Christmas Bell Widget

Tuesday, April 10, 2012

STD V B


സുകുമാരൻ മാഷും
ഷീജടീച്ചറും തമ്മിൽ
ഡേഷാണെന്ന് പറഞ്ഞത്
പവദാസാണ്...!

എന്താണു ഡേഷെന്നു
ചോദിച്ചപ്പോളവൻ വരച്ച ചിത്രം
ഞാനാദ്യമായ് കണ്ട ഡേഷ് ചിത്രമാണ്..!!

പിന്നീട് ഇടക്കിടെ
മറിച്ചു നോക്കുന്നതിനിടയിൽ
ഷീജടീച്ചർ തന്നെയാണ്
ഞങ്ങളെ കൈയ്യോടെ പിടിച്ചത്..!!

അന്ന് എല്ലാവരോടും കളിക്കാൻ
പോകാൻ പറഞ്ഞ് ഒറ്റക്കിരുന്നത്
ഞങ്ങൾ നെല്ലിയുടെ മറവിൽ
കളിക്കാതെ കണ്ടു..!

പിറ്റേന്ന് ആദ്യ ക്ലാസിൽ
പവദാസിനെ എഴുനേറ്റുനിർത്തി
പൂവിനെ വരക്കാൻ പറഞ്ഞത്..!!
അതുകണ്ട് ടീച്ചർ സന്തോഷിച്ചത്....!

ഒരു കോളേജ് പഠനകാലത്ത്
പവദാ‍സിന്റെ വീട്ടിൽ പോയപ്പോൾ കണ്ടു.

പുരസ്കാരങ്ങൾക്കിടയിൽ
ഷീജടീച്ചറുടെ എണ്ണച്ഛായം
പൂമാല ചാർത്തി അങ്ങനെ....



പാലൈസ്
---------------
കോങ്കണ്ണൻ ഐസുകാരന്
കുഷ്ഠമുണ്ടെന്ന് പറഞ്ഞത്
ഐസുകാരൻ കാദർ..!!

അമ്പതു പൈസയുടെ പാലൈസ്
ഇരുപത്തഞ്ച് പൈസക്ക്
തരാമെന്ന് പറഞ്ഞിട്ടും
വാങ്ങാതെ പോയതും അതുകൊണ്ടു തന്നെ..!!

പിന്നീട് കോങ്കണ്ണൻ
സ്കൂളിലേക്ക് വരാതായപ്പോൾ
ഓഫീസ് റൂമിലേക്ക്
ചായ കൊണ്ടുപോയ ദിവസം
സുകുമാരൻ മാഷ് പറയുന്നത് കേട്ടു..

“പാലൈസിൽ വിഷം ചേർത്താണത്രേ
കോങ്കണ്ണനും ഭാര്യയും മൂന്നുകുട്ടികളും മരിച്ചത്”..!!

എങ്ങനെയായിരിക്കും
കോങ്കണ്ണന്റെ കുട്ടികൾ
പാലൈസ് തിന്നിട്ടുണ്ടായിരിക്കുക..!!?

XB
----------------------
വർഷമോരോന്നു കടന്നു പോകുമ്പോഴും
പത്ത് ബിയിലെ അവസാന ബെഞ്ച്
ആദ്യ പെൺബെഞ്ചിനെ പ്രേമിക്കും..!!

പ്രണയത്തിന് പിറകിലേക്ക്
കണ്ണുകാണാത്തതുകൊണ്ട്

അമ്മിണിടീച്ചറുടെ
ഒളിഞ്ഞുവരുന്ന ഡെക്സറ്ററുകൾ
എത്രമായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ തിരിച്ചുപോകുന്നുണ്ടാകും..!!

സ്വപ്നങ്ങൾ..
-------------
ആരാകണമെന്നചോദ്യത്തിന്
പേർഷ്യക്കാരനാകണമെന്ന് പറഞ്ഞത്
കുഞ്ഞാമിനാടെ അത്തർ മണവും
പുതിയ പേനയും കട്ടറും മോഹിച്ചാണ്..

“പേർഷ്യയിൽ പോകുന്ന കുട്ടികളെ
എനിക്കിഷ്ടമല്ലെന്ന് ”സൂറടീച്ചർ
ബോർഡിൽ എഴുതിയപ്പോൾ
ടീച്ചറോഡ് ദേഷ്യം തോന്നിയിരുന്നു..!!

ഇന്നാ ആമിനാടെ കത്ത്
“എന്റെ ഗതി മക്കൾക്ക് വരുത്തല്ലെ റബ്ബെ..”..!!


പൊട്ടിയ വളകൾ..
-------------------------
പൂരത്തിന്
ആ നീല കടകവള കട്ടെടുത്തത്
നിന്റെയുമെന്റെയും
ഒഴിഞ്ഞകൈകളായതു കൊണ്ടാണ്..!!

നാടുവിട്ട നിന്റെ മാമൻ
പൂരത്തിന് തിരികെ വന്നപ്പോൾ
നിറച്ച നിന്റെയിരുകൈകൾ കണ്ട്
കീശയിലിരുന്ന് പൊട്ടിയത്
ഒരു “കള്ളന്റെ കട്ടെടുത്ത ഹ്യദയമാണ്”


സൌഹ്യദം..!!
--------------
നാട്ടിൽ പോകുമ്പോൾ
നമ്മുടെ സ്കൂൾ കാണാറുണ്ട്..!!

ഓലമേഞ്ഞ പഴയസ്കൂൾ
പുതിയൊരു കോൺക്രീറ്റ്
സ്കൂളിനെ പ്രസവിച്ചിരിക്കുന്നു..!!

രണ്ടാം നിലയിലെ
ഉയർന്ന ക്ലാസിൽ
വാതിലിനിരുവശമായി
ഇപ്പോഴും നിൽക്കുന്നുണ്ട്
ഞാനും..നീയും.....!!

4 comments:

  1. നന്നായിരിക്കുന്നു..

    ReplyDelete
  2. വൈകിയാണ് ഈ നല്ല കവിത വായിക്കാനായത്.
    മനോഹരമായി എഴുതി.ആശംസകള്‍

    ReplyDelete