Christmas Bell Widget

Tuesday, April 10, 2012

STD V B


സുകുമാരൻ മാഷും
ഷീജടീച്ചറും തമ്മിൽ
ഡേഷാണെന്ന് പറഞ്ഞത്
പവദാസാണ്...!

എന്താണു ഡേഷെന്നു
ചോദിച്ചപ്പോളവൻ വരച്ച ചിത്രം
ഞാനാദ്യമായ് കണ്ട ഡേഷ് ചിത്രമാണ്..!!

പിന്നീട് ഇടക്കിടെ
മറിച്ചു നോക്കുന്നതിനിടയിൽ
ഷീജടീച്ചർ തന്നെയാണ്
ഞങ്ങളെ കൈയ്യോടെ പിടിച്ചത്..!!

അന്ന് എല്ലാവരോടും കളിക്കാൻ
പോകാൻ പറഞ്ഞ് ഒറ്റക്കിരുന്നത്
ഞങ്ങൾ നെല്ലിയുടെ മറവിൽ
കളിക്കാതെ കണ്ടു..!

പിറ്റേന്ന് ആദ്യ ക്ലാസിൽ
പവദാസിനെ എഴുനേറ്റുനിർത്തി
പൂവിനെ വരക്കാൻ പറഞ്ഞത്..!!
അതുകണ്ട് ടീച്ചർ സന്തോഷിച്ചത്....!

ഒരു കോളേജ് പഠനകാലത്ത്
പവദാ‍സിന്റെ വീട്ടിൽ പോയപ്പോൾ കണ്ടു.

പുരസ്കാരങ്ങൾക്കിടയിൽ
ഷീജടീച്ചറുടെ എണ്ണച്ഛായം
പൂമാല ചാർത്തി അങ്ങനെ....



പാലൈസ്
---------------
കോങ്കണ്ണൻ ഐസുകാരന്
കുഷ്ഠമുണ്ടെന്ന് പറഞ്ഞത്
ഐസുകാരൻ കാദർ..!!

അമ്പതു പൈസയുടെ പാലൈസ്
ഇരുപത്തഞ്ച് പൈസക്ക്
തരാമെന്ന് പറഞ്ഞിട്ടും
വാങ്ങാതെ പോയതും അതുകൊണ്ടു തന്നെ..!!

പിന്നീട് കോങ്കണ്ണൻ
സ്കൂളിലേക്ക് വരാതായപ്പോൾ
ഓഫീസ് റൂമിലേക്ക്
ചായ കൊണ്ടുപോയ ദിവസം
സുകുമാരൻ മാഷ് പറയുന്നത് കേട്ടു..

“പാലൈസിൽ വിഷം ചേർത്താണത്രേ
കോങ്കണ്ണനും ഭാര്യയും മൂന്നുകുട്ടികളും മരിച്ചത്”..!!

എങ്ങനെയായിരിക്കും
കോങ്കണ്ണന്റെ കുട്ടികൾ
പാലൈസ് തിന്നിട്ടുണ്ടായിരിക്കുക..!!?

XB
----------------------
വർഷമോരോന്നു കടന്നു പോകുമ്പോഴും
പത്ത് ബിയിലെ അവസാന ബെഞ്ച്
ആദ്യ പെൺബെഞ്ചിനെ പ്രേമിക്കും..!!

പ്രണയത്തിന് പിറകിലേക്ക്
കണ്ണുകാണാത്തതുകൊണ്ട്

അമ്മിണിടീച്ചറുടെ
ഒളിഞ്ഞുവരുന്ന ഡെക്സറ്ററുകൾ
എത്രമായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ തിരിച്ചുപോകുന്നുണ്ടാകും..!!

സ്വപ്നങ്ങൾ..
-------------
ആരാകണമെന്നചോദ്യത്തിന്
പേർഷ്യക്കാരനാകണമെന്ന് പറഞ്ഞത്
കുഞ്ഞാമിനാടെ അത്തർ മണവും
പുതിയ പേനയും കട്ടറും മോഹിച്ചാണ്..

“പേർഷ്യയിൽ പോകുന്ന കുട്ടികളെ
എനിക്കിഷ്ടമല്ലെന്ന് ”സൂറടീച്ചർ
ബോർഡിൽ എഴുതിയപ്പോൾ
ടീച്ചറോഡ് ദേഷ്യം തോന്നിയിരുന്നു..!!

ഇന്നാ ആമിനാടെ കത്ത്
“എന്റെ ഗതി മക്കൾക്ക് വരുത്തല്ലെ റബ്ബെ..”..!!


പൊട്ടിയ വളകൾ..
-------------------------
പൂരത്തിന്
ആ നീല കടകവള കട്ടെടുത്തത്
നിന്റെയുമെന്റെയും
ഒഴിഞ്ഞകൈകളായതു കൊണ്ടാണ്..!!

നാടുവിട്ട നിന്റെ മാമൻ
പൂരത്തിന് തിരികെ വന്നപ്പോൾ
നിറച്ച നിന്റെയിരുകൈകൾ കണ്ട്
കീശയിലിരുന്ന് പൊട്ടിയത്
ഒരു “കള്ളന്റെ കട്ടെടുത്ത ഹ്യദയമാണ്”


സൌഹ്യദം..!!
--------------
നാട്ടിൽ പോകുമ്പോൾ
നമ്മുടെ സ്കൂൾ കാണാറുണ്ട്..!!

