Christmas Bell Widget

Sunday, October 30, 2011

പെട്രോൾ

ശിലയിലൊരായിരം വർഷ-
മുറങ്ങികിടന്നൊരു ജൈവാംശ-
മൂറി പീല വെള്ളമായപ്പോഴതു
ജ്വലിക്കുന്ന പെട്രോൾ..

ഊഷരഭൂമിയിൽ മരുപച്ചതേടി
ഒട്ടകമോടിയ മണൽ വീഥിക്കടി-
യിലൊരു,പാടമതു മുഖം മാറ്റി
മണലിന്റെ കൂടുമാറ്റി ചില്ലിട്ട കൂട്ടിൽ
വട്ടിട്ട മുമ്പന്റെ പേരുമാറ്റി
അവനൊരു സുൽത്താൻ
മരുഭൂമി മാറി പണഭൂമിയായി.

സ്വർണ്ണ നിറമൊഴുകി വിശ്വം
നാലുകാലിലോടുന്ന വണ്ടിയിൽ
ചിലിട്ട കൂട്ടിൽ വിരലുകൾ
ഗ്രീഷമം ശിശിരമാക്കിയുച്ചത്തി-
ലാടി പ്പാടി പുതു നാമ്പുകൾ
സർവ്വം പെട്രോളിൻ മഹാമായയായി

പറക്കമുറ്റാത്ത പൈതലും
പറക്കുന്നതീ ഗരുഡനുമപ്പുറം
പാടവും പറമ്പും പച്ചപിടിച്ചതും
പകൽ പോലെ രാവിന്റെ
വസ്ത്രം മാറ്റികൊടുത്തതുമെ-
ല്ലാമെല്ലാമീ മഞ്ഞ ദ്രാവകം

വിലകൂടി വീപ്പകൾ വീര്യമായി
തലപോയി പല മന്ത്രിമാർ
തെരുവുകൾ അശാന്തിയായ്
കല്ലേറ്, തീവെപ്പ് , കറുത്തപുകയി-
ലൊളിച്ചതു പെട്രോൾ ബോംബിന്റെ
മരണ ഗന്ധമശാന്തിയുടെ പർവ്വം.

വെളുത്ത പരാന്നഭോജിയുടെ
കറുത്തനാട് വെളുത്തതു മണൽ-
ക്കാടിന്റെ എണ്ണയൂറ്റി...
തലപ്പാവ് പൊങ്ങിയ സുൽത്താന്റെ
നാട്ടിൽ സായിപ്പിൻ ക്ഷുദ്രപ്രയോഗം
നാടുപോയി നാട്ടാർ കൊലവിളിയായി
സുൽത്താന്മാർ രക്തസാക്ഷിയായ്..
എണ്ണനാട്ടിലെ ചെമെന്ന ചോരയിൽ
വഴുക്കാതെ പരാന്നഭോജികൾ...

പെണ്ണും മണ്ണും പൊന്നും ശത്രു-
വെന്നു പറഞ്ഞവർ തിരുത്തുക
കൂട്ടിവാ‍യിക്കുക ഈ മഞ്ഞദ്രാവകം...

Wednesday, October 26, 2011

ചെമ്പകം

അഞ്ചാം ക്ലാസിലെ
ചാരു ബെഞ്ചിലിപ്പോഴും
തൂവെള്ള പൂവിന്റെ
മനം മയക്കും നറുമണം

ഗണിതവാദ്യാർ ചുവപ്പിച്ച
ഉള്ളംകൈ, ചെമ്പകം നീട്ടിയ
കൊച്ചു പാവാടക്കാരി..

ചെമ്പകമന്നുതൊട്ടിന്നോളം
മണക്കുന്നു മനസ്സിലും
രണ്ടുവര നോട്ടിലും
കറുത്തുണങ്ങിയ മണമുള്ള അല്ലികൾ ...

ചെമ്പകം
മൊട്ടിലേ സുന്ദരി
വിരിഞ്ഞാലോ നർത്തകി
വീണാലോ അത്തർ വില്പനക്കാരി..

അഞ്ചാ‍ം ക്ലാസിലെ
ചെമ്പക പെൺകൊടി
മഞ്ചലുകേറി പോയിട്ടും
അഞ്ചാറുചെമ്പകം
നറുമണം പൊഴിക്കുന്നീ നിശയിലും....

Sunday, October 23, 2011

വേശ്യയുടെ വേദപുസ്തകം,

പതി പടികടന്നപ്പോഴാണ്
ഉടു തുണിക്കു മറുതുണിയില്ലാതെ
അവൾ ചേല അഴിച്ചത്..

