Christmas Bell Widget

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, July 8, 2012

ടിഷ്യു പേപ്പർ



ടിഷ്യു കടലാസ് ഒരലങ്കാരമാണ്
മ്ലേച്ചം
തുടച്ചെറിയുന്നതിനു മുൻപ്

കാറിലും ബഞ്ചിലും
വിമാനത്തിലും
ആപ്പീസിലും,
ഉമ്മറകോലായിലും,ഹോട്ടലുകളിലും
കിടപ്പറയിൽ വരെ
വെളുത്ത ചെടിത്തണ്ട് എല്ലാം
പൊതിഞ്ഞ്
ഞെരിഞ്ഞമരുന്നു.

ചില മുഖങ്ങൾ മിനുക്കിയും
വിയർപ്പുകൾ ഒപ്പിയെടുത്തും
മൂക്കുകൾ ചീറ്റിയെറിഞ്ഞും
കഴുകാത്തവയെ ശുചീകരിച്ചും
‘പാപ്പിറസ് '
ചാവേറുപോലെ പൊങ്ങി വരുന്നു.

ആ‍യിരം നാ‍ക്കുകളുണ്ടായിട്ടും
ആയിരം കഥകളുണ്ടായിട്ടും
ചുണ്ടനക്കങ്ങളില്ലാത്ത
വെണ്മകൂട്ടങ്ങളൊഴിഞ്ഞ കൂട്ടിൽ
അവസാന ചാവേറുവരെ
തിരഞ്ഞുപിടിച്ച്
കൊല്ലുന്നുണ്ട് മനുഷ്യൻ..



Monday, February 13, 2012

ഞാൻ പ്രവാസിയല്ല....

ഒരു പുതുവത്സര രാവിൽ
ഞാനും നെടുമ്പാശ്ശേരിയിൽ നിന്നും
പറന്നു പോയിട്ടുണ്ട്..

നുഴഞ്ഞു കയറ്റക്കാരന്റെ
കാക്ക ദ്യഷ്ടിയോടെ
അറബി പോലീസിന്നു മുന്നിൽ
പകച്ചു നിന്നിട്ടുണ്ട്..

മാഫിയും ഷൂഫിയുമറിയാതെ
അറബി പെണ്ണിന്റെ ഹിമാറ്-
വിളിയിൽ ഇളിഭ്യനായിട്ടുണ്ട്..

രാ‍വിലെ ഏഴിനും
രാത്രി പതിനൊന്നിനുമിടയിൽ
പന്ത്രണ്ട് മണിക്കൂർ പണിയെടുത്തിട്ടുണ്ട്.

ഓരോ രണ്ട് വർഷത്തിലും
രണ്ട് മാസം പുരയിലെത്തിയിട്ടുണ്ട്.
അതുകൊണ്ടാണോ നിങ്ങളെന്നെ
പ്രവാസിയെന്നു വിളിക്കുന്നത്...?

വോട്ടേർസ് ലിസ്റ്റിൽ നിന്നും
പേര് വെട്ടിയത്....?

എയർപോർട്ടിൽ നിന്നും
യൂസേർസ് ഫീ പിരിച്ചത്..?

എൽ ഐസിക്കാരൻ നിർബന്ധിത
ഇൻഷുറൻസ് എടുപ്പിച്ചത്...?

ബിപി എല്ലിൽ നിന്നും
എ പി എല്ലിലേക്ക് തരം താഴ്ത്തിയത്...?

പ്രവാസിയെന്ന കാർഡ് തന്ന്
പോക്കറ്റിന്റെ ഭാരം കൂട്ടിയത്..?

നാട്ടിലെ രാമൻ ഫോൺ വിളിച്ചപ്പോൾ
പറഞ്ഞത് “ഒപ്പം പഠിച്ച മുപ്പത് പേരും”
ഗൾഫിലാണെന്ന്...!!

നാട്ടിലാരുമില്ലാത്ത കാരണം
മൂപ്പര് പ്രവാസിയാണെന്ന്..!!

വർഷം മുഴുവൻ വട്ടം കറങ്ങി
ഞങ്ങൾ ചെല്ലുമ്പോൾ സമ്മാനിക്കുന്ന
കുപ്പിയിൽ നിന്നും കുറച്ചെടുത്ത്
രാമൻ പ്രവാസം മറക്കുന്നു..

വീട്ടിലെ ബീവി
ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്
“കൂട്ടുകാരികളെല്ലാം ഗൾഫിലാണെന്ന്”

അവസാനം ചേച്ചിയും പറന്നു പോയപ്പോൾ
അവൾക്ക് ബോറഡിക്കുന്നെന്ന്
നാടൊരു തുരുത്താ‍ണെന്ന്..
അവൾക്കും ഗൾഫ് മതിയെന്ന്...

ഞങ്ങൾ മുപ്പത് പേരും ഗൾഫിലുണ്ട്
ഈ കഴിഞ്ഞ വിഷുവിന്, ഓണത്തിന്
ക്രിസ്മസിന് , പെരുന്നാളിന്
ഞങ്ങൾ രാമന്റെ പേരിൽ ചിയേർസടിച്ചു..!!

മനോജിന്റെ വിവാഹ വാർഷികത്തിന്
നൌഷാദിന്റെ പെണ്ണുകാണലിന്
ഷിനോദിന്റെ ആദ്യ സന്താനത്തിന്
പ്രവീണിന്റെ ജോലികയറ്റത്തിന്
പിന്നെ വേണ്ടുന്നതിനും വേണ്ടാത്തതിനും
ഞങ്ങൾ കൂടിയിട്ടുണ്ട്...

