Christmas Bell Widget

Tuesday, November 22, 2011

ഭീകരവാദികളുടെ അച്ഛനമ്മമാർ...



‘ഞാൻ ഷമീമ കൌസർ‘
എന്നെ നിങ്ങളറിയില്ല,
മകളെയറിയും അപ്പോൾ
മുംബ്രയിലെയാളുകളെ പോലെ
നിങ്ങളെന്നെ വിളിക്കുന്നത്
തീവ്രവാദിയുടെ അമ്മയെന്നായിരിക്കും

എന്റെ മകൾ ഇസ്രത്ത്
സൽവാർ കമ്മീസിൽ പൂക്കൾ
നെയ്തെടുക്കാറുണ്ടായിരുന്നു.
ആ പൂക്കൾ വിരിയുന്നതിനു മുന്നേ
അവളടർന്നു വീണത് ,പിന്നെ
തീവ്രവാദിപ്പൂക്കളെന്നു വിളിച്ചത്
നിങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയും

ഇന്നു വൈകുന്നേരങ്ങളിൽ
ട്യൂഷനുവരാൻ കുട്ടികളോ
അവർക്കു പാടിക്കൊടുക്കാൻ
ഇസ്രത്തൊയില്ല, മൂലയിലെ
പഴയ ‘ഉഷ’ മെഷീനിൽ
ഞാനാരുടെയും കാലടി പതിപ്പിക്കാറുമില്ല.
അന്നും ഇടക്കിടക്കു വന്നിരുന്ന
വാടക മുതലാളി മാത്രം
ദാക്ഷിണ്യമില്ലാതെ വന്നു പോകുന്നു

ഞാൻ ഗോപിനാഥൻ പിള്ള
എന്നെ നിങ്ങളറിയില്ല
മകന്റെ പേരുപറഞ്ഞാൽ
വടക്കാട്ടുശ്ശേരി പോലുമീ പിള്ളചേട്ടനെ
വിളിക്കുന്നത് ഭീകരവാദിയുടെ അഛനെന്ന്’

എന്റെ പ്രാണ പുത്രൻ പ്രാണേഷ്
മതം മാറി ജാവേദായിട്ടും
രക്തബന്ധ വേരറുക്കാതിരുന്നത്
മതം മനുഷ്യന്റെ കാലടിയിലും
സ്നേഹം ശരീരത്തിലാകമാനവുമെന്ന
ബോധം ശിരസ്സിലുള്ളതുകൊണ്ടാണ്

കൊച്ചുമോനേയും കൂട്ടി
ഞാനവനു വാങ്ങിയ വസ്ത്രത്തിൽ
രക്തം പടർന്നു കിടന്നപ്പോൾ കട്ടപിടിച്ചത്
ഈ വ്യദ്ധന്റെ ചുടു ചോരയാണ്..

പൊതിച്ച തേങ്ങ ബോംബെല്ലെന്നും
കറുത്ത പൊന്നിൻ പൊടി
ദാനേദാര്‍ ബാരിത് ല്ലെന്നും
ഞങ്ങൾ ഭീകരാവാദികളുടെ
അഛനമ്മമാരെല്ലെന്നും കേട്ട്
ഇസ്രത്തും പ്രാണേഷും സ്വർഗ്ഗത്തിലിരുന്നു
ചിരിക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്

ഈ തിരക്കിനിടയിൽ
ഞങ്ങൾ മറന്നുപോയ ഒന്നുണ്ട്
മക്കൾ നഷ്ടപ്പെട്ട വേദനയിൽ
ഞങ്ങളിനി മനം പിടഞ്ഞൊന്നു കരയട്ടെ...!!!
==================================================

കടപ്പാട്

http://www.madhyamam.com/weekly/185

Monday, November 21, 2011

ഒട്ടകങ്ങളുണ്ടാകുന്നത് ....


മകളെ കെട്ടിക്കാനാണ്
അയാൾ പ്രവാസിയായത്
ഇന്നയാ‍ളെ വിളിച്ചതാമകളായിരുന്നു.
അവൾ മൊഴിഞ്ഞതിത്രമാത്രം........

ഇനി യൊരഞ്ചു വർഷം
കുഞ്ഞുമോളെ കെട്ടിക്കണം..

