Christmas Bell Widget

Tuesday, December 24, 2013

ഉമ്മ



ഗൾഫിലേക്ക്‌ ക്ഷണിച്ചപ്പോൾ
ഉപ്പവന്നു
ഭാര്യ വന്നു

അനിയൻ വന്നു
കൂട്ടുകാരൊക്കെയും വന്നു

പൊടിപ്പനിപിടിച്ച്‌
മരിച്ചുപ്പോയേക്കാവുന്ന
വീടിനെ ചൊല്ലി

ഉമ്മ മാത്രം വന്നില്ല.

Friday, December 6, 2013

നല്ലവനായ അയൽക്കാരാ.....


അപ്പുറത്തെ ഫ്ലാറ്റിലെ
അടിപിടി ശബ്ദം കേൾക്കുമ്പോഴാണ്
നമ്മുടെ തല്ലുകൂടൽ
എത്ര നിസ്സാരമായിരുന്നു
എന്ന് മനസ്സിലായത്

അവരുടെ കുഞ്ഞുങ്ങൾ
പൊട്ടിക്കരഞ്ഞപ്പോഴാണ്
നമ്മുടെ കുഞ്ഞുങ്ങളുടെ
വാവിട്ട കരച്ചിൽ
അത്ര വലുതൊന്നുമായിരുന്നില്ലല്ലോ
എന്ന് ഉറപ്പ് വരുത്തുന്നത്

ഒരു തല്ലിന് ശേഷം
അയൽക്കാരാ
ഞങ്ങളൊന്നിച്ച് ചുമരിൽ
കാതോർത്ത് കിടക്കുമായിരുന്നു

എന്റെ കുഞ്ഞും
തന്റെ കുഞ്ഞും
പരസ്പരം കണ്ടിട്ടില്ലെങ്കിലും
നമ്മുടെ ശബ്ദങ്ങൾ
അവർക്കത്ര സുപരിചിതം

ഉറക്കത്തിൽ നിന്നും
ഞെട്ടിയെണീറ്റ് കരയാൻ തുടങ്ങുന്നതിന് മുൻപ്
ഞാനാണോ
താനാണൊയെന്നവർ
കൃത്യമായി വേർതിരിച്ചറിയുന്നുണ്ട്

ഇത്രയധികം സാമ്യമുള്ള അയൽക്കാരാ
നിങ്ങളിന്നു വീടൊഴിഞ്ഞു പോകുന്നതിൽ
ഞങ്ങളെത്രമാത്രം ദുഖിതരാണെന്നോ

ഇന്നുമുതൽ
ഞങ്ങളുടെ തല്ലുകൾ
അത്ര നിസ്സാരങ്ങളാകില്ല

ഞങ്ങളുടെ കുട്ടികളുടെ
കരച്ചിലിനേക്കാൾ വലുതായി
ഒരു കുഞ്ഞും കരയില്ല.

ദോശയുണ്ടാകുമ്പോൾ
ദേ ഇങ്ങോട്ടൊന്നുവന്നേയെന്ന്
അവളൊരിക്കലും വിളിക്കില്ല.
അതുകൊണ്ടാ ദോശ കരിഞ്ഞു പോകില്ല.

ഒരു തല്ലിന് ശേഷം
ഇനിയൊരിക്കലും ഞങ്ങൾ ചിരിക്കില്ല.
കൂട്ട് കൂടില്ല.

അത്രയധികം അടുപ്പമുള്ള അയൽക്കാരാ..
താങ്കളെന്നുമെന്നുമെന്റെ അയൽക്കാരാനാകാൻ
ഞങ്ങളെത്രമാത്രം ആശിക്കുന്നുണ്ടെന്നോ..