ഓതിയ വേദപുസ്തകങ്ങൾ
കൺകണ്ട ദൈവങ്ങൾ
സ്നേഹിച്ച പൊയ്മുഖങ്ങളൊക്കെയും
നാല് കാശിനാവശ്യം വരുമ്പോൾ
പടിക്കുപുറത്താട്ടുന്നു.

രാത്രി പാത്തുവരുന്നവരും
പകൽ കണ്ണുകൊണ്ട്
ചേല അഴിച്ച്
ആതമരതിയിലാനന്ദം പൂ‍ണ്ടവരും
സ്വയംഭോഗം ചെയ്യാത്ത ബാലൻപോലും
പീടികകൊലായിരുന്നുവിളിച്ചത്
വേശ്യ...

കൊലായിൽ കേറിവന്ന
അയൽ വാസി
ചോദിച്ചത് നാല് കാശ്
ഇല്ലെന്നു പറഞ്ഞപ്പോൾ
അവൾ വിളിച്ചത്
തേവിടിശ്ശി....

അവളുടെ വേദപുസ്തകം
ഓതാനെത്രപേർ
ഒന്നുകിതച്ചിറങ്ങിയാൽ
പിന്നെ അവൾ വെറും വേശ്യ...

എല്ലാമറിഞ്ഞിട്ടും
രാത്രിയുടെ യാമങ്ങളിൽ
വാതിൽ തുറന്നിട്ട്
ഗതിവേഗങ്ങൾ നിർണ്ണയിച്ച്
അവൾ വേദ പുസ്തകം തുറന്നുവെക്കുന്നു.

അവളുടെ വേദപുസ്തകത്തിൽ
എഴുതിവെച്ചത്..

വായിലൂടെ
ഹ്യദയത്തിന്റെ മാലിന്യം
മുലയിലേക്കെടുക്കുക

മേദസ്സ് വാങ്ങി
പകലിനെ ശാന്തമാക്കുക,

പകലിന്റെ മാന്യതയെ രക്ഷിക്കാൻ
ഒരായിരം രഹസ്യങ്ങൾ
ഗോപ്യമായ് വെക്കുക..

ഇനിയുമെത്രയോ......!

എഴുത്തിന്റെ വില


അരോ എഴുതികൂട്ടിയ വാക്കുകൾ
പെറുക്കിക്കൂട്ടി തൂക്കിവിൽക്കുമ്പോൾ
അമ്മയോട് ആക്രിക്കാരൻ പറഞ്ഞത്
കിലോക്ക് വെറും രണ്ടുരൂപ...

തുരുമ്പെടുത്ത ആക്രിതുലാസിൽ
തൂങ്ങികിടന്നത് ബേപ്പൂർ സുൽത്താനും, യൂഗോയും
അന്നയുടെ ഓർമകളും, കാലവും.

ചോര മണക്കുന്ന ‘മെയിൻ കാഫ്'
ദാസ് കാപ്പിറ്റലിൽ ചേർന്നിരുന്നപ്പോൾ
തുലാസിലൊരു 'പ്രകമ്പനം'

ഞെട്ടി തുട്ടിൽ നോക്കി ആക്രികാരൻ
പിന്നെ എല്ലാവരും കൂടിയൊരുമിച്ച്
ഒരു കീറച്ചാക്കിലേക്ക്…

അമ്മക്കു ന്യായങ്ങളേറെ
ചിതലരിച്ചുപോകുന്ന കടലാസ്
കിട്ടിയതത്രയും അമ്മക്കു ലാഭമത്രേ..

കൂറയും മണ്ണാട്ടയും പെറ്റ് പെരുകിയ
വായനാമുറി വ്യത്തിയാക്കിയമ്മ
പെങ്ങൾക്കു പേറ്റിനു കൊണ്ടുവന്ന
അലുമിനിയ പാത്രങ്ങളൊതുക്കിവെച്ചു…

Friday, October 14, 2011

എരിവ്

ഉണ്ടചോറിൽ എരിവില്ലാതെ
ഭാര്യയോടു തോന്നിയ കലിപ്പും
കണ്ട സിനിമയിൽ എരിവില്ലാതെ
നായികയോടു തോന്നിയ വെറുപ്പും
വായിച്ച പുസ്തകത്തിൽ എരിവില്ലാതെ
എഴുത്തുകാരനോട് തോന്നിയ ചമർപ്പും
കാലദേശവർണ്ണഭേദമില്ലാതെ
മനസ്സിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു...

ബിൽ ക്ലിന്റണെ വെറുത്തതും
ഹിലാരിയെ നെഞ്ചോടടുക്കിയതും
സ്ട്രോസ് കാനെ ജയിലിലടച്ചതും
കുഞ്ഞാലികുട്ടിയെ ഐസ്ക്രീം തീറ്റിപ്പിച്ചതും
നീലന്റെ കസേരകളഞ്ഞതും
ജോസഫിന്റെ മാനം മാനത്തു വെച്ചു തകർത്തതും
സിരയിൽ തിളച്ച കാമത്തിന്റെ,
ഉണ്ട മുളകിന്റെ എരിവിലാണ്...

ഒരു മഴയത്തു കിളിർത്ത പ്രണയാഗ്നി
കടലാസ് മുളകായ് കരിഞ്ഞടങ്ങിയിട്ടും
വറ്റൽ മുളക് ഓർമപ്പെടുത്തിയത്
ചുകന്ന ചുണ്ടിന്റെ വളവാണ്...

എരിവിന്റെ ചിന്ത എരിഞ്ഞടങ്ങിയത്
ഇത്തിരി കുഞ്ഞൻ കാന്താരി
കുടിപ്പിച്ച വെള്ളത്തിനു കണക്കില്ലാതായപ്പോഴാണ്....

Tuesday, October 11, 2011

രാത്രി നഗരം

പകലിന്റെ ഇരമ്പലിൽ
ക്ഷീണിതയായ തെരുവ്
നിശയുടെ മാറിൽ
പ്രണയം നുകർന്ന്
ഇരുട്ടുകൊണ്ട് പുതച്ച് ഉറങ്ങിയിരിക്കുന്നു

ഞെരമ്പിനു ചൂടുപിടിച്ച ഒരാൾ
മാംസം കിട്ടാതെ അലയുന്നുണ്ട്.
കാറിൽ കയറിപ്പോയ
ഒരു നക്ഷത്ര വേശ്യയെ ശപിച്ച്
അയാളും നഗരം കടന്നു പോയിരിക്കുന്നു

വേശ്യകൾ പണം പേശി
നിൽക്കുന്ന കടത്തിണ്ണ ശൂന്യം
പകലിന്റെ ക്ഷീണം
വേദനയിലാത്ത സുശുപ്തിയിലേക്ക്

തിരക്കു പിടിച്ച തെരുവിന്റെ വീഥി
മരണമില്ലാത്ത ശ്മാനഭൂമിപോലെ
വഴിവിളക്കുകൾ മാത്രം.

നഗരം ഉറങ്ങിയിരിക്കുന്നു
എന്റെ മൺചെരാതുമാത്രം
ആരെയോ പ്രതീക്ഷിച്ച്
കാറ്റത്ത് ഉലഞ്ഞു പോകുന്നുണ്ട്.

ചില രാവുകൾ അങ്ങിനെയാണ്
ഞാൻ നഗരത്തിന് കൂട്ടിരിക്കും
പകലിൽ അവൾക്കേറ്റ ക്ഷതങ്ങൾ
മായ്ക്കാൻ ആരൊവരുമെന്ന് പ്രതീക്ഷിക്കും

ആരും വരാനില്ലെന്നറിഞ്ഞിട്ടും ഞാൻ
ഇന്നും രാത്രിനഗരത്തിനു കൂട്ടിരിക്കുന്നു..

ബാല്യം

അടച്ചു വെച്ച പുസ്തകം
തുറന്നു വെച്ചപ്പോള്
ചിതലിട്ട താളിൽ
കുത്തിവരച്ച പൂവിന്റെ
ഒരു ദളം മാത്രം ബാ‍ക്കി......

പാതയിൽ ഇപ്പോഴും
ആ കറുത്ത കല്ല്ലിൽ
ചെറുവിരലിലെ രക്തം
ഒരലുമിനിയ പുസ്തകപെട്ടി
നോക്കി കളിയാക്കി ചിരിക്കുന്നു.........

ഒളർ മാവ് വെട്ടി വീഴ്ത്തിയപ്പോൾ
വേരറ്റു വീണത്
പത്താഴത്തിൽ പഴുപ്പിച്ചെടുത്ത
മുത്തശ്ശിയുടെ ചെമന്ന സ്നേഹമായിരുന്നു....

