Christmas Bell Widget

Sunday, February 19, 2012

കവികളെ ഞാൻ വെറുക്കുന്നത്..

വർഷത്തിലും വേനലിലും
കുളിപ്പിച്ചു പൊട്ടുതൊടീക്കുന്ന
പുഴയുള്ള ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.

ചേറ് ഉരച്ചെടുത്ത്
പുഴ ഞങ്ങളെയെന്നുംകുളിപ്പിക്കുമായിരുന്നു
ഇടക്ക് വായിലൂടെ കയറുന്ന ജലം
ഹ്യദയവും തലയും കടന്ന് മൂക്കിലൂടെ ചീറ്റി
പുഴയെന്നെ ദേഹവിശുദ്ധിവരുത്തി മനുഷ്യനാക്കി.

ഒരു ദിവസം പുഴ കുത്തിയൊഴുകുമ്പോഴാണ്
ഒരു കവി പ്രത്യക്ഷപ്പെട്ടത്
അദ്ധേഹം പുഴക്കരയിൽ ഇരുന്നു കവിതകൾ ചൊല്ലി
“പുഴമരിക്കുന്നെന്ന്” പാടി വിലപിച്ചു
ഗ്രാമവാസികൾക്ക് അയാളോട് വെറുപ്പായിരുന്നു.
എനിക്കയാളെ പുഴയിലേക്ക് തള്ളിയിട്ട്
വെള്ളം കുടിപ്പിച്ച് കൊല്ലണമെന്നുണ്ടായിരുന്നു.

പക്ഷെ പുഴയിൽ മുക്കിയാൽ അയാളുടെ
ഹ്യദയവും ശരീരവും ശുദ്ധിയാകുമെന്നതിനാൽ
ഞാനയാളെ വെറുതെ വിട്ടു.

ഒരു ദിവസം നേരം പുലർന്നപ്പോൾ
ഗ്രാമം പുഴക്കരികിലേക്ക് ഓടുന്നു
പുഴയിൽ കഴുകിയെടുത്താണെന്റെ
ഓരോ പ്രഭാതവും ആരംഭിക്കുന്നത് .
ഗ്രാമത്തിനൊപ്പം ഞാനും ഓടി..

പുഴക്കരികിൽ പുഴയോളം ആളുകളുണ്ടായിരുന്നു
പുഴമാത്രം ഉണ്ടായിരുന്നില്ല.
പുഴയെ ഇന്നലെ രാത്രി കാണാതായിരിക്കുന്നു
പുഴയെ കുറിച്ച് പാടിയ കവിയെ ഞാൻ തിരഞ്ഞു
പുഴക്കവിയെയും ഇന്നലെരാത്രി കാണാതായിരിക്കുന്നു
പുഴയെക്കുറിച്ച് പാടിയ കവി
പുഴയുമായി കടന്നു കളഞ്ഞതാണ്..
പുഴയിൽ കഴുകാനുള്ളത് ഞാൻ പൂഴിമണ്ണിൽ തേച്ചു.

പുഴമരിക്കുന്നെന്ന് പാടി പുഴയെ കൊണ്ടുപോയ
കവിയെ അന്നാദ്യമായി ഞാൻ വെറുത്തു..

ഗ്രാമം പുഴയെ മറന്നു
ഞാൻ നീന്താനും ഇടക്ക് കുളിക്കാ‍നും മറന്നു.
തലയിലേക്ക് വെള്ളപ്പാച്ചലില്ലാതെ ഇടക്കിടക്ക്
തുമ്മി ശുചിയാക്കുമ്പോഴൊരു ചീത്തമണം
ഹ്യദയത്തിൽ നിന്നും തികട്ടിവന്നു..

ഒരു ദിവസം രണ്ട് യുവകവികൾ
ഒരുമിച്ച് നാട്ടിൽ പ്രത്യക്ഷപ്പെട്ടു..
ഒരാൾ പ്രണയത്തെകുറിച്ച് പാടി
ഒരാൾ സ്നേഹത്തേയും കൊന്നപ്പൂവിനെയും
ഗ്രാമവഴികളേയും പാടി പാടി നടന്നു..

ഗ്രാമം രണ്ടുപേരെയും വെറുത്തു
ഞാൻ അപകടം മണത്തു.

പ്രണയ കവി മാംസനിബദ്ധമായ-
പ്രണയരാഗം പാടി.
പ്രണയം പേടിപ്പിക്കുന്ന പണിയാണെന്ന്
പെങ്ങളോട് പറഞ്ഞു.

സ്നേഹ കവി ശൂന്യമായ ഹ്യദത്തെചൊല്ലി
ആൽമരത്തണലിലിരുന്നു വിലപിച്ചു.
ഗ്രാമവും കൊന്നപ്പൂവും അതുകേട്ട് തലതാഴ്ത്തി.

അമ്പലങ്ങളും പള്ളികളും
ആയുധ ശാലകളായെന്ന് പാടിയദിനം
രണ്ടു പേരെയും ചതിച്ചു കൊല്ലാൻ
ഇടവഴിയിൽ ഞാൻ കാത്തു നിന്നു.
ഇരുട്ടിന്റെ മറവിൽ ഒരു വെളിച്ചം കണ്ടു
ഞാ‍നുറപ്പിച്ചു ഞാനിന്ന് ഗ്രാമത്തെ സ്വതന്ത്രമാക്കും
കവി വിമുക്ത സുന്ദരഗ്രാമം.

