Christmas Bell Widget
Tuesday, December 13, 2011
ഒതളൂരിന്റെ കഥകൾ..1
മഴക്കാലം റഹീമിനു നൊമ്പരങ്ങളുടെ കാലമാണ്. നാട്ടിലെ സുമുഖനും സുശീലനുമായ റഹീമിനു പാടം നിറഞ്ഞൊഴുകുന്നതു കണ്ടാൽ കണ്ണു നിറയും. ആകണ്ണുനീരിനു കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കിൽ തുഴയാൻ കഴിയാത്ത നീർക്കോലിയുടെ വേദനയുണ്ട്.. ഈ വർഷവും നല്ല മഴ കിട്ടിയിരിക്കുന്നു. പാടം ഒരു നദിപോലെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. ഒഴുക്കിനു വട്ടമിട്ട ചുഴികളും ചില തടിമരങ്ങളും അപകടം പതിയിരിക്കുന്നെന്ന് തോന്നിപ്പിക്കും വിധം പാടം ക്ഷിപ്ര കോപിയായിരിക്കുന്നു. ആ ഒഴുക്കിലും ചില നെരുന്തു പയ്യന്മാർ ഒഴുകി വരുന്ന തേങ്ങകൾ പൊന്മാനെ പോലെ മുങ്ങിയെടുത്തു കൊണ്ടുവരുന്നതു കാണുന്നതു ഒരു ഹരമാണ്. റഹീമിനെ കാണുമ്പോൾ കുരുത്തം കെട്ട പയ്യന്മാർ വെള്ളത്തിലേക്ക് ഡെൽറ്റയടിച്ചു ചാടും.. പിന്നെ കരയിലിരുന്നുന്ന് സാകൂതം നോക്കുന്ന റഹീമിനെ നോക്കി കളിയാക്കും..
“ റഹീംക്കാ ഇങ്ങളൊന്ന് ചാടിംന്ന് , ഇങ്ങളെ ഞങ്ങൾ നീന്താം പടിപ്പിക്കാം..പിന്നെ ങ്ങള് കോലാനെ പോലെ പായും."
ചെറുപ്പത്തിൽ ഇവന്മാർ പഠിപ്പിക്കാനാണെന്ന് പറഞ്ഞ് വെള്ളത്തിൽ മുക്കി മൂക്കിലും തലയിലും കയറിപ്പോയ വെള്ളം ഇന്നും ചീറ്റിപ്പോകാതെ ഓർമ്മയിൽ ഉണ്ട്... അന്നു മൂന്നു ദിവസമാണ് പനിച്ചു കിടന്നത്..
കടവിലെ ഒരു കളിയാക്കലിനും റഹീം എതിർത്തൊന്നും പറയില്ല ആരെയും കളിയാക്കാനോ വിഷമിപ്പിക്കാനോ അറിയാത്ത റഹീമിനു ഈ കളിയാക്കലിനേക്കാൾ അപ്പുറം പാടത്തിന്റെ ഭംഗി കണ്ടു നിൽക്കാനാണ് ഇഷ്ടം. ഒഴുക്കിൽ ചുഴിയിട്ടു പോകുന്ന ചട്ടിക്കൂട്ടങ്ങളെ , ഒറ്റക്കും തെറ്റക്കും വരുന്ന നാളികേരങ്ങൾ ..പിന്നെ കലങ്ങി ചെമന്ന ചായം പൂശിയ പാടത്തിന്റെ ഭംഗി ഒന്നും ദേഹം നനഞ്ഞൊന്ന് അനുഭവിക്കാൻ കഴിയാത്തതിന്റെ വേദന ഈ ഇരുപ്പത്തി മൂന്നാം വയസ്സിലും ആ മുഖത്ത് ഖനീഭവിച്ചിട്ടുണ്ട്..
തിരിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ പാടക്കരയിൽ നിന്നും ചില പെൺസ്വരങ്ങൾ ..തനിക്കു കേൾക്കാൻ മാത്രം ഉച്കത്തിൽ തന്നെയാണ് അവർ പറയുന്നത്
“ആണുങ്ങളായാൽ ഒന്നു നീന്തിക്കുളിക്കണം.”
തുടയും മുലയും പദർശിപ്പിച്ച് കുളി ക്കളി നടത്തുന്ന പെണ്ണുങ്ങൾ ചിലപ്പോൾ അവരോട് താൻ കണ്ട ഭാവം നടിക്കാത്തതിന്റെ അരിശം തീർക്കുകയാണ്..