ഓലമേഞ്ഞ പഴയസ്കൂൾ
പുതിയൊരു കോൺക്രീറ്റ്
സ്കൂളിനെ പ്രസവിച്ചിരിക്കുന്നു..!!

രണ്ടാം നിലയിലെ
ഉയർന്ന ക്ലാസിൽ
വാതിലിനിരുവശമായി
ഇപ്പോഴും നിൽക്കുന്നുണ്ട്
ഞാനും..നീയും.....!!

Sunday, March 25, 2012

തീപ്പെട്ടി കവിതകൾ അഥവാ വായിക്കാൻ കൊള്ളാത്ത പുകഞ്ഞ കൊള്ളികൾ..


മതേതരത്വം..

-------------------

തീപ്പെട്ടി കമ്പ് മുസ്ലിമാണ്...
വിശ്വമാനവികതയുടെ
തൊപ്പിവെച്ച മുസ്ലിം..

തീ ഹിന്ദുവാണ്..
പ്രോജ്ജ്വലിക്കുന്നഗ്നിയുടെ
സംസ്കാരമഹിമയുള്ള ഹിന്ദു..

തീപ്പെട്ടി കൂട് ക്രിസ്ത്യാനിയാണ്
രണ്ട് കറുത്ത ചട്ടിയിൽ നിന്നും
നൂറപ്പം പ്രദാനം ചെയ്യുന്ന ആഥിതേയൻ..

അതുകൊണ്ടാണല്ലോ
ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും
നിന്നെ മതേതരമായി
കീശയിലിട്ടു നടക്കുന്നത്..

രാഷ്ട്രീയം
---------

തീപ്പെട്ടി കമ്യൂണിസ്റ്റാണ്..
അടിച്ചമർത്തപ്പെട്ടവന്റെ നാളുകളിൽ
കീശയിൽ കരുതിയോരായുധം.

ഇന്ന് അടിച്ചമർത്തലിന് പുതിയ ഭാഷയുണ്ട്..
നിങ്ങൾക്കതിനെ മോഡേൺ കോളോണിയലിസമെന്നോ
ആഗോളവൽക്കരണമെന്നോ വിളിക്കാം

ഒരു സിഗരറ്റ് ലൈറ്റർ പോക്കറ്റിലിട്ടു നടക്കാം..!!


സദാചാരം അഥവാ വെറും ചാരം
---------------------------------------
ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്..
ഒരുപെണ്ണ് തീപ്പെട്ടി കമ്പുപോലെ
കത്തിത്തീർന്നത്..!!

മണ്ണെണ്ണ തോണിയിൽ
ശരീരവടിവുകളൊന്നൊന്നായ്
മിനുക്കിയ പെണ്ണിനെ കണ്ടപ്പോൾ
നിനക്ക് ആവേശം കൂടി...
ആവേഗം കൂടി..

പുറത്തു സദാചാരത്തിന്റെ മൊല്ലാക്ക
പറയുന്നത് കേട്ടു..

പുകഞ്ഞ കൊള്ളി പുറത്ത്...!!

ചിരി
------
ചിരി ആയുസ്സ് കൂട്ടും..
മുഖകാന്തി വർദ്ധിപ്പിക്കും..
ശത്രുവിനെ മിത്രമാക്കുമെന്നിട്ടും..

ഹ്യദയത്തിന്റെ ചിത്രമുള്ള
ചതുരകൂടിനുള്ളിൽ
ചിരിക്കാൻ ഊഴം കിട്ടിയ
പ്രണയ കമ്പിന്
ഒന്നു “ചിരിച്ചതേയോർമയുള്ളൂ‍“..!!


ഒരുമ
-----
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
അങ്ങനെയെത്രയോ ചെറുയുലക്കകൾ
തീപ്പെട്ടി കൂടിനുള്ളിൽ കിടക്കുന്നു..!!

വർഗ്ഗ സമരം
----------

തീപ്പെട്ടി കൂടിനുള്ളിലെ അന്ധകാരത്തോട്
സന്ധിയില്ലാ സമരം നടത്തി
തീപ്പട്ടികമ്പുകളോരോന്നായ്
പ്രകാശിതമായ ചാവേറുകളാകുന്നു..!!

തീപ്പെട്ടി കൂടിനുള്ളിൽ
സമ്പൂർണ്ണ പ്രകാശം
നടപ്പിലാക്കും വരെ
ഈ വർഗ്ഗസമരം തുടർന്നുകൊണ്ടേയിരിക്കും..!!


ചതി
----

ഞങ്ങൾ ചതിയന്മാരനല്ല..
വടക്കൻ വീരഗാഥയിലെ ചന്തുവിനെപ്പോലെ
തെറ്റിദ്ധരിക്കപ്പെട്ട ജന്മമാണ് ഞങ്ങളുടേത്..

നിങ്ങളുടെ അവിശുദ്ധ കരങ്ങൾ
ചഞ്ചല ഹ്യദയം..
ചിന്തകളിലെ അവിശുദ്ധ തീ
എന്നിവകൊണ്ടുരക്കുമ്പോഴാണ്

ഞങ്ങൾ തീപ്പെട്ടികൾ ചതിയന്മാരായി
ലോകം മുദ്രകുത്തുന്നത്..!!

കള്ളനും പോലീസും
--------------------------
ഒരിക്കലും അലിയാത്ത
ഐസ്ക്രീമെന്ന ഗർവിൽ അകത്ത്...!!

ആരും നുണയാതെ
പറന്നുപോകുന്ന സീൽക്കാരം പുറത്ത്...!!

ഓർമ
-------
എന്റെ ഓർമ ശരിയാണെങ്കിൽ
ഞാനിരിക്കുന്നിടം തെറ്റിയാലും
നീയിരിക്കുന്നിടം ഉമ്മാക്ക് തെറ്റിയിട്ടില്ല..

സൌഹ്യദം
--------------
ഇല്ല , നീയില്ലാതൊരെൻ സൌഹ്യദ-
ബാല്യത്തിൻ മട്ടിക്കോലിലും
കൌമാര തീപ്പൊരി കലാലയത്തിലും
യൌവ്വനത്തിലെ പ്രണയനഷ്ടത്തിലും
വാർദ്ധക്യത്തിലെ തീയിറക്കത്തിലുമന്ത്യ-
മെൻ ചിതക്കരികിലും സോദരാ...!!.

പ്രണയം
----------

നീ പ്രണയം പോലെയാണ്
കത്തിച്ചാൽ പൊള്ളും..

ഒടുവിൽ കരിഞ്ഞു വീണാൽ
കാലത്തിന്റെ മുകളിലൂടാരെങ്കിലുമൊക്കെ
ചവിട്ടിമെതിച്ചു പോയ്കൊണ്ടിരിക്കും..!!

പ്രണയ ലേഖനം
-------------------

നീ കൊളുത്തിയ
മെഴുകുതിരി വെട്ടത്തിരുന്നാണ്
ഞാനതെഴുതിയത്...

നിന്റെ വാ‍യിൽ തന്നെയാണ-
തിനൊരു സുരക്ഷിത സ്ഥാനമെന്നവൾ
കണ്ടെത്തിയതും അതുകൊണ്ട് തന്നെ..!!


മറുവിദ്യ
---------

ഞാനെഴുതുമ്പോൾ
നീയൊളിഞ്ഞു നോക്കാറുണ്ട്

എന്റെ ഹ്യദയത്തിൽ നിന്നും
മഷിയൂറുന്നവിധം നീ കണ്ടെത്തിയിരിക്കുന്നു..

അതുകൊണ്ടാണല്ലോ എന്റെ വാക്കൂകളെ
മായ്ച്ചെടുക്കുന്ന മറുവിദ്യ നീ കണ്ടെത്തിയത്..!!


ചുംബനം..
------------
ഗ്വിന്നസ്സ് ബുക്കിലെ
സുദീർഗമാ‍യ കിസ്സിനേക്കാളു-
മെത്രയോ തീക്ഷ്ണമാണ്..

തീപ്പെട്ടി കൂടിനോട്
കമ്പുകൾ ചെയ്തു കൊണ്ടിരിക്കുന്നത്..!!

കവിത
------------

തീപ്പെട്ടി ഒരു കവിതയാണ്
അത് വിശ്വസിക്കാത്തവന്

കവിതകൾ കത്തിക്കാനുള്ള
ഒരു വഴിയാണത്..!!

Sunday, March 11, 2012

പനിനീർ പൂവ്...

!!

പൊട്ടിച്ചെടുക്കുമ്പോൾ
മുള്ളുകൊണ്ടൊരു കുത്ത്..

ചവച്ചരക്കാൻ
പറിച്ചെടുക്കുന്നതിന്റെ പ്രത്യാക്രമണം..!

ഞാൻ വേദന മറന്നത്
നിന്നെ കൊടുത്തപ്പോൾ
കിട്ടിയ പുഞ്ചിരി
വിരലിൽ പുരട്ടിയാണ്...!!

നിന്നോടുള്ള പ്രതിഷേധം
ഞാനവളെ അറിയിച്ചിരുന്നു.

അതായിരിക്കാം
ചുംബിച്ച് ചുംബിച്ച്
പ്രണയലഹരിയിൽ
ഉന്മാദിനിയായി
അവൾ നിന്റെയല്ലികൾ
എന്നെന്നേക്കുമായി കറുപ്പിച്ച് കളഞ്ഞത്..

Wednesday, February 22, 2012

അതിഥി ദേവോ ഭവ...

ഒരു തോക്കുമായി ഇന്ത്യയിൽ വരിക
കടലിലോ കരയിലോ വരാം
പകലോ രാത്രിയോ ആവാം..

നഗരത്തിലോ ഗ്രാമത്തിലോ
റെയിൽവേ സ്റ്റേഷനിലോ താജിലോ
താങ്കൾക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കുക...

നഗരമാണെങ്കിൽ റെയില് വേ സ്റ്റേഷനാണു നല്ലത്
കടലാണെങ്കിൽ ബോട്ടിൽ തിളക്കണ-
മത്തികൊപ്പം ചോരതിളക്കുന്ന മുക്കുവനെ കിട്ടും.
ചോര ആവോളം ഞങ്ങളുടെ നാട്ടിലുണ്ട്..
ഇവിടെ വെള്ളത്തിന്റെ വിലയേ നിണത്തിനുള്ളൂ..

റെയില് വേ സ്റ്റേഷനിൽ തുരുതുരെ വെടിവെക്കണം
ഒറ്റവെടിവെച്ചുണ്ടതീർന്നാൽ
പാറാവുകാരൻ നിങ്ങളെ കൊല്ലും.

ചുറ്റുപാടും വെടിവെക്കുക
ആളുകൾ പരക്കം പായും
നിലത്തുവീണവർ പിടഞ്ഞു കാൽക്കലെത്തും
അവരുടെ തലച്ചോറ് നോക്കി വീണ്ടും വെക്കുക
വെടിച്ചോറ് പുറത്തു വരട്ടെ..!!

