മഴവരുമ്പോഴും
കാറ്റു വരുമ്പൊഴും
മനസ്സ് തുള്ളിച്ചാടും
അതിന്റെ ശക്തിയിൽ
നമ്പ്യാരുടെ മാവിഞ്ചൊടാടും
മാങ്ങകൾ വീണുരുളും
മഴമാറുമ്പോഴും
കാറ്റുവഴിമാറുമ്പോഴും
പൊന്തക്കാട്
കുഞ്ഞുങ്ങളെ പ്രസവിക്കും
വേലി ചാടിയെത്തിയ
കുട്ടികൾ മാങ്ങതിരയുമ്പോൾ
“ഓടിനെടാ കള്ളന്മാരെ”യെന്നു പറഞ്ഞ്
നമ്പ്യാരോടിവരും
വേലി ചാടി
ദേഹം മുറിഞ്ഞാലും
“കട്ടുതിന്നണ മാങ്ങക്കെന്താ
ഇത്ര മധുരമെന്ന്”
കുഞ്ഞികണ്ണുകൾ
കണ്ണിറുക്കി ചോദിക്കും.
കട്ടപാപം
തിന്നു തീർത്ത്
നമ്പ്യാരെ ...
“അണ്ടിയാ പോയ്
കുണ്ടികാട്ടിക്കോയെന്ന്”
കുഞ്ഞികൈകൾ
കാലിൽ വീണ് മാപ്പിരക്കും..
-------------
ll
മഴവരുമ്പോഴും
കാറ്റു വരുമ്പോഴും
പാടം അശ്ലീല സിനിമ
പ്രക്ഷേപണം ചെയ്യാറുണ്ട്.
കൂടെ നടന്നിട്ടും
കൂട്ടു തരാത്ത
കൂട്ടുകാരിയുടെ
തുട നനച്ചതും
കുട തട്ടിയെടുത്തതും
ഒരു മഴ സിനിമ തന്നെ.
അന്നെന്റെ കുട
എത്ര പ്രണയാതുരമായാണ്
ഞങ്ങളെ കരയെത്തിച്ചത്..
പക്ഷെ ..
കുഞ്ഞുങ്ങൾ അഭിനയിക്കുന്ന
സിനിമയിൽ അശ്ലീലമില്ലെന്നും
പറന്നുപോയ കുടയുടെ കരച്ചിൽ
വീടുവരെയെത്തുമെന്നും
ആർക്കാണ് അറിയാത്തത്..!
lll
തെണ്ടിത്തിരിഞ്ഞ്
പാടത്തിരിക്കുമ്പോൾ
ആകാശത്തിന്റെ
മുഖമൊന്നു കാണണം..
ജോലിയും കൂലിയുമില്ലാത്തവൻ
കാരണം ബോധിപ്പിക്കുമ്പോഴേക്കും
ചന്നം പിന്നം
എറിഞ്ഞു തുടങ്ങും..
കൃത്യം സുശീലേച്ചിയുടെ
മുറ്റത്തെത്തുമ്പോൾ
ജോലിയില്ലാത്തവരുടെ
മഹാസമ്മേളനം കാണാം.
ഞങ്ങളുടെ പതാക
തലമാറ്റം ചെയ്ത്
ഇക്കൊല്ലം നമ്മൾ
ഭൂരിപക്ഷം നേടുമെന്ന്
പാർട്ടി റിപ്പോർട്ടിറക്കി
കട്ടൻ കാപ്പി കുടിപ്പിച്ച്
യോഗം പിരിച്ചു വിടും
ഞങ്ങളുടെ നേതാവ് സുശീലേച്ചി..!!
IV
കോരിച്ചൊരിഞ്ഞൊരു മഴ
എത്രവേഗമാണ് പെയ്തൊഴിഞ്ഞത്
ഹൃദയത്തിന്റെ നിറമുള്ള
മൂലോടിനിന്നിപ്പോഴും
ഉതിർന്നു വീഴുന്നുണ്ട്
കാണാതെപോയ ഇടവത്തുള്ളികൾ
Good
ReplyDeleteകോരിച്ചൊരിഞ്ഞൊരു മഴ
ReplyDeleteഎത്രവേഗമാണ് പെയ്തൊഴിഞ്ഞത്
ഇന്നലകളുടെ ഓര്‍മ്മ പുസ്തകം ...നന്നായിട്ടുണ്ട്