ഇതൊരു വലിയ പ്രശ്നം തന്നെയാണ്. വയസ്സ് ഇരുപ്പത്തിമുന്നായിരിക്കുന്നു. പത്താം വയസ്സിൽ മൂക്കിൽ വെള്ളം കയറിപ്പോയ അകാര സൌഷ്ട്യമല്ല എനിക്കിന്ന്. മെല്ലെ മെല്ലെ ഏതെങ്കിലും ഓരത്ത് ഇറങ്ങി ഒന്നു നീന്തി പഠിക്കാവുന്നതേയുള്ളൂ എന്ന ചിന്ത റഹീമിൽ ഒരു പുതിയ പ്രകാശം ഉണ്ടാക്കി..
പാടത്ത് ആരും ഇല്ലാത്ത സമയം തിരഞ്ഞെടുത്ത് വീട്ടുകാർ പോലും അറിയാതെ ജീവിതത്തിലെ അഭിലാഷം പൂവണിയിക്കാനുള്ള വെമ്പൽ റഹീമിനെ കുറച്ചൊന്നുമല്ല വികാരഭരിതനാക്കിയത്. ഭയം തെല്ലു കലർന്ന വികാരമായതിനാൽ കാലുകൾ നിയന്ത്രിക്കാൻ കഴിയാത്തവിധം വിറച്ചു കൊണ്ടിരുന്നു.
സ്വപന ദിനം വന്നെത്തി. നീന്താൻ പഠിച്ചില്ലെങ്കിലും പാടത്തിന്റെ ഓരത്തിരുന്നു ഒന്നു കുളിക്കണം. അങ്ങനെ ആ വെള്ളം ദേഹത്തു തട്ടുമ്പോൾ തന്റെ അത്മാഭിലാഷം പൂവണിയും. ആ ജലകണങ്ങൾക്കുമാത്രമേ തപിച്ചു കിടക്കുന്ന തന്റെ മനസ്സ് ശാന്തമാക്കാൻ കഴിയൂ.. ബിസ്മിയും പ്രവാചകനേയും മനസ്സിൽ ധ്യാനിച്ചാണ് ആദ്യ പടി വെച്കത്. പാടത്തിന്റെ ഓരത്തെ ചെളിയിൽ തട്ടിയതിനാലാണെന്നു തോന്നുന്നു ആദ്യ കാല്വെപ്പ് തന്നെ റഹീമിനെ വെള്ളത്തിലേക്ക് മലക്കം മറിയിച്ചു.
ഒന്നു മുങ്ങി നിവർന്ന റഹീമിനു കാലെത്തുന്ന ഉയരമേ അവിടെയുണ്ടായിരുന്നുള്ളൂ.
ആദ്യമുങ്ങലിൽ അടിമുടി പുളകിതനായ റഹീം വീണ്ടും വീണ്ടും താഴ്ചയിലേക്കിറങ്ങികൊണ്ടിരുന്നു. ഇനിയും സാക്ഷാത്കരിക്കാത്ത ഒരു പ്രണയത്തിലേക്ക് കൈനീട്ടി വിളിക്കുമ്പോലെ വെള്ളം ചുഴികളിട്ട് അവനെയേതോ മാസ്മരിക ലോകത്തിൽ കറക്കി കളഞ്ഞപ്പോഴാണ് കാലടിയിലെ നിരപ്പില്ലാതെ താനേതോ ഗർത്തത്തിലേക്ക് മുങ്ങി പോവുകയാണെന്ന് അവന് മനസ്സിലായത്. വെള്ളത്തിന്റെ ആഴിയിൽ തന്റെ ഹ്യദയത്തിലെ ജീവൻ പൊങ്ങാൻ വെമ്പൽ കൊള്ളുന്നതുപോലെ , മരണത്തിന്റെ തളർച്ചയിലേക്ക് മനസ്സും ശരീരവും കൂപ്പുകുത്തിയപ്പോൾ ഉയർച്ച താഴ്ചകൾ പെട്ടെന്നായിരുന്നു. തന്റെ പ്രിയപ്പെട്ട പാടത്തിനോട്, തന്റെ പ്രണയിനിയോട് ജീവനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു റഹീം...
കുഞ്ഞവറാൻ ഒരു മീൻ പിടുത്തക്കാരനാണ്.. ആളുകൾ പാടം കലക്കാത്ത സമയം നോക്കി മീൻ പിടിക്കാൻ കുഞ്ഞവറാൻ വരും. അകലെ അസാധാരമായ എന്തോ ഒന്ന് പൊങ്ങിതാഴുന്നത് കുഞ്ഞവറാൻ കണ്ടിരുന്നു. അടുക്കും തോറും എന്തോ അപകടമാണതന്ന് അദ്ധേഹത്തിനു തോന്നി. പിന്നെ പാഞ്ഞു വന്നു. “ ഒരു മനുഷ്യൻ മുങ്ങി താഴുന്നു. അതും ഏറ്റവും ശക്തമായ ഒഴുക്കുള്ളിടത്താണ് , നീന്തി ചെല്ലുമ്പോഴേക്കും സമയം കഴിഞ്ഞിരിക്കും. ഒന്നും ചിന്തിക്കാൻ സമയമില്ല,
കൈയ്യിലുള്ള വല കുഞ്ഞവറാൻ നീട്ടിയെറിഞ്ഞു , വർഷങ്ങളായി അയാൾക്കറിയാവുന്ന പാടമാണത് , അയാളുടെ വല ചതിച്ചില്ല , ഒരു കോലാൻ കുഞ്ഞിനെ പ്പോലെ റഹീം വലയിൽ കുരുങ്ങി. ജീവനു വേണ്ടിയുള്ള അവസാന കച്ചിതുരുമ്പിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു റഹീം അപ്പോൾ..
