Christmas Bell Widget

Monday, February 13, 2012

ഞാൻ പ്രവാസിയല്ല....

ഒരു പുതുവത്സര രാവിൽ
ഞാനും നെടുമ്പാശ്ശേരിയിൽ നിന്നും
പറന്നു പോയിട്ടുണ്ട്..

നുഴഞ്ഞു കയറ്റക്കാരന്റെ
കാക്ക ദ്യഷ്ടിയോടെ
അറബി പോലീസിന്നു മുന്നിൽ
പകച്ചു നിന്നിട്ടുണ്ട്..

മാഫിയും ഷൂഫിയുമറിയാതെ
അറബി പെണ്ണിന്റെ ഹിമാറ്-
വിളിയിൽ ഇളിഭ്യനായിട്ടുണ്ട്..

രാ‍വിലെ ഏഴിനും
രാത്രി പതിനൊന്നിനുമിടയിൽ
പന്ത്രണ്ട് മണിക്കൂർ പണിയെടുത്തിട്ടുണ്ട്.

ഓരോ രണ്ട് വർഷത്തിലും
രണ്ട് മാസം പുരയിലെത്തിയിട്ടുണ്ട്.
അതുകൊണ്ടാണോ നിങ്ങളെന്നെ
പ്രവാസിയെന്നു വിളിക്കുന്നത്...?

വോട്ടേർസ് ലിസ്റ്റിൽ നിന്നും
പേര് വെട്ടിയത്....?

എയർപോർട്ടിൽ നിന്നും
യൂസേർസ് ഫീ പിരിച്ചത്..?

എൽ ഐസിക്കാരൻ നിർബന്ധിത
ഇൻഷുറൻസ് എടുപ്പിച്ചത്...?

ബിപി എല്ലിൽ നിന്നും
എ പി എല്ലിലേക്ക് തരം താഴ്ത്തിയത്...?

പ്രവാസിയെന്ന കാർഡ് തന്ന്
പോക്കറ്റിന്റെ ഭാരം കൂട്ടിയത്..?

നാട്ടിലെ രാമൻ ഫോൺ വിളിച്ചപ്പോൾ
പറഞ്ഞത് “ഒപ്പം പഠിച്ച മുപ്പത് പേരും”
ഗൾഫിലാണെന്ന്...!!

നാട്ടിലാരുമില്ലാത്ത കാരണം
മൂപ്പര് പ്രവാസിയാണെന്ന്..!!

വർഷം മുഴുവൻ വട്ടം കറങ്ങി
ഞങ്ങൾ ചെല്ലുമ്പോൾ സമ്മാനിക്കുന്ന
കുപ്പിയിൽ നിന്നും കുറച്ചെടുത്ത്
രാമൻ പ്രവാസം മറക്കുന്നു..

വീട്ടിലെ ബീവി
ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്
“കൂട്ടുകാരികളെല്ലാം ഗൾഫിലാണെന്ന്”

അവസാനം ചേച്ചിയും പറന്നു പോയപ്പോൾ
അവൾക്ക് ബോറഡിക്കുന്നെന്ന്
നാടൊരു തുരുത്താ‍ണെന്ന്..
അവൾക്കും ഗൾഫ് മതിയെന്ന്...

ഞങ്ങൾ മുപ്പത് പേരും ഗൾഫിലുണ്ട്
ഈ കഴിഞ്ഞ വിഷുവിന്, ഓണത്തിന്
ക്രിസ്മസിന് , പെരുന്നാളിന്
ഞങ്ങൾ രാമന്റെ പേരിൽ ചിയേർസടിച്ചു..!!

മനോജിന്റെ വിവാഹ വാർഷികത്തിന്
നൌഷാദിന്റെ പെണ്ണുകാണലിന്
ഷിനോദിന്റെ ആദ്യ സന്താനത്തിന്
പ്രവീണിന്റെ ജോലികയറ്റത്തിന്
പിന്നെ വേണ്ടുന്നതിനും വേണ്ടാത്തതിനും
ഞങ്ങൾ കൂടിയിട്ടുണ്ട്...

നല്ല കൈപ്പത്തിരി ഇവിടെ കിട്ടുന്നുണ്ട്
ചൂടു വരുമ്പോൾ തണുത്തു-
പുതച്ചു കിടന്നുറങ്ങുന്നുണ്ട്.

മഴപെയ്യുമ്പോൾ കതകടച്ച്
നിങ്ങളുകാണുന്ന ഏഷ്യാനെറ്റും
സൂര്യയും ഞങ്ങളും കാണുന്നുണ്ട്..!!

അമ്മക്ക് പനിയേറിയപ്പോൾ
അഞ്ച് മണിക്കൂറിനുള്ളിൽ
ഞാൻ പറന്നെത്തിയിട്ടുണ്ട്..!!

എന്നിട്ടും രാമന്റെയച്ഛൻ മരിച്ചപ്പോ‍ൾ
ഡൽഹിയിലെ ഇന്റർവ്യൂ കഴിഞ്ഞ്
രണ്ടാം നാളിലാണ് പാവമെത്തിയത്..!!

ഇനി പറയൂ ഞങ്ങളെ നിങ്ങളെന്തിനാണ്
പ്രവാസിയെന്ന് വിളിക്കുന്നത്..?

3 comments: