Christmas Bell Widget

Friday, January 25, 2013

ഒട്ടിച്ചു വെച്ച തുണ്ടുകൾ



രാത്രിയിൽ ഒരു കുഞ്ഞിന്‌
ദാഹിക്കുന്നു
അവൻ അമ്മേ അമ്മേന്ന്
വിളിച്ച്‌ കരയുന്നു

കുഞ്ഞെത്ര വളർന്നിട്ടും
രാത്രിയിലെ കരച്ചിൽ
വളർന്നൊഴിഞ്ഞതേയില്ല...

ഒരു കുമ്പിൾ വെള്ളം
അവൻ ഒറ്റക്ക്‌ പോയി കുടിക്കുന്നു..

രാത്രിയുടെ നിശബ്ദതയിൽ
അവന്റെ കൈയ്യിൽ നിന്നും
ഊർന്നുപോകുന്ന
ജലതുള്ളികൾ അവരുടെ
അമ്മയെ
അമ്മേ അമ്മേന്ന്
വിളിച്ചു കേഴുന്നു....

----------

കാശ്മീരിലുള്ളവന്‌
ആഫ്രിക്ക സ്വർഗ്ഗമാണ്‌

ആഫ്രിക്കക്കാരന്‌
കാശ്മീരും

മറ്റുചിലർക്ക്‌
സ്വർഗ്ഗത്തിൽ പോകാൻ
എങ്ങും പോകേണ്ട

ഒന്ന് മരിച്ചാൽ
മാത്രം മതി...


-------------

അതി തണുപ്പുള്ള രാത്രിയിൽ
ചിലർ നരകത്തിലേക്ക്‌
ചൂടുകായാൻ പോകുന്നു...

നരകത്തെ പേടിയുള്ള മനുഷ്യർ
സ്വർഗ്ഗത്തിലിരിക്കുന്നു
നരകത്തിൽ വെന്തവന്റെ
കാലുകൾക്ക്‌
കടിപിടികൊള്ളുന്നു.....

-------------------
ജനുവരിയൊരു
അറബ്‌ ഗാനമാണ്‌

ഈന്തപ്പന
ഒരു ബെല്ലി ഡാൻസറും...

മരുഭൂമി
മരുഭൂമിയേയല്ല

ഒട്ടകങ്ങൾ അതി-
വിദഗ്ദമായി വായിക്കുന്ന
ആയിരം സ്വരങ്ങളുള്ള
പ്രകൃതിയുടെ പിയാനോയാണ്‌…

------------------

നമുക്കിടയിലെ തോട്‌
ഒലിച്ചുപോകുന്നു
നമ്മുടെ വയലുകൾ
ഒന്നാകുന്നു
ആയിരം മേനിയിൽ നിന്നും
നാമൊരു പഞ്ഞകാലത്തെ
നേരിടാൻ സജ്ജരാകുന്നു....
-------------------
അനേകായിരം വർഷം
പഴക്കമുള്ള പ്രണയത്തിന്റെ
ഫോസിലാണു നീ

-------------

ഞാൻ ഒരു മുസ്ലിമല്ല
ഹിന്ദുവല്ല
ക്രിസ്ത്യാനിയല്ല

അമ്മയുടെ ഗർഭപാത്രത്തിൽ വിരിഞ്ഞ
റോസാ പൂവാണ്.
------
രാത്രിയെന്ന
പ്ലേസ്റ്റോറിൽ നിന്നും
സ്വപ്നങ്ങൾ ഡൗൺലോഡ്‌ ചെയ്യുന്നവരെ
ഓർമ്മകൾ അപ്ഡേറ്റ്‌ ചെയ്യുന്നവരെ

ഇനിയും തുരുമ്പ്‌ പിടിക്കാത്ത
കോഴിയെന്ന കൂവൽ യന്ത്രം
ഉണർത്തിയെടുക്കുന്നു...

----------
എങ്ങനെ ഉറങ്ങിയാലും
നമ്മളൊട്ടിച്ചു വെച്ച വാക്കുകളാകുന്നു
എങ്ങനെ ഉണരുമ്പോഴും
നമ്മുടെ ചില്ലയിൽ നിന്ന്
അക്ഷരങ്ങൾ
ചിറകുമുളച്ച്‌ പറന്നു പോകുന്നു"
------------------

1 comment:

  1. പറന്നുപോകുന്ന അക്ഷരങ്ങള്‍

    ReplyDelete