Christmas Bell Widget

Monday, December 26, 2011

ഇന്ത്യയുടെ അയൽക്കാരൻ ഫിലിപ്പീൻസാണ്...


അബൂദാ‍ബിയിലെ അഞ്ചാം നിലയിലെ
അഞ്ഞൂറ്റിമുന്നാമൊറ്റമുറിയിൽ
ഇന്ത്യയുടെ അയൽക്കാരൻ
ഫിലിപ്പീൻസാണ്...

കമ്പനി ഭാഗിച്ച ചതുരക്കളത്തിൽ
കാവൽ ഭടന്മാരില്ലാത്ത അതിർത്തിരേഖകൾ
കപ്പ്ബോർഡിൽ തീർത്തൊലമാര,
കാത്ത് സംരക്ഷിക്കുന്നു..

കുളിക്ക് ശേഷം പല്ല് തേച്ചാലും
ദിനേന കുളിക്കാൻ മറക്കാതെ,
പുറത്തിറങ്ങുമ്പോളിട്ട പുതുമോടികണ്ട്
തലയിണ ചെമന്നചായത്തിൽ തല പൂഴ്ത്തുന്നു.

മസ്ദക്കാറിൽ *ബി എം മിന്റെ ചക്രം
നിരത്തിലൂടെ പായുമ്പോൾ
എഫ് എ മ്മിൽ പാടുന്ന പാട്ട്
മൂളികൊടുത്തു മണൽക്കാടിന്
ആംഗലേയം പഠിപ്പിക്കും...

പുറത്തു കണ്ടാൽ “പാരേ”*യെന്നും
പാരകളില്ലാതെ ഒന്നാകാമെന്നും
പറഞ്ഞും പ്രവർത്തിച്ചും പരസ്പരം,
പ്രതിയോഗികളല്ലാതെ തൂവെള്ള-
പതാകകളതിർത്തിയിൽ പാറിക്കളിക്കുന്നു.

മത്സ്യത്തിൽ മഞ്ഞൾ പുരട്ടാതെ
മുളക് തേക്കാതെ പാതിവേവിൽ
മുഴുവനുമകത്താക്കിയീ വെളുത്തകുറിയൻ,
മനസ്സ് കാതരമാകുമ്പോൾ സന്ധ്യക്ക്
മ്യൂസിക്ക് ബോർഡിൽ
മോഹന സംഗീതമീട്ടുന്നു..

മനം വെളുത്ത മേനിവെളുത്ത
മനിലക്കാരൻ* രാത്രിയപകടകാരിയാണ്
മൂക്കിലൂടെ ഇന്ത്യൻ വ്യോമാതിർത്ഥികടന്ന്
കവിതക്ക് കരാറെഴുതുന്നയെന്നെയാക്രമിക്കുന്നു..

എങ്കിലുമെൻപ്രിയ “പാരേ”
എനിക്കു നിന്നെ ഇഷ്ടമാണ്
നമ്മുടെ ലോകത്ത് യുദ്ധമോ
ഉടമ്പടികളോയില്ലാതെ
രണ്ടു രാജ്യങ്ങൾ സ്വസ്ഥമാകുന്നു..
-----------------------------------------------




*ബി എം:- ബി എം ഡബ്ല്യൂ കാർ
“പാരേ”*:-പ്രിയ സ്നേഹിതാ..
*മനില:- ഫിലിപ്പീൻസ് തലസ്ഥാനം..

Saturday, December 24, 2011

വിരഹത്തിന്റെ പ്രായഭേദങ്ങൾ...




ശൈശവം...

=========

പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”


യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു വടക്കൻ കാറ്റ്”

Tuesday, December 20, 2011

വേനൽ പ്രണയം...



------------------------

നഖക്ഷതത്തിനായ് നീ ദാഹിക്കുമ്പോൾ
നഖമില്ലാത്തവനായി ഞാൻ

നഖം വളർന്ന് ആർത്തിപൂണ്ടപ്പോൾ
നാട് വിട്ടുപോയവൾ നീ

വെട്ടിവീണ നഖങ്ങൾക്കിടയിലിപ്പോഴും
വേരറ്റ രണ്ടു മുടിനാരുകൾ കഥ പറയുന്നു.....

Sunday, December 18, 2011

ദുബായ് നഗരം..




പണ്ട്
=================

ഗുഡ് ഹോപ്പ് മുനമ്പിനുമപ്പുറത്തേക്ക്
കറുത്ത പൊന്ന് കയറ്റിയൊരു ലാഞ്ചി
കാറ്റിൽ പെട്ടുലഞ്ഞാ‍ടിയപ്പോൾ
നാവികനൊരു തിരൂർക്കാരനെയെടുത്ത്
അറബിക്കടലിലേക്കെറിഞ്ഞു

“രക്ഷപ്പെട്ടത് ഒരു നൌകയും
രണ്ടു നാടും..”..

ഇന്നലെ..
==================

*കോർഫക്കാന്റെ തീരത്ത്
മലബാർ ബീഡി സഞ്ചിയുമായ്
അടിഞ്ഞു വീണവൻ ഒറ്റ നടത്തം...

കാട്ടറബികൾ തുറന്നു തോറ്റ
ആലിബാബയുടെ കോട്ട
മലബാറുകാരൻ തുറന്നത്
മെയ്യിലെ വിയർപ്പിറ്റി
ബീഡിതെരുപ്പിന്റെ മുനകൊണ്ട്..

കോട്ട തുറന്നപ്പോൾ
ആയിരം മാണിക്യം
ആയിരം മരതകം
പതിനായിരം മുത്ത്
എല്ലാമൊളിപ്പിച്ച പീതവർണ്ണൻ..

കഥകേട്ടെത്തിയ “ബന്ധുക്കൾ”
ലാഞ്ചിയിൽ നിന്നും ചാടിയപ്പോൾ
കരക്കടിഞ്ഞതു ഒന്നോ രണ്ടോ
പാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ
പാസ്പ്പോർട്ടുകൾ മാത്രം..

ഇന്ന്
===============
ആഫ്രിക്കക്കാരിയുടെ കറുപ്പുപോൽ
ദ്യഢമാർന്ന റോഡുകൾ
സുരതത്തിനധിരസമരുളം റഷ്യന്‍ -
യുവതിയുടെ തുടയകറ്റിയ പാലങ്ങള്‍.
ഫിലിപ്പിനി പെണ്ണിന്റെ മാറ് പോലെ
വിടർന്നു വിലസുന്ന ബൾബുകൾ
“മല്ലു”പെണ്ണിന്റെ പൊക്കിൾ ചുഴിപോലെ
നാണയ വട്ടമാർന്ന റൌണ്ട് അബൌട്ടുകൾ
ദുബൈ നഗരമിന്നു സുന്ദരിയായ
“ ബുഗാട്ടി”കാറുകളാണ്..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ
കുരിശിനേയും, ആളില്ലാവണ്ടിയേയും
സത്രങ്ങളേയും , അങ്ങാടികളേയും
അതിലൂടലയുന്ന സുന്ദരിപ്പെണ്ണുങ്ങളേയും
കുതിരയോട്ടത്തിനെത്തിയ ജോക്കിയേയും
നോക്കി സ്വന്തം ജാതകം ഭയന്ന്
അപരന്റെ ജാതകം കുറിക്കുന്നു.

അബ്ര കടക്കുമ്പോളൊരു വ്യദ്ധൻ
പഴമൊഴിയാൽ പറയും
“പഠിച്ചവനു ബെഡ് സ്പേസും
വേദാന്തമോതികൊടുക്കുന്നവനു
രണ്ടു മുറി ഹർമ്യവും
ജോലിക്കു പോകുമ്പോൾ
ഓർക്കേണ്ട പാഠങ്ങൾ.”
ദുബായിനെ പഠിക്കാത്തവൻ
അമ്പതാമാണ്ടിലും അമ്പതു പൈസ്ക്ക്
അഞ്ചുമണിക്ക് അബ്രകടക്കും..

ഈന്തപ്പന തോട്ടത്തിൽ
ആലിബാബക്കു പകരം
പതിനായിരം“ നാടൻ കള്ളന്മാർ”
പാലസുകളിൽ റഷ്യൻ പായലുകളിൽ
വളഞ്ഞു പുളഞ്ഞു കിടക്കുന്നു.

പാ‍സ്സ്പോർട്ട് നഷ്ടപ്പെടുമ്പോൾ
അറബിയുടെ കാ‍ടനടിവരുമ്പോൾ
എണ്ണാ‍ത്തതിലേറെ പണം
കമ്പനി വിശ്വസിച്ചേൽ‌പ്പിക്കുമ്പോൾ
കോൺസുലേറ്റിനു മുന്നെ
എംബസിയെ ബന്ധപ്പെടുക
കാസർഗോട്ടുകാരൻ ലേലമെടുത്ത്
“തലവെട്ടി” പുതുമുഖം നൽകും
ഹൈടെക്ക് ലോകത്തിന്നും
കാസർഗോട്ടുകാരൻ ഉത്തരാധുനികം..

ഇതൊന്നു മറിയാതെ പഴയ
തിരൂർക്കാരന്റെ ബന്ധുക്കൾ ചിലർ
സോനാപ്പൂർ ലാബർ കാമ്പിലുണ്ട്
മാസപ്പടി കിട്ടുമ്പോൾ ദുബായിക്കും
പടച്ചവനും നന്ദി പറഞ്ഞവർ
മാസത്തിലൊരുദിനം പിതാവിനെ ഓർക്കുന്നു..
------------------------------------------------------------







കോർഫക്കാൻ:- ചരിത്ര പ്രസിദ്ധമായ ലാഞ്ചികളിലൂടെ ആദ്യകാല പ്രവാസികൾ വന്നു ചേർന്നിരുന്ന തുറമുഖ പ്രദേശം..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ:- ബുർജ്ജ് ഖലീഫ

കുരിശ്:- ബുർജ്ജുൽ അറബ്

ആളില്ലാവണ്ടി:- മെട്രോ റെയിൽ

സോനാപ്പൂർ :- ദുബൈയിലെ പ്രസിദ്ധമായ ലാബർ ക്യാമ്പ്

അബ്ര :- ദേര യുടെയും ബർദുബൈയുടെയും ഇടയിലൂടൊഴുകുന്ന കനാൽ..കുറഞ്ഞ കടത്തു കൂലിയിൽ ഇന്നും ഇവിടെ യാത്ര ലഭ്യം.

ഈന്തപ്പനതോട്ടം:- പാം ജുമൈറ

Tuesday, December 13, 2011

ഒതളൂരിന്റെ കഥകൾ..1


മഴക്കാലം റഹീമിനു നൊമ്പരങ്ങളുടെ കാലമാണ്. നാട്ടിലെ സുമുഖനും സുശീലനുമായ റഹീമിനു പാടം നിറഞ്ഞൊഴുകുന്നതു കണ്ടാൽ കണ്ണു നിറയും. ആകണ്ണുനീരിനു കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിൽ തുഴയാൻ കഴിയാത്ത നീർക്കോലിയുടെ വേദനയുണ്ട്.. ഈ വർഷവും നല്ല മഴ കിട്ടിയിരിക്കുന്നു. പാടം ഒരു നദിപോലെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഒഴുക്കിനു വട്ടമിട്ട ചുഴികളും ചില തടിമരങ്ങളും അപകടം പതിയിരിക്കുന്നെന്ന് തോന്നിപ്പിക്കും വിധം പാടം ക്ഷിപ്ര കോപിയായിരിക്കുന്നു. ആ ഒഴുക്കിലും ചില നെരുന്തു പയ്യന്മാർ ഒഴുകി വരുന്ന തേങ്ങകൾ പൊന്മാനെ പോലെ മുങ്ങിയെടുത്തു കൊണ്ടുവരുന്നതു കാണുന്നതു ഒരു ഹരമാണ്. റഹീമിനെ കാണുമ്പോൾ കുരുത്തം കെട്ട പയ്യന്മാർ വെള്ളത്തിലേക്ക് ഡെൽറ്റയടിച്ചു ചാടും.. പിന്നെ കരയിലിരുന്നുന്ന് സാകൂതം നോക്കുന്ന റഹീമിനെ നോക്കി കളിയാക്കും..