നരവീണകേശങ്ങൾ
അയാളുടെ വിധിയോർത്തു
വീണ്ടും കൊഴിഞ്ഞു കൊണ്ടിരുന്നു

മരുഭൂമിയുടെ ചൂട് അയാളുടെ
കണ്ണടയുടെ വട്ടം കൂട്ടികൊണ്ടിരുന്നു
ഒരു ചോദ്യചിഹ്നം പോലെ കണ്ണടകാലുകൾ....

നാട് അയാൾക്കറിയാത്ത
വഴിത്താരകളാണ്
മാസാ‍ദ്യം അയക്കുന്ന ഉരുപ്പടി
അതു കിട്ടിയോയെന്നറിയാനുള്ള ഫോൺ വിളി
അതായിരുന്നു അയാളുടെ കുടുംബം..

അയാൾ കരഞ്ഞില്ല
മരുച്ചൂടിന്റെ കാഠിന്യം
വിയർപ്പുതുള്ളികൾ
തിമിരകണ്ണിലേക്കിറ്റിവീണു.............

അയാൾ നേരെ ഒട്ടകശാലയിലേക്ക് നടന്നു
ഇന്നു ഒട്ടകങ്ങളെ ദൂരെ കൊണ്ടുപോണം
എന്നത്തെയും പോലെ
മരുപച്ചകൾ തേടിയുള്ള യാത്ര............

അയാൾ ഒട്ടകങ്ങൾക്കു പിറകിലായാണ് നടന്നത്........

ഡാമുകൾ പറയുന്നത്



കവി കരയുന്നു ‘ആറ് മരിച്ചെന്ന്'
എൻ ചിതാഭസ്മം നിളയിലൊഴുക്കു-
മുറിഞ്ഞ് മണൽ തിട്ടയിൽ തട്ടി നിൽക്കുമെന്ന്

ഡാമു പറയുന്നു ഞാനൊരു സാഗരമായ്
ഒഴുകിത്തിമിർക്കാൻ പോണെന്ന്
ഇനിയൊരന്ത്യോപചാരമില്ലാതെ,
ചിതക്കു മാറ്റിവെച്ചൊരാ ചന്ദനതടികൊണ്ടു കൂടി-
നിങ്ങളെയും കൊണ്ടൊഴുകാൻ പോണെന്ന്

പുഴക്കു മുകളിൽ പൂഴിമണ്ണ് തിരഞ്ഞവരോട്
നിളയുടെ ശ്വാസനാളത്തിലേക്ക് വിഷവായു
കടത്തി കൊന്നവരോട്, ക്ഷമയില്ല
മദമിളകികൊണ്ടുപോകാൻ വെമ്പലാണീ ഡാമിന്..

പുഴയൊഴുകാത്ത പട്ടണങ്ങൾ,
നിണം മണക്കുന്ന ചേരികൾ
മാംസം തെറിച്ച റെയിൽ വേ ട്രാക്കുകൾ
പെണ്ണിനെ ചവച്ചരച്ച മുക്കും മൂലയു-
മെല്ലാമൊന്നു കഴുകണം വെടിപ്പായി
ഡാമിനൊന്നു ശുദ്ധികലശം ചെയ്യണമെത്രെ...

പുഴയെക്കൊന്ന് മദിച്ചൊരു വർഗ്ഗമേ
കാടിനെ വെളുപ്പിച്ച്, പുകവമിപ്പിച്ച്,
ജല മൂറ്റിയെടുത്തു, നീരുതടഞ്ഞ്
ജനനിയെ കരയിച്ച മർത്ത്യ മ്യഗങ്ങളേ,
നിന്നിലേക്കൊരു ജലപ്പീരങ്കി ഞാൻ
കാത്തുവെച്ചിട്ടുണ്ടതു നിർഭയം തൊടുക്കുവാൻ
അമ്മയും പെങ്ങളും, മക്കളും, പൈതലു-
മെല്ലാം കൊന്നൊടുക്കുവാൻ കണ്ണടക്കുന്നു ഞാൻ
ഭ്രാന്തിയായൊന്നൊഴുകട്ടെ തുടച്ചു കളയട്ടെ
നിൻ വിക്യത ചിത്രങ്ങളീ ഭൂമിയിൽ...