ചെറുക്കുന്ന, ചോരക്കൂറുള്ള സൈനികൻ
നിന്റെ തലപൊട്ടിച്ചെടുത്തില്ലെങ്കിൽ
താങ്കൾ സുക്യതം ചെയ്തിരിക്കുന്നു.

സലാം പറഞ്ഞ് കീഴടങ്ങുക
പിന്നെയൊന്നും മൊഴിയരുത്
ആംഗലേയം സംസാരിക്കരുത്
താങ്കൾ ഇനി വായതുറക്കുന്നത് വരെ
ഇന്ത്യയുടെ അതിഥിയാണ്..

അഥവാ താങ്കൾ ദേവനാണ്...!!

കടലിലിൽ ഉന്നം കിട്ടാതെയലയുകയാണോ?
അവിടെ ചില പൊന്തുകൾ കാണാം.
നിങ്ങൾ പൊന്തിന്റെ ചെമ്പരത്തി നോക്കി വെക്കണം
ചെമ്പരത്തി വിരിഞ്ഞ് ചിലപ്പോൾ
മനുഷ്യൻ അലറുന്നതു പോലെ അലറിയേക്കാം..
പേടിക്കേണ്ട അവർ ചെമ്പരത്തി തന്നെയാണ്
അന്താരാഷ്ട്ര കപ്പലതിർത്തിയിൽ ഞങ്ങൾ
ചെമ്പരത്തികൾ നടാറുണ്ട്..

ഇനി വേഗം ഓടിച്ചു പോകുക..
വേഗം കുറഞ്ഞാൽ താലങ്ങളേന്തി
ഞങ്ങൾ നിങ്ങളെ സ്വീകരിക്കാൻ വരും

അപ്പോൾ നിങ്ങൾ മൌനം പാലിക്കുക
നിങ്ങളുടെ മൌനം ഞങ്ങളുടെ
ദൈവങ്ങൾ തർജമ ചെയ്തുതരും...

ഇതു ദൈവത്തിന്റെ സ്വന്തം നാടാണ്
നിങ്ങൾ മൂന്നു കോടി മുപ്പത് ലക്ഷം
ദൈവങ്ങളുടെ അതിഥികളാണ്...

Sunday, February 19, 2012

കവികളെ ഞാൻ വെറുക്കുന്നത്..

വർഷത്തിലും വേനലിലും
കുളിപ്പിച്ചു പൊട്ടുതൊടീക്കുന്ന
പുഴയുള്ള ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.

ചേറ് ഉരച്ചെടുത്ത്
പുഴ ഞങ്ങളെയെന്നുംകുളിപ്പിക്കുമായിരുന്നു
ഇടക്ക് വായിലൂടെ കയറുന്ന ജലം
ഹ്യദയവും തലയും കടന്ന് മൂക്കിലൂടെ ചീറ്റി
പുഴയെന്നെ ദേഹവിശുദ്ധിവരുത്തി മനുഷ്യനാക്കി.

ഒരു ദിവസം പുഴ കുത്തിയൊഴുകുമ്പോഴാണ്
ഒരു കവി പ്രത്യക്ഷപ്പെട്ടത്
അദ്ധേഹം പുഴക്കരയിൽ ഇരുന്നു കവിതകൾ ചൊല്ലി
“പുഴമരിക്കുന്നെന്ന്” പാടി വിലപിച്ചു
ഗ്രാമവാസികൾക്ക് അയാളോട് വെറുപ്പായിരുന്നു.
എനിക്കയാളെ പുഴയിലേക്ക് തള്ളിയിട്ട്
വെള്ളം കുടിപ്പിച്ച് കൊല്ലണമെന്നുണ്ടായിരുന്നു.

പക്ഷെ പുഴയിൽ മുക്കിയാൽ അയാളുടെ
ഹ്യദയവും ശരീരവും ശുദ്ധിയാകുമെന്നതിനാൽ
ഞാനയാളെ വെറുതെ വിട്ടു.

ഒരു ദിവസം നേരം പുലർന്നപ്പോൾ
ഗ്രാമം പുഴക്കരികിലേക്ക് ഓടുന്നു
പുഴയിൽ കഴുകിയെടുത്താണെന്റെ
ഓരോ പ്രഭാതവും ആരംഭിക്കുന്നത് .
ഗ്രാമത്തിനൊപ്പം ഞാനും ഓടി..

പുഴക്കരികിൽ പുഴയോളം ആളുകളുണ്ടായിരുന്നു
പുഴമാത്രം ഉണ്ടായിരുന്നില്ല.
പുഴയെ ഇന്നലെ രാത്രി കാണാതായിരിക്കുന്നു
പുഴയെ കുറിച്ച് പാടിയ കവിയെ ഞാൻ തിരഞ്ഞു
പുഴക്കവിയെയും ഇന്നലെരാത്രി കാണാതായിരിക്കുന്നു
പുഴയെക്കുറിച്ച് പാടിയ കവി
പുഴയുമായി കടന്നു കളഞ്ഞതാണ്..
പുഴയിൽ കഴുകാനുള്ളത് ഞാൻ പൂഴിമണ്ണിൽ തേച്ചു.

പുഴമരിക്കുന്നെന്ന് പാടി പുഴയെ കൊണ്ടുപോയ
കവിയെ അന്നാദ്യമായി ഞാൻ വെറുത്തു..