“ റഹീംക്കാ ഇങ്ങളൊന്ന് ചാടിംന്ന് , ഇങ്ങളെ ഞങ്ങൾ നീന്താം പടിപ്പിക്കാം..പിന്നെ ങ്ങള് കോലാനെ പോലെ പായും."



ചെറുപ്പത്തിൽ ഇവന്മാർ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് വെള്ളത്തിൽ മുക്കി മൂക്കിലും തലയിലും കയറിപ്പോയ വെള്ളം ഇന്നും ചീ‍റ്റിപ്പോകാതെ ഓർമ്മയിൽ ഉണ്ട്... അന്നു മൂന്നു ദിവസമാണ് പനിച്ചു കിടന്നത്..



കടവിലെ ഒരു കളിയാക്കലിനും റഹീം എതിർത്തൊന്നും പറയില്ല ആരെയും കളിയാക്കാനോ വിഷമിപ്പിക്കാനോ അറിയാത്ത റഹീമിനു ഈ കളിയാക്കലിനേക്കാൾ അപ്പുറം പാടത്തിന്റെ ഭംഗി കണ്ടു നിൽക്കാനാണ് ഇഷ്ടം. ഒഴുക്കിൽ ചുഴിയിട്ടു പോകുന്ന ചട്ടിക്കൂട്ടങ്ങളെ , ഒറ്റക്കും തെറ്റക്കും വരുന്ന നാളികേരങ്ങൾ ..പിന്നെ കലങ്ങി ചെമന്ന ചായം പൂശിയ പാടത്തിന്റെ ഭംഗി ഒന്നും ദേഹം നനഞ്ഞൊന്ന് അനുഭവിക്കാൻ കഴിയാത്തതിന്റെ വേദന ഈ ഇരുപ്പത്തി മൂന്നാം വയസ്സിലും ആ മുഖത്ത് ഖനീഭവിച്ചിട്ടുണ്ട്..



തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ പാടക്കരയിൽ നിന്നും ചില പെൺസ്വരങ്ങൾ ..തനിക്കു കേൾക്കാൻ മാത്രം ഉച്കത്തിൽ തന്നെയാണ് അവർ പറയുന്നത്



“ആണുങ്ങളായാൽ ഒന്നു നീന്തിക്കുളിക്കണം.”



തുടയും മുലയും പദർശിപ്പിച്ച് കുളി ക്കളി നടത്തുന്ന പെണ്ണുങ്ങൾ ചിലപ്പോൾ അവരോട് താൻ കണ്ട ഭാവം നടിക്കാത്തതിന്റെ അരിശം തീർക്കുകയാണ്..



ഇതൊരു വലിയ പ്രശ്നം തന്നെയാണ്. വയസ്സ് ഇരുപ്പത്തിമുന്നായിരിക്കുന്നു. പത്താം വയസ്സിൽ മൂക്കിൽ വെള്ളം കയറിപ്പോയ അകാര സൌഷ്ട്യമല്ല എനിക്കിന്ന്. മെല്ലെ മെല്ലെ ഏതെങ്കിലും ഓരത്ത് ഇറങ്ങി ഒന്നു നീന്തി പഠിക്കാവുന്നതേയുള്ളൂ എന്ന ചിന്ത റഹീമിൽ ഒരു പുതിയ പ്രകാശം ഉണ്ടാക്കി..



പാടത്ത് ആരും ഇല്ലാത്ത സമയം തിരഞ്ഞെടുത്ത് വീട്ടുകാർ പോലും അറിയാതെ ജീവിതത്തിലെ അഭിലാഷം പൂവണിയിക്കാനുള്ള വെമ്പൽ റഹീമിനെ കുറച്ചൊന്നുമല്ല വികാരഭരിതനാക്കിയത്. ഭയം തെല്ലു കലർന്ന വികാരമായതിനാൽ കാലുകൾ നിയന്ത്രിക്കാൻ കഴിയാത്തവിധം വിറച്ചു കൊണ്ടിരുന്നു.



സ്വപന ദിനം വന്നെത്തി. നീന്താൻ പഠിച്ചില്ലെങ്കിലും പാടത്തിന്റെ ഓരത്തിരുന്നു ഒന്നു കുളിക്കണം. അങ്ങനെ ആ വെള്ളം ദേഹത്തു തട്ടുമ്പോൾ തന്റെ അത്മാഭിലാഷം പൂവണിയും. ആ ജലകണങ്ങൾക്കുമാത്രമേ തപിച്ചു കിടക്കുന്ന തന്റെ മനസ്സ് ശാന്തമാക്കാൻ കഴിയൂ.. ബിസ്മിയും പ്രവാചകനേയും മനസ്സിൽ ധ്യാനിച്ചാണ് ആദ്യ പടി വെച്കത്. പാടത്തിന്റെ ഓരത്തെ ചെളിയിൽ തട്ടിയതിനാലാണെന്നു തോന്നുന്നു ആദ്യ കാല്വെപ്പ് തന്നെ റഹീമിനെ വെള്ളത്തിലേക്ക് മലക്കം മറിയിച്ചു.

ഒന്നു മുങ്ങി നിവർന്ന റഹീമിനു കാലെത്തുന്ന ഉയരമേ അവിടെയുണ്ടായിരുന്നുള്ളൂ.



ആദ്യമുങ്ങലിൽ അടിമുടി പുളകിതനായ റഹീം വീണ്ടും വീണ്ടും താഴ്ചയിലേക്കിറങ്ങികൊണ്ടിരുന്നു. ഇനിയും സാക്ഷാത്കരിക്കാത്ത ഒരു പ്രണയത്തിലേക്ക് കൈനീട്ടി വിളിക്കുമ്പോലെ വെള്ളം ചുഴികളിട്ട് അവനെയേതോ മാസ്മരിക ലോകത്തിൽ കറക്കി കളഞ്ഞപ്പോഴാ‍ണ് കാലടിയിലെ നിരപ്പില്ലാതെ താനേതോ ഗർത്തത്തിലേക്ക് മുങ്ങി പോവുകയാണെന്ന് അവന് മനസ്സിലായത്. വെള്ളത്തിന്റെ ആഴിയിൽ തന്റെ ഹ്യദയത്തിലെ ജീവൻ പൊങ്ങാൻ വെമ്പൽ കൊള്ളുന്നതുപോലെ , മരണത്തിന്റെ തളർച്ചയിലേക്ക് മനസ്സും ശരീരവും കൂപ്പുകുത്തിയപ്പോൾ ഉയർച്ച താഴ്ചകൾ പെട്ടെന്നായിരുന്നു. തന്റെ പ്രിയപ്പെട്ട പാടത്തിനോട്, തന്റെ പ്രണയിനിയോട് ജീവനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു റഹീം...



കുഞ്ഞവറാൻ ഒരു മീൻ പിടുത്തക്കാരനാണ്.. ആളുകൾ പാടം കലക്കാ‍ത്ത സമയം നോക്കി മീൻ പിടിക്കാൻ കുഞ്ഞവറാൻ വരും. അകലെ അസാധാരമായ എന്തോ ഒന്ന് പൊങ്ങിതാഴുന്നത് കുഞ്ഞവറാൻ കണ്ടിരുന്നു. അടുക്കും തോറും എന്തോ അപകടമാണതന്ന് അദ്ധേഹത്തിനു തോന്നി. പിന്നെ പാഞ്ഞു വന്നു. “ ഒരു മനുഷ്യൻ മുങ്ങി താഴുന്നു. അതും ഏറ്റവും ശക്തമായ ഒഴുക്കുള്ളിടത്താണ് , നീന്തി ചെല്ലുമ്പോഴേക്കും സമയം കഴിഞ്ഞിരിക്കും. ഒന്നും ചിന്തിക്കാൻ സമയമില്ല,



കൈയ്യിലുള്ള വല കുഞ്ഞവറാൻ നീട്ടിയെറിഞ്ഞു , വർഷങ്ങളായി അയാൾക്കറിയാവുന്ന പാടമാണത് , അയാളുടെ വല ചതിച്ചില്ല , ഒരു കോലാൻ കുഞ്ഞിനെ പ്പോലെ റഹീം വലയിൽ കുരുങ്ങി. ജീവനു വേണ്ടിയുള്ള അവസാന കച്ചിതുരുമ്പിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു റഹീം അപ്പോൾ..



കരയിലേക്കെടുത്തു ശ്വാസം കൊടുക്കുമ്പോഴേക്കും ആളുകൾ ഒറ്റക്കും തെറ്റക്കും എത്തിയിരുന്നു. പലരും റഹീമിനെ നോക്കി ആത്മഗതം ചെയ്തു കൊണ്ടിരുന്നു. “ ഈ പയ്യന് എന്തിന്റെ സൂക്കേടാണ്” ഭാഗ്യത്തിനാ രക്ഷപ്പെട്ടത്, ആ വലയിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ ബീ‍വാത്തുമ്മാക്ക് പുന്നാരമകനെ നഷ്ടപ്പെട്ടേനെ”



ബീവാത്തുമ്മ കരഞ്ഞു തളർന്നിരുന്നു. “ഇനി നീ പാടത്തു നീന്താനോ കുളിക്കാനോ പോണ്ട.. നിനക്കതിന് യോഗല്ലാ‍ന്നു കരുതിയാൽ മതി” ബീവാത്തുമ്മ മകനെ ആശ്വസിപ്പിച്ചു.“

എനിക്കു നീമാത്രമല്ലേയുള്ളൂ നീയിനി ഇത്തരം കടുംകൈ ചെയ്യരുത് മോനെ” രാത്രി അവനെ ഉറക്കിയിട്ടാണ് ബീവാത്തുമ്മ കിടക്കാൻ പോയത്. കൺപോളകളിൽ ഉറക്കം വരാതെ എത്ര സമയം കിടന്നെന്നറിയില്ല.. രാത്രിയിൽ റഹീമിന്റെ കരച്ചിൽ കേട്ടാണ് ബീവാത്തുമ്മ ഉണർന്നത്..



“ എനിക്കു നീന്തണം.. ഞാൻ സ്നേഹിക്കുന്ന നിന്റെ ആഴങ്ങളിലേക്ക് ഞാനിനിയും വരും.. നീയെന്നെ കൊണ്ടും പോകും വരെ.. എനിക്കു നിന്നിലൂടെ ഊളിയിടണം.” ........



ബീവാത്തുമ്മ കുറച്ചു തണുത്ത വെള്ളം തുണിയിൽ മുക്കി റഹീമിന്റെ നെറ്റിയിൽ തടവികൊണ്ടിരുന്നു. നല്ല ചൂടുണ്ട്.. രണ്ടു ദിവസം പനിക്കാൻ സാധ്യതയുണ്ട്.. റഹീം ഉമ്മാനെ കെട്ടിപിടിച്ച് ഒരു കുഞ്ഞിനെ പ്പോലെ പറഞ്ഞു കൊണ്ടിരിന്നു...



“നിന്റെ ആഴങ്ങളിലേക്ക് ഞാൻ വരും..”
---------------------------------------------

ഒതളൂർ ചില മഴക്കാല കാഴ്ചകൾ....