Saturday, November 19, 2011

ചില പേടിപ്പെടുത്തലുകൾ..


രാത്രി പറങ്കിമാവിൻ കാട്ടിലൂടെ
സഞ്ചരിക്കുമ്പോൾ പേടിച്ചതു
യക്ഷിയേയോ, മാടനേയോയല്ല,
വഴിതെറ്റിവീഴാവുന്ന പൊട്ടകിണറിനെയാണ്..

കലാലയത്തിൽ കലാപകാ‍രനെന്നു
സ്വഭാവ പത്രത്തിൽ മുദ്രയിട്ടു
പുറം തള്ളിയപ്പോൾ പേടിച്ചതു
ഭാവിയോ, ജോലിയോ,പരീക്ഷയോയല്ല
ഒരു പ്രണയലേഖനത്തിന്റെ മറുപടിയാണ്...!

മണൽകാട്ടിൽ അമ്മാവൻ മൂന്നു സംവത്സരം
കൂ‍ട്ടിലിട്ട് ,അപ്പണി വെറുത്തു,പോകുമ്പോൾ
പേടിച്ചതു നോ എൻ ട്രിയോ, വിസയോ
ഒഴുക്കു നിലക്കുന്ന ദിർഹംസോ അല്ല.
നിശബ്ദമായിരുന്ന മൂന്നു വർഷത്തിന്റെ
പ്രണയം എന്റെ മുഖത്തുമുളച്ച മീശ
തിരിച്ചറിയാതെ പോകുമോയെന്നായിരുന്നു....

മരുഭൂമി വീണ്ടും വിളിച്ചു ഞാൻ വിളികേട്ടു,

സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന
കാര്യസ്ഥന്റെ 'ശനി' അടിയറവിൽ
ഒപ്പുവെക്കാതിരുന്നതിൽ പുറം തള്ളിയപ്പോൾ
പേടിച്ചതു, സ്റ്റാറ്റസോ, ഉദ്ദ്യോഗ കയറ്റമോ
കുടുംബത്തിനുല്ലസിക്കാനുള്ള ബംഗ്ലാവോ
ഷൈക്ക് സായിദ് റോഡിൽ പായുന്ന കോറോളയോയല്ല
അവസാന, താലി പണയം വെക്കാൻ
ഭാര്യയുടെ സമ്മത മൊഴിയായിരുന്നു.

പിന്നേയും മരുഭൂമി വിളിച്ചു. ഞാൻ വിളികേട്ടു..
പിന്നെയും ചില ചീറ പേടിപ്പെടുത്തലുകൾ....

Tuesday, November 15, 2011

പ്രവാസം


ഞാൻ മണ്ണിൽ നിന്നും
മരുഭൂവിലേക്ക് പറിച്ചു നട്ട
പുതിയ ഇനം ഞാ‍റാണ്.

ഒന്നിനു നൂറ്റിപതിമൂന്നു മേനി-
വിളവുകൊയ്യാൻ നിങ്ങൾക്കിനി-
തോട് പൊട്ടിച്ച്,വെള്ളമൂറ്റുന്നതിനു
കരക്കാരുടെ ചീത്തവിളിയോ
തണ്ടു തുരപ്പനെ തുരത്താൻ
രാത്രി സഞ്ചാരമോ വേണ്ട.!

മരുഭൂമിയുടെ പൊള്ളുന്ന മണൽ-
തരിയിലാണ്ടു പോയെൻ വേരുകൾ
കരിഞ്ഞുണങ്ങിയെങ്കിലുമെന്റെ
മേനിക്കെന്തൊരു ഹരിതഭംഗി..!

ഞാനൊരിക്കൽ നട്ട് ഒരിക്കൽ മാത്രം
കൊയ്തെടുക്കേണ്ടവനല്ല
ഒറ്റ നടീലിൽ പത്താഴമെന്നും
നിറച്ചിടാൻ തൊണ്ണൂറു ദിനമെത്തിയ
വിളഞ്ഞ കതിരാണുമെന്നും ഞാൻ.

ഇനിയെന്നെ തൊണ്ണൂറിലെങ്കിലും തിരിച്ചെടുക്കുക.

Saturday, November 12, 2011

ഓന്ത്.....