ഗ്രാമം പുഴയെ മറന്നു
ഞാൻ നീന്താനും ഇടക്ക് കുളിക്കാ‍നും മറന്നു.
തലയിലേക്ക് വെള്ളപ്പാച്ചലില്ലാതെ ഇടക്കിടക്ക്
തുമ്മി ശുചിയാക്കുമ്പോഴൊരു ചീത്തമണം
ഹ്യദയത്തിൽ നിന്നും തികട്ടിവന്നു..

ഒരു ദിവസം രണ്ട് യുവകവികൾ
ഒരുമിച്ച് നാട്ടിൽ പ്രത്യക്ഷപ്പെട്ടു..
ഒരാൾ പ്രണയത്തെകുറിച്ച് പാടി
ഒരാൾ സ്നേഹത്തേയും കൊന്നപ്പൂവിനെയും
ഗ്രാമവഴികളേയും പാടി പാടി നടന്നു..

ഗ്രാമം രണ്ടുപേരെയും വെറുത്തു
ഞാൻ അപകടം മണത്തു.

പ്രണയ കവി മാംസനിബദ്ധമായ-
പ്രണയരാഗം പാടി.
പ്രണയം പേടിപ്പിക്കുന്ന പണിയാണെന്ന്
പെങ്ങളോട് പറഞ്ഞു.

സ്നേഹ കവി ശൂന്യമായ ഹ്യദത്തെചൊല്ലി
ആൽമരത്തണലിലിരുന്നു വിലപിച്ചു.
ഗ്രാമവും കൊന്നപ്പൂവും അതുകേട്ട് തലതാഴ്ത്തി.

അമ്പലങ്ങളും പള്ളികളും
ആയുധ ശാലകളായെന്ന് പാടിയദിനം
രണ്ടു പേരെയും ചതിച്ചു കൊല്ലാൻ
ഇടവഴിയിൽ ഞാൻ കാത്തു നിന്നു.
ഇരുട്ടിന്റെ മറവിൽ ഒരു വെളിച്ചം കണ്ടു
ഞാ‍നുറപ്പിച്ചു ഞാനിന്ന് ഗ്രാമത്തെ സ്വതന്ത്രമാക്കും
കവി വിമുക്ത സുന്ദരഗ്രാമം.

പെട്ടെന്നാണ് വെളിച്ചം സൂര്യനോളം പരന്നത്
ഗ്രാമം രാ‍ത്രിയിൽ പ്രകാശപൂരിതമായി
വെടികെട്ട് ഞാനാദ്യമായി രാത്രിയിൽ കേട്ടു.
പെണ്ണുങ്ങൾ ചേലകൾ മാറ്റാൻ ഓടുന്നതു കണ്ടു
ആണുങ്ങൾ മരത്തിനു ചുറ്റു ഒളിച്ചിരിക്കുന്നു.
കുഞ്ഞുങ്ങൾ കരഞ്ഞ് ഒരു സംഗീതം പരന്നു
ക്യഷ്ണനും മുഹമ്മദും യേശുവും ആ വിരുന്നിൽ പങ്കെടുത്തു.
ഞാൻ കവികളെ തിരഞ്ഞു വശം കെട്ടു വീട്ടിലേക്കോടി...

എന്റെ വീടവിടെ ഉണ്ടായിരുന്നില്ല
എന്റെ കുടുംബമവിടെ ഉണ്ടായിരുന്നില്ല
പ്രണയ കവിയും സ്നേഹ കവിയും കൂടി
എന്റെ പെങ്ങളേയും വീടിനെയും
കട്ടുകൊണ്ടു പോയിരിക്കുന്നു.
എന്റെ പൂന്തോട്ടം ചവിട്ടി മെതിച്ചിരിക്കുന്നു.
ഞാൻ തിരിഞ്ഞു നോക്കി
എന്റെ ഗ്രാമവും അവിടെ ഉണ്ടായിരുന്നില്ല......
എല്ലാം നഷ്ടപ്പെട്ട ഞാൻ

കവികളെ കൊല്ലുമെന്ന് ശപഥമെടുത്തു
പട്ടണത്തിലേക്കോടി..
പട്ടണം എനിക്ക് ജോലി തന്നു
വാഹനം തന്നു ഫ്ലാറ്റ് തന്നു.
ജോലി പതിയെ പതിയെ എന്റെ
തലച്ചോറ് കാർന്നെടുത്തു.
കൊന്നപ്പൂ കണ്ടു നടന്ന നടവഴിയുടെ
സുഗന്ധം ശ്വസിച്ച ശ്വാ‍സം നാളം
വാഹനപ്പുകയേറ്റ് കരുവാളിച്ചു.
ഫ്ലാറ്റിലെ അടുപ്പ് പുകക്കാതെ
കരളിന്റെ കറുപ്പ് കൂ‍ട്ടി.
എന്റെ ഗ്രാമത്തെകുറിച്ചോർത്ത്
ഞാൻ സദാ വിലപിച്ചു കൊണ്ടിരിന്നു.
വലിച്ചും കുടിച്ചും ഞാൻ എല്ലാം മറന്നൊ-
ടുവിൽ ഡോക്ടർ പറഞ്ഞത്
താങ്കൾക്കിനി ഇരുപത്തിനാല് മണിക്കൂർ മാത്രം.

മരിക്കാൻ എനിക്ക് പേടിയുണ്ടായിരുന്നില്ല
കവിപ്പക അവസാനിക്കാതെ
ഞാൻ മരിക്കാൻ തയ്യാറുമല്ല.

