Christmas Bell Widget
Tuesday, May 1, 2012
കുട്ടികളും കവികളും
കുട്ടികളും കവികളും
കാല്പന്തു കളിക്കുകയാണ്
കവികളിലെ മറഡോണ
നെരൂദ നീട്ടിയ പാസ്
മൊട്ടത്തലയൻ ട്രാൻസ്ടോമർ
നീട്ടിയടിച്ചപ്പോൾ
വഞ്ചിപ്പാട്ടു വ്യത്തത്തിൽ
മൂളിപോയൊരു വാക്ക്
എത്ര എളുപ്പത്തിലാണ്
പോസ്റ്റിനുള്ളിലിരുപ്പായത്..
കുട്ടികളപ്പോഴാണ്
വാശിമൂത്ത്
സമരകൂട്ടങ്ങളെപ്പോലെ
ഇരച്ചു വന്നത്..
അലിയെ*പ്പോലെ
മെലിഞ്ഞുണങ്ങിയൊരു കുട്ടി
എല്ലാ കവികളേയും പറ്റിച്ച്
തിരിച്ചടിച്ചപ്പോൾ
കുട്ടികളുടെ ബേക്കി തലകുത്തിമറിഞ്ഞു..
ഗോളി ന്യത്തം ചവിട്ടി..
മദ്ധ്യനിരയിലെ തടിയൻ
ബനിയനൂരി വീശി...
കാണികളായ കുട്ടികൾ
അണ്ടങ്ങ..മുണ്ടക്ക
ഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
പാട്ടുപാടി വിസിലടിച്ചു..
കവികളുടെയടുത്ത ടെച്ചപ്പിൽ
താടിവെച്ച കവി
നീട്ടിയടിച്ച പന്ത്
അർദ്ധവ്യത്തത്തിൽ പൊങ്ങി
മൈതാനത്തിനു പുറത്ത്
മാവിൻ പൊത്തിലേക്ക്..
അന്തം വിട്ട കുട്ടികളോട്
വെള്ളമൊഴിച്ചാൽ
പൊങ്ങിവരുമെന്നറിഞ്ഞിട്ടും
കുട്ടികളോട് കളിക്കാനില്ലെന്ന്
കവികൾ പറഞ്ഞൊഴിഞ്ഞതെന്തിനാണ്..?
പന്തിന്റെ ഉടമയായ കുട്ടി
ഏങ്ങിയേങ്ങി കരയുമ്പോൾ
റ്റിങ്കിൽ റ്റിങ്കിൽ ലിറ്റിൽ സ്റ്റാർ
കുട്ടികളേ നിങ്ങൾ തോറ്റുപോയല്ലോയെന്ന്
ചിരിച്ചു പെയ്തതെന്തിനാണ്...?
അലി:- ചിൽഡ്രൻ ഓഫ് ദ ഹെവൻ എന്ന പ്രശസ്തമായ ഇറാനിയൻ സിനിമയിലെ നായകനായ കുട്ടി.(Amir Farrokh Hashemian)
--------------------------------
ll
പനിനീർ പൂവ് വിരിഞ്ഞപ്പോൾ
കവികൾ പറഞ്ഞു
പ്രണയമാണെന്ന്
കവികളുടെ ഹ്യദയമാണെന്ന്..
ആദ്യപൂവ് കൊണ്ടുപോയ കവി
തിരിച്ചു വരാതായപ്പോഴാണ്
പനിനീർപൂവ് കുട്ടികളുടെതായത്
കുട്ടികളെപ്പോലെ ചിരിക്കാൻ തുടങ്ങിയത്...!
-------------------------------------------------
III
കവിസമ്മേളനം
പുലി നഗരി,
കുറുനരിയുടെ ഓരിയിടൽ
കേട്ടവരെല്ലാം കവികളാണ്
കാണുന്നവരെല്ലാം കവികളാണ്
കുട്ടികൾ മാത്രം
നഷ്ടപ്പെട്ട പിച്ചിനെ ചൊല്ലി
പാലായനത്തിലാണ്..!
-----------------------------
IV
രാജന്മാഷ് ആനകവിത ചൊല്ലും
ആനപ്പുറത്തിരുത്തും
ആനവാൽ മോതിരം ചാർത്തും
കുട്ടികളെല്ലാം ആനകളാണെന്ന്
ആനകളില്ലാത്ത മാഷ് പറയും
ആനക്കാര്യമോർത്ത്
കുട്ടികൾ ആനകൊമ്പ് പോലെ ചിരിക്കും..
----------------------------------------
V
മഹാകാവ്യം കൊണ്ട്
കുട്ടികൾ ഏറുപന്തുണ്ടാക്കി..
വ്യത്തത്തിലുള്ളത്
നേരെ പാഞ്ഞു
ഛന്ദസ്സിലുള്ളത്
മുഖത്തൊട്ടി
കാകളി കളിച്ചു..
അഞ്ചാം പാദത്തിനന്ത്യം
മഹാകാവ്യം ചപ്പിളി പിളിയായി...
Subscribe to:
Post Comments (Atom)
കൊള്ളാം ഭാവന
ReplyDeleteതാങ്ക്സ് സുമേഷ്...
Deletevery nice :)
ReplyDeleteസന്തോഷം
Deleteനല്ലവണ്ണം കഷ്ടപ്പെട്ടു ഈ കവിതക്കായി ,തുടരുക പ്രയത്നം
ReplyDeleteതുടരാം ജി ആർ ..നന്ദി..
Deleteഷാഫി, താങ്കളുടെ ഈ കവിതയും ബ്ളോഗിലെ മറ്റു കവിതകളും വായിച്ചു. തനതായ ഒരു ശൈലി താങ്കൾക്കുണ്ട്.ആശംസകൾ.
ReplyDeleteപ്രിയപ്പെട്ട ശശികുമാർ.. ഇവിടെ വന്നുവായിച്ചതിൽ സന്തോഷം പങ്കിടുന്നു. താങ്കളുടെ അനുമോദനങ്ങൾക്ക് നന്ദി..
Deleteഅണ്ടങ്ങ..മുണ്ടക്ക
ReplyDeleteഡാമ ഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്..
അല്ലീ.മല്ലീ സെയ്.
ഒരു പാട് നാളായി ഇതു കേട്ടിട്ട്,
നല്ല ഭാവന, ആശംസകള്‍.............
valare nanayittundu.... aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane........
Delete