കരയിലേക്കെടുത്തു ശ്വാസം കൊടുക്കുമ്പോഴേക്കും ആളുകൾ ഒറ്റക്കും തെറ്റക്കും എത്തിയിരുന്നു. പലരും റഹീമിനെ നോക്കി ആത്മഗതം ചെയ്തു കൊണ്ടിരുന്നു. “ ഈ പയ്യന് എന്തിന്റെ സൂക്കേടാണ്” ഭാഗ്യത്തിനാ രക്ഷപ്പെട്ടത്, ആ വലയിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ ബീവാത്തുമ്മാക്ക് പുന്നാരമകനെ നഷ്ടപ്പെട്ടേനെ”
ബീവാത്തുമ്മ കരഞ്ഞു തളർന്നിരുന്നു. “ഇനി നീ പാടത്തു നീന്താനോ കുളിക്കാനോ പോണ്ട.. നിനക്കതിന് യോഗല്ലാന്നു കരുതിയാൽ മതി” ബീവാത്തുമ്മ മകനെ ആശ്വസിപ്പിച്ചു.“
എനിക്കു നീമാത്രമല്ലേയുള്ളൂ നീയിനി ഇത്തരം കടുംകൈ ചെയ്യരുത് മോനെ” രാത്രി അവനെ ഉറക്കിയിട്ടാണ് ബീവാത്തുമ്മ കിടക്കാൻ പോയത്. കൺപോളകളിൽ ഉറക്കം വരാതെ എത്ര സമയം കിടന്നെന്നറിയില്ല.. രാത്രിയിൽ റഹീമിന്റെ കരച്ചിൽ കേട്ടാണ് ബീവാത്തുമ്മ ഉണർന്നത്..
“ എനിക്കു നീന്തണം.. ഞാൻ സ്നേഹിക്കുന്ന നിന്റെ ആഴങ്ങളിലേക്ക് ഞാനിനിയും വരും.. നീയെന്നെ കൊണ്ടും പോകും വരെ.. എനിക്കു നിന്നിലൂടെ ഊളിയിടണം.” ........
ബീവാത്തുമ്മ കുറച്ചു തണുത്ത വെള്ളം തുണിയിൽ മുക്കി റഹീമിന്റെ നെറ്റിയിൽ തടവികൊണ്ടിരുന്നു. നല്ല ചൂടുണ്ട്.. രണ്ടു ദിവസം പനിക്കാൻ സാധ്യതയുണ്ട്.. റഹീം ഉമ്മാനെ കെട്ടിപിടിച്ച് ഒരു കുഞ്ഞിനെ പ്പോലെ പറഞ്ഞു കൊണ്ടിരിന്നു...
“നിന്റെ ആഴങ്ങളിലേക്ക് ഞാൻ വരും..”
---------------------------------------------
ഒതളൂർ ചില മഴക്കാല കാഴ്ചകൾ....
Subscribe to:
Post Comments (Atom)
ഒതളൂരിന്റെ കഥകള്‍ നന്നായി.നല്ല ഭാഷ .
ReplyDeleteനന്നായി-
ReplyDeleteമനസ്സിന്റെ ഓരോ വഴികളേ..
കൗതുകങ്ങളേ.. !!
നന്നായി എഴുതി..
നന്മകള്‍
നന്നായിട്ടുണ്ട്.. നല്ല അവതരണം. എന്തെങ്കിലും കൂടുതല്‍ ചേര്‍ക്കാം ക്ലൈമാക്സില്‍.. :)
ReplyDeleteതാങ്ക്സ് മുഹമ്മദ് , മനു, ജെഫു,
ReplyDeleteനാടിന്റെ ഓരോ കഥകൾ , ഓർത്തപ്പോൾ ഇങ്ങനെയൊന്ന് എഴുതണം തോന്നി.. അതു കൊണ്ടാണു ജെഫു വലിയ പാത്ര സ്യഷ്ടികൾ ഇല്ലാത്തത്..
ഒതളൂരിന്റെ കഥകള്‍ക്ക് അഭിനന്ദനങ്ങള്‍.....
ReplyDeleteഎത്ര നല്ല ഭാഷ
ReplyDeleteക്രാഫ്റ്റ് മനോഹരം.
ആശംസകള്‍