പട്ടണത്തിൽ കവികളെ ഞാൻ കണ്ടിരുന്നില്ല
ഒരു കവിയെയെങ്കിലും കൊന്ന് മോക്ഷമെടുക്കാൻ
ഞാൻ പട്ടണം മുഴുവൻ തിരഞ്ഞു.
ഒടുവിൽ ഞാനൊരിടം കണ്ടെത്തി
കരുതിവെച്ച കഠാരയുടെ മൂർച്ച നോക്കി
ആയുസ്സുതീരാനൊരു മണിക്കൂർ കൂടി മാത്രം

അവിടെ ഒരു കവി സമ്മേളനം നടക്കുകയായിരുന്നു
പട്ടണകവികൾ മുലകളെ കുറിച്ച് പാടുന്നു
ഒരു രാത്രി ഗ്രാമത്തിന് നഷ്ടപ്പെട്ടത്
വോഡ്കാ നദിയായ് അവിടെ ഒഴുകുന്നു.
ഒരു രാത്രി എനിക്ക് നഷ്ടപ്പെട്ട
എന്റെ കുഞ്ഞുപെങ്ങൾ പിറന്നപടിയവിടെയുണ്ട്.
അവർക്കു ചുറ്റും പുഴയുടെ വിരഹത്തിൽ
ഞാൻ പണിയിച്ച എനിക്കു പ്രിയപ്പെട്ട
എന്റെ കക്കൂസുകളുണ്ട്.

പട്ടണകവികളോടെനിക്ക് ബഹുമാനം തോന്നി.
പുഴക്കവിയോ സ്നേഹക്കവിയോ പ്രണയക്കവിയോ
ഇല്ലാത്ത പട്ടണത്തോടെനിക്കസൂയ തോന്നി

കഠാര ഞാൻ വലിച്ചെറിഞ്ഞു മരണത്തിനു കീഴടങ്ങുന്നു.
പക്ഷെ എന്റെ കവിപ്പകയവസാനിച്ചെന്നു കരുതരുത്
സ്വർഗ്ഗത്തിലോ നരകത്തിലോ അതിനിടക്കുള്ളവഴിയിലോ
ഞാൻ അവരെ തേടിയിരിപ്പുണ്ടാകും..!!

Monday, February 13, 2012

ഞാൻ പ്രവാസിയല്ല....

ഒരു പുതുവത്സര രാവിൽ
ഞാനും നെടുമ്പാശ്ശേരിയിൽ നിന്നും
പറന്നു പോയിട്ടുണ്ട്..

നുഴഞ്ഞു കയറ്റക്കാരന്റെ
കാക്ക ദ്യഷ്ടിയോടെ
അറബി പോലീസിന്നു മുന്നിൽ
പകച്ചു നിന്നിട്ടുണ്ട്..

മാഫിയും ഷൂഫിയുമറിയാതെ
അറബി പെണ്ണിന്റെ ഹിമാറ്-
വിളിയിൽ ഇളിഭ്യനായിട്ടുണ്ട്..

രാ‍വിലെ ഏഴിനും
രാത്രി പതിനൊന്നിനുമിടയിൽ
പന്ത്രണ്ട് മണിക്കൂർ പണിയെടുത്തിട്ടുണ്ട്.

ഓരോ രണ്ട് വർഷത്തിലും
രണ്ട് മാസം പുരയിലെത്തിയിട്ടുണ്ട്.
അതുകൊണ്ടാണോ നിങ്ങളെന്നെ
പ്രവാസിയെന്നു വിളിക്കുന്നത്...?

വോട്ടേർസ് ലിസ്റ്റിൽ നിന്നും
പേര് വെട്ടിയത്....?

എയർപോർട്ടിൽ നിന്നും
യൂസേർസ് ഫീ പിരിച്ചത്..?

എൽ ഐസിക്കാരൻ നിർബന്ധിത
ഇൻഷുറൻസ് എടുപ്പിച്ചത്...?

ബിപി എല്ലിൽ നിന്നും
എ പി എല്ലിലേക്ക് തരം താഴ്ത്തിയത്...?

പ്രവാസിയെന്ന കാർഡ് തന്ന്
പോക്കറ്റിന്റെ ഭാരം കൂട്ടിയത്..?

നാട്ടിലെ രാമൻ ഫോൺ വിളിച്ചപ്പോൾ
പറഞ്ഞത് “ഒപ്പം പഠിച്ച മുപ്പത് പേരും”
ഗൾഫിലാണെന്ന്...!!

നാട്ടിലാരുമില്ലാത്ത കാരണം
മൂപ്പര് പ്രവാസിയാണെന്ന്..!!

വർഷം മുഴുവൻ വട്ടം കറങ്ങി
ഞങ്ങൾ ചെല്ലുമ്പോൾ സമ്മാനിക്കുന്ന
കുപ്പിയിൽ നിന്നും കുറച്ചെടുത്ത്
രാമൻ പ്രവാസം മറക്കുന്നു..

വീട്ടിലെ ബീവി
ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്
“കൂട്ടുകാരികളെല്ലാം ഗൾഫിലാണെന്ന്”

അവസാനം ചേച്ചിയും പറന്നു പോയപ്പോൾ
അവൾക്ക് ബോറഡിക്കുന്നെന്ന്
നാടൊരു തുരുത്താ‍ണെന്ന്..
അവൾക്കും ഗൾഫ് മതിയെന്ന്...

ഞങ്ങൾ മുപ്പത് പേരും ഗൾഫിലുണ്ട്
ഈ കഴിഞ്ഞ വിഷുവിന്, ഓണത്തിന്
ക്രിസ്മസിന് , പെരുന്നാളിന്
ഞങ്ങൾ രാമന്റെ പേരിൽ ചിയേർസടിച്ചു..!!