പാടവക്കിൽ തോടിനപ്പുറത്ത്
ഒരു മഞ്ഞപ്പാവാട
ഒരു കൈനീട്ടി നിൽക്കുന്നുണ്ട്.
തോടു കടന്ന വിദ്യാലയം
ഒരു ശ്മാന ഭൂമി മാത്രം........

അടച്ചു വെച്ച പുസ്തകം
തുറന്നു വെച്ചപ്പോള്
ചിതലിട്ട താളിൽ
ഇനിയുമെത്രയോ ചിത്രങ്ങൾ
ചിത്രങ്ങളല്ലാതെ.....

Saturday, October 8, 2011

പ്രവാസിയുടെ വെള്ളിയാഴ്ച

പണിയില്ലാ പണികളാണ്
പ്രവാസിയുടെ വെള്ളിയാഴ്ച.

കൂട്ടിവെച്ച ഒരാഴ്ചത്തെ
പണികൂട്ടുകൾ തികയാത്ത
പ്രവാസിയുടെ വെള്ളിയാഴ്ച

മുക്കിലിരുന്നു നാറുന്ന
വസ്ത്രങ്ങൾ
അലമാരയിൽ ഒളിപ്പിച്ച
സോക്സുകൾ നോക്കിയലറുന്ന
കട്ടിലയൽവാസി.

ഇന്നെന്റെ ദിനമാണ്
ചോന്ന ക്ലോസറ്റ് മിനുക്കിയെടുക്കണം
വിനോയിലിനുള്ളിലെ ധൂമങ്ങൾ
വാക്വത്തിന്റെ ഹ്യദയത്തിലേക്ക്

ഉടുപ്പുകളിട്ടു കറങ്ങി
വാഷ് മെഷീനു ഭ്രാന്തുപിടിച്ച്
ശബ്ദം മാറിയിരിക്കുന്നു
ജോലിഭാ‍രം കൂടി അമറുന്ന
ഓഫീസിലെ ഓഫീസ് ബോയ് പൊലെ.

ഇസ്തിരിപെട്ടിയിൽ നിന്നും
കരിഞ്ഞ മണവും
പള്ളിയിൽ പോകുമ്പോൾ പൂശിയ
ലോക്കലത്തറിന്റെ മണവും ചേർന്ന്
ഒരു വെള്ളിയാഴ്ച ഗന്ധം

മൊബൈലിൽ ഒരു മൊഞ്ചത്തി
പാട്ടു മുഴങ്ങുന്നുണ്ട്
ഇന്നു മൊഞ്ചത്തിക്കു
അവധി കൊടുത്തു

ഈ വെള്ളിയാഴ്ച് എനിക്കു പണിയില്ലാ പണികളാണ്...

Thursday, October 6, 2011

സ്നേഹ വീട്ടിലെ കടങ്ങൾ.......


കൊടുക്കാനുള്ള കടങ്ങളൊക്കെയും
പടികടന്നിട്ടും പൂമുഖവാതിൽക്കൽ
ഭാര്യ ഒരു കടപ്പാടായിരുന്നു.
കടപ്പാടിന്റെ സ്നേഹവീട്.....

കടക്കെണിയിൽ കുടുങ്ങിയ മൂഷികനെ
തല്ലി കൊല്ലാൻ വന്നവർക്കു
അവസാന താലിയും കൊടുത്തവൾ
നാളെകളസ്തമിച്ചെൻ ഇരുൾവീഥിയിൽ
വെളിച്ചമായ് വന്നു സ്വപനങ്ങൾ
നെയ്യാൻ പഠിപ്പിച്ചവൾ.....

ഇന്നു ഞാൻ നല്ലൊരു നെയ്ത്തുകാരൻ
ഇന്നലെ കടം തന്നവർ
ഇന്നെന്റെ കടം വാങ്ങാൻ
പൂമുഖത്തു വന്നപ്പോൾ
ഭാര്യ താലിയില്ലാ മാറ് നോക്കി പുഞ്ചിരിച്ചു.

കടംകൊണ്ടവർ പടികടന്നിട്ടും
ഒരു കടം മാത്രം വീട്ടിൽ ബാക്കിയായ്...

Wednesday, October 5, 2011

ഉമ്മ.....


എന്റെ ഹ്യദയം മുറിഞ്ഞ്
ചുടുനിണം ചീറ്റിയപ്പോൾ
കണ്ണുനീർ വാർത്തത് എന്റുമ്മയായിരുന്നു.