Monday, December 12, 2011

കോർഫക്കാൻ -



ഓർമയിൽ ഇന്നും ആ ദിവസം മറക്കാൻ കഴിയില്ല, നാട്ടിലെ ഡിസംബറിന്റെ ഇളം തണുപ്പിൽ നിന്നും ആദ്യമായ് ദുബൈ ഇന്റർനാഷണൽ ടെർമിനലിൽ വന്നിറങ്ങിയപ്പോൾ വായിച്ചു കേട്ടിട്ടുള്ള അന്റാർട്ടിക്കൻ തണുപ്പിലേക്കു വഴി തെറ്റി വന്നതാണൊയെന്നു തോന്നിപ്പോയി,പിന്നെ ബസ്സിൽ കയറിയപ്പോൾ മനുഷ്യന്റെ വിക്യതികളിൽ അത്ഭുതം തോന്നി, അന്നു കുറഞ്ഞ സമയമേ ആ അൽഭുത ഭൂമിയിൽ ചിലവഴിച്ചുള്ളൂ, എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പുറത്തു മാമ കാത്തു നിന്നിരുന്നു,സലാം ചൊല്ലി വരവേറ്റ് വീണ്ടും മാമയുടെ കാറിൽ പറഞ്ഞുമാത്രം കേട്ടിട്ടുള്ള കോർഫക്കാനിലേക്ക് യാത്ര തിരിച്ചു,പതിയെ പതിയെ കെട്ടിടങ്ങളിലെ അൽഭുത വിളക്കുകൾ അണഞ്ഞ് വഴിയോര വിളക്കുകൾ മാത്രമായി,മാമ എന്നോടെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു, നാട്ടിലെ വിശേഷങ്ങൾ, ഉമ്മയുടെ വിശേഷങ്ങൾ ഞാനെന്തൊക്കെയോ യാന്തികമായി പറഞ്ഞു കൊണ്ടിരുന്നു,എന്റെ മനസ്സു മുഴുവൻ കോർഫക്കാൻ ആയിരുന്നു,



(യാത്ര പോയാലോ)


അവിടെയാണ് ഞാൻ ഇനിയെന്റെ ജീവിതം ജീവിച്ചു തീർക്കേണ്ടത്, മുത്തും പവിഴവും വാരി ഒരു ഗൾഫുകാരനായി നാട്ടിലേക്ക് പോകേണ്ടത്,മാമന്റെ കാർ പിന്നെ പിന്നെ വളവുകളും തിരിവുകളും പെട്ടെന്നു പെട്ടെന്നു തിരിഞ്ഞു കൊണ്ടിരുന്നു, ദൈദും, ഫുജൈറയും കഴിഞ്ഞ് കോർഫക്കാൻ എത്തി എന്നു മാമപറഞ്ഞപ്പോൾ പുറത്ത് മലകളായിരുന്നു, മലയും മഴയും ഒരു പാടു പ്രണയിച്ച എനിക്കു എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി, ആ സന്തോഷം കൊണ്ടാണെന്നു തോന്നുന്നു അന്നു മാമൻ കാണിച്ചു തന്ന ബഡ്സ്പേസ്( ദുബൈ ഭാഷയിൽ) ൽ ഞാൻ പെട്ടെന്നു ഉറങ്ങിപോയത്, നേരം പുലരുമ്പോഴേക്കും ഞാൻ ഉണർന്നിരുന്നു,



(ബിദിയ മോസ്കിനോടു ചേർന്ന കോട്ട)


മലയുടെ ഭംഗി രാത്രിയിൽ ആസ്വദിക്കാൻ കഴിയാത്തതു കൊണ്ടായിരുന്നു അത്. പുറത്തേക്കിറങ്ങിയ എന്റെ മുഖം വാടി, എന്റെ മനസ്സിലെ മലകൾക്കുള്ള് ചിത്രമല്ലായിരുന്നു ഞാൻ പുറത്തു കണ്ടത്,, ആകാശത്തോളം നീണ്ടു നിൽക്കുന്ന മൊട്ടകുന്നുകൾ ,, പിന്നെ എന്തിനാണു ഈ അറബികൾ അതിനെ മല എന്നു വിളിക്കുന്നത്, ക്ലാസു കട്ടു ചെയ്ത് ഞാൻ അതിരപ്പിള്ളിയിലും , മരോട്ടിച്ചാൽ , പീച്ചി എല്ലാം കണ്ടിരിക്കുന്നു, അതായിരുന്നു എന്റെ മനസ്സിലെ ഹരിതകഭംഗിയാർന്ന മലകൾ, പിന്നെ നീണ്ട രണ്ടര വർഷം ആ മൊട്ടകുന്നിന്റെ അടിവാരത്തിൽ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർത്തു, മനസ്സിലേക്ക് ഞാൻ മൊഴിഞ്ഞു കൊണ്ടിരുന്നു, ഇതാണ് യതാർത്ഥ മലകൾ, മലകൾ എന്നു,….




(കോർഫക്കാൻ ബീച്ചിലെ ഒരു കേര കാഴ്ച)



യു എ ഇ യിൽ വന്നെവരെല്ലാം കോർഫക്കാൻ ബീച്ച് കണ്ടിട്ടുണ്ടാകും, ഇന്നു എനിക്കു പറയാൻ കഴിയും യു എ ഇ യിലെ ഏറ്റവും നല്ല ബീച്ച് കോർഫക്കാൻ തന്നെ യാണെന്ന്, ഏതോ ഒരു മാസ്മരിക ശക്തിയുണ്ട് ആ ബീച്ചിന്, വ്യാഴാഴ്ചകളിൽ ഞാനും മുനീർക്കയും ( എന്റെ കൂടെ ജോലി ചെയ്തിരുന്ന വ്യക്തി) ആ കടൽക്കരയിൽ പോയിരിക്കും എന്നിട്ടു നാളെകളെ കുറിച്ചു സ്വപനങ്ങൾ നെയ്യും, പിന്നെ പിന്നെ കടലിനെ നോക്കി കവിതകൾ ഉണ്ടാക്കി പാടും…

"നക്ഷത്രങ്ങളെ പറയൂ നാളെഞാൻ എവിടെ യാകും,
കടലമ്മേ പറയൂ നാളെ ഞാൻ എവിടെയാകും,
കടലിലെ മത്തികളെ പറയൂ നാളെഞാൻ എവിടെയാകും,
ഏതു ദൂസര സങ്കൽപ്പ ലോകത്തു പോയൊളിച്ചാലും മറക്കില്ല നിങ്ങളെയൊരിക്കലും",,,




(പ്രസിദ്ധമായ ബിദിയ മോസ്ക് :- കോർഫക്കാനിൽ നിന്നും കുറഞ്ഞ ദൂരം മാത്രം.)





(മോസ്കിന്റെ കാലപ്പഴക്കം..)



ഇന്നു ഞാൻ കോർഫക്കാൻ വിട്ടിട്ടു അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു, ഒട്ടു മിക്ക സ്ഥലങ്ങളിലും ഞാൻ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തു ( ദുബൈ, അജ്മാൻ, ഷാർജ, ഇപ്പോൾ അബുദാബി) പക്ഷേ ഇപ്പോഴും ഒരു ഗ്യഹാതുരത്വം പോലെ കോർഫക്കാൻ ഓർമകലിൽ സാന്ദ്രമാകുന്നു, ഏതു ദൂസര സങ്കൽപ്പ ലോകത്തു പോയൊളിച്ചാലും മറക്കില്ല കോർഫക്കാൻ ഒരിക്കലും,…



(കോട്ട രാത്രിയുടെ സൌന്ദര്യത്തിൽ )

ചൂട്ട്



കടത്തുതോണിക്കരയില-
വസാനവള്ളം വരെ
‘പത്തണക്കു വെളിച്ചം' വിറ്റവ-
നവൻ യാത്രയാകുന്നു.
അവസാന യാത്ര..

കവുങ്ങിന്റെ ചിറകുകള-
രിഞ്ഞുണക്കികെട്ടി വെട്ടമ-
തിരുട്ടിന്റെ ഗ്രാമവീഥികളിലാ-
രോഹണ-മവരോഹണ
സിദ്ധാന്തം തീർത്തുറകിടത്തി
കുടിലുതേടി പോയവനിതാ
യാത്രയാകുന്നു. അന്ത്യമാം യാത്ര....

കിണുങ്ങികരഞ്ഞുറങ്ങാത്ത
നാളിലമ്മ പറഞ്ഞ ചൂട്ടിന്റെ
ഭയചകിത കഥകളിന്നെലെ
രാത്രി 'മരിച്ചുപോയത്രേ'..

കട്ടടോർച്ച് ജനിക്കാത്ത,
മെമ്പർ വിളക്കുകാൽ നാട്ടാത്ത-
നാളിന്റെ പ്രകാശ പ്രവാചകൻ
യാത്രയാകുന്നു.

ഒരു വേളയാചാരവെടിയില്ലെങ്കിലും
കടത്ത് വഞ്ചി പാലത്തിനടിയി-
ലൊരുതടിയായ് ഒലിച്ചുപോയെങ്കിലും
ചൂട്ടെന്ന വാക്കിന്റെയർത്ഥം കൂറ്റൻ
വഴിവിളക്കിൽ, കൈയിലേന്തിയ
ബ്രൈറ്റ്ലൈറ്റിൽ മാഞ്ഞുപോയെങ്കിലുമെന്തേ-
യീയവസാന 'പറങ്കിമാവിൻ മുത്തശ്ശി'
ശിരസ്സുതാഴ്ത്തി 'നമിച്ചതീ യാത്രയെ'....


സമർപ്പണം:- എന്റെ നാട്ടിലെ ചൂട്ടപ്പു എന്ന ചൂട്ടുകച്ചവടക്കാരന്..

Sunday, December 11, 2011

ഒൻപതു മണിയുടെ സിനിമയും പിന്നെ ബോസും..........




വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സംഭവമാണ്. അന്നും ഇന്നും എന്റെ ഉപ്പാക്ക് പലചരക്കു കടയുണ്ട്. കടയിൽ ഇരിക്കുന്നതു പണ്ടെ എനിക്കു കലിയാണ്, ഇരിക്കാതിരുന്നാൽ എന്റെ ഉപ്പാക്ക് അതിലേറെ കലിയിളകും, ആ കലിയുടെ കഥകൾ ഒരു പാ‍ടുണ്ട്. പക്ഷെ എനിക്കിന്നു പറയാനുള്ളത് വേറൊന്നാണ്. രാത്രി ഒൻപത് മണിയായാൽ എന്റെ കട അടക്കാൻ ഒരാൾ വരും, എന്നും വരില്ല ഏതെങ്കിലും തിയ്യേറ്ററിൽ പടം മാറിയാൽ അന്നു അവൻ വരുമെന്നുറപ്പാണ്. അന്നു ഞങ്ങൾ ഒൻപതിനു പത്തു മിനിറ്റ് നേരത്തെ കട അടക്കും , പിന്നെ എന്റെ ബി എസ് എ എസ് എൽ ആർ സൈക്കിളില്ലാകും സിനിമാ കൊട്ടായിലേക്കുള്ള യാത്ര( ഇന്നത്തെ പൾസറാണു അന്നത്തെ ബി എസ് എ) , അവന്റെ പേരു പറയാൻ വിട്ടുപോയി പുള്ളിക്കാരന്റെ പേരാണ് അഭിലാഷ്. പുള്ളി വരുമ്പോൾ തന്നെ അത്യവശ്യം ഒന്നു മിനുങ്ങിയിട്ടെവരൂ. അന്നു അവൻ വന്നതു ഒൻപതു കഴിഞ്ഞിട്ടാണു പഴഞ്ഞി എബിയിൽ ഒരു ഇംഗ്ലീഷ് പടം വന്നിട്ടുണ്ടത്രേ, പിന്നെ എല്ലാം പെട്ടെന്നായിരുന്നു, പുറത്തിരിക്കുന്ന സാധനങ്ങൾ മിനിട്ടുകൾക്കകം ഞങ്ങൾ അകത്തു വെച്ചു കട അടച്ചു.

ഒൻപതു കഴിഞ്ഞതിനാൽ അവനു വെപ്രാളമായിരുന്നു, ആ വെപ്രാളത്തിനിടയിൽ ഞങ്ങൾ ടോർച്ച് എടുക്കാൻ വിട്ടുപോയി,

"അതൊന്നും വേണ്ട നീ വേഗം വാ ബ്രൂസ്ലിയുടെ പടമാണ് ആദ്യം തൊട്ടു കാണാൻ പറ്റിയില്ലെങ്കിൽ ഒരു രസവും ഉണ്ടാകില്ല" ,

ബോസ് പറഞ്ഞാൽ പിന്നെ എനിക്കു വേറൊരു തീരുമാനമില്ല, "യെസ് ബോസ്, സ്റ്റാർട്ട്", മൂപ്പർക്കു സന്തോഷമായി, ബി എസ് എ പറക്കുകയാണ് ,

എമിരേറ്റ്സിൽ യാത്ര ചെയ്യുന്നവനെ പോലെ ഞാൻ പിറകിൽ ഇരിക്കുന്നു, എന്റെ നാടുകഴിഞ്ഞാൽ പിന്നെ പെരുന്തുരുത്തിയാണ്, അവിടെ ഒരു ഇറക്കവും തിരിവും ഉണ്ട്, പെരുന്തുരുത്തി പള്ളിതിരിവെന്നാണ് അതിനു പറയുക, അന്നു എന്തോ പതിവിലും ഇരുട്ടുണ്ടായിരുന്നു, ഇറക്കം കഴിഞ്ഞൂ പള്ളിത്തിരിവെത്തിയതും, എമിരേറ്റ്സ് എയർ ഗട്ടറിൽ പെട്ടതുപോലെ ബി എസ് എ ഒന്നു പൊങ്ങി, സാധാരണ പൊങ്ങലാണെങ്കിൽ സഹികാമായിരുന്നു, പാരച്ചൂട്ടില്ലാതെ ഞാൻ വന്നു വീണത് നടു റോട്ടിലായിരുന്നു, ഞാൻ മരിക്കുവാൻ പോകുവാണെന്നു എനിക്കു തോന്നി, ആ ഇരുട്ടിലും ഞാൻ കണ്ടു എന്റെ ബോസതാ എന്റെ തൊട്ടു മുന്നിൽ വെട്ടിയിട്ടു കിടക്കുന്നു, ഒരനക്കവുമില്ല, ഞാൻ എങ്ങിവലിഞ്ഞു അവനെ കുലുക്കി വിളിച്ചു, പതിഞ്ഞ സ്വരത്തിൽ ബോസ് മൊഴിഞ്ഞു ,

"ശ് ശ് ശ് മിണ്ടല്ലെ",

എനിക്കൊന്നും മനസ്സിലായില്ല, പെട്ടെന്നു റോടരുകിലെ കാനയിൽ നിന്നും ഒരാളുടെ ദീന രോദനം, മെല്ലെ മെല്ലെ ആ സ്വരത്തിനു ശക്തികൂടി,

"ആരെടാ എന്നെ സൈക്കിളിടിച്ചു കൊല്ലാൻ നോക്കുന്ന"തെന്നു പറഞ്ഞു വീഴ്ചയിൽ തന്നെ മോന്ത ഞെളുങ്ങിയ എന്റെ ബി എസ് എ എടുത്തു പള്ളിമുറ്റത്തേക്കു വലിച്ചെറിഞ്ഞു,




ഞാൻ ബോസിന്റെ മുഖത്തേക്കു നോക്കി, ചുറ്റുപാടും ആരും ഇല്ല എന്നു മനസ്സിലാക്കിയ ധ്യൈര്യത്താലും ഇടിച്ചിട്ട വ്യക്തിയെ ഞങ്ങൾ ഇതുവരെ ആ ഭാഗത്തു കണ്ടിട്ടില്ലാത്തതിനാലും, പിന്നെ ആൾ നല്ല പിമ്പിരി ആയതിനാലും ആണെന്നു തോന്നുന്നു ബോസ് അയാൾക്കിട്ടു ഒന്നു പൊട്ടിച്ചു, പിന്നെ ബാക്കി ഒതളൂരിൽ വരുമ്പോൾ തരാമെന്ന വാഗ്ദാനവും കൊടുത്തു ഞങ്ങൾ പള്ളിപ്പറമ്പിലേക്കോടി, ഞങ്ങളുടെ പ്രിയപ്പെട്ട ബി എസ് എ യുടെ രൂപം കണ്ടു ഞങ്ങളുടെ ബോസിന്റെയും എന്റെയും കണ്ണു നിറഞ്ഞു, എന്തൊക്കെ വന്നാലും സിനിമ കാണണ മെന്നെ ശപദം ഉള്ളതിന്നാൽ ഒരു വിധേന സൈക്കിൽ നന്നാക്കി ഞങ്ങൾ വീണ്ടും കൊട്ടായിലേക്കു തിരിച്ചു, സംഭവിച്ചെതെല്ലാം മറന്നു ബ്രൂസ്ലിയുടെ ഇടികളിൾ ഞങ്ങൾ മനം മറന്ന് ഓളിയിട്ടു, പടം കണ്ടിറങ്ങുമ്പോൾ ബോസിനു നിരാശയായിരുന്നു, വേണ്ടപ്പെട്ട സീനുകൾ കാണാൻ കഴിഞ്ഞില്ലല്ലോ, എല്ലാം ആ കുടിയൻ നശിപ്പിച്ചില്ലെ, തിരിച്ചു വരുമ്പോൾ വളരെ ശ്രദ്ധയുള്ള പൈലറ്റാണു ബോസ്, പതിയെ പതിയെ ഞങ്ങൾ വീണ്ടും പഴയ സംഭവ സ്ഥലത്തു എത്തിയതും കനത്ത മഴ എതിരേറ്റതും ഒപ്പമായിരുന്നു,

പള്ളിതിരിവിനു സമീപമുള്ള പെട്ടികടക്കരുകിൽ നിർത്തി ഞങ്ങൾ മഴതോരാൻ കാത്തു നിന്നു, എന്റെ മനസ്സിൽ ശങ്ക ഉണ്ടായിരുന്നു, "ആ കുടിയൻ വീണ്ടും കാത്തിരിക്കുമോ" എന്നു, പെട്ടെന്നു ഒരാൾ മഴയത്തു കടക്കരുകിലേക്കു കയറിയതും ബോസ് ഡിഫൻസ് അറ്റാക്ക് മോഡിലേക്ക് നിന്നതും ഒരു മിച്ചായിരുന്നു, ഞങ്ങൾ രണ്ടു പേരും അറിയുന്ന ഒരാളായിരുന്നു അത്,സ്ഥലത്തെ ഒരു പ്രധാനി കൂടി ആയതിനാൽ ഞങ്ങൾ അയാളോടു സംഭവം പറഞ്ഞു,

"അതൊന്നും പേടിക്കേണ്ട ഞാനെല്ലെ ഇവിടെ ഉള്ളത്, ആരായാലും പറഞ്ഞു ശരിയാക്കാം"
എന്നു സ്ഥലം പ്രധാനി ഉറപ്പു തന്നിട്ടാണു ഞങ്ങൾ മഴ തോർന്നിട്ടും അവിടെ നിന്നു വന്നത്, മനസ്സമാധാനമായി ഞാൻ നല്ല ഉറക്കംത്തിലേക്കു കൂപ്പുകുത്തി, എന്നും ഒൻപതു മണിക്കു ബാപ്പ ചീത്ത പറഞ്ഞാൽ മാത്രമേ ഞ്ഞാൻ എണീകാറുള്ളൂ, അന്നു അമ്പലത്തിൽ പാട്ടു അവസാനിച്ചിട്ടില്ല അപ്പോഴേക്കും ജനലിലൂടെ ഒരു ശബ്ദം
"ഷാഫീ എണീക്കെടാ, ഞാനാണു ബോസാണു",



ഞാൻ പ്രാകി എണീക്കുമ്പോൾ പുറത്തു ബോസ്, മുഖം ആകെ വിളറിയിരിക്കുന്നു, കൂടെ മഴയത്തു കണ്ട സ്ഥലം പ്രധാനിയും ഉണ്ടു, അയാളുടെ മുഖവും പന്തിയല്ല,

"എന്താ ബോസ്, എന്താ പ്രശനം , എല്ലാം നമ്മൾ ഇദ്ധേഹത്തോടു ഇന്നലെ പറഞ്ഞതല്ലെ", ഞാൻ ചോദിച്ചു,

ബോസ് അതൊന്നും കേൾക്കാത്ത പാതി എന്നോടു പറഞ്ഞു, "നീ കുറച്ചു കാശ് എടുക്ക്" പ്രശ്നം അങ്ങനെ യൊന്നും തീരില്ലടാ, ഇന്നെലെ നമ്മൾ ഇടിച്ചു തകർത്തു കളഞ്ഞത് , ഇയാളുടെ അളിയനെയാടാ.....

ആ മഴയത്തു ആ കടക്കരുകിൽ കയറാൻ തോന്നിയ നശിച്ച സമയത്തെ ശപിച്ച് ഞാൻ പണപ്പെട്ടി ലക്ഷ്യമാക്കി നടന്നു.....................

Saturday, December 10, 2011

ഒരണ കണ്ടിട്ടുണ്ടോ?




ഒരണ കണ്ടിട്ടുണ്ടോ?

ഷോക്കേസിൽ വെച്ച
മുത്തച്ചന്റെ ലക്ഷ്മിവരാഹനോ
*പുത്തനോ അല്ല.

വക്ക് പോയൊരു
ഓട്ടണയാണ്..

പുറം തിരിഞ്ഞു നിന്ന്
അയൽക്കാരന്റെ വയലിൽ
പൊന്നു പാകി
മലനാടിനെ നോക്കി
മരണഗീതം മുഴക്കി
ഒരണക്കു കൊള്ളാത്ത
വ്യദ്ധന്റെ കാലണ
നടുതുളയിലൂടെ കരഞ്ഞു-
കൊണ്ടൊഴുകാൻ വരുന്നുണ്ട്..!!!

കണ്ടു കിട്ടുന്നവർ
ദയവായി അയച്ചു തരിക..!

കേരള സർക്കാർ
പുരാവസ്തു വകുപ്പ്
ആപ്പീസ് നമ്പർ 69
(സാമൂഹിക സാംസ്കാരിക വകുപ്പ് കാര്യാലയം)
തിരുവനന്തപുരം-1

പാരിതോഷികം നൽകപ്പെടും..

--------------------------------------







*പുത്തൻ :- വരാഹനു ശേഷം ഇറങ്ങിയ നാണയം പുത്തൻ പണക്കാർ എന്നവാക്ക് അതിൽ നിന്നായിരിക്കാം ഉണ്ടാ‍യത്.:)
ചിത്രം കടപ്പാട് അപ്പു

Thursday, December 8, 2011

ആദ്യ കവിത


ആദ്യ കവിത ഞാനെഴുതിയത്
തലതിരിഞ്ഞാണ്

ആറുമാസമെത്തിയ ഭ്രൂണം
അമ്മയുടെ ഗർഭാശയഭിത്തിയിൽ
തലതിരിഞ്ഞെഴുതുമ്പോൾ
അമ്മ അഛന്റെ കൈ ഉദരത്തുചേർത്തു,
കാതോർക്കാനെന്നു പറഞ്ഞ്
അന്നഛൻ കൊടുത്ത മുത്തം
എന്റെ കവിതയിലൊഴിച്ച തേനായിരുന്നു.

വ്യത്തമറിയാത്ത
അക്ഷരമറിയാത്ത
ഭൂമിയറിയാ‍ത്ത
ഞാനാകവിത പുണർന്ന്
വരാൻ മടിച്ചപ്പോൾ
അമ്മ പേറ്റുനോവിൽ നിലവിളിച്ചത്
സഹിക്കവയ്യാതെയാണ്
ഞാനാ കവിതയുടെ പിടി വിട്ടത്...

ആദ്യ കവിത വായിച്ചെടുക്കാൻ
ഗർഭത്തിലേക്കൊരു പിൻ വിളി
ഇല്ലാത്തതു കൊണ്ടായിരിക്കാം

ഇന്നും ഞാൻ തലതിരിഞ്ഞെഴുതുന്നത്........

Tuesday, December 6, 2011

ഓൺലൈൻ കവിത




ഒറ്റക്കണ്ണുകൊണ്ടെന്താ..
നീയിങ്ങനെ തുറിച്ച് നോക്കുന്നത്.. ?