മനോജിന്റെ വിവാഹ വാർഷികത്തിന്
നൌഷാദിന്റെ പെണ്ണുകാണലിന്
ഷിനോദിന്റെ ആദ്യ സന്താനത്തിന്
പ്രവീണിന്റെ ജോലികയറ്റത്തിന്
പിന്നെ വേണ്ടുന്നതിനും വേണ്ടാത്തതിനും
ഞങ്ങൾ കൂടിയിട്ടുണ്ട്...

നല്ല കൈപ്പത്തിരി ഇവിടെ കിട്ടുന്നുണ്ട്
ചൂടു വരുമ്പോൾ തണുത്തു-
പുതച്ചു കിടന്നുറങ്ങുന്നുണ്ട്.

മഴപെയ്യുമ്പോൾ കതകടച്ച്
നിങ്ങളുകാണുന്ന ഏഷ്യാനെറ്റും
സൂര്യയും ഞങ്ങളും കാണുന്നുണ്ട്..!!

അമ്മക്ക് പനിയേറിയപ്പോൾ
അഞ്ച് മണിക്കൂറിനുള്ളിൽ
ഞാൻ പറന്നെത്തിയിട്ടുണ്ട്..!!

എന്നിട്ടും രാമന്റെയച്ഛൻ മരിച്ചപ്പോ‍ൾ
ഡൽഹിയിലെ ഇന്റർവ്യൂ കഴിഞ്ഞ്
രണ്ടാം നാളിലാണ് പാവമെത്തിയത്..!!

ഇനി പറയൂ ഞങ്ങളെ നിങ്ങളെന്തിനാണ്
പ്രവാസിയെന്ന് വിളിക്കുന്നത്..?

Sunday, February 12, 2012

കയ്പ്പിച്കെടുക്കുന്ന വിധം..

മുലപ്പാലായിരുന്നു
ആദ്യ ഇഷ്ടം.

മുലയിൽ സ്നേഹം പുരട്ടിയമ്മ
ആദ്യയിഷ്ടം കയ്പ്പിച്ചെടുത്തു.

നിന്നോടായിരുന്നു
രണ്ടാമത്തെ ഇഷ്ടം.

ഇഷ്ടം മധുരമാക്കാൻ നീ
മുലകളിൽ പ്രണയം തേച്ചുവെച്ചു..

അതിൽ പിന്നെയാണ്
ഞാൻ വീണ്ടും കയ്പുനീർ കുടിക്കാൻ തുടങ്ങിയത്..!!

Saturday, February 11, 2012

പെരിയാറിൽ മുല്ല പൂത്തപ്പോൾ..

പെരിയാറിൽ മുല്ല പൂത്തപ്പോൾ
മുല്ലക്ക് തടം വെട്ടാൻ
ആയിരം പേർ വന്നു
പതിനായിരം കേട്ടു
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വന്നവർ കാണാത്തവരോടും
കാണാത്തവർ കേൾക്കാത്തവരോടും
പറഞ്ഞ് പറഞ്ഞ്
മുല്ലപ്പൂമ്പൊടി കഥ അങ്ങാടിപാട്ടായി..

മുല്ലയെ പ്രകീർത്തിച്ച്
കവികൾ പാടി
ചാനലുകളാടി
അടാത്തവരാടിപ്പാടി.

സാംസ്കാരിക നേതാക്കൾ
ആഹരിക്കാതെ തടം വെട്ടി
പട്ടിണി ശവങ്ങളായി..

ഭക്ഷണം കഴിക്കുമ്പോൾ
മുല്ലചമന്തി കൂട്ടാത്തവനെ-
യാരോ തന്തക്കു വിളിച്ചു..

തടം പൊട്ടിയാൽ
മുല്ല ചീഞ്ഞൊഴുകി
വണ്ടിപ്പെരിയാ‍റിലെ ജമന്തി,
ഇടുക്കിയിലെ 999,
കൊച്ചിയിലെ ചെമ്പരത്തി പൂക്കൾക്ക്
വംശനാശം വരുമെന്ന്
സുക്കൻബർഗ്ഗ് വിധി...

ഉറക്കം വരാതെ പാവം
മുല്ലപ്പെരിയാറുകാരൻ വ്യദ്ധൻ
അറബിക്കടലിലെ പുഷ്പാർച്ചന
സ്വപനം കണ്ടു കണ്ടു
കൺപോളകൾക്കു തടം കെട്ടി...!!

സിനിമകഴിഞ്ഞപ്പോൾ മുല്ലക്ക്
സുഗന്ധം പോരെന്ന് പാണീ വചനം.

ആനമദിച്ചാലും പെരിയാറിൽ
ചിതലൈവി ഇളകില്ലെന്നറിഞ്ഞ്
വന്നവർ വന്നവർ സെന്റ്ടൽ
ജയിലിലേക്ക് പോയി....

മാറ്റക്കളി കാണാൻ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

മുല്ലപ്രണയത്തിൽ മനം നൊന്ത
മുഖ്യന്റെ കുറിപ്പടി ചോർന്നപ്പോൾ
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു..

വിപ്ലവത്തിന്റെ നായകൻ
അപ്പച്ചട്ടിയിൽ കൈയിട്ടു
വിമോചക ശബ്ദം കേട്ട്
ആയിരം പേരും പോയി...
പതിനായിരും കേട്ടു...
ലക്ഷങ്ങൾ കാതോർത്തിരുന്നു...