ലോകം മുഴുവൻ എന്നെ
ശരങ്ങളെറിഞ്ഞു കൊന്നു.
ചോദ്യങ്ങൾ ചോദിക്കാൻ
എല്ലാവർക്കും കഴിയുമെന്ന്
തിരിച്ചറിഞ്ഞ ദിനം.
ഉമ്മ നീണ്ട മൌനവ്യതത്തിലായിരുന്നു.
പിച്ചവെക്കുന്ന നാളിലെന്നോ ഞാൻ
വീണുകരഞ്ഞതോർത്ത മന്ദഹാസം പോലെ.
എന്റെ മൂർദ്ധാവിൽ പെറ്റുമ്മയുടെരുമ്മ.

എനിക്കിനിയും ആരും
അരിഞ്ഞുവീഴ്ത്താ‍ത്ത
ചിറകുകുളുണ്ടെന്നോതിതന്നതവളാണ്.

ഒരു പിറവിക്കായ്
പത്തുമാസം
അവളുടെ രക്ത്ത്തിൽ തീർത്ത ചിറകുകൾ
മരണത്തിലെ മലാഖക്കു മാത്രം സ്വന്തം.

അതു വരെ നീ പറക്കുക.


എന്റെ മുലപ്പാലിൽ ഞാൻ നിനക്കു തന്നതു
അതിജീവനത്തിന്റെ
മ്യതസഞ്ജീവനിയാണ്.
നിന്റെ ഹ്യദയത്തിൽ തറച്ച
ശരങ്ങളോരോന്നായ്
ഞാൻ വലിച്ചെറിയട്ടെ,


ഇനിയുന്റെ മോഹങ്ങൾ പൂവണിയാനായ്
ഞാൻ കടൽ കടക്കുകയാണ്.
നിന്റെ രക്തത്തിൽ തീർത്ത
ചിറകുകൾ സമ്മാനിച്ച
നിനക്കു നന്ദി.....

കവിത ജനിക്കുന്നത് /ചിലപ്പോൾ ജനിക്കാത്തതും

കരിവാന്റെ ആലയിലാണ്
ഇരുമ്പ് ആയുധമാകുന്നത്
സ്വാനുഭവങ്ങളുടെ തീച്ചൂളയിലാണ്
ഒരു കവിത ജനിക്കുന്നതും.
കവിയും കരിവാനും
അഗ്നിയുടെ സന്തതികളാണ്....


ജനിക്കുമ്പോൾ അവന്റെ ചെവിയിൽ
ബാങ്കുവിളിക്കാൻ ആരുമുണ്ടായിരുന്നില്ല.
അതിന്റെ പേരു അനാഥനെന്നായിരുന്നു.

ആരോയെടുത്തു വളർത്തി
ഓർമയുറച്ചപ്പോൾ സ്വത്വം തേടിയിറങ്ങി,
സഞ്ചാരിയായി,
യാചകനായി
കുശിനിക്കാരനായി
ഇനിയും പേരിടാത്ത ജോലികൾ...


നഗരങ്ങളും ഗ്രാമങ്ങളും കണ്ടു.
ഊഷരഭൂമിയിൽ ജലപാനമില്ലാത്ത രാവുകൾ..
രാത്രിയിൽ മ്യഗങ്ങളെപ്പോലെ ഭോഗിച്ചു.
പ്രണയം അയാൾകന്യമായിരുന്നു.
കവിത അയാൾകന്യമായിരുന്നു.
ഒടുവിൽ ഒരു കടത്തിണ്ണയിൽ
അനാഥശവമായ് ചീഞ്ഞു നാറി

വട്ടമിട്ടു നടന്ന രണ്ടീ‍ച്ചകൾ
വട്ടം പറഞ്ഞു

കവിതയില്ലാത്ത ശവം...

തീവ്രവാദി പൂച്ച

ഗൾഫിലും മാവോ തീവ്രവാദികളുണ്ട്

ചീഞ്ഞളിഞ്ഞൊരാഴ്ചത്തെ
അവശിഷ്ടം
*ബൽദിയ ട്രമ്മിൽ കൊണ്ടു തള്ളുമ്പോൾ
കാടു ഞെട്ടുന്ന സീൽക്കാരത്തോടെ
മുഖത്തേക്കൊരു ചാട്ടം...





ഭാഗ്യത്തിനാ രക്ഷപ്പെട്ടത്..











ബൽദിയ ട്രം :- മുനിസിപ്പാലിറ്റി വേസ്റ്റ് ട്രം..

