Christmas Bell Widget

Friday, January 25, 2013

അതിന്റെ ആംഗിളുകൾ അതിന്റെ ദ്രുവങ്ങൾ
"ഹ്യദയം മുറിച്ചെടുത്ത്
വട്ടത്തിൽ പരത്തി
ചെറിയൊരു സ്റ്റാന്റിൽ
ബാൽക്കണിയിൽ വെക്കുന്നു.

പറന്നു പോയതിൽ
കാണാതായൊരു കിളി
അതിൽ വന്നിരുന്ന്
അതിന്റെ ആംഗിളുകൾ
അതിന്റെ ഫ്രീക്ക്വൻസികൾ
സെറ്റ് ചെയ്ത് ചിറകടിച്ച്
എൽഎൻബിയിലേക്ക് കടന്നുപോകുന്നു
എൽ എൻ ബി അതിന്റെ രൂപം മറക്കുന്നു
ഓരോ ചാനൽ ദാതാവും
അവരുടെ എൽ എൻ ബിക്ക്
പ്രേക്ഷകന്റെ പക്ഷിയുടെ രൂപം കൊടുക്കുന്നു..

ഓർമ്മ എന്ന കേബിളെടുത്ത്
ഞാനാ പക്ഷിയെ
എൽ സിഡിയിൽ
കണക്ട് ചെയ്യുന്നു.

ട്യൂൺ ചെയ്ത്
ട്യൂൺ ചെയ്ത്
പ്രണയം എന്നൊരു സിനിമയുടെ
സാറ്റലൈറ്റ് വേർഷൻ കാണുന്നു..."

ഒട്ടിച്ചു വെച്ച തുണ്ടുകൾരാത്രിയിൽ ഒരു കുഞ്ഞിന്‌
ദാഹിക്കുന്നു
അവൻ അമ്മേ അമ്മേന്ന്
വിളിച്ച്‌ കരയുന്നു

കുഞ്ഞെത്ര വളർന്നിട്ടും
രാത്രിയിലെ കരച്ചിൽ
വളർന്നൊഴിഞ്ഞതേയില്ല...

ഒരു കുമ്പിൾ വെള്ളം
അവൻ ഒറ്റക്ക്‌ പോയി കുടിക്കുന്നു..

രാത്രിയുടെ നിശബ്ദതയിൽ
അവന്റെ കൈയ്യിൽ നിന്നും
ഊർന്നുപോകുന്ന
ജലതുള്ളികൾ അവരുടെ
അമ്മയെ
അമ്മേ അമ്മേന്ന്
വിളിച്ചു കേഴുന്നു....

----------

കാശ്മീരിലുള്ളവന്‌
ആഫ്രിക്ക സ്വർഗ്ഗമാണ്‌

ആഫ്രിക്കക്കാരന്‌
കാശ്മീരും

മറ്റുചിലർക്ക്‌
സ്വർഗ്ഗത്തിൽ പോകാൻ
എങ്ങും പോകേണ്ട

ഒന്ന് മരിച്ചാൽ
മാത്രം മതി...


-------------

അതി തണുപ്പുള്ള രാത്രിയിൽ
ചിലർ നരകത്തിലേക്ക്‌
ചൂടുകായാൻ പോകുന്നു...

നരകത്തെ പേടിയുള്ള മനുഷ്യർ
സ്വർഗ്ഗത്തിലിരിക്കുന്നു
നരകത്തിൽ വെന്തവന്റെ
കാലുകൾക്ക്‌
കടിപിടികൊള്ളുന്നു.....

-------------------
ജനുവരിയൊരു
അറബ്‌ ഗാനമാണ്‌

ഈന്തപ്പന
ഒരു ബെല്ലി ഡാൻസറും...

മരുഭൂമി
മരുഭൂമിയേയല്ല

ഒട്ടകങ്ങൾ അതി-
വിദഗ്ദമായി വായിക്കുന്ന
ആയിരം സ്വരങ്ങളുള്ള
പ്രകൃതിയുടെ പിയാനോയാണ്‌…

------------------

നമുക്കിടയിലെ തോട്‌
ഒലിച്ചുപോകുന്നു
നമ്മുടെ വയലുകൾ
ഒന്നാകുന്നു
ആയിരം മേനിയിൽ നിന്നും
നാമൊരു പഞ്ഞകാലത്തെ
നേരിടാൻ സജ്ജരാകുന്നു....
-------------------
അനേകായിരം വർഷം
പഴക്കമുള്ള പ്രണയത്തിന്റെ
ഫോസിലാണു നീ

-------------

ഞാൻ ഒരു മുസ്ലിമല്ല
ഹിന്ദുവല്ല
ക്രിസ്ത്യാനിയല്ല

അമ്മയുടെ ഗർഭപാത്രത്തിൽ വിരിഞ്ഞ
റോസാ പൂവാണ്.
------
രാത്രിയെന്ന
പ്ലേസ്റ്റോറിൽ നിന്നും
സ്വപ്നങ്ങൾ ഡൗൺലോഡ്‌ ചെയ്യുന്നവരെ
ഓർമ്മകൾ അപ്ഡേറ്റ്‌ ചെയ്യുന്നവരെ

ഇനിയും തുരുമ്പ്‌ പിടിക്കാത്ത
കോഴിയെന്ന കൂവൽ യന്ത്രം
ഉണർത്തിയെടുക്കുന്നു...

----------
എങ്ങനെ ഉറങ്ങിയാലും
നമ്മളൊട്ടിച്ചു വെച്ച വാക്കുകളാകുന്നു
എങ്ങനെ ഉണരുമ്പോഴും
നമ്മുടെ ചില്ലയിൽ നിന്ന്
അക്ഷരങ്ങൾ
ചിറകുമുളച്ച്‌ പറന്നു പോകുന്നു"
------------------

Monday, January 7, 2013

സിബ്ബ്
ഇടക്കിടക്ക്‌ ഭാര്യ
ചുരിദാറിന്റെ സിബ്‌ താഴ്ത്തുന്നു
ഞാൻ മൊബൈലിന്റെ
എല്ലെന്ന പാറ്റേൺ പൊക്കുന്നു.

കുട്ടി മുലകുടിക്കുന്നു
ഞാൻ മൊബൈലിൽ തലോടുന്നു
വിശുദ്ധമുല എന്ന
വിഖ്യാത ചിത്രത്തെ
സൂം ചെയ്യുന്നു.
കുട്ടിയുടെ ദാഹം മാറുന്നു
ഭാര്യ സിബ്‌ പൊക്കുന്നു.

ഞാൻ അടുത്ത പോസ്റ്റിലേക്ക്‌
പോകുന്നു
അവൾ തിരിഞ്ഞ്‌ കിടക്കുന്നു
ഞാൻ സ്ത്രീ സ്വാതന്ത്ര്യത്തിൽ
കമന്റടിക്കുന്നു
പ്രണയത്തെ കുറിച്ച്‌ സരസനാകുന്നു
അവൾ മുറുമുറുക്കുന്നു
കുട്ടി കരയുന്നു

കുഴൂർ വിൽസന്റെ
കവിത കാതിലോതട്ടെയെന്ന്
ഞാൻപുന്നാരം പറയുന്നു
കുട്ടിയുടെ കരച്ചിൽ
ഉച്ചത്തിലാകുന്നു
അവൾ വീണ്ടും
സിബ്‌ താഴ്ത്തുന്നു.

ഞാൻ അറിയാതെ ലോക്കാകുന്നു
പാറ്റേണിന്റെ ആകൃതി മറക്കുന്നു
ഇരുട്ടത്തും കുട്ടി
സുഖമായി മുലകുടിക്കുന്നു.

ഇടക്കിടക്ക്‌ ഭാര്യ...
ഇടക്കിടക്ക്‌ ഞാൻ....

ഭാര്യയുടെ സിബ്‌ പൊട്ടിപ്പോകുന്നു
അവളുടെ മുറുമുറുപ്പ്‌ ഉച്ചത്തിലാകുന്നു
കുട്ടി ഒരു കടികൊടുത്ത്‌
മുലയെരിക്കുന്നു..
അവൾ കുട്ടിക്ക്‌
ഒരടി കൊടുക്കുന്നു...
ഞാനൊരു ഗ്രൂപ്പിൽ നിന്നും
പുറത്താക്കപ്പെടുന്നു..

കുട്ടികരഞ്ഞ്‌ പൊളിക്കുന്നു
ഞാൻ ഒരാളുടെ തന്തയെ പറ്റി
അനാവശ്യം എഴുതിവെക്കുന്നു
ഭാര്യ ഇനിമുല ആർക്കും തരില്ലെന്ന്
ദൃഢപ്രതിജ്ഞയെടുക്കുന്നു...

കുട്ടിയുടെ കരച്ചിൽ ഗംഭീരമാകുന്നു
അപ്പുറത്തെ ഫ്ലാറ്റിലെ
ഫലസ്തീനി പെൺകുട്ടി
സ്വാതന്ത്ര്യകാവ്യം പാടുന്നത്‌
ഞങ്ങൾ കേൾക്കുന്നു
ഞങ്ങളുടെ മകളത്‌ കേട്ട്‌ പഠിക്കുന്നു

ഭാര്യയുടെ മുലവീണ്ടും നിറയുന്നു
എന്റെ പാറ്റേണിന്റെ
എൽ ഷേപ്പ്‌ ഞാൻ മറക്കുന്നു
ഞങ്ങളുടെ രാസപ്രവർത്തനം
സ്നേഹം ഉൽപ്പാദിപ്പിക്കുന്നു..

കുട്ടിയിപ്പോളെന്റെ ഒക്കത്താണ്‌
പുറത്ത്‌ ലുലുസെന്ററിന്റെ
വെളിച്ചം കണ്ട്‌
ലേറ്റ്‌
ലേറ്റ്‌ എന്ന് പൊട്ടിച്ചിരിക്കുന്നു

ഒറ്റപെട്ടുനിൽക്കുന്ന
ഈന്തപ്പനക്കടിയിൽ
ദേഹമാസകലം
കമ്പിളിയിട്ടുമൂടിയ
പാക്കിസ്ഥാനിയെ കണ്ട്‌
ഇവനെങ്ങനെ കാർഗ്ഗിൽ
കടക്കുമെന്ന്
അന്തം വിട്ട്‌ ചിന്തിക്കുന്നു..

ഉറങ്ങിപ്പോയ മകളുടെ
പല്ലിനിടയിൽ നിന്നും
ഞങ്ങൾ നഷ്ട്പ്പ്പെട്ട
സിബ്‌ കണ്ടെടുക്കുന്നു....

Sunday, January 6, 2013

എംബാം
നാട്ടിൽ നിന്നും
വരുമ്പോൾ
ഒരോർമ്മപ്പെടുത്തൽ

അടുത്ത തവണയെങ്കിലും
മരുഭൂമിയിലെ ആ ചുകന്ന പൂവ്‌
കൊണ്ടുവരണം

വാക്ക്‌ പാലിച്ചാണയാൾ
ഇത്തവണ പോയത്‌

സോനാപ്പൂരിലെ
എംബാം മരത്തിൽ
അയാളുടെ പേര്‌
അവളുടെ പൂവായ്‌
ചുകന്ന മഷിയിൽ
നാമകരണം ചെയ്യപ്പെട്ടിരുന്നു...
---------------------------
സോനാപ്പൂർ. മൃതദേഹങ്ങൾ എംബാം ചെയ്യുന്ന ദുബായിലെ ഒരു പ്രദേശം.

Thursday, January 3, 2013

status
രാത്രിയിൽ വിരിയുന്ന
പൂക്കളാകുന്നു
നിന്റെ ഉമ്മകൾ----------------------

ചിലപ്പോഴൊക്കെ നീ
ഒരു മരുഭൂമിയാണ്‌
എത്ര ഡിഗ്രി ഊഷ്മാവിലാണ്
ആക്യതിയിലാണ്‌
ഞാൻ നിന്നിലൂടെ
ഇഴഞ്ഞുപോകുന്നത്‌
-------------------

കിതപ്പിൽ പെട്ടു
തകർന്നടിഞ്ഞ
രണ്ടു നൗകകളാണു നാം....

----------------
ആളുകൾ അവരുടെ
വീടുകളിൽ ഉറങ്ങിയെന്നു
നഗരം പച്ചസിഗ്നൽ കൊടുത്താൽ
ഈന്തപനയുടെ ആകൃതിയുള്ള
രണ്ട്‌ അംബരചുംമ്പികൾ
പരസ്പരം അടുത്തുവന്ന്
കെട്ടിപ്പിടിച്ച്‌ ചുംമ്പിക്കാൻ തുടങ്ങും

ചുവന്ന സിഗ്നൽ
പൊട്ടി താഴെ വീണ്‌
നിർത്താതെ ചിരിച്ചുകൊണ്ടിരിക്കും....

കടൽ
ജനിക്കുമ്പോഴെ അപസ്മാരരോഗിയായ
പെണ്ണെ ....കടലേ......

II

ചാടിപ്പോയ വയറിനെ ചൊല്ലി
കടൽക്കരയിൽ
എത്ര പെണ്ണുങ്ങളാണ്‌
തിരഞ്ഞെത്തുന്നത്‌.

III

ഗൾഫിലെ കടലിലൊക്കെ
കടലുമ്മകളാണ്‌.

iv

കടലോളം വലിയ
സ്റ്റാറ്റസ്‌ എന്തുണ്ട്‌...