നല്ല കൈപ്പത്തിരി ഇവിടെ കിട്ടുന്നുണ്ട്
ചൂടു വരുമ്പോൾ തണുത്തു-
പുതച്ചു കിടന്നുറങ്ങുന്നുണ്ട്.

മഴപെയ്യുമ്പോൾ കതകടച്ച്
നിങ്ങളുകാണുന്ന ഏഷ്യാനെറ്റും
സൂര്യയും ഞങ്ങളും കാണുന്നുണ്ട്..!!

അമ്മക്ക് പനിയേറിയപ്പോൾ
അഞ്ച് മണിക്കൂറിനുള്ളിൽ
ഞാൻ പറന്നെത്തിയിട്ടുണ്ട്..!!

എന്നിട്ടും രാമന്റെയച്ഛൻ മരിച്ചപ്പോ‍ൾ
ഡൽഹിയിലെ ഇന്റർവ്യൂ കഴിഞ്ഞ്
രണ്ടാം നാളിലാണ് പാവമെത്തിയത്..!!

ഇനി പറയൂ ഞങ്ങളെ നിങ്ങളെന്തിനാണ്
പ്രവാസിയെന്ന് വിളിക്കുന്നത്..?

Sunday, February 12, 2012

കയ്പ്പിച്കെടുക്കുന്ന വിധം..

മുലപ്പാലായിരുന്നു
ആദ്യ ഇഷ്ടം.

മുലയിൽ സ്നേഹം പുരട്ടിയമ്മ
ആദ്യയിഷ്ടം കയ്പ്പിച്ചെടുത്തു.

നിന്നോടായിരുന്നു
രണ്ടാമത്തെ ഇഷ്ടം.

ഇഷ്ടം മധുരമാക്കാൻ നീ
മുലകളിൽ പ്രണയം തേച്ചുവെച്ചു..

അതിൽ പിന്നെയാണ്
ഞാൻ വീണ്ടും കയ്പുനീർ കുടിക്കാൻ തുടങ്ങിയത്..!!

Saturday, February 11, 2012

പെരിയാറിൽ മുല്ല പൂത്തപ്പോൾ..

പെരിയാറിൽ മുല്ല പൂത്തപ്പോൾ
മുല്ലക്ക് തടം വെട്ടാൻ
ആയിരം പേർ വന്നു
പതിനായിരം കേട്ടു
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വന്നവർ കാണാത്തവരോടും
കാണാത്തവർ കേൾക്കാത്തവരോടും
പറഞ്ഞ് പറഞ്ഞ്
മുല്ലപ്പൂമ്പൊടി കഥ അങ്ങാടിപാട്ടായി..

മുല്ലയെ പ്രകീർത്തിച്ച്
കവികൾ പാടി
ചാനലുകളാടി
അടാത്തവരാടിപ്പാടി.

സാംസ്കാരിക നേതാക്കൾ
ആഹരിക്കാതെ തടം വെട്ടി
പട്ടിണി ശവങ്ങളായി..

ഭക്ഷണം കഴിക്കുമ്പോൾ
മുല്ലചമന്തി കൂട്ടാത്തവനെ-
യാരോ തന്തക്കു വിളിച്ചു..

തടം പൊട്ടിയാൽ
മുല്ല ചീഞ്ഞൊഴുകി
വണ്ടിപ്പെരിയാ‍റിലെ ജമന്തി,
ഇടുക്കിയിലെ 999,
കൊച്ചിയിലെ ചെമ്പരത്തി പൂക്കൾക്ക്
വംശനാശം വരുമെന്ന്
സുക്കൻബർഗ്ഗ് വിധി...

ഉറക്കം വരാതെ പാവം
മുല്ലപ്പെരിയാറുകാരൻ വ്യദ്ധൻ
അറബിക്കടലിലെ പുഷ്പാർച്ചന
സ്വപനം കണ്ടു കണ്ടു
കൺപോളകൾക്കു തടം കെട്ടി...!!

സിനിമകഴിഞ്ഞപ്പോൾ മുല്ലക്ക്
സുഗന്ധം പോരെന്ന് പാണീ വചനം.

ആനമദിച്ചാലും പെരിയാറിൽ
ചിതലൈവി ഇളകില്ലെന്നറിഞ്ഞ്
വന്നവർ വന്നവർ സെന്റ്ടൽ
ജയിലിലേക്ക് പോയി....

മാറ്റക്കളി കാണാൻ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

മുല്ലപ്രണയത്തിൽ മനം നൊന്ത
മുഖ്യന്റെ കുറിപ്പടി ചോർന്നപ്പോൾ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വിപ്ലവത്തിന്റെ നായകൻ
അപ്പച്ചട്ടിയിൽ കൈയിട്ടു
വിമോചക ശബ്ദം കേട്ട്
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു...

പെരിയാറിലെ വ്യദ്ധൻ
മണമില്ലാത്ത മുല്ലക്ക് ചുറ്റും
ചുണ്ണാമ്പ് തേടി നടക്കുന്നു..

ഇടക്ക് വിപ്ലവ ദ്രാവകം
നിരോധിച്ചവന്റെ തന്തക്കു വിളിക്കുന്നു..!!

Saturday, February 4, 2012

പെനീസുലയിലേക്ക് സ്വാഗതം

പൊയ് പോയ അവസാന
ജബലലി ബസ്സിനെ പ്രാകി
ബർദുബൈ ബസ്റ്റാന്റിൽ
വിജനമായ ഇരിപ്പിടത്തിൽ
ജനുവരിയുടെ ശീതകാറ്റിനെ
ശപിക്കുന്ന മനുഷ്യാ നിനക്ക്
“പെനീസുലയിലേക്ക് സ്വാഗതം.”