നിന്റെ മേനിയിലെയാ-
കറുത്ത ചില്ലക്ഷരം
മുഴച്ചിരിക്കുന്നതു പോലെ...

ബാക്ക് സ്പേസിൽ
ഒന്നു മസ്സാജ് ചെയ്ത്
മൌസിൽ ചേലക്കകത്തെ
നഖക്ഷതങ്ങൾ കാണില്ലെന്നുറപ്പിച്ച്
ഡിലീറ്റിൽ അടിവസ്ത്രം മാറ്റി
എന്ററിൽ ഞാൻ നിന്നെ
നീല തെരുവിൽ വിലക്കുവെക്കാം...!!!

Sunday, December 4, 2011

പാർസികളുടെ നാട്ടിൽ

ടൂറിസ്റ്റ് വിസ അവസാനിച്ചു തുടങ്ങിയപ്പോഴാണ് യു എ ഇ യിൽ നിന്നും പുറത്തു പോകുന്നതിനെ കുറിച്ച് ഞാനും വേവലാതിപെട്ടത്.. തൊഴിൽ വിസ അപ്രൂവൽ ആയങ്കിലും വന്നതു ടൂറിസ്റ്റ് വിസ എന്ന മാരണം കൊണ്ടായതിനാൽ പുറത്തു പോയേ പറ്റൂ എന്ന നിയമപ്രശനം എന്നെയും കുഴക്കി, അവസാനം പാർസികളുടെ നാട്ടിലേക്ക് ഒന്നു യാത്രപോയാലോ എന്നു മാനേജർ തിരക്കിയപ്പോൾ എന്റെ ഒരിക്കൽ കൂടിയുള്ള നാട്ടിൽ പോക്കിന് കരിനിഴൽ വീണു ഒപ്പം ഒരു മരണ ഭയവും ,…


(google)


തിരക്കിട്ട് ഇന്നലെ രാത്രി ജേഷടന്റെ അടുത്ത് വന്നത് കുറച്ച് താമസിച്ചതിനാൽ എണിക്കാൻ ഒരു മടി തോന്നി, വീണ്ടും പുതപ്പിലേക്ക് പുതഞ്ഞപ്പോൾ ഇക്ക വിളിച്ചു.. “നീ വേഗം റെഡിയായി ആ കിഷ് എയർ ലൈനിൽ വിളിച്ചു പോക്ക് കൺഫേം ചെയ്യ് “. ശ്വസനയിൽ പതിഞ്ഞ സ്വരം. ഞാൻ മനസ്സില്ലാ മനസ്സോടെ ഫോണെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി പത്ത് മണി..

എട്ട് മണിയോടെ എമിഗ്രേഷൻ ക്ലിയർ ചെയ്തു ഡിപ്പാർച്ചർ ഗേറ്റിലിലുള്ള പതിവ് കാത്തിരിപ്പ് ഒരു പക്ഷെ കഴിഞ്ഞ ഇന്നലെയെകുറിച്ചും നാളെയുടെ പ്രതീക്ഷകളെകുറിച്ചും പ്രവാസികൾ ധാരാളമായി ചിന്തിക്കുന്നത് ഈ വെയിറ്റിംഗ് സീറ്റിൽ ഇരുന്നുകൊണ്ടാണെന്നു തോന്നുന്നു, ചിലർക്കവിടെ സന്തോഷമാകും, മക്കളെ, ഭാര്യയെ, അമ്മയെ കാണാൻ പോകുന്നതിന്റെ മണിക്കുറുകൾക്കു മുന്നെയുള്ള ഒരു ചിന്താസീറ്റ്, ചിലരുടെ മുഖം കരുവാളിക്കുന്നതും കാണാം പ്രതീക്ഷയില്ലാത്ത , പണം ഇല്ലാത്ത്അ നാളെയുടെ അവസ്വ്ഥയെ കുറിച്ച് .. ഒരു എത്തും പിടിയും കിട്ടാത്ത ഒരു മുൾ കസേരയിൽ ഇരിക്കുന്നപോലെ …ഓരോ യാത്രക്കിടയിലും നാമോരുത്തരും കാണുന്ന സ്ഥിരം കാഴ്ചകളാണത്. വരുന്ന വേളയിൽ പ്രിയ സുഹുത്ത് സുഹാസ് അജ്മാൻ നൽകിയ പുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോൾ വായനക്ക് ഒരു രസം കിട്ടാത്ത പോലെ തോന്നി, പുസ്തകം വീണ്ടും ബാഗിലേക്ക്…

കിഷ് എയറിനു ധാരാളം ആളുകൾ വന്നുകൊണ്ടിരിക്കുന്നു . വിരലിലെണ്ണാവുന്ന ഇറാൻ സ്വദേശികളും, പിന്നെ വിസ ചേഞ്ജ് ചെയ്യാൻ വേണ്ടി പോകുന്ന, ഫിലിപ്പിൻ , ഇന്ത്യ, ശ്രീലങ്ക,ഈജിപ്ത്, ആഫ്രിക്കൻ ഇത്യാദി രാജ്യങ്ങളിലെ ആളുകൾ മാത്രം. കല പില കൂട്ടി ഫിലിപ്പിനോകൾ ഡിപ്പാർച്ചർ ഗേറ്റ് ശബദമുഖരിതമാക്കുന്നു.എവിടെ ചെന്നാലും വലിയവായിൽ ചിരിക്കാൻ ഫിലിപ്പിനോകളെ പോലെ ആർക്കും കഴിയില്ല എന്നതൊരു നഗനസത്യമാണ്, ഒന്നിനോടും കെട്ടു പിണയാത്ത ജീവിത ശൈലിയാണ് ഈ ഫിലിപ്പിനോകൾ, ചില സമയത്ത് അവരുടെ സ്വാതന്ത്രത്തെ കുറിച്ചോറ്ക്കുമ്പോൾ അസൂയ വരും. ഒരു റൂമിൽ കൂട്ടിയിട്ടിരിക്കുന്ന രണ്ടു ഡബ്ല് കട്ടിലിൽ ഒരു കർട്ടന്റെ മറവിൽ ജീവിക്കുന്ന നാല് ഫാമിലികൾ ,ലോകത്തൊരാൾക്കും ജീവിക്കാൻ കഴിയാത്ത ജീവിത സമത്വമാണ് അവർ കാണിച്ചു തരുനത്.

ചില ആളുകൾ ഒറ്റക്കും തെറ്റക്കും വരുന്ന സ്ത്രീകളെ പഞ്ചാരയിൽ കുളിപ്പിക്കാൻ ഇപ്പഴേ ശ്രമം തുടങ്ങിയിരിക്കുന്നു, അല്ലെങ്കിലും നാട്ടുകാർ കാണാത്തിടത്ത് കണ്ണു ചിമ്മി പാൽ കുടിക്കുന്നത് ഓരോരുത്തരും ഇഷ്ടപ്പെടുന്നുണ്ട് എന്നു തോന്നുന്നു, ഒരു ഇറാനി വിക്യതി പയ്യൻ ട്രോളിയുടെ മുകളിൽ കയറി സർക്കസ് നടത്തുന്നു, അതുകണ്ട് അവന്റെ ഉമ്മ നിയന്ത്രിക്കാൻ കഴിയാത്ത അരിശം വലിയ പൊട്ടിച്ചിരിയാക്കി മാറ്റി, ആരൊക്കെയോ ആ കുട്ടിയെ പ്രാകുന്നുമുണ്ട്. വീണ്ടും ബാഗില്ല് നിന്നും മാഫിയ എന്ന പുസ്തകം എടുത്തു വായിക്കാൻ ഒരു ശ്രമം കൂടി നടത്തി പാതിനിർത്തിയ ഒരു വായന ആണത്, ദാവൂദും , ചോട്ടായും തുടങ്ങി ലോകത്തിലെ സകലമാന വ്യത്തികെട്ടവനും വളർന്നതെങ്ങനെയെന്നു ചൂഴ്ന്നെടുത്തെഴുതിയ ഗ്രന്ദം. പക്ഷെ ഒരു മലയാള തമിഴ് ചുവന്ന പൊട്ടിച്ചിരി എല്ലാം തകർത്തു. നേരെ അപ്പുറത്ത് ഒരു തട്ച്ചു വീർത്ത , മര്യാദ ലവലേശമില്ലാത്ത താത്തയെ ഏകദേശം ഇരുപത്തിനാല് വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ കറക്കി എടുക്കാൻ ശ്രമിക്കുന്നു.. കാഴ്ചയിൽ തന്നെ ഒരു അരോചകത്വം ആ സ്ത്രീയിൽ ഉണ്ട് , ശരീരത്തിനു ചേരാത്ത നിറവും , കറുത്ത മൂക്കിലെ ചുവന്ന മൂക്കുത്തിയും, സംസാരവും, അവരുടെ സംസാരം മുറുകിയപ്പോൾ അവൾ എഴുനേറ്റു പോയി ഡൂട്ടി ഫ്രീയിൽ നിന്നും ഒരു ചെറിയ ഫാൽക്കൺ ശിൽപ്പം അവനു സമ്മാനിച്ചു, ഒരു സ്നേഹ സമ്മാനം, ….

സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു എന്നിട്ടും വിമാനത്തിന്റെ വിവരമൊന്നും കേൾക്കുന്നില്ല, എയർപോർട്ടിലെ കോളാമ്പിയിൽ നിന്നും കിളിനാദവും ഇല്ല, ഡിപ്പാർച്ചർ ഗേറ്റിൽ ഒരു ഇൻചാർജ് നിൽക്കുന്നുണ്ട്, കാഴ്ചയിൽ ഒരു മലയാളിയെന്നു തോന്നിക്കും, അവനോടെ അരാഞ്ഞപ്പോൾ വിമാനം കിഷിൽ നിന്നും എത്തിയിട്ടില്ല എന്നറിഞ്ഞു. ഇനിയും ഒരു മണിക്കൂർ എടുക്കും, കാഴ്ച എയർപ്പോർട്ടിലെ വലിയ ടെലിവിഷനിലേക്ക് മാറ്റി. സി എൻ എൻ ചാനലിൽ ഐ റിപ്പോർറ്റ് കാണിക്കുന്നു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരുന്നുകൾ ഭക്ഷണം കിട്ടാതെ , വിദ്യഭ്യാസം കിട്ടാതെ ജീവിക്കുന്നതിന്റെ ചിത്രങ്ങൾ മനസ്സിനെ നോവിക്കുന്നു..അവരെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്ന ലോകത്തിലെ സുമനസ്സുകൾക്ക് മനസ്സിൽ നന്ദി പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം എയർ പോർട്ടിലെ കിളിനാദം മുഴങ്ങി.. കിഷ് യാത്രക്കാർ വരിവരിയായി ഡിപ്പാർച്ചർ ഗേറ്റിലേക്ക് നീങ്ങികൊണ്ടിരുന്നു. കിഷ് എയർ എത്തിയിരിക്കുന്നു. മനസ്സിൽ ഒരു ആധിയും….

കിഷ് എയർ വിമാനത്തെ കുറിച്ച് ആധിയോടെ മാത്രമേ എല്ലാവരും പറഞ്ഞിട്ടുള്ളൂ.. മരണം മുഖത്തോടു മുഖം കാണുന്ന ആകാശ യാത്ര. ഒരിക്കൽ ഷാർജയിൽ വെച്ച് കിഷ് എയർ തകർന്ന് മുഴുവൻ പേരും മരണപെട്ടിരുന്നു. അതിനു ശേഷം ദ്വീപിലേക്കുള്ള മുഴുവൻ സർവ്വീസുകളും ദുബൈയിൽ നിന്നും നിർത്തിവെച്ചതാണ്. ദുബൈയിൽ നിന്നും വിമാനം നിലച്ചാൽ പിന്നെ ദ്വീപുകാരുടെ ജീവിതം ദുരിതതരമാണ്, അതു മനസ്സിലാക്കിയതു കൊണ്ടാവാം യു എ ഇ ഗവണ്മെന്റ് വീണ്ടും സർവ്വീസ് പുനരാരംഭിക്കാൻ അനുമതി നൽകിയത്.