പ്രവാസികൾ ഉണ്ടാകുന്നത്

പ്രവാസികൾ ഒരു പറ്റം ചിതലുകളാണ്
ആയുസ്സ് വിറ്റ്
മണൽ തരികൾ കൂട്ടിവെച്ച്
അവൻ നാളെക്കായ്
പെട്ടികെട്ടുന്നു.

നാട്ടിൽ മഴപെയ്യുമ്പോൾ
പെരുംചൂടിൽ വിയർത്ത്
വിഷണ്ണനായി.
മരുഭൂമിയോടു പറയും.
എന്റെ നാട്ടിൽ മഴയാ...

അനുഭവിക്കാനാവാത്ത
ഗർവ്വ് വിയർത്തിറ്റി
മരുഭൂമിയിൽ എത്തുമ്പോഴേക്കും
ആവിയായ് പോകുന്നു.

മൂന്നു സംവത്സരത്തിലാണവൻ
നാടുകാണുന്നത്.
അതിന്നു മുന്നെ മാവേലി
രണ്ടു തവണ പ്രജകളെ കണ്ടു മടങ്ങുന്നു.


ഓണമില്ലാത്തവൻ
വിഷുവില്ലാത്തവൻ
പെരുന്നാളും
ക്രിസ്മസുമില്ലാത്തവൻ..

ഒരു ചിതൽ കൂട്ടം പോലെ
ശബദമില്ലാ‍തെ ചലിച്ച്
അക്കരയണയുന്നോർ ..

മൂന്നു സംവത്സരത്തിൽ
അവൻ വിയർത്തിറ്റിയ പെട്ടി
മണൽതരികൾ ചേർത്ത്
അവൻ കോർത്ത പവിഴമാല
മൂന്നു നിമിഷം കൊണ്ട്
സമാപ്തിയാകുമ്പോൾ

അവൻ വീണ്ടും പ്രവാസിയാകുന്നു.....

ഹ്യദയദിനം

നടന്നുപോകുന്ന
പെണ്ണിനെപ്രേമിക്കാനിന്നൊരാശ
നടന്നു നടന്ന്
അവൾക്കൊരുനല്ല ഹ്യദയമുണ്ട് ....

മൂട്ടകൾ

വലതിന്റെയും മൂട്ടി പറ്റി
രക്തം ഊറ്റുന്ന ദാഹികൾ
ഗ്രൂപ്പുകളില്ലാത്ത രക്തങ്ങൾ
കൂടിച്ചേർന്ന് വലുതായ വയർ
പെറ്റു പെരുകി കിടക്ക മുഴുവൻ
കറുത്ത പൊട്ടുകൾ


ഇരുട്ടിൽ ഇരതേടും രാത്രിഞ്ജരനമാർ
ഉറക്കം കെടുത്തുന്നു.
ആഫീസർ നാണം കെടുത്തി
കട്ടയാകിയ ചുടുചോര
നിർലോഭം വലിച്ചു കുടിക്കുന്ന മൂട്ടകൾ..


കൊല്ലണം, ചൂടത്തു ,പുകക്കണം
പിന്നെ മരുന്നടിക്കേണം
എന്നിട്ടും ചാവാത്ത നന്നങ്ങാടികൾ..

കളയുക കിടക്കകൾ തലയിണകൾ
ശുചിയാക്കുക സ്വയം പിന്നെ പരിസരം..

എന്നിട്ടും ഉറക്കത്തിൽ ഒരു പരതൽ
കൈകൊണ്ടരച്ചടുത്തതൊരു മൂട്ടകുഞ്ഞിനെ...
കവിതക്കു പതി കവി
കവിക്കു പതിവ് കള്ള്
കവിയും കള്ളും കുടി കൂട്ടി ക്കൂട്ടി
കവിതക്കിന്നു മാസം ആറ്

പ്രവേശനോത്സവം

ചെമ്മണ്ണിൽ കളിക്കുന്ന മോളെത്തി
ചെവിയിൽ ചൊല്ലിയ സ്വകാര്യം

മുറ്റത്തൊരു തള്ള


വാതിൽ പൊത്തിലൂടെത്തിനോക്കി
ഇമകളിൽ വെള്ളിപ്രകാശം
അലതല്ലി വിറകൊണ്ടു കാലുകൾ

മുറ്റത്തു ശാന്തടീച്ചർ

പള്ളിക്കൂടത്തിൻ മുറ്റത്തെയാ
നെല്ലിമരച്ചോട്ടിലാദ്യമായ്
തിങ്കളും താരങ്ങളും പാടിയ ടീച്ചർ
അതുകേട്ടേറ്റുപാടിയ നെല്ലിമരത്തിലെ കിളികൾ
അക്ഷരങ്ങളായിരം പകർന്ന സരസ്വതി

ഭവ്യനായ്, ആഥിതേയനായ് ഞാൻ
എന്തു മൊഴിഞ്ഞാലും കൊടുത്താലും
തീരാത്ത കടപ്പാട്.

