Christmas Bell Widget

Sunday, July 8, 2012

കവിത കാത്ത് നിൽക്കുന്ന പെൺകുട്ടി..



നിറയെ
വരയൻ കുതിരകളുള്ള പാതയിൽ
ഒരു പെൺകുട്ടി
ബസ്സ് കാത്ത് നിൽക്കുന്നു..

എന്നും വൈകിയോടുന്ന
ബസ്സിനെ കാത്തുകാത്തവസാനം
റോഡ് പൊളിച്ച്
അകവശത്തിന്റെ സാദ്ധ്യത തിരയുന്നു..

പാതക്ക് അകത്തും പുറത്തും
വെളുത്ത കടലാണ്..

കടൽ നിറയെ മുക്കുവൻ
പൊട്ടിപ്പോയ നൂലുകൊണ്ട്
ഒരേയളവിലും നീളത്തിലും
കടൽ‌പ്പാതയൊരുക്കിയിട്ടുണ്ട്.

രണ്ടു ദിവസമായി പെൺകുട്ടി
ഒരേനിൽ‌പ്പാണെന്ന് പറഞ്ഞാൽ
നിങ്ങളെന്നെ
നുണയനെന്ന് വിളിച്ചേക്കാം.

രണ്ടുമാസമായെന്നു പറഞ്ഞാൽ
അശ്ലീലമാണെന്നും
ഒരു പെൺകുട്ടിക്കും
വീടുകളിലൊളിക്കാത്ത രാത്രികൾ
സങ്കടഭരിതമാകുമെന്നുമൊരു
എലുമ്പനോട് തർക്കിച്ചു തർക്കിച്ചു
നിൽക്കുമ്പോഴാണ്
102-ആം നമ്പർ ബസ്സ് വന്നത്..

വരയൻ കുതിരകളുള്ള പാത
വരയിട്ട പേപ്പർ മാത്രമാണെന്നും
പെൺകുട്ടികളെല്ലാം
കവികളുടെ മനസ്സാണെന്നും
102-ആം നമ്പർ ബസ്സിന്
കവിത എന്നൊരു
വിളിപ്പേരുണ്ടെന്നും
അതവസാനം വായനക്കാരൻ
എന്ന സ്റ്റോപ്പിൽ ചെന്നുനിൽക്കുമെന്നും
പാടി
എലുമ്പൻ കടലിലേക്ക് വീണു.

നിറയെ
വരയൻ കുതിരകളുള്ള
മറ്റൊരു പാതയിൽ
മറ്റൊരു പെൺകുട്ടിയിപ്പോൾ
മറ്റൊരു 102ആം നമ്പർ ബസ്സ്
കാത്ത് കാത്തു നിൽക്കുന്നുണ്ടാകാം....

3 comments:

  1. നേരെ വായിച്ചു..
    ഇനി തലകുത്തി നിന്നൊന്ന് വായിക്കട്ടെ

    ReplyDelete
    Replies
    1. എന്റെ പിഴ എന്റെ പിഴ..

      Delete
  2. ആശംസകള്‍ !ഇപ്പോള്‍ അത്രമാത്രം...ഇനിയും വരാം.

    ReplyDelete