ഞങ്ങളുടെ വിമാനം ഞാൻ സ്വപനം കണ്ടതു പോലെ അതെ ചെറുതായിരുന്നില്ല, ഏകദേശം ഒരു എയർ ഇന്ത്യ എക്സ്പ്രസിന്റെ വലിപ്പം ഉണ്ടായിരുന്നു അതിന്. ഒരു 150-200 യാത്രക്കാർ ഉൾകൊള്ളാവുന്ന വിമാനം. വിമാനത്തിൽ കയറുമ്പോൾ തന്നെ എയർ ഹോസ്റ്റസ് പാർസിയിലും ഇംഗ്ലീഷിലും വരവേൽ‌പ്പ് നേരുന്നു, ചുണ്ടിൽ ക്രിത്രിമമായി പറയുന്ന രീതിആയിരുന്നില്ല അവരുടെത് അതു കൊണ്ടു തന്നെ ഒരു മന്ദസ്മിതം ആ മുഖത്തൊളിഞ്ഞിരുന്നു. എയർ ഹോസ്റ്റസ് നീല ഡ്രസിംഗ് കോഡായിരുന്നു അവരുടെത്. അതു തന്നെയാണ് , ദ്വീപിൽ ഞാൻ കണ്ട മിക്ക സ്ത്രീകളുടെയും വസ്ത്രധാരണ. ഒരു പക്ഷെ അവരുടേ ദേശീയ വസ്ത്രം ആയിരിക്കാം അത്. പർദ്ധയെക്കാളുപരി ഒരേസമയം തന്നെ ജോലിക്കും യാത്രകൾക്കും എല്ലാം തന്നെ ആ വസ്ത്രധാരണം വളരെയധികം സഹായകമാണ്. എന്റെ സീറ്റ് ഏറ്റവും ഒടുവിലായിരുന്നു, എന്റെ അടുത്തായി ചാവക്കാട്ടുകാരൻ നിയാസ് എന്ന സുഹുത്തും ഇടം പിടിച്ചു,ആദ്യമൊക്കെ സംസാരിക്കാൻ ഒരു വിമുഖത കാട്ടിയെങ്കിലും പിന്നീട് മൂന്നു ദിവസം എന്റെ ഉറ്റസുഹുത്തായി മാറി നിയാസ്.

ഇറാനികൾ മധുരം ധാരാ‍ളം ഇഷ്ടപെടുന്നവരാണ്.അതു പോലെ മധുരം കൊണ്ട് സൽക്കരിക്കാനും , ഇറാനിയൻ സ്വീറ്റ്സ് ഗൾഫ് മേഖലയിലൊക്കെ പ്രസിദ്ധവുമാണ്. അതവരുടെ ആതിഥേയ മാനോഭാവത്തിലും പ്രകടമാണ്.അതുകൊണ്ടാകണം വിമാനം പുറപ്പെടുന്നതിനു മുന്നെ ഒരു ഇറാനിയൻ ചോക്ലേറ്റ് എല്ലാവർക്കും എയർ ഹോസ്റ്റസ് സമ്മാനിക്കുന്നത്, ചോക്ലേറ്റ് കൊട്ടയിൽ നിന്നും ഒന്നെടുത്ത് മറ്റൊന്നു കൂടി എടുക്കാൻ തുനിഞ്ഞപ്പോഴേക്കും എയർ ഹോസ്റ്റസ് അടുത്ത വരിയിലേക്ക് വിതരണം തുടങ്ങിയിരുന്നു, എന്റെ മനസ്സ് വായിച്ചതു കൊണ്ടാവണം ഒരിക്കൽ കൂടി എന്റെടുത്ത് വന്ന് ഇഷ്ടമുള്ളത്ര എടുക്കാൻ അവർ പറഞ്ഞത്. അതുകേട്ടപ്പോൾ മനസ്സിൽ മധുരം നിറഞ്ഞു. എയർ ഹോസ്റ്റസുമാർക്ക് പൊതുവെ ഉള്ള ജാഡ ഇല്ലാത്ത ഒരു ഇറാനിയൻ ഗ്രാമ പെൺകൊടിയായേ എനിക്കവരെ സങ്കൽ‌പ്പിക്കാൻ കഴിഞ്ഞുള്ളൂ..വിമാനത്തിൽ സെക്കൂരിറ്റി ഇൻഫോർമേഷൻ അനൌൺസ് ചെയ്യുന്ന സമയത്ത് അവർസ്വീറ്റിനടിയിൽ കുടുങ്ങിപ്പോയെ ലൈഫ് ജാ‍കറ്റ് പുറത്തെടുക്കാൻ ശ്രമം പരാജയപ്പെട്ട് അവസാനം പുഞ്ചിരിച്ചുകൊണ്ട് പുറകിലെ ആളെ ചൂണ്ടികാട്ടി..!

വിമാനം അത്ര നല്ലതൊന്നും ആയിരുന്നില്ല. വിമാനത്തിന്റെ എഞ്ചിന്റെ ശബ്ദം അതിന്റെ പഴക്കത്തിന്റെ മുഴക്കം തന്നെ ആയിരുന്നു. ഞാനിരുന്ന്തോ ഏറ്റവും പിൻഭാഗത്തായി എഞ്ചിന്റെ ശബ്ദം ഒരേസമയം എന്നെ അലോസരപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. വിമാനം പറന്ന് സേഫ് മോഡിലെത്തിയ ഉടനെത്തന്നെ എയർ ഹോസ്റ്റസ് വീണ്ടും ഭക്ഷണം വിളമ്പാൻ തുടങ്ങി.. രാത്രി പട്ടിണിയായ എനിക്കു തെറ്റി ഇത്തവണയും ചോക്ലേറ്റും കേക്കും പിന്നെ ഒരു പാക്കറ്റ് കടലമണിയും ഒരു ജൂസും. അതു കഴിച്ചു കഴിഞ്ഞതും വിമാനം താഴാൻ തുടങ്ങി. ദുബായിൽ നിന്നും ഒരു കടലമണി ദൂരമകലെ മാത്രം ഈ ഇറാൻ എന്നത് എന്നെ അൽഭുതപ്പെടുത്തി. അകലെ സാഗരത്തിൽ ഒരു കപ്പൽ ഓളങ്ങളെ വകഞ്ഞുമാറ്റി പുളഞ്ഞു പോകുന്ന മാസ്മരിക ചിത്രം വിമാനത്തിന്റെ നീണ്ട ലൈറ്റിന്റെ പ്രകാ‍ശത്തിൽ ഞാൻ കണ്ടു.. കൺകുളിർക്കുന്ന ചിത്രം… അങ്ങനെ ഞങ്ങൾ കിഷ് എന്ന ഇറാൻ ദ്വീപിൽ നിമിഷങ്ങൾക്കുള്ളിൽ കാൽ കുത്താൻ പോകുകയാണ്…

കിഷ് എന്ന കൊച്ചു ദ്വീപ്:---

ഞങ്ങൾ സുരക്ഷിതമായി വിമാനമിറങ്ങിയിരിക്കുന്നു, എല്ലാവരും ആശ്വാസത്തിന്റെ നെടുവീർപ്പോടെ വിമാനത്തിലെ ഫ്രണ്ട് ഡോർ ലക്ഷ്യമാക്കി നടന്നു, അവിടെയും ഞങ്ങളെ അൽഭുതപ്പെടുത്തികൊണ്ട് എന്റെ വിമാനയാത്രയിലിന്നോളം കാണാത്ത വിധം പുറകിലെ ഡോർ തുറന്നപ്പോൾ സത്യത്തിൽ ഞാൻ വിസ്മയിച്ചുപോയി. പുറകിലിരുന്നതു ഞങ്ങളായിരുന്നതിനാൽ അവസാനം ഇറങ്ങാൻ ആഗ്രഹിച്ചവർ ആദ്യം ഇറങ്ങുന്നു, പടച്ചവന്റെ ഓരോ കളികൾ.....


വിമാനത്താവളം ഒരു സിനിമാകൊട്ടായിയെ അനുസ്മരിപ്പിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ അധിഭാവുകത്വം എന്നു തള്ളിപ്പറയരുത്. അത്രമാത്രം ചെറുതായിരുന്നു അത്, ചെറിയ ബസിൽ എയർപ്പോർട്ടിന്റെ അകത്തളത്തേക്ക് പ്രവേശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഫിലിപ്പിനോ പെൺകൊടികളൂം മറ്റു പെൺതരികളേയും കാണാനില്ല, എല്ലാവരും പ്രത്യേകമായി ഉണ്ടാക്കിയ ഡ്രസ്സിൽ റൂമിൽ പർദ്ധകൾ ധരിച്ചു കൊണ്ടിരിക്കുന്നു. അതെ ഇറാനിലെ നിയമങ്ങൾ കർകശമാണ് സ്ത്രീകൾ ഇസ്ലാമിക വസ്ത്രധാരണം ചെയ്യണമെന്ന് ലിഖിത നിയമം ചുമരിൽ പതിച്ചിരിക്കുന്നു, ദുബായ് നഗരത്തിൽ മുറി ട്രൌസറും ഇട്ട് മനുഷ്യനെ ഉറക്കത്തിൽ ഞെരിപിരികൊള്ളിക്കുന്ന സുന്ദരികുട്ടികൾ മുഖമക്കനയിട്ടു എമിഗ്രേഷനിൽ ക്യൂ നിന്നപ്പോൾ ഞാൻ ഓത്തു പള്ളി വിട്ടു വന്നിരുന്ന കാലം ഓർത്തുപോയി.. ഉമ്മക്കുട്ടികൾ...

എയർപ്പോർട്ട് വളരെ ചെറുതാണെന്നു പറഞ്ഞല്ലോ, എയർപ്പോർട്ടിനകത്ത് ആകെ രണ്ടു എക്സ്ചേജ്ജുകൾ മാത്രം, പിന്നെ കോയിനിട്ടു എടുക്കാവുന്ന സോഫ്റ്റ് ഡ്രിങ്ക് മെഷീൻ, ഇറാനിലെ നാണയത്തെ കുറിച്ചു എനിക്കു ഏകദേശ ധാരണയുണ്ടെങ്കിലും ബോർഡിൽ പതിച്ചിരിക്കുന്ന ഇന്നത്തെ നാണയ റേറ്റ് എന്നെ കുറച്ചൊന്നുമല്ല ആശയകുഴപ്പത്തിലാക്കിയത്. ഒരു ദിർഹം മൂവ്വാത്തിരത്തി മൂന്നൂറ്റി അൻപത് ഇറാ‍ൻ റിയാൽ അഥവാ ഒരു ചായക്ക് ആയിരത്തി അറുനൂറ്റി എഴുപത്തഞ്ചു ഇറാൻ റിയാൽ , നൂറ്റിമുപ്പത് ഇന്ത്യൻ രൂപകൊടുത്താൽ മുവ്വായിരത്തി മുന്നൂറ്റി അൻപത് ഇറാൻ റിയാൽ കിട്ടും... ശിവ ശിവ...കാശ് കൊണ്ടു നടക്കാൻ ഒരു ചാക്ക് കൊണ്ട് വരാതിരുന്നത് പൊല്ലാപ്പായി എന്നു മനസ്സിലോർത്തു...



(ഒരു ചെറിയ പർച്ചേസ് ചെയ്താലോ)

എയർപ്പൊർട്ടിനു പുറത്തു ഞങ്ങളെ കാത്ത് ഹോട്ടൽ ബസ് കിടപ്പുണ്ടായിരുന്നു. സരസനായ പാർസി ബസ് ഡ്രൈവർ ആദ്യം ബസ്സിലെ ഡിവിഡി പ്ലെയറിൽ ഒരു പാർസി ഗാനം കേൾപ്പിച്ചു , ആ ഗാനത്തിന്റെ താളം ഇപ്പോഴു മനസ്സിൽ തത്തികളിക്കുന്നു, ഇറാൻ ഗാനങ്ങൾ വളരെ നല്ലതാണ്. അതുപോലെ ഇറാൻ സിനിമകളും.. നിങ്ങൾ കണ്ടിട്ടുണ്ടൊ എന്നനിക്കറിയില്ല മാജിദ് മജീദ് സംവിധാനം ചെയ്ത CHILDREN OF HEAVEN എന്നെ വളരെയധികം സ്വധീനിച്ച ഒരു സിനിമയാണ്. മനസ്സിലിപ്പോഴും ഒരു കുഞ്ഞു ഷൂസും അലിയു സാറയും ... ഓസ്ക്കാർ നോമിനേറ്റ് ചേയ്യപ്പെട്ട പടം തോറ്റുപോയത് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഇറ്റാലിയൻ ഫിലിമിനോടാണ് ( ചിൽഡ്രൺ ഓഫ് ഹെവൻ വായിക്കാൻ https://plus.google.com/104961411733688678475/posts/CG67szQZWAs ) അതുകൊണ്ട് തന്നെ നല്ല സിനിമ എന്ന തന്തു ഇനിയും നമ്മൾ കടം കൊള്ളേണ്ടിയിരിക്കുന്നു വെന്ന് പറയാം..


രാത്രിയുടെ യാമങ്ങളിലൂടെ ഒരു തകർപ്പൻ പേർസ്യൻ ഗാനത്തിന്റെ ഈരടിയോടെ ബസ് നിരത്തിലൂടെ പായുകയാണ്. കിഷി എന്ന ചെറിയ ദ്വീപ് എത്രമാത്രം വിനോദസഞ്ചാരത്തിനായ് ഒരുക്കിയിരിക്കുന്നു എന്ന വസ്തുത എന്നെ എന്റെ നാടിന്റെ വികസന ശോഷിപ്പിനെകുറിച്ച് വേദനിപ്പിക്കുകയാണ് ചെയ്തത്. ഞാൻ പറഞ്ഞു വന്നത് നമ്മുടെ നല്ല റോഡിന്റെ അപര്യാപ്തകകൾ , റോഡില്ലാത്തതിന് നമുക്ക് ജനസംഖ്യാ വർദ്ധനവെന്നും, ഉള്ള ഭൂമി റോഡാക്കുമ്പോൾ കിടപ്പാടം നഷ്ടപെടുന്നവരെയും നമുക്ക് ന്യായീകരിക്കാം, എന്നാൽ ഒരു നല്ല ടൊയ്ലറ്റ് പോലും ഇല്ല നമ്മുടെ നാട്ടിൽ എന്നത് വിഷമകരം തന്നെ. വിനോദ സഞ്ചാരത്തിനായി എത്തുന്ന ഏതെങ്കിലും ഒരു സഞ്ചാരിക്കു വഴിയിൽ ശങ്കതോന്നിയാൽ മുനിസിപ്പാലിറ്റി ടോയ്ലറ്റിനു പകരം വല്ല കുറ്റിക്കാടോ പാട വക്കോ ആയിരിക്കും അഭികാമ്യം..കിഷിലെ റോഡുകൾ നീളവും വീതിയുമുള്ള രണ്ടു വരി പാതകളാണ്. രണ്ടു റോഡിന്റെ നടുവിലുമായി അലങ്കാര വിളക്കുകൾ മനോഹരമായി അലങ്കരിച്ചിരിക്കുന്നു, ഈന്തപ്പനയോലകളിലേക്ക് തൂക്കിയിട്ടിരിക്കുന്ന പച്ച ബൾബുകൾ മാസ്മരികം തന്നെയാണ്.

പേർഷ്യൻ കടലിടുക്കിലെ 91.5-square-kilometre മാത്രം ചുറ്റളവുള്ള ഒരു ദ്വീപാണ് കിഷ് . ബന്ധർ അബാസ് ആസ്ഥാനമായിട്ടുള്ള ഹൊർമൊസ്താൻ പ്രവിശ്യയുടെ ഒരു തീരം അതാണു കിഷ്. ജനസംഖ്യ ഇരുപതിനായിരം (2006 സെൻസസ്). വർഷത്തിൽ പത്തുലക്ഷം ജനങ്ങൾ സന്ദർശകരായി എത്തുന്നു . ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു ദ്വീപുകളിൽ ഒന്നായി കിഷ് ദ്വീപിനെ 2010 ൽ ദ ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുക്കുകയുണ്ടായി. കുറഞ്ഞ സമയത്തിന്റെ യാത്രയിൽ തന്നെ ഞങ്ങൾ ഖാതിം എന്ന ഹോട്ടലിൽ എത്തിയിരിക്കുന്നു, ഞാൻ നിയാസിന്റെ ചെവിയിൽ മന്ത്രിച്ചു, നമ്മുക്ക് ഒരിമിച്ചിരിക്കാം, കിഷിന്റെ താമസദുരിതത്തെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. കിഷിൽ അനവധി നല്ല ഹോട്ടലുകളുണ്ട്.. പക്ഷെ ഞങ്ങൾ വിസാ ചെയ്ജ്ജ് എന്ന മാരണം കൊണ്ട് എത്തിയതിനാൽ ഒരു വഴിയമ്പലത്തിലം ഓർമ്മപ്പെടുത്തുന്ന ഖാതിം എന്ന ഹോട്ടലിലാണ് എത്തിപെട്ടത്.. റൂം ബുക്കു ചെയ്ത് ഒരു ഇറാനിയൻ പയ്യൻ ഹിന്ദി ഗാനവും മൂളിഞങ്ങളെ റൂമിലേക്ക് കൊണ്ടുപോയി.. അവിടെ ഒരു മാസമായി വിസ വരാത്ത രണ്ട് ഈജിപ്തുകാർ, പിന്നെ ഇറാനിലേക്ക് ജോലിക്ക് വന്ന ഒരു ബീഹാറി, പിന്നെ ഒരു സുഡാനി.. അതിലേക്ക് ഞങ്ങളും , റൂമിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ഞാൻ പറയുന്നില്ല അതു വായനയുടെ രസം കെടുത്തും. ഒന്നു കുളിച്ചു. കിടന്നതേ ഓരമ്മയുള്ളൂ.. ഉറങ്ങി പോയി.. ഇനി നാളെ ഉണരട്ടെ...

വിസ ശരിയാവാൻ ഒരു രണ്ടു ദിവത്തെ സമയം കൂടിയുണ്ട്. അതു കൊണ്ടു തന്നെ കിട്ടുന്ന സമയം കിഷിനെ അറിയണമെന്നു ഞാ‍ൻ മുൻ കൂട്ടി പ്ലാൻ ചെയ്തിരുന്നു, രാവിലെ പത്ത് മണിക്കാണ് ഞാനും നിയാസും ഉണർന്നത്, ഇപ്പോൾ ഞങ്ങൾ കൂട്ടുകാരായിരിക്കുന്നു, ഖാതിം ഹോട്ടലിൽ തന്നെയുള്ള റസ്റ്റോറന്റിൽ നിന്നും ചായ കുടിക്കുന്നതിനിടെ യാത്ര പരിപാടികൾ ഞങ്ങൾ പ്ലാൻ ചെയ്തു,ഹോട്ടലിൽ ജോലി ചെയ്യുന്നത് ഒരു മലയാളിയാണ്. വിസ അയച്ചു തരാമെന്ന് പറഞ്ഞ് അയാളെ കിഷിലേക്ക് ദുബായിലെ ഒരു കമ്പനി പറഞ്ഞയക്കുകയായിരുന്നു, ഇപ്പോൾ വന്നിട്ട് ഒരു മാ‍സമായി , വിസയുമില്ല , കമ്പനിയുടെ ഫോൺ കോൾ പോലുമില്ല, ഹെവി ഡ്രെവിംഗ് ലൈസൻസുള്ള അദ്ധേഹം ഇപ്പോൾ ഹോട്ടൽ പണി പരിശീലിക്കുന്നു, അയാളുടെ ഹോട്ടൽ ജോലിയിലുള്ള പരിചയക്കുറവ് അവിടത്തെ ഭക്ഷണത്തിൽ നിന്നു തന്നെ എനിക്കു മനസ്സിലായി, ഇനി യൊരിക്കലും അവിടെ നിന്നും ഭക്ഷണം കഴിക്കില്ല എന്നു മനസ്സുകൊണ്ടു ശപഥം ചെയ്തു പുറത്തിറങ്ങി..


(ഫർവാനിയാ കടൽ‌പ്പാലം)

ദ്വീപിൽ പ്രധാന യാത്രാ ആശ്രയം ബസ്സുകളാണ്. എവിടെക്കും പോണമെങ്കിലും വെറും 5250 മാത്രം, പേടിക്കണ്ട ഇറാൻ ദിനാറാണു, ഇന്ത്യൻ രൂപ 20 രൂപ മാത്രം. പുരുഷന്മാരും സ്ത്രീകളും കൂടുതലും ആശ്രയിക്കുന്നത് ബസ്സ് തന്നെ, ടാക്സികളും ഉണ്ട്, എവിടെക്കു പോണമെങ്കിലും നിശ്ചിത ദിനാറാണ്. എന്നെ ഏറ്റവും അൽഭുതപ്പെടുത്തിയത് സ്ത്രീ യാത്രക്കാരാണ്. നമ്മളിരിക്കുന്ന സ്റ്റീറ്റിനടുത്ത് ഒരു സങ്കോചവും കൂടാതെ ഇരുന്ന് അവർ യാത്ര ചെയ്യുന്നു, ഞങ്ങൾക്ക് വഴിയൊന്നും അധികം പരിചയമായിട്ടില്ലല്ലോ അതു കൊണ്ട് തന്നെ ഒരു ലാൻഡ് മാർക്ക് വെച്ചു, ഖാതിം ഹോട്ടലിനടുത്ത് ടെഹ്രാൻ യൂണിവേഴ്സിറ്റി ഉണ്ട് . തിരിച്ചു വരുമ്പോൾ യൂണിവേഴ്സിറ്റി കെട്ടിടം ചോദിച്ചാൽ മതിയല്ലോ എന്നു മനസ്സിൽ നിരൂപിച്ചു, ദ്വീപിലെ പ്രധാന പ്രശനം ഭാഷയാണ്. ഇംഗ്ലീഷ് ദ്വീപു നിവാസികൾക്ക് തീരെ വഴങ്ങുന്നില്ല, അൽ‌പ്പ സ്വൽ‌പ്പം അറബി പരിജ്ഞാനമുള്ള എന്റെ അറബിയും ഏശുന്നില്ല, അതിന്റെ കാരണം പിന്നീട് ഖാതിം ഹോട്ടലിലെ ഒരു ഇറാനിയാണ് പറഞ്ഞു തന്നത്, ദ്വീപിൽ മൂന്നു ഭാഷകളാണ് സംസാരിക്കുന്നത്, ഒരു ഭാഗത്തെ ആളുകൾ പാർസി സംസാരിക്കുന്നു, അവർ ഒരു പ്രത്യേക സ്ഥലത്തു ഒരുമിച്ചു കൂടിയിരിക്കുന്നു, മറ്റൊരുഭാഗം , അറബി ഭാഷ സംസാരിക്കുന്നവരാണ്. മറ്റൊന്ന് തുർക്കി ഭാഷ സംസാരിക്കുന്നവരും. അതുകൊണ്ടാണ് ഒരു ഭാഷാ ഏകോപനം അവർക്കു സാധ്യമാകാത്തത്, ബസ്സ് മൈതാൻ സനാഹി എന്ന സ്ഥലത്തെത്തിയിരിക്കുന്നു, അവിടെ സുന്ദരമായ ബീച്ച് ആണ്. കടൽ വെള്ളത്തിനു തെളിമയാർന്ന പച്ച നിറം ചില ടൂറിസ്സ് ബോട്ടുകൾ അങ്ങിങ്ങായി.. ചിലർ വെള്ളത്തിൽ ബോട്ട് റൈഡ് ചെയ്തുകൊണ്ടിരിക്കുന്നു, എന്നെ ഏറ്റവും ആകർശിച്ചത് ഒരു കടൽ പാലമാണ് ഒരു മുന്നൂറു മീറ്ററോളം കടലിലേക്ക് നീണ്ട ഒരു സഞ്ചാരപ്പാലം, അവിടെക്ക് ഒത്തിരി ടൂറിസ്റ്റുകൾ എത്തികൊണ്ടിരിക്കുന്നു, സന്ധ്യയാ‍കുന്നതുവരെ ഞങ്ങൾ അവിടെ ചിലവഴിച്ചു, ചൂണ്ടയിട്ടു കൊണ്ടിരുന്ന ഒരു പാർസി വ്യദ്ധൻ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു, അവിടെ ഒത്തിരി പേർ ചൂണ്ടയിടുന്നുണ്ടായിരുന്നു പലർക്കും മത്സ്യങ്ങൾ കിട്ടുമ്പോൾ വ്യദ്ധൻ അവരെ നോക്കി അസൂയപ്പെടും എന്നിട്ടു വീണ്ടും സാഗരത്തിന്റെ ആഴിയിലേക്ക് അയാൾ സർവ്വശക്തിയുമെടുത്ത് വലിച്ചെറിയും. അയാളുടെ ചൂണ്ടയിൽ ഒരു മീനും കുരുങ്ങിയില്ല പക്ഷേ മറ്റുള്ളവരുടെ ചൂണ്ട വലിച്ചു കേറ്റുന്ന മത്സ്യങ്ങളെ കാണുമ്പോൾ അയാളുടെ ആവേശം വീണ്ടും ചൂണ്ടയിലേക്ക്....
.#