ആയിരം മക്കൾക്കു
അക്ഷരം ജ്ഞാനം പകർന്നവൾ
ആയിരം കൈകൾക്കു
ശക്തി പകർന്നവൾ
ആയിരം മനസ്സിനു
കവിത നുകർന്നവൾ
ഇന്നിതാ യാചന മുറ്റിയ
ചേതനവറ്റിയ വാക്കുകൾ


പ്രവേശനോത്സവം
പുതിയ അദ്ധ്യായന വർഷം
കുട്ടികളെ തേടി ഇറങ്ങിയതാണെത്രെ ടീച്ചർ.

മൂന്നു പ്രണയങ്ങൾ

കടംകൊണ്ട പ്രണയം


കടത്തിൽ മുങ്ങി
ആഴിയിലേക്കൂളിയിട്ടപ്പോൾ
പ്രണയം ആയാൾക്കു
ഇനിയും വീട്ടി തീർക്കാത്ത
ഹിസാബ് ബുക്കിലെ ഒരേടായിരുന്നു.


പ്രവാസ പ്രണയം


ഫ്ലാറ്റിന്റെ മൂലയിൽ
ഒരു വ്യാഴവട്ടത്തിൽ
ഇണചേർന്ന പ്രാവുകൾ
അയാൾക്കു പ്രണയം
ഇനിയുമൊന്നുശരിക്കു
ഇണചേരാനാകാത്തതിന്റെ വിങ്ങലായിരുന്നു.


നഷ്ട പ്രണയം..


ഒരു കറുത്ത പെണ്ണിനെ പ്രേമിച്ചു
ആ കറുത്ത ഹ്യദയത്തിലും
തൂവെള്ള മിന്നൽ കണ്ടു,
ചെറിമരങ്ങൾ പൂക്കുന്ന കാലത്തേക്ക്
മാടി വിളിച്ചപ്പോൾ
അവൾ പറഞ്ഞു...
മിസ്സ് യു ടാ......
ആ കറുത്ത ഹ്യദയം കടമെടുത്ത്
അവനും കറുപ്പായി.....




(ഹിസാബ് ബുക്ക് : കണക്കു ബുക്ക്)

അക്ഷരങ്ങൾ ഭൂമിയിലേക്കിറങ്ങി വന്നത്

അക്ഷരങ്ങൾ ആദിയിൽ
വെറും നക്ഷത്ര ഗോളങ്ങളായിരുന്നു ...

അക്ഷരം
ബ്രഹമത്തിനക്ഷയ നിധി
ദൈവത്തിൻ പാതി
ജ്ഞാനത്തിൻ ഉറവിടം
ബുദ്ധിതൻ കൈവടി
സ്നേഹത്തിൻ കണ്ണീർ
കാരുണ്യത്തിൻ സ്പർശനം
പ്രേമത്തിൻ വായ്
കോപത്തിൻ വെള്ളരിപ്രാവുകൾ....

അക്ഷരമില്ലാതെ മനുഷ്യൻ
വികാരത്തിനഞ്ചിന്ദ്രിയം പോരാതെ
കാലുകൾ മന്തായ്
കണ്ണുകൾ ഘനം വന്ന കല്ലായ്
തലച്ചോറിൽ ഞെരമ്പുകൾ
മരവേരുപോലെ പൊന്തിവന്നു...

അക്ഷരമില്ലാതെ
താരട്ടുപാട്ടുകളന്യമായ്
പിള്ളകൾ ചാപ്പിള്ളയായ്
പ്രണയം മാംസനിബദ്ധമായ്
ശണ്ടകൾ പലവിതം
ഉലകിൽ പതിവായ്
ഭൂമി ഒരു നരകമായ്....

ഒടുവിലൊരുദിനം
ദൈവത്തിന്റെ കാരുണ്യം
മഴയായ് പൊഴിയവെ
അക്ഷര ഗോളങ്ങൾ താഴെക്കിറങ്ങി

മനുഷ്യ ഹ്യദയത്തിൽ അറിവിൻ
പേമാരി പൊട്ടി....

ഖുബ്ബൂസിനു മാവു കുഴക്കുന്നത്

ഖുബ്ബൂസിനു മാവു കുഴക്കുന്നത്
മോഹങ്ങളുടെ വിയർപ്പിറ്റിയാണ്...

വിയർത്തവനും ഭുജിക്കുന്നവനും
സ്വപ്നങ്ങൾ നെയ്ത്
കരിപിടിച്ച ഇന്നെലെകൾക്ക്
അത്തറിന്റെ പരിമളവും
പുത്തനുടുപ്പിന്റെ ശേലും
കീശനിറയെ പൊങ്ങച്ചവും
കുത്തിനിറക്കുന്നു....

പതിയെ ഭുജിച്ച്
മാളികകൾ പൊക്കുമ്പോൾ
മംഗല്ല്യസൂത്രത്തിൽ
മകൾ,പെങ്ങൾ
ആനന്ദകണ്ണീരണിയുമ്പോൾ
വിയർപ്പിന്റെ മണത്തിനു
വാസനത്തൈലത്തിന്റെ സുഗന്ധം.

പതിയെ ഭുജിക്കുക..
ആക്രാന്തത്തിന്റെ വർണ്ണങ്ങൾ
ഊഷരഭൂമിയിൽ കൊന്നുവീഴ്ത്തുന്നത്
സ്നേഹത്തിന്റെ കണ്ണികളെയാണ്.

ബുബ്ബൂസ് നാളെയുടെ സ്വപനങ്ങളാണ്.
ഒരു പാതി നാളെക്കായ്
പകുത്തു വെക്കുക...

നക്ഷത്ര സുന്ദരി.....(ഒരു നക്ഷത്രം ധൂമകേതുവായത്)

ഒരിക്കൽ എനിക്കൊരു
പൊട്ടിയ ജാലകമുണ്ടായിരുന്നു

തുളവീണാ ചില്ലു വാതിലിലൂടെ
ഞാനൊരു താരകത്തെ കണ്ടു.
ക്ഷീരപദത്തിലെയാ സുമുഖിക്ക്
ഭൂമിയിലിറങ്ങിവന്നന്നെ
പ്രേമിക്കാൻ തെല്ലൊരാശ

ഒരു രാത്രി
ഒരു മഴത്തുള്ളിയിലൊളിച്ചൂർന്നാണ്
അവൾ വന്നത്.

ആയിരം വയസ്സിലും
പതിനെട്ടിന്റെ
നഗ്ന ഭംഗിയായിരുന്നവൾക്ക്
കണ്ണുകളിൽ വിളങ്ങിയ
ഇന്ദ്രനീലവും
ചുണ്ടിലെപനിനീർദളത്തിനെ
ചുവപ്പും
ആ രാത്രിയെന്നെ പ്രണയോന്മാദനാക്കി,

മഴത്തുള്ളി നനഞൊട്ടിയ നഗനമേനിയിൽ
എന്റെ വിയർപ്പിൻ തുള്ളികൾ
എന്റെ പ്രണയം പറഞ്ഞു.

ഞാനവളുടെ കാതിൽ മൊഴിഞ്ഞു
ഇതെന്റെ മുഴുവൻ പ്രണയമാണ്.

അവൾ കരഞ്ഞു
ഇന്നെന്റെ മരണമാണ്
ഞാൻ ശപിക്കപ്പെട്ടിരിക്കുന്നു
ഭൂമിലേക്ക് ഇറങ്ങി വന്നാലെനിക്കു
മരണമാണ് ശിക്ഷ.

നേരം പുലരും വരെ
ഞാനവൾക്കെന്റെ
പ്രണയം പറഞ്ഞു കൊടുത്തു
ഭൂമിയിലെ പ്രണയം.....

മഴത്തുള്ളികളപ്പോൾ
പ്രണയസംഗീതമിട്ടു.
പ്രണയാതുരതയായ
ഒരു കോകിലം എവിടെയോ കൂകി...

പുലരാനൊരു കാതമകലെ
അവൾ മാഞ്ഞു പോയി
എന്റെ മേനിയിൽ
ചുണ്ടിനാലെഴുതിയൊരുപേരുമാത്രം
ബാക്കിയായി

അനാമിക....

നീയില്ലാത്ത ക്ഷീരപദം
കാണാനെനിക്കു വയ്യ
ഞാനൊരു പുതിയ
ജാലകം വാങ്ങി.