Christmas Bell Widget

Tuesday, January 28, 2014

ലേബറാപ്പീസ്‌ലേബറാപ്പീസ്‌
.......................

ഇന്നലെ ഫേസ്ബുക്കിൽ പുത്തൻ
ഫോട്ടോ പതിച്ചവനെ
ഇന്ന് ലേബറാപ്പീസിൽ കണ്ടു.

അവന്റെ ഫോട്ടോ പോലല്ലായിരുന്നു
അവന്റെ ചിത്രം
അവന്റെ ചിത്രം പോലല്ലായിരുന്നു
അപ്പോഴത്തെ കോലം
അവന്റെ പോസ്റ്റിനു നൂറ് ലൈക്കായിരുന്നു
എന്നിട്ടും എത്ര പണിപെട്ടാണ്‌
ഞാനെന്റെ അയൽക്കാരനെ ഓർത്തെടുത്തത്‌.

ഫേസ്ബുക്കിൽ സ്റ്റാറായ
കൂട്ടുകാരാ
ഇന്നലെ ഞാനിട്ട കമന്റ്‌
യു ആർ ദുബായ്‌ ഷൈക്‌
ഞാനിന്ന് തിരിച്ചെടുക്കുന്നു


മൂന്ന് മാസമായി കിട്ടാത്ത
നിന്റെ ശമ്പളം കിട്ടും വരെ

II

ലേബറാപ്പീസ്‌
ഒരു ലേബർ റൂമാണ്‌

ഒരാളെയും അവിടെ പ്രസവിക്കുന്നതേയില്ല
എന്നിട്ടും ഹോസ്പിറ്റലിന്റെ വരാന്തപോലെ
അവിടെയെപ്പോഴും തിരക്കാണ്‌.

ജയിച്ചിറങ്ങുന്നവരുടെ മുഖത്ത്‌
ആൺകുഞ്ഞിനെ പ്രസവിച്ച പ്രസാദം.

തോറ്റവനോ
അവസാന ശ്രമങ്ങളും
പരാജയപ്പെട്ട
കുഞ്ഞില്ലാത്തവന്റെ
ദൈന്യം.

III

സർവ്വരാജ്യതൊഴിലാളികളെ കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

അഞ്ചടിരണ്ടിഞ്ച്‌‌ പൊക്കമുള്ള ഫിലിപ്പീനിപെണ്ണ്‌
നിങ്ങളെക്കാത്ത്‌ വരാന്തയിൽ നിൽപ്പുണ്ടാകും.

അവളുടെ സൗന്ദര്യം കണ്ടാൽ
ഒരു ക്ലീനിംഗ്‌ തൊഴിലാളിയാണെന്ന് പറയുകയേയില്ല.

വസ്ത്രം കണ്ടാൽ
എണ്ണൂ് ദിർഹംസോ
ശമ്പളമെന്ന് ചോദിക്കരുത്‌.

മൂന്ന് മാസത്തെ
കിട്ടാത്ത ശമ്പളം വാങ്ങാനാണവൾഎത്തിയതെന്നു
ഊഹിച്ചാൽ നമുക്ക്‌ തെറ്റും

അർബാബ്‌ പ്ലീസ്‌ ക്യാൻസൽ മൈ ബിസയെന്ന വാക്കിലുണ്ടാകും
പുതുതായ്‌ കിട്ടിയ ജോലിയുടെ
സ്വതന്ത്ര സ്വപ്നങ്ങൾ.


സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
നിങ്ങൾ ലേബറാപ്പീസിൽ വരണം.

കള്ളിമുണ്ടുടുത്ത
കുറേ കറപ്പന്മാരെകാണാം
അവർ തോട്ടം തൊഴിലാളികളായ
ബംഗാളി മാമുമാരാണ്‌.

അവരിലാരും തന്നെ
അഞ്ച്‌ വർഷമായി നാട്ടിൽ പോയിട്ടില്ല.
അഞ്ച്‌ വർഷമായി തോട്ടവും വിട്ട്‌ പോയിട്ടില്ല.
എന്നിട്ടും എന്നും മീശവടിച്ച്‌
ഷാരൂഖാനായ്‌ ചമഞ്ഞ്‌ നടക്കും.

പുതിയജോലിക്ക്‌ മാറ്റം
വാങ്ങാൻ വന്നതാണെന്നു
കരുതിയാൽ
നമുക്ക്‌ തെറ്റിപ്പോകും.

ആറ്‌ മാസത്തെ ശമ്പളം കിട്ടിയാൽ
അവർ തോട്ടത്തിലേക്ക്
തന്നെ‌ തിരിച്ചു പോകും.

സർവ്വരാജ്യതൊഴിലാളികളെ
കാണണമെങ്കിൽ
ഇവിടെ വരൂ

ആംഗലേയത്തിൽ
ഒരു വാക്ക്‌ യുദ്ധം കേൾക്കുന്നില്ലേ

പൊളിഞ്ഞുപോയ വ്യാപാരത്തിലെ
റഷ്യയും ലെബനോണുമാണവർ.
പൊളിഞ്ഞുപോയ പ്രണയത്തിലെ
അമേരിക്കയും യൂറോപ്പും മറുവശത്ത്‌.
പൊട്ടിപ്പോയ വിൽപ്പന കരാറിന്റെ
സുഡാനും നൈജീരിയക്കുമിടയിൽ.

സർവ്വരാജ്യ തൊഴിലാളികളെ
കാണണമെങ്കിൽ നിങ്ങൾ
ലേബറാപ്പീസിൽ വരൂ

അടിസ്ഥാന ആവശ്യങ്ങൾക്കായ്‌
റോഡുപരോദിച്ചവരെ
ഒന്നായ്‌ കയറ്റിയയക്കുകയാണിന്ന്

ഇന്ത്യയിലേക്ക്‌
ശ്രീലങ്കയിലേക്ക്‌
പാക്കിസ്താനിലേക്ക്‌
ആഫ്രിക്കയിലേക്ക്‌

അവർ കയറിവന്ന
അതേ കാലിയിടങ്ങളിലേക്ക്‌

6 comments:

 1. valare ,,nannayi ee rachana
  pravasikalude.....veroru kolam
  ,,,,,,,,,,,, aashamsakal

  ReplyDelete
 2. സത്യം അതെ കവിത്വം ഉള്ള ശ്രദ്ധേയമായ നിരീക്ഷണം തീവ്രമായ ഇഷ്ടം

  ReplyDelete
 3. എന്തൊരു സമാന്തര ലോകം ..പക്ഷെ, ഭാഷാ,വേഷ ഭിന്നതകളില്ലാതെ..

  ReplyDelete
 4. ജോലിക്കൊത്ത കൂലി വാങ്ങൽ, അക്കരെ മരുന്നിനെങ്കിലും കാണാൻ കിട്ടും. കൂലിക്കൊത്ത ജോലി ചെയ്യൽ, ഇക്കരെ മഷിയിട്ടു നോക്കിയാലും കാണില്ല.!!

  നല്ല കവിത

  ശുഭാശംസകൾ.....

  ReplyDelete
 5. സത്യമായ കവിത
  മുമ്പ് എവിടെയോ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ അല്ലേ? വായിച്ച ഓര്‍മ്മയുണ്ട്

  ReplyDelete