തണുത്ത് വിറച്ച് ഞെരമ്പുകൾ
ഉറവ വറ്റിയ ഗ്യഹ ചിന്തയെ
മഥിക്കുന്നുവെങ്കിൽ തുടങ്ങാം
കാമാതുരയായ സുന്ദരിപെണ്ണിന്റെ
കൈകൊണ്ടൊരു പെനീസ്വുലൻ വോഡ്ക...

ഓർമകൾ നഷ്ടപ്പെട്ട നിന്നോട്
“വീടെവിടെ”യെന്നവൾ
സ്വകാര്യം ചോദിച്ചാൽ

ഇരുണ്ട നീല വെളിച്ചത്തിൽ
ചുവന്ന സാരിതല വഴിമാറിയ
പൊക്കിൾ ചുഴി നോക്കി നോക്കണം.

ടാറിട്ട റോഡിൽ നിന്നും
ഇടത്തോട്ട് പോകുന്ന ഇടവഴിയിൽ
പണിതീരാത്ത വീടിന്റെ അടുക്കളയിൽ
പ്രാരാബ്ദ കുഴലൂതുന്ന പെണ്ണിന്റെ
കരുവാളിപ്പ് നിന്റെ ഓർമയിലേക്ക് ഓടിവരും..

ഓർമഗർത്തങ്ങളുടെ
പൊക്കിൾ ചുഴിയിൽ നിന്നും
മുഖം തിരിച്ച് മൊഴിയുക...
“ജബൽ അലി...”

ക്ലാവേറിയോർമകൾക്ക്
ഒരു കൈതാങ്ങിനായ്
തലയുയർത്തി പതിയെ
ഒരു പെഗ്ഗ് കൂടി ഒഴിച്ചു
ഓർമകൾക്ക് ശക്തി പകരുക...

നർത്തകിപെണ്ണിന്റെ
മുലകണ്ണിനു ദാഹിച്ച്
പുതു പാദ ചലനം നടത്തുന്ന
പതിനെട്ടുകാരനു നിന്റെ മുഖഛായ..?
കണ്ടുനീ,മുലകുടിപ്പിച്ച പെണ്ണിന്റെ
നിർവ്യതിയറിയുക...

ഓർമകളുടെ മുലപ്പാല് ചേർത്ത്
ഒരു പെഗ്ഗ് കൂടി....

ഇപ്പോൾ നിന്റെ ഓർമകൾ
വോഡ്ക തിരിച്ചു തന്നിരിക്കുന്നു.

തണുത്ത ജനുവരിയിൽ
നിന്റെ ഞെരമ്പുകൾ അത്യുഷണ-
മേഖലയിലൂടെ കടന്നു പോകുന്നു..

പെനീസ്വുലയിലെ മണിമെത്തയിലേക്ക്
നിനക്ക് സ്വാഗതം..

ചുവന്ന സാരി അഴിച്ചെടുത്ത്
ഓർമഗർത്തങ്ങളിൽ
മുങ്ങിയും പൊങ്ങിയും
ശ്വാ‍സമെടുക്കാൻ ബദ്ധപ്പെടുമ്പോൾ

മുല്ലപ്പൂചൂടിയ
മധുരപാൽ പാത്രമേന്തിയ
മാതള പൂമേനിയുള്ളൊരു പെണ്ണിന്റെ
അവിശുദ്ധ ബന്ധ
നാഗ സീൽക്കാരം
അറബികടലിൽ മുഴങ്ങുന്നുവോ?...

ചിന്തകൾക്ക് കടിഞ്ഞാണിടാൻ
അവസാന തുള്ളി
വോഡ്കയും അകത്താക്കുക...!!

ഇപ്പോൾ പെനീസ്വുലയിലെ
വെളിച്ചം നിനക്കണക്കാം..!!

--------------------------------




പെനീസുല:- ബർദുബൈയിലെ ഒരു നക്ഷത്ര ഹോട്ടൽ..

ജബലലി: ദുബൈയുടെ അതിർത്തി പ്രദേശമായ വ്യവസായ മേഖല,

Tuesday, January 31, 2012

മറന്നു വെച്ച കത്തുകൾ..

പ്രിയേ,

മണൽക്കാട് തണുത്തിരിക്കുന്നു
മരുപച്ചകളെ തഴുകി
ഈന്തപ്പനയോലകളിൽ സംഗീതമിട്ട്,
മരുഭൂമി തണുപ്പിക്കുന്ന തെന്നലിനെ
പേടിച്ച് ആളുകൾ പുതപ്പുകളിലേക്ക്
പുതഞ്ഞു കൊണ്ടിരിക്കുന്നു....

വിരഹത്തിന്റെ നെരിപ്പോടിൽ
നീറിപുകയുന്നെൻ മനം കുളിർപ്പിക്കാൻ
വ്യഥാ ശ്രമം നടത്തുന്ന
അറബിക്കാറ്റിനോട്
എനിക്ക് സഹതാപമാണ്...!!

നീയിപ്പോൾ കുംഭത്തിന്റെ ചൂടിലാണല്ലോ ?
ചുറ്റും ചൂടു പിടിച്ച സൂര്യന്മാർ
നിനക്കു ചുറ്റും തിരിയുന്നു.

മീൻ മുറിക്കുമ്പോൾ
നിന്റെ കണങ്കാൽ കണ്ട്
ചൂടു പിടിച്ച കുറിഞ്ഞിയെ മുതൽ
അകത്തും പുറത്തും
കുംഭവെയിൽ കണങ്ങളെ
തോൽ‌പ്പിക്കുന്ന നിന്റെ
മകരമാസ മാനസത്തോട്
എനിക്ക് അസൂയ തോന്നുന്നു..!!

ആറുമാസം കഴിഞ്ഞാൽ
മരുഭൂമിയിൽ ചൂടുകാലമാണ്

മരുപച്ചകൾ വറ്റി
മരുഭൂമി ചുട്ടു പഴുക്കും
ഉരുകിയൊലിക്കുന്ന ഊഷരഭൂമിയിൽ
നിന്നെപോലെ പിടിച്ചു-
നിൽക്കാൻ എനിക്കാവില്ല.

ഈന്തപഴങ്ങൾ പാകമാകുന്ന നാളിൽ
മഴക്കാലത്തിന്റെ സാന്ദ്രമായ സംഗീതത്തിൽ
നിന്റെ ഹ്യദയത്തിൽ
എന്റെ ഹ്യദയം ചേർത്തുവെക്കാൻ
മരുഭൂമിയിൽ നിന്നും മണ്ണിലേക്ക് ഞാൻ വരാം...

Monday, January 16, 2012

മതിലുകൾ..

മകൾ ജനിച്ചപ്പോൾ
മനസ്സു ഗണിച്ചത്
മതിൽ പണിയണമെന്ന്

ഒന്നരവയസ്സുകാരിയുടെ
പൂമേനിക്ക്
ബന്ധുക്കളുടെ താരാട്ടിൽ
ഭാര്യയുടെ കള്ളകണ്ണുകൊണ്ട്
ആ‍ദ്യമതിൽ..

തേനും വയമ്പും കൂട്ടി
ഹരിശ്രീ കുറിച്ചപ്പോൾ
സ്കൂളിന്റെ ചെറുമതിലിനുള്ളി-
ലൊരുമതിൽ ചിന്തയായ് ..

ഒരു വന്മമതിൽ
വിദ്യാലയാങ്കണത്തിലും
വാദ്യാരിലും...

ചീട്ട് കളിക്കുന്ന
തെമ്മാടി പാമ്പുകൾ
വലിച്ചിഴക്കുന്ന പൊന്തക്കാട്..

ഓരോ ഇടവഴിയിലും ഇടതും
വലതും നോക്കാതിരിക്കാനവളുടെ
കണ്ണിൽ മുൾ വേലികൾ കെട്ടി.

ആരോ കൊടുത്ത മധുരം
വാങ്ങിക്കഴിച്ചതിന്
മധുരമില്ലാത്ത തല്ലിൽ
മധുരത്തിനും മതിൽ പണിതു.

കിണുങ്ങി കരഞ്ഞ
മൊബൈലിനു മതിൽ
തീർത്തത് നാളെ
ഒരു ചെറു ചിത്രശലഭമായ്
പറക്കാതിരിക്കാൻ..

കുട്ടുകാരൻ നൽകുന്ന പൂവ്
ചീഞ്ഞ വടഗന്ധമുണ്ടെന്നോതി
മതിലിൽ ഉരച്ചു കൊന്നു.

നടവഴികളിൽ ,
ബസ്റ്റോപ്പിൽ,
കൂട്ടുകാരിയുടെ വീട്ടിൽ,
വീട്ടിലേക്കുള്ള വിജനമായ
പാടവരമ്പത്ത്,
മകൾകൊപ്പം പണിത മതിലിന്റെ
കടം വീട്ടാൻ
ഞാനിന്നൊരു ഭ്രാന്തൻ
മതിൽകെട്ടിനുള്ളിലാണ്....!!!

Saturday, January 14, 2012

ഗ്രീഷ്മം ഈന്തപ്പനയോട് ചെയ്യുന്നത്

മരുഭൂമിയിൽ ചുടുകാറ്റിനൊപ്പം
ഈന്തപ്പനകൾ നൃത്തം ചെയ്യും
മദാലസയായ നർത്തകിയുടെ
അതിമോഹന ഗ്രീഷ്മ നൃത്തം

ചുടുകാറ്റിൽ ഈന്തപ്പനയുടെ
വിയർപ്പിന്റെ ഗന്ധം
കാത്തിരിക്കുന്ന സൂഫിമല

ആ നൃത്ത സമാപ്തിയിൽ
ഗ്രീഷ്മം ഈന്തപ്പനയോട്
ചെയ്യാനുള്ളത് ചെയ്ത് തീർക്കുമ്പോഴാണ്
ഞാനൊരു ഈന്തപഴത്തിൽ കണ്ണു വെക്കുന്നത്

Thursday, January 12, 2012

വിരഹത്തിന്റെ പ്രായഭേദങ്ങൾ...

ശൈശവം...

=========
പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”

യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു തെക്കന്‍ കാറ്റ്”

Monday, December 26, 2011

ഇന്ത്യയുടെ അയൽക്കാരൻ ഫിലിപ്പീൻസാണ്...


അബൂദാ‍ബിയിലെ അഞ്ചാം നിലയിലെ
അഞ്ഞൂറ്റിമുന്നാമൊറ്റമുറിയിൽ
ഇന്ത്യയുടെ അയൽക്കാരൻ
ഫിലിപ്പീൻസാണ്...

കമ്പനി ഭാഗിച്ച ചതുരക്കളത്തിൽ
കാവൽ ഭടന്മാരില്ലാത്ത അതിർത്തിരേഖകൾ
കപ്പ്ബോർഡിൽ തീർത്തൊലമാര,
കാത്ത് സംരക്ഷിക്കുന്നു..

കുളിക്ക് ശേഷം പല്ല് തേച്ചാലും
ദിനേന കുളിക്കാൻ മറക്കാതെ,
പുറത്തിറങ്ങുമ്പോളിട്ട പുതുമോടികണ്ട്
തലയിണ ചെമന്നചായത്തിൽ തല പൂഴ്ത്തുന്നു.

മസ്ദക്കാറിൽ *ബി എം മിന്റെ ചക്രം
നിരത്തിലൂടെ പായുമ്പോൾ
എഫ് എ മ്മിൽ പാടുന്ന പാട്ട്
മൂളികൊടുത്തു മണൽക്കാടിന്
ആംഗലേയം പഠിപ്പിക്കും...

പുറത്തു കണ്ടാൽ “പാരേ”*യെന്നും
പാരകളില്ലാതെ ഒന്നാകാമെന്നും
പറഞ്ഞും പ്രവർത്തിച്ചും പരസ്പരം,
പ്രതിയോഗികളല്ലാതെ തൂവെള്ള-
പതാകകളതിർത്തിയിൽ പാറിക്കളിക്കുന്നു.

മത്സ്യത്തിൽ മഞ്ഞൾ പുരട്ടാതെ
മുളക് തേക്കാതെ പാതിവേവിൽ
മുഴുവനുമകത്താക്കിയീ വെളുത്തകുറിയൻ,
മനസ്സ് കാതരമാകുമ്പോൾ സന്ധ്യക്ക്
മ്യൂസിക്ക് ബോർഡിൽ
മോഹന സംഗീതമീട്ടുന്നു..

മനം വെളുത്ത മേനിവെളുത്ത
മനിലക്കാരൻ* രാത്രിയപകടകാരിയാണ്
മൂക്കിലൂടെ ഇന്ത്യൻ വ്യോമാതിർത്ഥികടന്ന്
കവിതക്ക് കരാറെഴുതുന്നയെന്നെയാക്രമിക്കുന്നു..

എങ്കിലുമെൻപ്രിയ “പാരേ”
എനിക്കു നിന്നെ ഇഷ്ടമാണ്
നമ്മുടെ ലോകത്ത് യുദ്ധമോ
ഉടമ്പടികളോയില്ലാതെ
രണ്ടു രാജ്യങ്ങൾ സ്വസ്ഥമാകുന്നു..
-----------------------------------------------




*ബി എം:- ബി എം ഡബ്ല്യൂ കാർ
“പാരേ”*:-പ്രിയ സ്നേഹിതാ..
*മനില:- ഫിലിപ്പീൻസ് തലസ്ഥാനം..

Saturday, December 24, 2011

വിരഹത്തിന്റെ പ്രായഭേദങ്ങൾ...




ശൈശവം...

=========

പൊക്കിൾ കൊടി മുറിച്ചപ്പോൾ
കേട്ട വാവിട്ട കരച്ചിൽ..

കൌമാരം...
===========
നിനക്കു പകരമെറിഞ്ഞ
ചെമന്ന മാമ്പഴത്തിനു കൊണ്ട്
ഭൂമറാംഗ് തിരികെ വരുമ്പോൾ
“പറ്റിപ്പിടിച്ചത് കണ്ടു മറന്ന
നിന്റെ രക്തക്കറ തന്നെ”


യൌവനം
=========
യാത്രപോകുമ്പോൾ
പ്രണയത്തിന്റെ കൽക്കരി
ഹ്യദയത്തിലിട്ടു ചുട്ടെടുത്ത്
ചിന്തയിൽ കറുത്ത പുക-
പറത്തിയോടുന്ന “തീ”വണ്ടി...

വാർദ്ധക്യം..
==========
“ഊന്നു വടിക്കു പച്ചിലകളോടു
പറയാനൊരു തമാശ...”

മരണം
======
“ചന്ദനത്തടി എരിഞ്ഞടങ്ങിയിട്ടും
സുഗന്ധം പരത്തിയുയർന്നു-
പോയൊരു വടക്കൻ കാറ്റ്”

Tuesday, December 20, 2011

വേനൽ പ്രണയം...



------------------------

നഖക്ഷതത്തിനായ് നീ ദാഹിക്കുമ്പോൾ
നഖമില്ലാത്തവനായി ഞാൻ

നഖം വളർന്ന് ആർത്തിപൂണ്ടപ്പോൾ
നാട് വിട്ടുപോയവൾ നീ

വെട്ടിവീണ നഖങ്ങൾക്കിടയിലിപ്പോഴും
വേരറ്റ രണ്ടു മുടിനാരുകൾ കഥ പറയുന്നു.....

Sunday, December 18, 2011

ദുബായ് നഗരം..




പണ്ട്
=================

ഗുഡ് ഹോപ്പ് മുനമ്പിനുമപ്പുറത്തേക്ക്
കറുത്ത പൊന്ന് കയറ്റിയൊരു ലാഞ്ചി
കാറ്റിൽ പെട്ടുലഞ്ഞാ‍ടിയപ്പോൾ
നാവികനൊരു തിരൂർക്കാരനെയെടുത്ത്
അറബിക്കടലിലേക്കെറിഞ്ഞു

“രക്ഷപ്പെട്ടത് ഒരു നൌകയും
രണ്ടു നാടും..”..

ഇന്നലെ..
==================

*കോർഫക്കാന്റെ തീരത്ത്
മലബാർ ബീഡി സഞ്ചിയുമായ്
അടിഞ്ഞു വീണവൻ ഒറ്റ നടത്തം...

