പകലിന്റെ ഇരമ്പലിൽ
ക്ഷീണിതയായ തെരുവ്
നിശയുടെ മാറിൽ
പ്രണയം നുകർന്ന്
ഇരുട്ടുകൊണ്ട് പുതച്ച് ഉറങ്ങിയിരിക്കുന്നു
ഞെരമ്പിനു ചൂടുപിടിച്ച ഒരാൾ
മാംസം കിട്ടാതെ അലയുന്നുണ്ട്.
കാറിൽ കയറിപ്പോയ
ഒരു നക്ഷത്ര വേശ്യയെ ശപിച്ച്
അയാളും നഗരം കടന്നു പോയിരിക്കുന്നു
വേശ്യകൾ പണം പേശി
നിൽക്കുന്ന കടത്തിണ്ണ ശൂന്യം
പകലിന്റെ ക്ഷീണം
വേദനയിലാത്ത സുശുപ്തിയിലേക്ക്
തിരക്കു പിടിച്ച തെരുവിന്റെ വീഥി
മരണമില്ലാത്ത ശ്മാനഭൂമിപോലെ
വഴിവിളക്കുകൾ മാത്രം.
നഗരം ഉറങ്ങിയിരിക്കുന്നു
എന്റെ മൺചെരാതുമാത്രം
ആരെയോ പ്രതീക്ഷിച്ച്
കാറ്റത്ത് ഉലഞ്ഞു പോകുന്നുണ്ട്.
ചില രാവുകൾ അങ്ങിനെയാണ്
ഞാൻ നഗരത്തിന് കൂട്ടിരിക്കും
പകലിൽ അവൾക്കേറ്റ ക്ഷതങ്ങൾ
മായ്ക്കാൻ ആരൊവരുമെന്ന് പ്രതീക്ഷിക്കും
ആരും വരാനില്ലെന്നറിഞ്ഞിട്ടും ഞാൻ
ഇന്നും രാത്രിനഗരത്തിനു കൂട്ടിരിക്കുന്നു..
No comments:
Post a Comment