പച്ചിലംകാടിന്റെയുള്ളിൽ
പച്ച പുതച്ചും
പുളിമരത്തിന്റെ മുകളിൽ
പുളിയായ് ഞാന്നും
കരിയിലകൾക്കിടയിൽ
മണ്ണിൽ കാരോടിയും
നടന്നിരുന്ന പഴയ ഓന്തിന്നു-
നിറക്കൂട്ടുകൾ വിൽക്കുന്നു.....!!

മുഖപുസ്തകത്തിൽ മാറ്റുന്ന
‘പുതുമുഖ’ങ്ങളായും
ലൈക്കിനു താഴെ
തൂങ്ങിക്കിടക്കുന്ന കമന്റുകളായും
പോസ്റ്റുകൾക്കിടയിൽ വിലസുന്ന
അപരന്നായും
അപരന്നായ് വന്ന് ‘ഭരണി' പാടുന്ന
അജ്ഞാതനായും
നാഴികക്കു നാൽ‌പ്പതു വട്ടം
നിറം മാറാൻ ‘ഫേസ് ബുക്കാണ്'
ആ പഴയ പേറ്റന്റ് വാങ്ങിയത്...!!!

നിറക്കൂട്ടു വിറ്റ ആ ‘മൂപ്പനോന്ത്'
അവസാനമായി പറഞ്ഞത്..!

ശാപം കിട്ടിയ ആ പഴയ
ഉപമ ഇനി മറക്കുക..

ഇനിയാരുമാരേയും ഞങ്ങളെ ചൊല്ലി
പഴിക്കാതിരിക്കട്ടെ, .....!

Friday, November 11, 2011

ഹ്യദയം പുകയുമ്പോൾ.....




ഹ്യദയം പുകക്കുന്നവരെത്ര
‘ ഭാഗ്യവാന്മാർ‘.....!!!

ഹ്യദയം വിതുമ്പുമ്പോൾ
പുകക്കു മാത്രം സഞ്ചാരമുള്ളോരീ-
യിടനാഴിയിലുടെ കടന്നു ചെന്നാ-
ഓർമകളെ കരിപിടിപ്പിക്കുവാൻ
പുകവലിക്കേ കഴിയൂ..

അകത്തളങ്ങളിൽ
നിറഞ്ഞു കവിഞ്ഞു പുറത്തു വരുമീ
കറുത്ത വട്ടമിട്ട പുകയിൽ
ആവിയായ് പോകുന്നിതൊരു
ഇന്നലെയുടെ ചൂടുള്ളയോർമകൾ

സമവാക്യങ്ങൾ കൂടിചേരാത്തരാ
ഗണിതങ്ങളിൽ പുറത്താക്കപ്പെടുന്ന
കലാലയത്തിന്റെ ഭോജനശാലയിൽ
ഓർക്കാപ്പുറത്തു വരുന്ന ചില
ഫോൺകോളുകളിൽ......
കവിതക്കു പദം ചേരാത്തോരിടവേളയിൽ
പിന്നെ വേണ്ടുന്നതിനും, വേണ്ടാത്തതിനും
പുകക്കുന്നതു വെറുതയല്ല......!!

ഉത്തരങ്ങൾ തേടിയുള്ള പുകയ്ക്കലാണ്....
പുകഞ്ഞു പുറത്തുവരുന്നത് പിടിച്ചു വെക്കാൻ
കഴിയാത്ത കറുത്തപുകയുത്തരങ്ങൾ..

പുക വട്ടമായ് വിണ്ണിലേക്കുയർന്ന്
ചുറ്റും ചുമഗന്ധം പരക്കുന്നോരോർമകൾ
കാർന്നു തിന്നുന്ന ഹ്യത്തിൽ,പ്രേമത്തിന്റെ
നിക്കോട്ടിൻ കലർന്നതുകൊണ്ടത്രേ...!!!

