Christmas Bell Widget

Sunday, March 25, 2012

തീപ്പെട്ടി കവിതകൾ അഥവാ വായിക്കാൻ കൊള്ളാത്ത പുകഞ്ഞ കൊള്ളികൾ..


മതേതരത്വം..

-------------------

തീപ്പെട്ടി കമ്പ് മുസ്ലിമാണ്...
വിശ്വമാനവികതയുടെ
തൊപ്പിവെച്ച മുസ്ലിം..

തീ ഹിന്ദുവാണ്..
പ്രോജ്ജ്വലിക്കുന്നഗ്നിയുടെ
സംസ്കാരമഹിമയുള്ള ഹിന്ദു..

തീപ്പെട്ടി കൂട് ക്രിസ്ത്യാനിയാണ്
രണ്ട് കറുത്ത ചട്ടിയിൽ നിന്നും
നൂറപ്പം പ്രദാനം ചെയ്യുന്ന ആഥിതേയൻ..

അതുകൊണ്ടാണല്ലോ
ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും
നിന്നെ മതേതരമായി
കീശയിലിട്ടു നടക്കുന്നത്..

രാഷ്ട്രീയം
---------

തീപ്പെട്ടി കമ്യൂണിസ്റ്റാണ്..
അടിച്ചമർത്തപ്പെട്ടവന്റെ നാളുകളിൽ
കീശയിൽ കരുതിയോരായുധം.

ഇന്ന് അടിച്ചമർത്തലിന് പുതിയ ഭാഷയുണ്ട്..
നിങ്ങൾക്കതിനെ മോഡേൺ കോളോണിയലിസമെന്നോ
ആഗോളവൽക്കരണമെന്നോ വിളിക്കാം

ഒരു സിഗരറ്റ് ലൈറ്റർ പോക്കറ്റിലിട്ടു നടക്കാം..!!


സദാചാരം അഥവാ വെറും ചാരം
---------------------------------------
ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്..
ഒരുപെണ്ണ് തീപ്പെട്ടി കമ്പുപോലെ
കത്തിത്തീർന്നത്..!!

മണ്ണെണ്ണ തോണിയിൽ
ശരീരവടിവുകളൊന്നൊന്നായ്
മിനുക്കിയ പെണ്ണിനെ കണ്ടപ്പോൾ
നിനക്ക് ആവേശം കൂടി...
ആവേഗം കൂടി..

പുറത്തു സദാചാരത്തിന്റെ മൊല്ലാക്ക
പറയുന്നത് കേട്ടു..

പുകഞ്ഞ കൊള്ളി പുറത്ത്...!!

ചിരി
------
ചിരി ആയുസ്സ് കൂട്ടും..
മുഖകാന്തി വർദ്ധിപ്പിക്കും..
ശത്രുവിനെ മിത്രമാക്കുമെന്നിട്ടും..

ഹ്യദയത്തിന്റെ ചിത്രമുള്ള
ചതുരകൂടിനുള്ളിൽ
ചിരിക്കാൻ ഊഴം കിട്ടിയ
പ്രണയ കമ്പിന്
ഒന്നു “ചിരിച്ചതേയോർമയുള്ളൂ‍“..!!


ഒരുമ
-----
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
അങ്ങനെയെത്രയോ ചെറുയുലക്കകൾ
തീപ്പെട്ടി കൂടിനുള്ളിൽ കിടക്കുന്നു..!!

വർഗ്ഗ സമരം
----------

തീപ്പെട്ടി കൂടിനുള്ളിലെ അന്ധകാരത്തോട്
സന്ധിയില്ലാ സമരം നടത്തി
തീപ്പട്ടികമ്പുകളോരോന്നായ്
പ്രകാശിതമായ ചാവേറുകളാകുന്നു..!!

തീപ്പെട്ടി കൂടിനുള്ളിൽ
സമ്പൂർണ്ണ പ്രകാശം
നടപ്പിലാക്കും വരെ
ഈ വർഗ്ഗസമരം തുടർന്നുകൊണ്ടേയിരിക്കും..!!


ചതി
----

ഞങ്ങൾ ചതിയന്മാരനല്ല..
വടക്കൻ വീരഗാഥയിലെ ചന്തുവിനെപ്പോലെ
തെറ്റിദ്ധരിക്കപ്പെട്ട ജന്മമാണ് ഞങ്ങളുടേത്..