പെട്ടെന്നാണ് വെളിച്ചം സൂര്യനോളം പരന്നത്
ഗ്രാമം രാ‍ത്രിയിൽ പ്രകാശപൂരിതമായി
വെടികെട്ട് ഞാനാദ്യമായി രാത്രിയിൽ കേട്ടു.
പെണ്ണുങ്ങൾ ചേലകൾ മാറ്റാൻ ഓടുന്നതു കണ്ടു
ആണുങ്ങൾ മരത്തിനു ചുറ്റു ഒളിച്ചിരിക്കുന്നു.
കുഞ്ഞുങ്ങൾ കരഞ്ഞ് ഒരു സംഗീതം പരന്നു
ക്യഷ്ണനും മുഹമ്മദും യേശുവും ആ വിരുന്നിൽ പങ്കെടുത്തു.
ഞാൻ കവികളെ തിരഞ്ഞു വശം കെട്ടു വീട്ടിലേക്കോടി...

എന്റെ വീടവിടെ ഉണ്ടായിരുന്നില്ല
എന്റെ കുടുംബമവിടെ ഉണ്ടായിരുന്നില്ല
പ്രണയ കവിയും സ്നേഹ കവിയും കൂടി
എന്റെ പെങ്ങളേയും വീടിനെയും
കട്ടുകൊണ്ടു പോയിരിക്കുന്നു.
എന്റെ പൂന്തോട്ടം ചവിട്ടി മെതിച്ചിരിക്കുന്നു.
ഞാൻ തിരിഞ്ഞു നോക്കി
എന്റെ ഗ്രാമവും അവിടെ ഉണ്ടായിരുന്നില്ല......
എല്ലാം നഷ്ടപ്പെട്ട ഞാൻ

കവികളെ കൊല്ലുമെന്ന് ശപഥമെടുത്തു
പട്ടണത്തിലേക്കോടി..
പട്ടണം എനിക്ക് ജോലി തന്നു
വാഹനം തന്നു ഫ്ലാറ്റ് തന്നു.
ജോലി പതിയെ പതിയെ എന്റെ
തലച്ചോറ് കാർന്നെടുത്തു.
കൊന്നപ്പൂ കണ്ടു നടന്ന നടവഴിയുടെ
സുഗന്ധം ശ്വസിച്ച ശ്വാ‍സം നാളം
വാഹനപ്പുകയേറ്റ് കരുവാളിച്ചു.
ഫ്ലാറ്റിലെ അടുപ്പ് പുകക്കാതെ
കരളിന്റെ കറുപ്പ് കൂ‍ട്ടി.
എന്റെ ഗ്രാമത്തെകുറിച്ചോർത്ത്
ഞാൻ സദാ വിലപിച്ചു കൊണ്ടിരിന്നു.
വലിച്ചും കുടിച്ചും ഞാൻ എല്ലാം മറന്നൊ-
ടുവിൽ ഡോക്ടർ പറഞ്ഞത്
താങ്കൾക്കിനി ഇരുപത്തിനാല് മണിക്കൂർ മാത്രം.

മരിക്കാൻ എനിക്ക് പേടിയുണ്ടായിരുന്നില്ല
കവിപ്പക അവസാനിക്കാതെ
ഞാൻ മരിക്കാൻ തയ്യാറുമല്ല.

പട്ടണത്തിൽ കവികളെ ഞാൻ കണ്ടിരുന്നില്ല
ഒരു കവിയെയെങ്കിലും കൊന്ന് മോക്ഷമെടുക്കാൻ
ഞാൻ പട്ടണം മുഴുവൻ തിരഞ്ഞു.
ഒടുവിൽ ഞാനൊരിടം കണ്ടെത്തി
കരുതിവെച്ച കഠാരയുടെ മൂർച്ച നോക്കി
ആയുസ്സുതീരാനൊരു മണിക്കൂർ കൂടി മാത്രം

അവിടെ ഒരു കവി സമ്മേളനം നടക്കുകയായിരുന്നു
പട്ടണകവികൾ മുലകളെ കുറിച്ച് പാടുന്നു
ഒരു രാത്രി ഗ്രാമത്തിന് നഷ്ടപ്പെട്ടത്
വോഡ്കാ നദിയായ് അവിടെ ഒഴുകുന്നു.
ഒരു രാത്രി എനിക്ക് നഷ്ടപ്പെട്ട
എന്റെ കുഞ്ഞുപെങ്ങൾ പിറന്നപടിയവിടെയുണ്ട്.
അവർക്കു ചുറ്റും പുഴയുടെ വിരഹത്തിൽ
ഞാൻ പണിയിച്ച എനിക്കു പ്രിയപ്പെട്ട
എന്റെ കക്കൂസുകളുണ്ട്.

പട്ടണകവികളോടെനിക്ക് ബഹുമാനം തോന്നി.
പുഴക്കവിയോ സ്നേഹക്കവിയോ പ്രണയക്കവിയോ
ഇല്ലാത്ത പട്ടണത്തോടെനിക്കസൂയ തോന്നി

കഠാര ഞാൻ വലിച്ചെറിഞ്ഞു മരണത്തിനു കീഴടങ്ങുന്നു.
പക്ഷെ എന്റെ കവിപ്പകയവസാനിച്ചെന്നു കരുതരുത്
സ്വർഗ്ഗത്തിലോ നരകത്തിലോ അതിനിടക്കുള്ളവഴിയിലോ
ഞാൻ അവരെ തേടിയിരിപ്പുണ്ടാകും..!!

No comments:

Post a Comment