പെരിയാറിലെ വ്യദ്ധൻ
മണമില്ലാത്ത മുല്ലക്ക് ചുറ്റും
ചുണ്ണാമ്പ് തേടി നടക്കുന്നു..

ഇടക്ക് വിപ്ലവ ദ്രാവകം
നിരോധിച്ചവന്റെ തന്തക്കു വിളിക്കുന്നു..!!

Saturday, February 4, 2012

പെനീസുലയിലേക്ക് സ്വാഗതം

പൊയ് പോയ അവസാന
ജബലലി ബസ്സിനെ പ്രാകി
ബർദുബൈ ബസ്റ്റാന്റിൽ
വിജനമായ ഇരിപ്പിടത്തിൽ
ജനുവരിയുടെ ശീതകാറ്റിനെ
ശപിക്കുന്ന മനുഷ്യാ നിനക്ക്
“പെനീസുലയിലേക്ക് സ്വാഗതം.”

തണുത്ത് വിറച്ച് ഞെരമ്പുകൾ
ഉറവ വറ്റിയ ഗ്യഹ ചിന്തയെ
മഥിക്കുന്നുവെങ്കിൽ തുടങ്ങാം
കാമാതുരയായ സുന്ദരിപെണ്ണിന്റെ
കൈകൊണ്ടൊരു പെനീസ്വുലൻ വോഡ്ക...

ഓർമകൾ നഷ്ടപ്പെട്ട നിന്നോട്
“വീടെവിടെ”യെന്നവൾ
സ്വകാര്യം ചോദിച്ചാൽ

ഇരുണ്ട നീല വെളിച്ചത്തിൽ
ചുവന്ന സാരിതല വഴിമാറിയ
പൊക്കിൾ ചുഴി നോക്കി നോക്കണം.

ടാറിട്ട റോഡിൽ നിന്നും
ഇടത്തോട്ട് പോകുന്ന ഇടവഴിയിൽ
പണിതീരാത്ത വീടിന്റെ അടുക്കളയിൽ
പ്രാരാബ്ദ കുഴലൂതുന്ന പെണ്ണിന്റെ
കരുവാളിപ്പ് നിന്റെ ഓർമയിലേക്ക് ഓടിവരും..

ഓർമഗർത്തങ്ങളുടെ
പൊക്കിൾ ചുഴിയിൽ നിന്നും
മുഖം തിരിച്ച് മൊഴിയുക...
“ജബൽ അലി...”

ക്ലാവേറിയോർമകൾക്ക്
ഒരു കൈതാങ്ങിനായ്
തലയുയർത്തി പതിയെ
ഒരു പെഗ്ഗ് കൂടി ഒഴിച്ചു
ഓർമകൾക്ക് ശക്തി പകരുക...

നർത്തകിപെണ്ണിന്റെ
മുലകണ്ണിനു ദാഹിച്ച്
പുതു പാദ ചലനം നടത്തുന്ന
പതിനെട്ടുകാരനു നിന്റെ മുഖഛായ..?
കണ്ടുനീ,മുലകുടിപ്പിച്ച പെണ്ണിന്റെ
നിർവ്യതിയറിയുക...

ഓർമകളുടെ മുലപ്പാല് ചേർത്ത്
ഒരു പെഗ്ഗ് കൂടി....

ഇപ്പോൾ നിന്റെ ഓർമകൾ
വോഡ്ക തിരിച്ചു തന്നിരിക്കുന്നു.

തണുത്ത ജനുവരിയിൽ
നിന്റെ ഞെരമ്പുകൾ അത്യുഷണ-
മേഖലയിലൂടെ കടന്നു പോകുന്നു..

പെനീസ്വുലയിലെ മണിമെത്തയിലേക്ക്
നിനക്ക് സ്വാഗതം..

ചുവന്ന സാരി അഴിച്ചെടുത്ത്
ഓർമഗർത്തങ്ങളിൽ
മുങ്ങിയും പൊങ്ങിയും
ശ്വാ‍സമെടുക്കാൻ ബദ്ധപ്പെടുമ്പോൾ

മുല്ലപ്പൂചൂടിയ
മധുരപാൽ പാത്രമേന്തിയ
മാതള പൂമേനിയുള്ളൊരു പെണ്ണിന്റെ
അവിശുദ്ധ ബന്ധ
നാഗ സീൽക്കാരം
അറബികടലിൽ മുഴങ്ങുന്നുവോ?...

ചിന്തകൾക്ക് കടിഞ്ഞാണിടാൻ
അവസാന തുള്ളി
വോഡ്കയും അകത്താക്കുക...!!

ഇപ്പോൾ പെനീസ്വുലയിലെ
വെളിച്ചം നിനക്കണക്കാം..!!

--------------------------------




പെനീസുല:- ബർദുബൈയിലെ ഒരു നക്ഷത്ര ഹോട്ടൽ..

ജബലലി: ദുബൈയുടെ അതിർത്തി പ്രദേശമായ വ്യവസായ മേഖല,

Friday, February 3, 2012

മിനുക്കാൻ മറന്നുപോയ കവിതകൾ...

എഴുതി തീർന്നത്
മിനുക്കിയെടുക്കുക...

മിനുക്കാൻ മറന്നത്
വായിച്ചെടുക്കുമ്പോൾ

നീ വായിച്ചുപോയ
എന്റെ കവിത പോലെ

ചെമ്പരത്തി പൂവെന്നു
ചൊല്ലി പുച്ഛിച്ചു തള്ളും...!!!