പ്രണയം
മഴക്കാല രോഗങ്ങളുടെ കവിത
എന്തെല്ലാം
ഏതെല്ലാം പേരിലാണ്
ഒരോ മഴക്കാലവും വരുന്നത്
ഈ പെണ്ണിന് എന്തിന്റെ സൂക്കേടാ
ആ ചെക്കന് മറ്റേതിന്റെ കേടാ
അങ്ങനെ എന്തെല്ലാം ലക്ഷണങ്ങളാണ്
ഒരു ചാറ്റൽ മഴക്ക്...
ഉമ്മകുട്ടി സുബൈദയെ
പഞ്ചായത്ത് ജാനകീടെ ചെക്കൻ
കണ്ണുരുട്ടിയപ്പോൾ
പെയ്ത പനി പിന്നീടാരോ
ചെക്കൻ ഗുനിയയെന്ന്
നാമകരണം ചെയ്തു...
ജലദോഷം ഒരു സാംക്രമികരോഗം
എന്നു പഠിപ്പിക്കുമ്പോൾ
കുട്ടികൾ ഉരുവിട്ടിരുന്നത്
പ്രേമം
പ്രേമമെന്ന് സിസിലി ടീച്ചർ
കേട്ടതേയില്ല
രാമചന്ദ്രൻ മാഷാണ് ടീച്ചർക്ക്
പിന്നീടതിന്റെ പരിഭാഷ ചൊല്ലികൊടുത്തത്...
തുലാവർഷക്കാലത്താണ്
രമണീടെ മോൾക്ക്
തൂറല് പിടിച്ചത്
മഴതിമിർത്തു പെയ്യുമ്പോളവൾ
രമണിയോട് മിണ്ടാതെ
പറമ്പിലേക്കോടും
ആരും കാണാതെ ചെമ്പന്റെ
ചെക്കൻ അവൾക്ക് കുടപിടിക്കും..
പ്രേമമ്മെന്ന് കേട്ട്
തുമ്മല് പിടിക്കുന്ന
ചില വൃദ്ധ യുവ തകരകള്
തുർക്കികള്
എല്ലാ മഴക്കാലത്തും
പൊട്ടിമുളക്കുന്നു..
എന്തൊക്കെ രോഗം വന്നാലും
ഏതു സുനാമി വന്നാലും
മഴയും പ്രേമവും
കെട്ടിപിടിച്ച്
ഉമ്മകൾ പെയ്യിക്കുന്നുണ്ട്
ഏതു പഞ്ഞക്കാലത്തും..