപ്പാടങ്ങളിൽ നിന്നും
കവിതവിരിയാൻ കാവലേൽപ്പിച്ച
കാവൽക്കാരൻ മാത്രമാണ് ഞാനെന്ന്
മറന്നു പോകുന്നു.

II

ഓരോ പുരുഷനും
അവന്റെ കുപ്പായത്തിൽ
അയലുകൾ കെട്ടിവെക്കുന്നു
അതിൽ ഒരു പേന ഉണക്കാനിടുന്നു.

അതവന്റെ ഹൃദയത്തിനു നേരെ
തൂങ്ങിനിൽക്കുന്നു
ഹൃദയത്തെ സ്പർശിക്കുന്നു.

പൊടുന്നനെ അതിന്
രൂപാന്തരം സംഭവിക്കുന്നു
അതൊരു തെർമോമീറ്ററായി മാറുന്നു

തെർമോമീറ്റർ
ഹൃദയത്തിന്റെ പനിയളക്കുന്നു.
പ്രണയച്ചൂടിൽ
മഷിതിളക്കുന്നു.

അതിന്റെ മാപിനി
ഉയർന്നുയർന്ന്
ഒരു പെണ്ണിന്റെ കയ്യിൽ
50000 ഉമ്മകളെന്നെഴുതുന്നു.

അവന്റെ കയ്യിൽ അവൾ
വീട്ടിലേക്കുള്ള വഴി വരക്കുന്നു.

പ്രത്യുപകാരമായി
അവനവൾക്ക്
പേന സമ്മാനമായി നൽകുന്നു.

ഓരോ സ്ത്രീയും
ആത്മരക്ഷാർത്ഥം കൊണ്ടു നടക്കുന്ന
വഞ്ചിക്കുള്ളിൽ അവളത് ഒളിപ്പിച്ചു വെക്കുന്നു.

പുരുഷന്റെ നെഞ്ചിലെ
അയലോർമകൾ
രാത്രി വഞ്ചിപ്പാട്ടിൽ അവൾ കേട്ടുറങ്ങുന്നു.

iii

ഒരു പേനക്കും
ഒന്ന് തനിയെ നിൽക്കാനുള്ള
ത്രാണിപോലുമില്ല
എന്നിട്ടും , കാണണം
ഒരാളൊന്ന് താങ്ങിക്കൊടുത്താൽ
അഹങ്കാരത്തിന് കൊമ്പ് മുളക്കുന്നത്.

iv

ചില്ലുമേടയിലിരുന്നൊരാൾ
കല്ലെറിഞ്ഞതിന്
പേനയോട് കയർത്തു കവി

എന്നിട്ടരിശം തീരാതെ
ഒറ്റയേറും കൊടുത്തു

ചില്ലുഹൃദയം പൊട്ടി പേന മരിച്ചു.

v

ചില പേനുകൾ
തലയിലൊളിച്ച്
രക്തം കുടിക്കുന്നു.

ചില പേനകൾ
വിരലുകളിലൊളിച്ച്
രക്തം കുടിക്കുന്നു.

Tuesday, October 1, 2013

മൂന്നു കവിതകൾ


കവിതയുടെ ടയർ പഞ്ചറായപ്പോൾ
പ്രശസ്തനായ കവിയുടെ
വർക്ക്‌ ഷോപ്പിൽ കയറി

ഓയിൽ ലീക്ക്‌
കാർബേറ്ററിൽ കരട്‌
വാട്ടർ പമ്പിൽ തുരുമ്പ്‌
അലൈമന്റ്‌ നഷ്ടം

കവിതമാറ്റിപ്പിടിച്ചില്ലേൽ
പണികിട്ടുമെന്ന അന്ത്യശാസനം

അവസാനം
ആധാരം പണയം വെച്ച്‌
ഒരു പുതു കവിത വാങ്ങി

ഇപ്പോൾ ആരെയും
പേടിക്കാതെ
റോഡിൽ ചെത്തി നടക്കാമല്ലോ..

.........

പരസ്പരം ഒരു നദി
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌ നമ്മൾ

വറ്റുമ്പോഴെല്ലാം
ചുംബനപ്പാലങ്ങളിട്ട്
നനച്ചെടുക്കുന്നുണ്ട്‌ നാം
അതിന്റെ തീരങ്ങൾ.
......

ചുണ്ടാകൃതിയിലുള്ള
ചുരം കേറുന്നു
ചുംബനം എന്ന് പേരുള്ള ബസ്സ്‌..

താഴെ
വെളുത്ത മുനയുളള
വെള്ളാരംകൽ പാറകൾ
എന്നിട്ടും ഡ്രൈവർ
ആത്മവിശ്വാസത്തോടെ
ചുരം കേറുന്നു.

ചുണ്ട്‌ അയാൾക്ക്‌
ചുരമോ നൂൽപ്പാലമോ അല്ല
ഭൂമിപോലെ ഉരുണ്ട ഒന്നാണത്‌

ആരിൽ നിന്ന് തുടങ്ങിയാലും
അവളിലേക്ക്‌ മാത്രം
എത്തിച്ചേരാവുന്ന
ഒരു മഗല്ലൻ തിയറി