കാട്ടറബികൾ തുറന്നു തോറ്റ
ആലിബാബയുടെ കോട്ട
മലബാറുകാരൻ തുറന്നത്
മെയ്യിലെ വിയർപ്പിറ്റി
ബീഡിതെരുപ്പിന്റെ മുനകൊണ്ട്..

കോട്ട തുറന്നപ്പോൾ
ആയിരം മാണിക്യം
ആയിരം മരതകം
പതിനായിരം മുത്ത്
എല്ലാമൊളിപ്പിച്ച പീതവർണ്ണൻ..

കഥകേട്ടെത്തിയ “ബന്ധുക്കൾ”
ലാഞ്ചിയിൽ നിന്നും ചാടിയപ്പോൾ
കരക്കടിഞ്ഞതു ഒന്നോ രണ്ടോ
പാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ
പാസ്പ്പോർട്ടുകൾ മാത്രം..

ഇന്ന്
===============
ആഫ്രിക്കക്കാരിയുടെ കറുപ്പുപോൽ
ദ്യഢമാർന്ന റോഡുകൾ
സുരതത്തിനധിരസമരുളം റഷ്യന്‍ -
യുവതിയുടെ തുടയകറ്റിയ പാലങ്ങള്‍.
ഫിലിപ്പിനി പെണ്ണിന്റെ മാറ് പോലെ
വിടർന്നു വിലസുന്ന ബൾബുകൾ
“മല്ലു”പെണ്ണിന്റെ പൊക്കിൾ ചുഴിപോലെ
നാണയ വട്ടമാർന്ന റൌണ്ട് അബൌട്ടുകൾ
ദുബൈ നഗരമിന്നു സുന്ദരിയായ
“ ബുഗാട്ടി”കാറുകളാണ്..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ
കുരിശിനേയും, ആളില്ലാവണ്ടിയേയും
സത്രങ്ങളേയും , അങ്ങാടികളേയും
അതിലൂടലയുന്ന സുന്ദരിപ്പെണ്ണുങ്ങളേയും
കുതിരയോട്ടത്തിനെത്തിയ ജോക്കിയേയും
നോക്കി സ്വന്തം ജാതകം ഭയന്ന്
അപരന്റെ ജാതകം കുറിക്കുന്നു.

അബ്ര കടക്കുമ്പോളൊരു വ്യദ്ധൻ
പഴമൊഴിയാൽ പറയും
“പഠിച്ചവനു ബെഡ് സ്പേസും
വേദാന്തമോതികൊടുക്കുന്നവനു
രണ്ടു മുറി ഹർമ്യവും
ജോലിക്കു പോകുമ്പോൾ
ഓർക്കേണ്ട പാഠങ്ങൾ.”
ദുബായിനെ പഠിക്കാത്തവൻ
അമ്പതാമാണ്ടിലും അമ്പതു പൈസ്ക്ക്
അഞ്ചുമണിക്ക് അബ്രകടക്കും..

ഈന്തപ്പന തോട്ടത്തിൽ
ആലിബാബക്കു പകരം
പതിനായിരം“ നാടൻ കള്ളന്മാർ”
പാലസുകളിൽ റഷ്യൻ പായലുകളിൽ
വളഞ്ഞു പുളഞ്ഞു കിടക്കുന്നു.

പാ‍സ്സ്പോർട്ട് നഷ്ടപ്പെടുമ്പോൾ
അറബിയുടെ കാ‍ടനടിവരുമ്പോൾ
എണ്ണാ‍ത്തതിലേറെ പണം
കമ്പനി വിശ്വസിച്ചേൽ‌പ്പിക്കുമ്പോൾ
കോൺസുലേറ്റിനു മുന്നെ
എംബസിയെ ബന്ധപ്പെടുക
കാസർഗോട്ടുകാരൻ ലേലമെടുത്ത്
“തലവെട്ടി” പുതുമുഖം നൽകും
ഹൈടെക്ക് ലോകത്തിന്നും
കാസർഗോട്ടുകാരൻ ഉത്തരാധുനികം..

ഇതൊന്നു മറിയാതെ പഴയ
തിരൂർക്കാരന്റെ ബന്ധുക്കൾ ചിലർ
സോനാപ്പൂർ ലാബർ കാമ്പിലുണ്ട്
മാസപ്പടി കിട്ടുമ്പോൾ ദുബായിക്കും
പടച്ചവനും നന്ദി പറഞ്ഞവർ
മാസത്തിലൊരുദിനം പിതാവിനെ ഓർക്കുന്നു..
------------------------------------------------------------







കോർഫക്കാൻ:- ചരിത്ര പ്രസിദ്ധമായ ലാഞ്ചികളിലൂടെ ആദ്യകാല പ്രവാസികൾ വന്നു ചേർന്നിരുന്ന തുറമുഖ പ്രദേശം..

ലോകത്തിന്റെ ഏറ്റവും നീണ്ടവൻ:- ബുർജ്ജ് ഖലീഫ

കുരിശ്:- ബുർജ്ജുൽ അറബ്

ആളില്ലാവണ്ടി:- മെട്രോ റെയിൽ

സോനാപ്പൂർ :- ദുബൈയിലെ പ്രസിദ്ധമായ ലാബർ ക്യാമ്പ്

അബ്ര :- ദേര യുടെയും ബർദുബൈയുടെയും ഇടയിലൂടൊഴുകുന്ന കനാൽ..കുറഞ്ഞ കടത്തു കൂലിയിൽ ഇന്നും ഇവിടെ യാത്ര ലഭ്യം.

ഈന്തപ്പനതോട്ടം:- പാം ജുമൈറ

Monday, December 12, 2011

ചൂട്ട്



കടത്തുതോണിക്കരയില-
വസാനവള്ളം വരെ
‘പത്തണക്കു വെളിച്ചം' വിറ്റവ-
നവൻ യാത്രയാകുന്നു.
അവസാന യാത്ര..

കവുങ്ങിന്റെ ചിറകുകള-
രിഞ്ഞുണക്കികെട്ടി വെട്ടമ-
തിരുട്ടിന്റെ ഗ്രാമവീഥികളിലാ-
രോഹണ-മവരോഹണ
സിദ്ധാന്തം തീർത്തുറകിടത്തി
കുടിലുതേടി പോയവനിതാ
യാത്രയാകുന്നു. അന്ത്യമാം യാത്ര....

കിണുങ്ങികരഞ്ഞുറങ്ങാത്ത
നാളിലമ്മ പറഞ്ഞ ചൂട്ടിന്റെ
ഭയചകിത കഥകളിന്നെലെ
രാത്രി 'മരിച്ചുപോയത്രേ'..

കട്ടടോർച്ച് ജനിക്കാത്ത,
മെമ്പർ വിളക്കുകാൽ നാട്ടാത്ത-
നാളിന്റെ പ്രകാശ പ്രവാചകൻ
യാത്രയാകുന്നു.

ഒരു വേളയാചാരവെടിയില്ലെങ്കിലും
കടത്ത് വഞ്ചി പാലത്തിനടിയി-
ലൊരുതടിയായ് ഒലിച്ചുപോയെങ്കിലും
ചൂട്ടെന്ന വാക്കിന്റെയർത്ഥം കൂറ്റൻ
വഴിവിളക്കിൽ, കൈയിലേന്തിയ
ബ്രൈറ്റ്ലൈറ്റിൽ മാഞ്ഞുപോയെങ്കിലുമെന്തേ-
യീയവസാന 'പറങ്കിമാവിൻ മുത്തശ്ശി'
ശിരസ്സുതാഴ്ത്തി 'നമിച്ചതീ യാത്രയെ'....


സമർപ്പണം:- എന്റെ നാട്ടിലെ ചൂട്ടപ്പു എന്ന ചൂട്ടുകച്ചവടക്കാരന്..

Saturday, December 10, 2011

ഒരണ കണ്ടിട്ടുണ്ടോ?




ഒരണ കണ്ടിട്ടുണ്ടോ?

ഷോക്കേസിൽ വെച്ച
മുത്തച്ചന്റെ ലക്ഷ്മിവരാഹനോ
*പുത്തനോ അല്ല.

വക്ക് പോയൊരു
ഓട്ടണയാണ്..

പുറം തിരിഞ്ഞു നിന്ന്
അയൽക്കാരന്റെ വയലിൽ
പൊന്നു പാകി
മലനാടിനെ നോക്കി
മരണഗീതം മുഴക്കി
ഒരണക്കു കൊള്ളാത്ത
വ്യദ്ധന്റെ കാലണ
നടുതുളയിലൂടെ കരഞ്ഞു-
കൊണ്ടൊഴുകാൻ വരുന്നുണ്ട്..!!!

കണ്ടു കിട്ടുന്നവർ
ദയവായി അയച്ചു തരിക..!

കേരള സർക്കാർ
പുരാവസ്തു വകുപ്പ്
ആപ്പീസ് നമ്പർ 69
(സാമൂഹിക സാംസ്കാരിക വകുപ്പ് കാര്യാലയം)
തിരുവനന്തപുരം-1

പാരിതോഷികം നൽകപ്പെടും..

--------------------------------------







*പുത്തൻ :- വരാഹനു ശേഷം ഇറങ്ങിയ നാണയം പുത്തൻ പണക്കാർ എന്നവാക്ക് അതിൽ നിന്നായിരിക്കാം ഉണ്ടാ‍യത്.:)
ചിത്രം കടപ്പാട് അപ്പു

Thursday, December 8, 2011

ആദ്യ കവിത


ആദ്യ കവിത ഞാനെഴുതിയത്
തലതിരിഞ്ഞാണ്

ആറുമാസമെത്തിയ ഭ്രൂണം
അമ്മയുടെ ഗർഭാശയഭിത്തിയിൽ
തലതിരിഞ്ഞെഴുതുമ്പോൾ
അമ്മ അഛന്റെ കൈ ഉദരത്തുചേർത്തു,
കാതോർക്കാനെന്നു പറഞ്ഞ്
അന്നഛൻ കൊടുത്ത മുത്തം
എന്റെ കവിതയിലൊഴിച്ച തേനായിരുന്നു.

വ്യത്തമറിയാത്ത
അക്ഷരമറിയാത്ത
ഭൂമിയറിയാ‍ത്ത
ഞാനാകവിത പുണർന്ന്
വരാൻ മടിച്ചപ്പോൾ
അമ്മ പേറ്റുനോവിൽ നിലവിളിച്ചത്
സഹിക്കവയ്യാതെയാണ്
ഞാനാ കവിതയുടെ പിടി വിട്ടത്...

ആദ്യ കവിത വായിച്ചെടുക്കാൻ
ഗർഭത്തിലേക്കൊരു പിൻ വിളി
ഇല്ലാത്തതു കൊണ്ടായിരിക്കാം

ഇന്നും ഞാൻ തലതിരിഞ്ഞെഴുതുന്നത്........

Tuesday, December 6, 2011

ഓൺലൈൻ കവിത




ഒറ്റക്കണ്ണുകൊണ്ടെന്താ..
നീയിങ്ങനെ തുറിച്ച് നോക്കുന്നത്.. ?

നിന്റെ മേനിയിലെയാ-
കറുത്ത ചില്ലക്ഷരം
മുഴച്ചിരിക്കുന്നതു പോലെ...

