Christmas Bell Widget

Monday, January 7, 2013

സിബ്ബ്




ഇടക്കിടക്ക്‌ ഭാര്യ
ചുരിദാറിന്റെ സിബ്‌ താഴ്ത്തുന്നു
ഞാൻ മൊബൈലിന്റെ
എല്ലെന്ന പാറ്റേൺ പൊക്കുന്നു.

കുട്ടി മുലകുടിക്കുന്നു
ഞാൻ മൊബൈലിൽ തലോടുന്നു
വിശുദ്ധമുല എന്ന
വിഖ്യാത ചിത്രത്തെ
സൂം ചെയ്യുന്നു.
കുട്ടിയുടെ ദാഹം മാറുന്നു
ഭാര്യ സിബ്‌ പൊക്കുന്നു.

ഞാൻ അടുത്ത പോസ്റ്റിലേക്ക്‌
പോകുന്നു
അവൾ തിരിഞ്ഞ്‌ കിടക്കുന്നു
ഞാൻ സ്ത്രീ സ്വാതന്ത്ര്യത്തിൽ
കമന്റടിക്കുന്നു
പ്രണയത്തെ കുറിച്ച്‌ സരസനാകുന്നു
അവൾ മുറുമുറുക്കുന്നു
കുട്ടി കരയുന്നു

കുഴൂർ വിൽസന്റെ
കവിത കാതിലോതട്ടെയെന്ന്
ഞാൻപുന്നാരം പറയുന്നു
കുട്ടിയുടെ കരച്ചിൽ
ഉച്ചത്തിലാകുന്നു
അവൾ വീണ്ടും
സിബ്‌ താഴ്ത്തുന്നു.

ഞാൻ അറിയാതെ ലോക്കാകുന്നു
പാറ്റേണിന്റെ ആകൃതി മറക്കുന്നു
ഇരുട്ടത്തും കുട്ടി
സുഖമായി മുലകുടിക്കുന്നു.

ഇടക്കിടക്ക്‌ ഭാര്യ...
ഇടക്കിടക്ക്‌ ഞാൻ....

ഭാര്യയുടെ സിബ്‌ പൊട്ടിപ്പോകുന്നു
അവളുടെ മുറുമുറുപ്പ്‌ ഉച്ചത്തിലാകുന്നു
കുട്ടി ഒരു കടികൊടുത്ത്‌
മുലയെരിക്കുന്നു..
അവൾ കുട്ടിക്ക്‌
ഒരടി കൊടുക്കുന്നു...
ഞാനൊരു ഗ്രൂപ്പിൽ നിന്നും
പുറത്താക്കപ്പെടുന്നു..

കുട്ടികരഞ്ഞ്‌ പൊളിക്കുന്നു
ഞാൻ ഒരാളുടെ തന്തയെ പറ്റി
അനാവശ്യം എഴുതിവെക്കുന്നു
ഭാര്യ ഇനിമുല ആർക്കും തരില്ലെന്ന്
ദൃഢപ്രതിജ്ഞയെടുക്കുന്നു...

കുട്ടിയുടെ കരച്ചിൽ ഗംഭീരമാകുന്നു
അപ്പുറത്തെ ഫ്ലാറ്റിലെ
ഫലസ്തീനി പെൺകുട്ടി
സ്വാതന്ത്ര്യകാവ്യം പാടുന്നത്‌
ഞങ്ങൾ കേൾക്കുന്നു
ഞങ്ങളുടെ മകളത്‌ കേട്ട്‌ പഠിക്കുന്നു

ഭാര്യയുടെ മുലവീണ്ടും നിറയുന്നു
എന്റെ പാറ്റേണിന്റെ
എൽ ഷേപ്പ്‌ ഞാൻ മറക്കുന്നു
ഞങ്ങളുടെ രാസപ്രവർത്തനം
സ്നേഹം ഉൽപ്പാദിപ്പിക്കുന്നു..

കുട്ടിയിപ്പോളെന്റെ ഒക്കത്താണ്‌
പുറത്ത്‌ ലുലുസെന്ററിന്റെ
വെളിച്ചം കണ്ട്‌
ലേറ്റ്‌
ലേറ്റ്‌ എന്ന് പൊട്ടിച്ചിരിക്കുന്നു

ഒറ്റപെട്ടുനിൽക്കുന്ന
ഈന്തപ്പനക്കടിയിൽ
ദേഹമാസകലം
കമ്പിളിയിട്ടുമൂടിയ
പാക്കിസ്ഥാനിയെ കണ്ട്‌
ഇവനെങ്ങനെ കാർഗ്ഗിൽ
കടക്കുമെന്ന്
അന്തം വിട്ട്‌ ചിന്തിക്കുന്നു..

ഉറങ്ങിപ്പോയ മകളുടെ
പല്ലിനിടയിൽ നിന്നും
ഞങ്ങൾ നഷ്ട്പ്പ്പെട്ട
സിബ്‌ കണ്ടെടുക്കുന്നു....

4 comments:

  1. ഇതാണോ സാര്‍ ഉത്തരാധുനികം?

    ReplyDelete
    Replies
    1. അജിത്ത് ബായ്, ഉത്തരാധുനികമൊക്കെ എത്രയോപേർ എഴുതിപ്പോയതല്ലേ.. ഇനിയും വേണോ വിചാരങ്ങൾക്ക് ഈ വിളി...

      Delete
  2. പോസ്റ്റ്‌ മോഡേണ്‍ വ്യവസ്ഥയില്‍ നിന്ന് ഒരു തിരിച്ചു പോക്ക്....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു...
    കൃത്യമായ അഭിപ്രായവും പറയണേ....

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete