Christmas Bell Widget

Tuesday, July 3, 2012

ഭൂഖണ്ഡങ്ങൾക്കിടയിലെ തണൽമരങ്ങൾ..






ഒരു മഞ്ഞുകാലത്താണ് സക്കീറിനു വിസകിട്ടുന്നത് . മഞ്ഞിൽ നിന്നും ഗ്രീഷ്മത്തിലേക്ക് പറന്ന അനേകായിരം “കാക്ക”കളെപ്പോലെ അവനും ദുബായ് നഗരത്തിലെത്തിച്ചേർന്നു. പരീദ്ക്കാ എന്ന ചാലിശ്ശേരിക്കാരന്റെ ഡെസേർട്ട് ഡ്രീംസ് എന്ന ഗ്രോസറിയിൽ ഡെലിവെറി ബോയ് ആയി ജോലിയാരംഭിച്ചു.

ഇതേ സമയത്ത് തന്നെയാണ് എത്യോപ്യയിലെ അത്യുഷ്ണത്തിൽ നിന്നും ഒരു കറുത്ത പെൺകുട്ടിയാത്രതിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ പറുദീസയിൽ നിന്നും പറന്നുവന്ന പെൺകുട്ടി ഡെസേർട്ട് ഡ്രീംസിന്റെ തൊട്ടുമുന്നിലെ നൂർ അൽ ഹൂനി എന്ന പ്രസിദ്ധനായ അറബിയുടെ വീട്ടുജോലിക്കാണ് വന്നെത്തിയത്.

ഗ്രോസറിയിലെ ദിവസങ്ങൾ സക്കീറിനു പരീക്ഷണഘട്ടമായിരുന്നു.രാവിലെ ആറ് മുതൽ രാത്രി പന്ത്രണ്ട് വരെയുള്ള ദീർഘമായ ജോലി, ഇടയിൽ ദാനമാ‍യി ലഭിക്കുന്ന ഉച്ചയുറക്കം, ഫോണിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കനത്ത ഉഷ്ണം വകവെക്കാതെ അതതു ഫ്ലാറ്റുകളിലെത്തിക്കണം, ആദ്യമാദ്യം അവനു ജോലിയോട് അവജ്ഞതോന്നി. പിന്നെ ഡെലിവെറിബോയുടെ ദുബായ് നിലവാരം ഇത്രയൊക്കെയേ ഉള്ളൂവെന്ന് മനസ്സിലായപ്പോൾ വീട്ടിലെ പട്ടിണിക്കുമുന്നിൽ ദുബായിലെ ചൂടൊക്കെ തോൽക്കാൻ തുടങ്ങി. അവനു സന്തത സഹചാരിയായി ഒരു സൈക്കിളും പരീദ്ക്കാ കൊടുത്തു. നാട്ടിൽ കൂട്ടുകാരുടെ ബൈക്കിൽ മാത്രം സഞ്ചരിച്ച് ഭൂമിയിൽ സ്പർശിക്കാ‍ത്ത സക്കീറങ്ങനെ വീണ്ടും നല്ലൊരു സൈക്കിൾ സവാരിക്കാ‍രനായി മാറി..


അറബിവീട്ടിലെ അറബിയുടെ ഭാര്യ ഒരു ദുഷ്ടകഥാപാത്രമാണ്, എത്യോപ്യക്കാരി പെൺകുട്ടിയോട് ഒരു ദയയും അവർ കാണിച്ചിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും പണിയെടുത്താൽ അവസാനിക്കാതത്ര ഉയരത്തിലായിരുന്നു ആ മാളിക. കൊട്ടാരം പോലുള്ള വീട് വ്യത്തിയാക്കണം. വസ്തങ്ങൾ കഴുകണം, ഭക്ഷണം പാകം ചെയ്യണം, കുട്ടികളെ നോക്കണം, പെൺകുട്ടിയുടെ കണ്ണുകൾ അവളുടെ ദൈന്യം മുഴുവൻ പേറിയിരുന്നു.


ഇടക്ക് ഗ്രോസറിയിൽ നിന്നും സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ വെള്ളത്തിന്റെ വലിയ ബോട്ടിലും തോലിലേറ്റി കൈയിൽ നിറയെ സാധനങ്ങളുമായി സക്കീറ് ദിവസം തോറും വരുമായിരുന്നു. അങ്ങനെ അവർ അവർക്ക് രണ്ടുപേർക്കും അറിയാത്ത ഭാഷയിൽ കണ്ണുകൊണ്ടും ആഗ്യംകൊണ്ടും സംസാരിക്കാൻ തുടങ്ങി.

ഉമ്മയുടെ വിവരങ്ങൾ അറിയാൻ ഇടക്കിടെ ഫോൺചെയ്യും. “സുഖമല്ലെ മോനെ നിനക്കവിടെ” എന്നചോദ്യം അവന്റെ കണ്ഠമിടറും എങ്കിലും തന്റെ വിഷമതകൾ ഒന്നും ഒന്നുമല്ലെന്ന് അവൻ സ്വയം സമാധാനിച്ചിരുന്നത് പെൺകുട്ടിയുടെ അവസ്ഥഓർത്താണ്. അതുകൊണ്ട് തന്നെ “എനിക്കിവിടെ സുഖമാണുമ്മാ”, ലോണും കാര്യങ്ങളും മുടങ്ങാതെ അടക്കേണ്ടതിനെ കുറിച്ചും ഉമ്മയുടെ മരുന്നിനെ കുറിച്ചും ഓർമിപ്പിക്കും.

ഇടക്കൊക്കെ അവരുടെ സംസാരങ്ങളിൽ പെൺകുട്ടിയും സ്ഥാനം പിടിക്കും അറബിപെണ്ണിന്റെ മനസ്സുമാറി പെൺകുട്ടിക്ക് സന്തോഷമുള്ള ദിനങ്ങൾ പ്രദാനം ചെയ്യണേയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ അവൻ ഉമ്മാനെ ഓർമിപ്പിക്കും. ആ ഉമ്മയുടെ പ്രാർത്ഥനകളിലെല്ലാം കറുപ്പും തവിട്ടുമാർന്ന രണ്ടു മക്കൾക്ക് ദൈവത്തിന്റെ കാരുണ്യത്തിനായി യാചിച്ചുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ആദ്യത്തെ റംസാൻ വന്നത്. ഇപ്പോൾ സക്കീറിന് തന്റെ കസ്റ്റമർമാരെയെല്ലാം നല്ലപോലെ അറിയാം, അവർക്കെല്ലാം സക്കീറിനെ നല്ല മതിപ്പാണ്. അവനോട് പ്രത്യേക സഹാനുഭൂതിയും ഉണ്ട് . അതെല്ലാം ചെറിയ ചെറിയ നാണയങ്ങളായി അവനു കിട്ടിതുടങ്ങി. അതവൻ ഒട്ടും ധൂർത്തടിക്കാതെ സ്വരൂപിച്ചുവെച്ചുകൊണ്ടിരുന്നു.

തന്നെകാൾ കഴിവ് കുറഞ്ഞവന് സക്കാത്ത് നൽകണമെന്ന് ഉമ്മ അവനെ ഓർമിപ്പിച്ചതും ഈ റമദാൻ സമയത്തായിരുന്നു. തനിക്കു കിട്ടിയ നാണയങ്ങളിൽ നിന്നും ഒരു ഭാഗം പെൺകുട്ടിക്ക് കൊടുക്കാമെന്ന് അവൻ ഉമ്മാക്ക് ഉറപ്പുകൊടുത്തു. അതിനു വേണ്ടി റമദാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസം തന്നെ അവൻ തിരഞ്ഞെടുത്തു.


ഉച്ചഭക്ഷണത്തിനു കിട്ടുന്ന ഒഴിവ് വേളയിൽ അവൻ തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ചു. ഒരു വർഷകാലത്തെ തന്റെ സമ്പാദ്യം അവനെ നോക്കി ചിരിച്ചുകാണിച്ചു. വെള്ളിനാണയങ്ങൾ മൂന്നു ക്രിത്യഭാഗമായി പകുത്ത് ഒരു ഭാഗം ഉമ്മാക്ക് പെരുന്നാളിനും, ഒരു ഭാഗം പെൺകുട്ടിക്കും ശേഷിക്കുന്നത് തനിക്ക് പെരുന്നാളിന് വസ്ത്രങ്ങളെടുക്കാനും മാറ്റിവെച്ചു. ഉച്ച വിശ്രമത്തിനു അവനു ഉറക്കം വന്നതേയില്ല. നാണയങ്ങൾ പരീദ്ക്കാക്ക് കൊടുത്ത് നോട്ടാക്കി പെൺകുട്ടിക്ക് നൽകുന്നതിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവൻ. അങ്ങനെ അഞ്ച് മണിക്ക് നാണയങ്ങളുമായി അവൻ ഗ്രോസറിയിലേക്ക് പോയി..