കൌമാരം പുകവലിയുടെ ഋതുമതികാലം
ആണായതിൻ മീശമുളക്കുന്നതു
എരിയുന്ന മട്ടിക്കോൽ ചുണ്ടിലെത്തുമ്പോൾ.....?
ചുവർക്കുന്ന ആദ്യധൂമം ഹ്യദയത്തിൽ
തീർക്കുന്ന,തു ചങ്കൂറ്റത്തിൻ തറക്കല്ലുകൾ
പിന്നെ കൊത്തുപണികളാൽ തീർക്കുന്നു
ഹ്യത്തിൽ കോട്ട കൊത്തളങ്ങൾ

ഒരു പെണ്ണിനു,മറ്റൊരോർമ്മക്കു-
മൊരു,നഷ്ടത്തിന്നുമൊരു, വിരഹത്തിനും
സമമ്മല്ല നാലു ദിനേശ് ബീഡിയെങ്കിലും
പുകച്ചു പുറത്തു ചാടിച്ചാൽ
ശാന്തമാകുന്നതു ഹ്യത്തടം..

കാലമെത്ര കടന്നു പോകിതെങ്കിലും
വിദ്യയെത്ര ആർജ്ജിതമാകിയാലും
സൂത്രങ്ങളെത്ര പുതുതായ് വന്നാലുമീ
ഹ്യത്തിൽ നോവ് മാറ്റാനെന്നുണ്ടാകുമൊരു
പൊതി പുകക്കോലു,മതു
കത്തിക്കാനൊരു തീപ്പെട്ടി കൊള്ളിയും .....

മരണം പുകയൂതി കിടക്കുമ്പോഴും
ചുണ്ടിലൊരുചിരിയുണ്ടു പുകയൂതി.....

പുകയുമായി വന്ന കാലനും
ഒരു ചിരിയുണ്ട് ..പുകമറച്ചിരി..

Tuesday, November 8, 2011

നിസ്സ്വാർത്ഥം.

ഹാ പുഷ്പമേ, എന്തു രസമീലോക-
മതിൽ നീ വിരിഞ്ഞു നിൽ‌പ്പൂ.
ഉഷസ്സിന്റെ സാന്തനതുള്ളികൾ
ചുംബിച്ചു നിൽക്കുമീ നിൻ ദള-
മതു വിരിയിപ്പൂ പുതു മഴവർണ്ണ കാഴ്ചകൾ..

ഹാ ലോകമേ, എന്തു കഷ്ടമീ-
ലോകമെന്നെ സ്വാർത്ഥനെന്നു വിളിപ്പൂ
നിൻ ചേലയഴിച്ചവനെ ഞാൻ
വിളിച്ചതു ‘ബലാത്സംഗക്കാരൻ’

എനിക്കു മാത്രം സൂര്യനുദിച്ചാലും
ഒരു രാവ് എനിക്കു മാത്രമായാലും
തെരുവിന്റെ മറവിൽ ചീന്തി-
പൊടിഞ്ഞ പതിനെട്ടിന്റെ രക്തരേണുക്കൾ
കാണുമ്പോൾ, ഹാ കോകില മേ
‘നീ വഴിമാറി നിൽക്ക’

ഹാ നല്ല എഴുത്തുകാരാ,
എനിക്കു മതി നിന്റെയത്രയില്ലെങ്കിലും
ഉണ്ടു നേർകാഴ്ചതൻ നേരറിവ്
അതെഴുതാനൊരു എഴുത്താണി.
അതിന്റെയവസാന തുള്ളി മഷിവരെ
ഞാനെഴുതട്ടെ .
വേദന ചാലിച്ച ദുഖങ്ങൾ....

ചായ കോപ്പയിലെ കൊടുങ്കാറ്റുകൾ



കുടിക്കുന്ന ചായയിൽ
മധുരം പോരെന്ന് ‘യുവാക്കൾ'

കുടിച്ച ചായയിൽ മധുര-
മധിക മെന്ന് 'കാർന്നവർ'

ഇതൊന്നുമറിയാതെയവരുടെ
‘കൈവിശറികൾ ' ഈച്ചയെ
തുരത്താൻ പാടുപെടുന്നു.

*******************

കോൾഡ് കോഫി കുടിച്ച്
കാമുകിയന്നു പറഞ്ഞത്
‘പ്രണയമെത്ര തീവ്രമെന്ന്'

ഇന്നീ കറുത്ത കോഫിയിൽ
അലിഞ്ഞു ചേർന്ന ക്യൂബുകൾ
ഗ്ലാസിനോട് പറഞ്ഞത്
‘നീ കേട്ടതെത്ര നുണകളാണെന്ന്'..