ബാക്ക് സ്പേസിൽ
ഒന്നു മസ്സാജ് ചെയ്ത്
മൌസിൽ ചേലക്കകത്തെ
നഖക്ഷതങ്ങൾ കാണില്ലെന്നുറപ്പിച്ച്
ഡിലീറ്റിൽ അടിവസ്ത്രം മാറ്റി
എന്ററിൽ ഞാൻ നിന്നെ
നീല തെരുവിൽ വിലക്കുവെക്കാം...!!!

Saturday, November 26, 2011

ചുംബനം..



ഉപ്പിന്റെ രുചിയുള്ള
പച്ചമാംസത്തിന്റെ
പച്ചക്കു തിന്നലാണ്
എനിക്കു നിന്റെ ചുബനങ്ങൾ.

പൊടിയുന്ന രക്തരേണുക്കളിലൂടെ
എന്റെ തുപ്പുനീർ
നിന്റെ പച്ചമാംസങ്ങൾ കടന്ന്
ഹ്യദയത്തിലെത്തുമ്പോൾ

എന്റെ ചുബനം
എന്റെ പ്രണയമാകുന്നു,
എന്റെ പ്രണയം നിന്റെ ഹ്യദയവും....

Thursday, November 24, 2011

തൊലിവെളുപ്പ്......



വെളുത്തതൊലി വളർന്നപ്പോൾ
കർഷകനച്ചാരം കിട്ടിയത്
തൊടിയിൽ നിന്നു തന്നെയാണ്.

കറുത്തതൊലി തെരുവിൽ
ഉണക്കിയ മാങ്ങാതൊലി
കൂക്കി വിളിച്ചിട്ടും വാങ്ങാൻ ആളില്ലാതെ
കർഷകൻ വെണ്ടക്കകൊണ്ടെഴുതി….

“വാങ്ങുന്നവർക്ക് തൊടി അച്ചാരം’

Tuesday, November 22, 2011

ഭീകരവാദികളുടെ അച്ഛനമ്മമാർ...



‘ഞാൻ ഷമീമ കൌസർ‘
എന്നെ നിങ്ങളറിയില്ല,
മകളെയറിയും അപ്പോൾ
മുംബ്രയിലെയാളുകളെ പോലെ
നിങ്ങളെന്നെ വിളിക്കുന്നത്
തീവ്രവാദിയുടെ അമ്മയെന്നായിരിക്കും

എന്റെ മകൾ ഇസ്രത്ത്
സൽവാർ കമ്മീസിൽ പൂക്കൾ
നെയ്തെടുക്കാറുണ്ടായിരുന്നു.
ആ പൂക്കൾ വിരിയുന്നതിനു മുന്നേ
അവളടർന്നു വീണത് ,പിന്നെ
തീവ്രവാദിപ്പൂക്കളെന്നു വിളിച്ചത്
നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയും

ഇന്നു വൈകുന്നേരങ്ങളിൽ
ട്യൂഷനുവരാൻ കുട്ടികളോ
അവർക്കു പാടിക്കൊടുക്കാൻ
ഇസ്രത്തൊയില്ല, മൂലയിലെ
പഴയ ‘ഉഷ’ മെഷീനിൽ
ഞാനാരുടെയും കാലടി പതിപ്പിക്കാറുമില്ല.
അന്നും ഇടക്കിടക്കു വന്നിരുന്ന
വാടക മുതലാളി മാത്രം
ദാക്ഷിണ്യമില്ലാതെ വന്നു പോകുന്നു

ഞാൻ ഗോപിനാഥൻ പിള്ള
എന്നെ നിങ്ങളറിയില്ല
മകന്റെ പേരുപറഞ്ഞാൽ
വടക്കാട്ടുശ്ശേരി പോലുമീ പിള്ളചേട്ടനെ
വിളിക്കുന്നത് ഭീകരവാദിയുടെ അഛനെന്ന്’

എന്റെ പ്രാണ പുത്രൻ പ്രാണേഷ്
മതം മാറി ജാവേദായിട്ടും
രക്തബന്ധ വേരറുക്കാതിരുന്നത്
മതം മനുഷ്യന്റെ കാലടിയിലും
സ്നേഹം ശരീരത്തിലാകമാനവുമെന്ന
ബോധം ശിരസ്സിലുള്ളതുകൊണ്ടാണ്

കൊച്ചുമോനേയും കൂട്ടി
ഞാനവനു വാങ്ങിയ വസ്ത്രത്തിൽ
രക്തം പടർന്നു കിടന്നപ്പോൾ കട്ടപിടിച്ചത്
ഈ വ്യദ്ധന്റെ ചുടു ചോരയാണ്..

പൊതിച്ച തേങ്ങ ബോംബെല്ലെന്നും
കറുത്ത പൊന്നിൻ പൊടി
ദാനേദാര്‍ ബാരിത് ല്ലെന്നും
ഞങ്ങൾ ഭീകരാവാദികളുടെ
അഛനമ്മമാരെല്ലെന്നും കേട്ട്
ഇസ്രത്തും പ്രാണേഷും സ്വർഗ്ഗത്തിലിരുന്നു
ചിരിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്

ഈ തിരക്കിനിടയിൽ
ഞങ്ങൾ മറന്നുപോയ ഒന്നുണ്ട്
മക്കൾ നഷ്ടപ്പെട്ട വേദനയിൽ
ഞങ്ങളിനി മനം പിടഞ്ഞൊന്നു കരയട്ടെ...!!!
==================================================

കടപ്പാട്

http://www.madhyamam.com/weekly/185