Christmas Bell Widget

Thursday, June 21, 2012

വീട് ഒരു വിചാരം..




ഗ്രാമത്തിൽ ധാരാളം വീടുകളുണ്ട്
ഓലമേഞ്ഞത് - ഓടിട്ടത്
ആസ്ബ്റ്റോസ് വിരിച്ചത് - വാർത്തത്

ഗ്രാമത്തിൽ ധാരാളം ആളുകളുണ്ട്
കറുത്തവർ - വെളുത്തവർ
മെലിഞ്ഞവർ - തടിച്ചവർ
പാവങ്ങൾ - പണക്കാർ

ആളുകൾക്ക് ആളുകളോടെന്നപോലെ
വീടുകൾക്ക് വീടുകളോടും അസൂയയുണ്ട്

മട്ടുപ്പാവിലിരുനു
ഓടിനെ പ്രേമിച്ചാൽ
പ്രേമത്തിന്റെ മൂലോട് പൊട്ടും
കവലയിലിരുന്ന് ഓലയും ആസ്ബറ്റോസും
കളിയാക്കി ചിരിക്കും


ഓല ഓടിനോട് പെണ്ണുചോദിച്ചാൽ
ഓലക്ക് പെണ്ണില്ലെന്നും
ഓടെടാ പട്ടീന്നും
ഓലയുടെ ബ്രോക്കറെ ഭീഷണിപ്പെടുത്തും

വാർപ്പ് ഓലസുന്ദരിയെ പ്രേമിച്ചാലോ
ഒരു ദിവസം ഓലകുട്ടി അപ്രത്യക്ഷയാകും
ടൂറുകഴിഞ്ഞ് പെൺകുട്ടി വീട്ടിലിരിപ്പാകും
ഊഞ്ഞാലാടിയില്ലെങ്കിൽ താരാട്ട് പാടും.

ഗ്രാമത്തിൽ അലിഖിത നിയമമുണ്ട്
വാർപ്പിന് - വാർപ്പ്
ഓടിന് -ഓട്
ഓലക്ക് -ഓല
ആസ്ബറ്റോസിന് -ആസ്ബറ്റോസ്.
അമ്മമാർ കുട്ടികൾക്കതിന്റെ
ചേരുമ്പടി ചേർത്തുകൊടുക്കും.

രാത്രിയായാൽ
വീടുകളിൽ ആണുങ്ങളും പെണ്ണുങ്ങളും
എന്താണ് ചെയ്യുന്നതെന്ന്
നിലാവെളിച്ചത്തിൽ
ഓരോ വീടും പരസ്പരം ഒളിഞ്ഞു നോക്കും.

പരിക്ഷീണിതരായ ആളുകൾ
അവസാന വെളിച്ചവും അണക്കുമ്പോൾ
അസൂയാലുക്കളായ വീടുകൾ
അവർക്ക് കാവൽ കിടക്കും.

രാത്രിയുടെ ചില ഇലയനക്കങ്ങളിൽ
വിട്ടുപോയതിന്റെ പൂരിപ്പിക്കുന്ന
ചില അപഥ സഞ്ചാര മാർഗങ്ങൾ
ഓരോ നിയമത്തിനും
ഓരോ വീടിനും
തിരശ്ചീനമായി സഞ്ചരിക്കുന്നുണ്ടെന്ന്
വീടില്ലാത്തവരുടെ ദൈവങ്ങളായ
എകെജിയും, ഇഎം എസ്സും
ഗാന്ധിയും ഇന്ദിരാഗാന്ധിയും
ബസ്റ്റോപ്പിലിരുന്ന് തർക്കിക്കുന്നത്
കേട്ട് കേട്ടങ്ങുറങ്ങും
വീടില്ലാത്ത സുകുമാരൻ..

5 comments:

  1. വാർപ്പ് വീട്ടിലെ പെണ്ണിനെ
    ഓട് വീട് പ്രേമിച്ചാൽ
    പ്രേമത്തിന്റെ മൂലോട് പൊട്ടും..ഇങ്ങനെയൊക്കെ ഉണ്ടല്ലേ ...വെത്യസ്തമായൊരു കവിത ..ഏതായാലും നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. അങ്ങനെയൊന്നുമില്ലന്നേ, നമുക്കുവെറുതെ തോന്നുന്നതല്ലേ റൈഹാന..:)

      Delete
  2. ഉള്ള കാര്യം തന്നെ ....
    ആദ്യം നോക്കുന്നത് വീട് തന്നെ ..അവിടെ ഈ പറഞ്ഞ
    കാര്യങ്ങള്‍ എല്ലാം ഉണ്ട് അതാണ്‌ ലോകം ...
    സമത്വം ഒക്കെ പറച്ചിലില്‍ മാത്രം ...
    ആദ്യം വീട് നോക്കി വിലയിടും ....
    മനുഷ്യ മനസ്സിന്റ്റെ സൌദര്യം കാണുന്നവര്‍ ചുരുക്കം ...

    ReplyDelete
    Replies
    1. yes nandini, sathyathinu anganeyum mugangalundu.

      Delete
  3. രാത്രിയുടെ ചില ഇലയനക്കങ്ങളിൽ
    വിട്ടുപോയതിന്റെ പൂരിപ്പിക്കുന്ന
    ചില അപഥ സഞ്ചാര മാർഗങ്ങൾ
    ഓരോ നിയമത്തിനും
    ഓരോ വീടിനും
    തിരശ്ചീനമായി സഞ്ചരിക്കുന്നുണ്ടെന്ന്
    വീടില്ലാത്തവരുടെ ദൈവങ്ങളായ
    എകെജിയും, ഇഎം എസ്സും
    ഗാന്ധിയും ഇന്ദിരാഗാന്ധിയും
    ബസ്റ്റോപ്പിലിരുന്ന് തർക്കിക്കുന്നത്
    കേട്ട് കേട്ടങ്ങുറങ്ങും
    വീടില്ലാത്ത സുകുമാരൻ..

    തീക്ഷണമായ വരികള്‍ സുഹൃത്തെ ..
    ആശംസകള്‍

    ReplyDelete