************************

ഇന്ത്യൻ കോഫീ ഹൌസിൽ
പ്രണയം ചൂടുപിടിച്ചപ്പൊൾ
‘പാലിട്ട ചായയുടെ
നിറമാണ് നിനെക്കെ'ന്നു ഞാൻ

ഇന്നു വഴിയോര ചായക്കടക്കാരനോട്
ചോദിച്ചപ്പോൾ തന്നത്
‘നിന്റെ നിറം പോലും പാടകെട്ടിയത്.'.

Monday, November 7, 2011

മെഴുകുതിരി കവിതകൾ


പ്രണയം
-------------
ഓരോ ഇയ്യാം പാറ്റയോടും
മെഴുകുതിരി വെട്ടം പറയുന്നത്

‘നീയെന്നെ പ്രണയിക്കുന്നുവെങ്കിൽ
എന്നിലേക്ക് പാറി വരിക
എന്റെ വേദ ഗ്രന്ഥത്തിൽ
പ്രണയം ഒരിക്കൽ മാത്രം'.
===================

രതിസൂത്രം

---------------
വർഷക്കാലം മെഴുകുതിരിക്ക്
പ്രണയകാലമാണ്...
ഓരോ കാറ്റിലും ശരീരമുലച്ച്
കറുത്തു നീണ്ട ‘സ്തനകാഴ്ച'യൊരുക്കി
പാതി നഗനയായ് , ന്യത്തമാടുന്നു

എന്നിട്ടും ശമിക്കാത്ത ‘മഴവികാര'ത്തിൽ
വെറും തറയിലൊരിരുട്ടുപടർത്തി
കാറ്റ് മെഴുകുതിരിയെ പുണർന്ന്
രതി സൂത്രമാടുന്നു. .

=========================

ഗമ
-----

രാത്രിയുടെ യാമങ്ങളിൽ
ഓലകുടിലിലെ അണയാതിരുന്ന
മെഴുകുതിരി വെട്ടത്തെ
വല്യ വീട്ടിലെ ബൾബ്
കളിയാക്കി ചിരിക്കുന്നു.

പത്രത്തിലെ നീണ്ട പേജിൽ
ഒരെൻ ട്രൻസിന്റെ രൂപത്തിൽ
ഡോക്ടറായപ്പോൾ പൊട്ടിപ്പൊയത്
ഗമയുടെ ഫിലമെന്റാണ്....

======================
പുഞ്ചിരി
----------------

ഓരോ ഊത്തിലും മെഴുകുതിരി
കരഞ്ഞുകൊണ്ടാണ് കണ്ണടക്കുന്നത്

ഉണ്ണിമോൾക്ക് ജന്മനാളായപ്പോൾ
ഊത്തിനു ശക്തി കൂടിയിട്ടും
പുഞ്ചിരിച്ചു കൊണ്ടാണ് കണ്ണടച്ചത്..
===========================

പേടി

-------

പ്രേതങ്ങളെ ഭയപ്പെടാത്തത്
ഒരാൾ മാത്രം

കഴുത്തറുത്ത മുത്തശ്ശിക്കും
പ്രണയ നൈരാശ്യത്തിൽ
ഞരമ്പറുത്ത പെൺകൊടിക്കും
പേരറിയാതെ വയൽ നിരപ്പിൽ
അളിഞ്ഞ മധ്യവയസ്ക ജഡത്തിനും
കാവലിരുന്ന‘ പോലീസ് ‘കാരൻ
അടിച്ച് തീർത്തത് പഴയൊരു
തുക്ടി സായിപ്പിനെയാണ്...

ഒരു രാജാവിന്റെയും ആജ്ഞയില്ലാതെ
മെഴുകുതിരി ആത്മാവിനു കൂട്ടിരിക്കുന്നു.
=========================

സമത്വം

----------

സെമിത്തേരിയിലെ കല്ലറകൾക്ക്
സമത്വമില്ല
ചിലത് വെണ്ണക്കല്ലിൽ,
ചിലത് വർണ്ണകളറിൽ
ചിലതിൽ സ്വർണ്ണലിപികൾ

സമത്വമുള്ളത് മെഴുകുതിരിക്ക് മാത്രം