നിങ്ങളുടെ അവിശുദ്ധ കരങ്ങൾ
ചഞ്ചല ഹ്യദയം..
ചിന്തകളിലെ അവിശുദ്ധ തീ
എന്നിവകൊണ്ടുരക്കുമ്പോഴാണ്

ഞങ്ങൾ തീപ്പെട്ടികൾ ചതിയന്മാരായി
ലോകം മുദ്രകുത്തുന്നത്..!!

കള്ളനും പോലീസും
--------------------------
ഒരിക്കലും അലിയാത്ത
ഐസ്ക്രീമെന്ന ഗർവിൽ അകത്ത്...!!

ആരും നുണയാതെ
പറന്നുപോകുന്ന സീൽക്കാരം പുറത്ത്...!!

ഓർമ
-------
എന്റെ ഓർമ ശരിയാണെങ്കിൽ
ഞാനിരിക്കുന്നിടം തെറ്റിയാലും
നീയിരിക്കുന്നിടം ഉമ്മാക്ക് തെറ്റിയിട്ടില്ല..

സൌഹ്യദം
--------------
ഇല്ല , നീയില്ലാതൊരെൻ സൌഹ്യദ-
ബാല്യത്തിൻ മട്ടിക്കോലിലും
കൌമാര തീപ്പൊരി കലാലയത്തിലും
യൌവ്വനത്തിലെ പ്രണയനഷ്ടത്തിലും
വാർദ്ധക്യത്തിലെ തീയിറക്കത്തിലുമന്ത്യ-
മെൻ ചിതക്കരികിലും സോദരാ...!!.

പ്രണയം
----------

നീ പ്രണയം പോലെയാണ്
കത്തിച്ചാൽ പൊള്ളും..

ഒടുവിൽ കരിഞ്ഞു വീണാൽ
കാലത്തിന്റെ മുകളിലൂടാരെങ്കിലുമൊക്കെ
ചവിട്ടിമെതിച്ചു പോയ്കൊണ്ടിരിക്കും..!!

പ്രണയ ലേഖനം
-------------------

നീ കൊളുത്തിയ
മെഴുകുതിരി വെട്ടത്തിരുന്നാണ്
ഞാനതെഴുതിയത്...

നിന്റെ വാ‍യിൽ തന്നെയാണ-
തിനൊരു സുരക്ഷിത സ്ഥാനമെന്നവൾ
കണ്ടെത്തിയതും അതുകൊണ്ട് തന്നെ..!!


മറുവിദ്യ
---------

ഞാനെഴുതുമ്പോൾ
നീയൊളിഞ്ഞു നോക്കാറുണ്ട്

എന്റെ ഹ്യദയത്തിൽ നിന്നും
മഷിയൂറുന്നവിധം നീ കണ്ടെത്തിയിരിക്കുന്നു..

അതുകൊണ്ടാണല്ലോ എന്റെ വാക്കൂകളെ
മായ്ച്ചെടുക്കുന്ന മറുവിദ്യ നീ കണ്ടെത്തിയത്..!!


ചുംബനം..
------------
ഗ്വിന്നസ്സ് ബുക്കിലെ
സുദീർഗമാ‍യ കിസ്സിനേക്കാളു-
മെത്രയോ തീക്ഷ്ണമാണ്..

തീപ്പെട്ടി കൂടിനോട്
കമ്പുകൾ ചെയ്തു കൊണ്ടിരിക്കുന്നത്..!!

കവിത
------------

തീപ്പെട്ടി ഒരു കവിതയാണ്
അത് വിശ്വസിക്കാത്തവന്

കവിതകൾ കത്തിക്കാനുള്ള
ഒരു വഴിയാണത്..!!

4 comments:

 1. കൊള്ളാം.ചിലവരികള്‍ ഏറെ ഇഷ്ടമാപ്പെട്ടു .

  ReplyDelete
 2. ഇതു കൊള്ളാമല്ലോ..!!
  ഒരു തീപ്പെട്ടിയെ കുറിച്ചും ഇങ്ങനെയൊക്കെ ചിന്തിയ്ക്കാമല്ലേ..! :-)
  ആശംസകള്‍!

  ReplyDelete
  Replies
  1. thanks kochu muthalai.. ivide vannathil othiri santhosham...

   Delete