Christmas Bell Widget

Friday, September 20, 2013

നടുപേജ്പേന കുറേ ദിവസമായല്ലോ
ഈ നടുപേജിലിങ്ങനെ
ഇരിക്കാൻ തുടങ്ങിയിട്ട്.

ഒന്നും എഴുതാൻ കഴിയാത്ത
പ്രണയിനികളുടെ നടുപേജ്
പേന
ഒരു രസം കൊല്ലിതന്നെ.

അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും
മറിച്ചും മസാജ് ചെയ്തിട്ടും
ഒരു ഇക്കിളി ശബ്ദവും
ഞാൻ കേട്ടതേയില്ല.

അറബിക്കടലിൽ നിന്നും നീന്തി
തീരമണിഞ്ഞ ആദിമ പ്രവാസിപോലെ
പേന
വാക്കുകളുടെ സ്വപ്നഭൂമികയിലേക്ക്
ഓടിക്കയറുന്നു

അണ്ണാക്കിലെ അവസാന
മഷിയും വറ്റിയ അയാൾ
അവിടെ തന്നെ മരിച്ചു വീഴുന്നു.

മലർന്നു കിടന്നുറങ്ങിയ
നമ്മുടെ വാരിയെല്ലുകൾ
നടുപേജാണെന്ന് കരുതി
കീറികൊണ്ടുപോയ മോഷ്ടാവ്

ഊറി ചിരിക്കുകയായിരിക്കണമിപ്പോൾ.

II

നിന്റെ അരക്കെട്ടിൽ
ഒരു കറുത്ത ചരടുണ്ടെന്ന്
ആദ്യം പറഞ്ഞത് നടുപേജാണ്.

നടുപേജിന്റെ മാറ് കീറി നൂലിട്ട
കുന്നം കുളത്തെ അച്ചായത്തിക്കും
ഉണ്ടായിരുന്നത്രേ
ഒരു കറുത്ത ചരട്

നഗനതയുടെ
അടിയന്തിരാവസ്ഥകാലത്ത്
നോട്ട് ബുക്കും
പുസ്തകവും തുറക്കുന്ന
ഓരോ പെണ്ണിനും
ഉണ്ടാകുമായിരിക്കണം

ഇരുട്ടിലേക്ക് വലിച്ചു കെട്ടുന്ന
ചില കറുത്തകയറുകൾ.

III

പ്രണയത്തിന്റെ രാഷ്ട്രീയം തന്നെ
മുറിച്ചു മാറ്റലാണ്

നോട്ട് ബുക്കിൽ നിന്നുമൊരു
നടുപേജ്

ചെടിയിൽ നിന്നും
ഒരു ചുകന്ന പൂവ്

നാവിൽ നിന്നും
ആവശ്യമില്ലാത്തൊരു വാക്ക്

യാത്രയിൽ നിന്നും
ഒരു ടിക്കറ്റ്

അവസാനം
ചുണ്ടിൽ നിന്നും ചുണ്ട്
കണ്ണിൽ നിന്നും കണ്ണ്

പിന്നെ കാലം മുറിച്ചു മാറ്റിയ
നമ്മളെ ചൊല്ലിയെന്തിനു
വേദനിക്കണം നാം വ്യഥാ..

IV

തെരുവിലെ വേശ്യാലയം പോലെ
നോട്ട് ബുക്ക് ഓരോ ചെറുകാറ്റിലും
കന്യകമാരായ ഇതളുകൾ കാട്ടി
ഉപഭോക്താവിനെ മാടിവിളിക്കും.

അപ്പോൾ ചില സദാചാര പോലീസുമാർ
അവളെ ചീത്തവിളിക്കും

ചിലർ അവളുടെ
സുന്ദരിമാരായ സഹോദരിമാരെ
ചീന്തിയെടുത്ത് വീട്ടിലേക്ക് കൊണ്ട് പോകും

ചിലർ ചില ന്യൂജനറേഷൻ സിനിമകളിലെ
എല്ലാ മോഡലുകളും പരീക്ഷിക്കുന്ന ശാസ്ത്രജ്ഞരാകും

പ്രണയ നൈരാശ്യം കൊണ്ട്
ഭ്രാന്തനായ ഒരജ്ഞാതൻ മാത്രം
അവളുടെ നടുപേജിൽ
ഹ്യദയതുടിപ്പ് കാതോർത്ത് ഉറങ്ങിപ്പോകും

തൂവാന തുമ്പി സിനിമയിലെപ്പോലെ
ഒരു മഴപ്പെയ്യുന്നുണ്ടാകുമപ്പോൾ.

V

രണ്ട് തരം മനുഷ്യരെയുള്ളൂ

ഒന്ന് നിശകളങ്കമായ ഹ്യദയമുള്ളവർ
അതല്ലെങ്കിൽ ഇല്ലാത്തവർ
അതുമല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ
അതുമതുമതുമെല്ലെങ്കിൽ
കണക്ക് ബുക്കിന്റെ നടുപേജ് പേലെ..

രണ്ടാമത്തെ ജാതിയാണ് കൂടുതൽ
പ്രണയം കുറിച്ചിട്ടവർ
വെട്ടിത്തിരുത്തിയവർ
ആധിയും വ്യാധിയുമുള്ളവർ
കടലിനേയും കറുപ്പിനേയും പേടിക്കുന്നവർ
കവിതയും കഥയും വരച്ചിടുന്നോർ
അതുമതുമതുമെല്ലെങ്കിൽ
വരച്ചിട്ട വരയിലൂടെ മാത്രം നടക്കുന്ന
ഞാനും നീയുമെന്നപേരുള്ള
ചില നേർ രേഖകൾ..

VI

ഭൂമിയിലെ ഏറ്റവും വിശാലമായ
എക്സ്പ്രസ് വേ ഹൈവേകളാണ്
നടുപേജുകൾ

അതുകൊണ്ടാണല്ലോ
നൂറ് കാമുകിമാരുണ്ടായിട്ടും

സുഹ്യത്തെ
ഒന്നുപോലും കൂട്ടിമുട്ടാതെ
താങ്കൾ രക്ഷപ്പെട്ടത്.

VII

കീറിയെടുത്തൊരാ നടുപേജായിരിക്കണം
പ്രണയത്തിന്റെ ആദ്യയോർമകൾ.