അന്ന് ഗ്രോസറിയിൽ പരീദ്ക്കാക്ക് പതിവില്ലാവിധം ഒരു മന്ദസ്മിതം ഉണ്ടായിരുന്നു. നണയങ്ങളെല്ലാം പരീദ്ക്കാക്ക് കൊടുത്ത് നോട്ട് നൽകുന്ന നേരം പരീദ്ക്ക പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിന്നെയും ചോദിച്ച് ആ എത്യോപ്യക്കാരി വന്നിരുന്നു. നിന്നെ ഏൽ‌പ്പിക്കാൻ ഒരു കവറും തന്നാ അവൾ പോയത്.”


നിനക്കെന്താ അവളോട് വല്ല ചുറ്റിക്കളിയും ഉണ്ടോടാ...

പരീദ്ക്കാ പൊട്ടിച്ചിരിച്ചു..ഇടക്കുമാത്രം പിശുക്കി ചിരിക്കുന്ന പരീദ്ക്കാടെ പൊട്ടിച്ചിരി അവനെ കുറച്ചൊന്നുമല്ല മ്ലാനനാക്കിയത്..


“എന്തായിരിക്കും കവറിൽ , ഇനി അവളെങ്ങാ‍നും ജോലി അവസാനിപ്പിച്ച് പോയിക്കാണുമോ ? പടച്ച റബേ ....



കവർ പൊട്ടിക്കുമ്പോൾ കൈ എന്തിനെന്നില്ലാതെ വിറച്ചു.. യാന്ത്രികമായ് അവൻ കത്തു തുറന്നപ്പോൾ അതിൽ നിന്നും ഒരു വെള്ളക്കടലാസും നൂറ് ദിർഹവും അവന്റെ കൈവെള്ളയിലേക്കൂർന്നുവീണു.. അത് അവനെ നോക്കി പുഞ്ചിരിക്കുമ്പോൾ ഭൂമിയിലെ നിലമില്ലാ കയത്തിലേക്ക് വീണുപോകുന്നപോലെ.... നൂറ് അൽ ഹൂനിയുടെ വീടിനെ അതിജീവിച്ച് ഉയരത്തിൽ വളർന്നു വലുതായ ഒരു ഈന്തപ്പനയായി അവൾ ലോകത്തെ നോക്കി പുഞ്ചിരിക്കുന്നപോലെ അവനു തോന്നി..



വെള്ളക്കടലാസിൽ അവളുടെ ഭാഷയിൽ ഇങ്ങനെ കുത്തികുറിച്ചിരുന്നു..“ ഈദ് മുബാറക്ക്...”





ലോകത്തിലെ രണ്ടുകോണിൽ രണ്ടമ്മമ്മാരപ്പോൾ പിറന്ന മണ്ണ് വിട്ട് അന്നം തേടിപ്പോയ ലോകത്തിലെ സകലമാന സന്താനങ്ങൾക്കും വേണ്ടി മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു..

10 comments:

  1. നല്ല കഥ. വളരെ ഇഷ്ടമായി. അമ്മയുടെ സ്നേഹത്തിനു കാലദേശ ഭേദമില്ല.

    ReplyDelete
    Replies
    1. അതെ മുല്ല അമ്മമാരുടെ സ്നേഹം തന്നെയാണ് നമ്മെ പ്രതിസന്ധികളിൽ നിന്നും പലപ്പോഴും അതിജീവിപ്പിക്കുന്നത്..

      Delete
  2. അവള്‍ മടങ്ങിപ്പോയിക്കാണും എന്നാണ് കരുതിയത്‌. നല്ല കഥ. ആശംസകള്‍.

    ReplyDelete
  3. കൊള്ളാം ... ആശംസകള്‍ :)

    ReplyDelete
  4. എത്ര സുന്ദരമായ കഥ. ഒത്തിരിയിഷ്ടപ്പെട്ടു ഈ സിമ്പിള്‍ കഥ, സ്നേഹത്തിന്റെ കഥ.

    ReplyDelete
    Replies
    1. സന്തോഷം അജിത്തേട്ടാ..

      Delete
  5. നല്ല കഥ, "ഈദു മുബാറക്ക്" ഇത് കഥയിലെ...
    ഇനി ഓണാശംസകള്‍

    ReplyDelete