മൈതാൻ സനാഹിക്കു മറ്റൊരു പേരുകൂടിയുണ്ട്. ഫർവാനിയ എന്നാണെന്നു തോന്നുന്നു,ടൂറിസ്റ്റുകളെ ആകർശിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ധാരാളം ഉണ്ടവിടെ. പലതിന്റെയും വില നമുക്കു ആശയ കുഴപ്പം ഉണ്ടാക്കും എന്നു മാത്രം, യു എ ഇ ദിർഹമും അവർ സ്വീകരിക്കുന്നതിനാൽ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല, അവിടെ കുഴപ്പമില്ലാത്ത ഒരു ഇന്ത്യൻ റസ്റ്റോറന്റ് ഉണ്ട്. അവിടെനിന്നു ഞങ്ങൾ കോഴിയും റൊട്ടിയും കഴിച്ചു,ഇറാ‍ൻ റൊട്ടി നമ്മുടെ നാട്ടിലേ പപ്പടം വലുതായതാണ്. തൊടുമ്പോൾ പൊട്ടിപോകുന്ന അത്തരം റൊട്ടി കൌതുകം തന്നെ. വയറുനിറഞ്ഞപ്പോഴാണ് തിരിച്ചു പോക്കിനെ കുറിച്ച് ചിന്തിച്ചത്. ഞങ്ങൾക്ക് ആകെ അറിയുന്ന അടയാളം ടെഹ്രാൻ യൂണിവേഴ്സിറ്റി ആണ്. അടുത്തുള്ള പാർസിയോട് , ഇംഗീഷിലും ഹിന്ദിയിലും അറബിയിലും ടെഹ്രാൻ യൂണിവേഴ്സിറ്റി ഒന്നു പറയണേ എന്നു അപേക്ഷിച്ചിട്ടും മൂപ്പർക്കു ഞങ്ങൾ പറഞ്ഞതു മനസ്സിലായില്ല, അയാളെ മനസ്സിൽ പ്രാകി ഞങ്ങൾ വലതു വശം ടെഹ്രാൻ യൂണിവേഴ്സിറ്റി എത്തിയോ എന്നു ഉറ്റുനോക്കി കൊണ്ടിരുന്നു, അവസാനം ഞങ്ങൾ ബസ്സിന്റെ ജാലകത്തിലൂടെ ടെഹ്രാൻ യൂണിവേഴ്സിറ്റി കണ്ടു , ധ്യതിപിടിച്ച് ചാടിയിറങ്ങാൻ നോക്കുമ്പോൾ ഞങ്ങൾ ടെഹ്രാൻ യൂണിവേഴ്സിറ്റി ചോദിച്ച പാർസിയും അവിടെ ഇറങ്ങുന്നു. ഒരു റോഡിന്റെ രണ്ടു വശങ്ങളിലേക്ക് ഞങ്ങളും അയാളും വഴിതിരിഞ്ഞതു നന്നായി...!

ഖാതിം ഹോട്ടൽ ഒരു തിരക്കുപിടിച്ച സത്രമാണ്.. ഹോട്ടലിലിനു പുറത്ത് ആളുകൾക്ക് ഇരിക്കാനും സൊറപറയാനും ഇരിപ്പിടങ്ങൾ ഒരിക്കിയിട്ടുണ്ട്. ഇറാനിലെ ചൂട് കുറച്ച് കൂടുതലായി തോന്നി, എന്നിരുന്നാലും ആളുകൾ മനസ്സിലെ നെരിപ്പോട് അണക്കാൻ ആ ഇരിപ്പിടങ്ങളിൽ ഇരുന്ന് പുകവലിക്കുകയും മുഖത്ത് ചിരിയുടെ സന്തോഷ ഭാവമില്ലെങ്കിലും ചിരിക്കാൻ പാടു പെടുകയും ചെയ്യുന്നു , പലരും ഇവിടെ വരുന്നത് ഒരു ദിവസത്തിന്റെ ഇടവേളയിൽ വിസ അയച്ചു തരും എന്ന കമ്പനി വാക്കിന്റെ ഉറപ്പിന്മേൽ ആണ്. വന്നിറങ്ങിയ ആദ്യദിനങ്ങളിൽ ഉത്സാഹത്തോടെ വിസാകാര്യങ്ങൾ സംസാരിക്കുകയും ഉച്ചത്തിൽ പൊട്ടിച്ചിരിക്കുകയും ഫാക്സ് , ഇന്റർനെറ്റ് സർവീസുകളുടെ അടുത്ത് ചെന്ന് “ എന്റെ വിസ വന്നോ’ അരായുകയും ചെയ്യും, അതു കൊണ്ടു തന്നെ പുതുതായി വന്നവരേയും കുറച്ചു ദിനങ്ങളായി വിസാ കാത്തിരിപ്പ് ഇരകളായവരേയും തിരിച്ചറിയുക അയാസമുള്ള കാര്യമാണ്. ഹോട്ടലിന്റെ പുറം തൂക്കൽ കാര്യങ്ങൾ ചെയ്യുന്നത് ഒരു നേപ്പാളിയാണ്. വരാത്ത വിസക്കു കാത്തു നിന്ന നേപ്പാ‍ളിക്കു വയറു വിശന്നപ്പോൾ സ്വയം ക്ലീനറാ‍യി അവരോധിച്ചു , അങ്ങനെ നാലു വർഷമായി അവിടെ സുഖ ജീവിതം നയിക്കുന്നു, അയാൾ മുറ്റം വ്യത്തിയാക്കുന്നത് കൌതുകത്തോടെയാണ് ഞാൻ നോക്കി നിന്നത്, ഈന്തപ്പനയോല കൊണ്ടാണ് അയാ‍ൾ ദിനവും അവിടെ വ്യത്തിയാക്കിയിരുന്നത്, ഇടക്കിടക്ക് അയാൾക്ക് ചില ഹെൽ‌പ്പറുമാരെയും കിട്ടുന്നുണ്ട്, ഓരോ ഹെൽ‌പ്പറുമാരേയും അയാൾ അയാളെ തന്നെ കാണുകയാണെന്ന് തോന്നുന്നു, പിന്നീടെപ്പോഴോ ഹെൽ‌പ്പറുമാർക്ക് വിസ കിട്ടുന്നു എന്നറിയുമ്പോൾ അയാളുടെ തൂത്തലിനു ശക്തി കൂടികൊണ്ടിരിക്കുന്നു.

രാത്രികൾ ഹോട്ടലിനെ കൂടുതൽ സജീവമാക്കുന്നു, പ്രത്യേകിച്ചും നാരിമാരുടെ ഒരു കൂട്ടം , ആഫ്രിക്കൻ, ഫിലിപ്പിൻസ്, പിന്നെ വിരലിലെണ്ണാവുന്ന ഇന്ത്യൻസ് മാത്രമേ പെണ്ണുങ്ങളായിട്ടുള്ളൂ.. രാത്രികളിൽ സിഗരറ്റ് പുകച്ച് ആഫ്രിക്കൻ സ്തീകൾ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിൽ വലിയ വായിൽ ചിരിച്ചു കൊണ്ടിരിക്കുന്നത് സ്ഥിരം കാഴ്ചകളാണ്. ഫിലിപ്പിനോ പെണ്ണുങ്ങൾ വളരെ തിരക്കുള്ളവരായി കാണപ്പെട്ടു. ഒറ്റക്കും തെറ്റക്കും മാംസ കച്ചവടവും നടക്കുന്നുണ്ട്, പ്രത്യാശകൾ പേറി ദ്വീപിലെത്തി കടൽ കടക്കാൻ വിസവരാത്തപ്പോൾ എന്തിനും തയ്യാറാകുന്ന മനുഷ്യജന്മങ്ങൾ.

ഖാതിം ഹോട്ടലിന്റെ ഇടതു വശത്തു കൂടി നടന്നാൽ മറ്റൊരു കടൽപ്പാലമുണ്ട്, കടൽ പാലത്തിന്റെ ഇടയിലുടെ തന്നെ കടലിലേക്കിറങ്ങാനുള്ള പടികളാൽ തയ്യാറാക്കിയ ആ പാലം നയനാന്ദകരമാണ്. രാത്രി ഞാനും മറ്റുരണ്ടു സുഹ്യത്തുക്കളും കൂടി അവിടേക്ക് നടന്നു, അകലെങ്ങളിൽ നങ്കൂരമിടാൻ കാത്തുനിൽക്കുന്ന കപ്പലുകൾ കാണാം, രാത്രി പോലും കടൽ വെള്ളത്തിന് തെളിമയാർന്ന നിറമായിരുന്നു, പിന്നെ നേരം പുലരുവോളം അവിടെയിരുന്നു കഥകൾ പറഞ്ഞു , ആധികൾ നിറഞ്ഞ മനസ്സ് ഓളങ്ങളില്ലാതെ ശാന്തമായി...ദ്വീപിൽ ഒരു പുരാതന കിണർ ഉണ്ടെന്നു അവിടെവെച്ച് അലിയെന്ന സുഹ്യത്താണ് പറാഞ്ഞത്, വീതി കുറഞ്ഞ ആ കിണറിലേക്ക് അടിത്തട്ടു വരെ പോകാനുള്ള കൈവരികൾ ഉണ്ടെത്രേ. എനിക്കതു കാണാൻ കഴിയാതിരുന്നത് ഒരു വലിയ നിരാശയായിരുന്നു.

അങ്ങനെ എന്റെ ഊഴം എത്തിയിരിക്കുന്നു, ഫാക്സ് മെഷീനിൽ എന്റെ നാ‍മം രേഖപ്പെടുത്തിയ ഒരു കടലാസ് ദ്വീപ് കടക്കാൻ

കൽ‌പ്പനകൊണ്ടു വന്നിരിക്കുകയാണ്. ഉച്ചക്ക് എന്റെ വിമാനം കൺഫേം ആയപ്പോഴും ഇനിയും കാണാനുള്ള ദ്വീപിന്റെ ചില ഭാഗങ്ങളെ കുറിച്ചുള്ള ചിന്ത വിമാനത്തിലും എന്നെ അലോസരപ്പെടുത്തി.. ഒരിക്കൽ കൂടി തിരിച്ചു വരാം എന്നു പറഞ്ഞാണ് വിമാനത്തിലിരുന്നു യാത്ര പറഞ്ഞത്..