Christmas Bell Widget

Monday, October 28, 2013

തിര




ഓരോ തിരയും
പാറക്കല്ലിൽ വെടിക്കെട്ടിന്‌
തീകൊളുത്തുന്നു

പേടിതൊണ്ടനായ/സമർത്ഥനായ
വെടിക്കെട്ടുകാരനെപ്പോലെ
തിരികെ ഓടിപ്പോകുന്നു

Tuesday, October 8, 2013

മഷിപ്പാടങ്ങൾ..




പുതുമഴ പെയ്ത
മണ്ണിന്റെ മണം പോലെ
ഇഷ്ടമാണെന്ന്
ചൊല്ലിയതിൽ പിന്നെ
നീ ചൂടിയ പൂവിന്റെ പരിമളം പോലെ

ചില നേരങ്ങളിലെ
മഷിമണങ്ങളെന്നെ
ഉന്മത്തനാക്കുന്നു.

രാത്രി
മഷിപ്പാടങ്ങളിൽ നിന്നും
കവിതവിരിയാൻ കാവലേൽപ്പിച്ച
കാവൽക്കാരൻ മാത്രമാണ് ഞാനെന്ന്
മറന്നു പോകുന്നു.

II

ഓരോ പുരുഷനും
അവന്റെ കുപ്പായത്തിൽ
അയലുകൾ കെട്ടിവെക്കുന്നു
അതിൽ ഒരു പേന ഉണക്കാനിടുന്നു.

അതവന്റെ ഹൃദയത്തിനു നേരെ
തൂങ്ങിനിൽക്കുന്നു
ഹൃദയത്തെ സ്പർശിക്കുന്നു.

പൊടുന്നനെ അതിന്
രൂപാന്തരം സംഭവിക്കുന്നു
അതൊരു തെർമോമീറ്ററായി മാറുന്നു

തെർമോമീറ്റർ
ഹൃദയത്തിന്റെ പനിയളക്കുന്നു.
പ്രണയച്ചൂടിൽ
മഷിതിളക്കുന്നു.

അതിന്റെ മാപിനി
ഉയർന്നുയർന്ന്
ഒരു പെണ്ണിന്റെ കയ്യിൽ
50000 ഉമ്മകളെന്നെഴുതുന്നു.

അവന്റെ കയ്യിൽ അവൾ
വീട്ടിലേക്കുള്ള വഴി വരക്കുന്നു.

പ്രത്യുപകാരമായി
അവനവൾക്ക്
പേന സമ്മാനമായി നൽകുന്നു.

ഓരോ സ്ത്രീയും
ആത്മരക്ഷാർത്ഥം കൊണ്ടു നടക്കുന്ന
വഞ്ചിക്കുള്ളിൽ അവളത് ഒളിപ്പിച്ചു വെക്കുന്നു.

പുരുഷന്റെ നെഞ്ചിലെ
അയലോർമകൾ
രാത്രി വഞ്ചിപ്പാട്ടിൽ അവൾ കേട്ടുറങ്ങുന്നു.

iii

ഒരു പേനക്കും
ഒന്ന് തനിയെ നിൽക്കാനുള്ള
ത്രാണിപോലുമില്ല
എന്നിട്ടും , കാണണം
ഒരാളൊന്ന് താങ്ങിക്കൊടുത്താൽ
അഹങ്കാരത്തിന് കൊമ്പ് മുളക്കുന്നത്.

iv

ചില്ലുമേടയിലിരുന്നൊരാൾ
കല്ലെറിഞ്ഞതിന്
പേനയോട് കയർത്തു കവി

എന്നിട്ടരിശം തീരാതെ
ഒറ്റയേറും കൊടുത്തു

ചില്ലുഹൃദയം പൊട്ടി പേന മരിച്ചു.

v

ചില പേനുകൾ
തലയിലൊളിച്ച്
രക്തം കുടിക്കുന്നു.

ചില പേനകൾ
വിരലുകളിലൊളിച്ച്
രക്തം കുടിക്കുന്നു.

Tuesday, October 1, 2013

മൂന്നു കവിതകൾ


കവിതയുടെ ടയർ പഞ്ചറായപ്പോൾ
പ്രശസ്തനായ കവിയുടെ
വർക്ക്‌ ഷോപ്പിൽ കയറി

ഓയിൽ ലീക്ക്‌
കാർബേറ്ററിൽ കരട്‌
വാട്ടർ പമ്പിൽ തുരുമ്പ്‌
അലൈമന്റ്‌ നഷ്ടം

കവിതമാറ്റിപ്പിടിച്ചില്ലേൽ
പണികിട്ടുമെന്ന അന്ത്യശാസനം

അവസാനം
ആധാരം പണയം വെച്ച്‌
ഒരു പുതു കവിത വാങ്ങി

ഇപ്പോൾ ആരെയും
പേടിക്കാതെ
റോഡിൽ ചെത്തി നടക്കാമല്ലോ..

.........

പരസ്പരം ഒരു നദി
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌ നമ്മൾ

വറ്റുമ്പോഴെല്ലാം
ചുംബനപ്പാലങ്ങളിട്ട്
നനച്ചെടുക്കുന്നുണ്ട്‌ നാം
അതിന്റെ തീരങ്ങൾ.
......

ചുണ്ടാകൃതിയിലുള്ള
ചുരം കേറുന്നു
ചുംബനം എന്ന് പേരുള്ള ബസ്സ്‌..

താഴെ
വെളുത്ത മുനയുളള
വെള്ളാരംകൽ പാറകൾ
എന്നിട്ടും ഡ്രൈവർ
ആത്മവിശ്വാസത്തോടെ
ചുരം കേറുന്നു.

ചുണ്ട്‌ അയാൾക്ക്‌
ചുരമോ നൂൽപ്പാലമോ അല്ല
ഭൂമിപോലെ ഉരുണ്ട ഒന്നാണത്‌

ആരിൽ നിന്ന് തുടങ്ങിയാലും
അവളിലേക്ക്‌ മാത്രം
എത്തിച്ചേരാവുന്ന
ഒരു മഗല്ലൻ തിയറി

Friday, September 20, 2013

നടുപേജ്



പേന കുറേ ദിവസമായല്ലോ
ഈ നടുപേജിലിങ്ങനെ
ഇരിക്കാൻ തുടങ്ങിയിട്ട്.

ഒന്നും എഴുതാൻ കഴിയാത്ത
പ്രണയിനികളുടെ നടുപേജ്
പേന
ഒരു രസം കൊല്ലിതന്നെ.

അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും
മറിച്ചും മസാജ് ചെയ്തിട്ടും
ഒരു ഇക്കിളി ശബ്ദവും
ഞാൻ കേട്ടതേയില്ല.

അറബിക്കടലിൽ നിന്നും നീന്തി
തീരമണിഞ്ഞ ആദിമ പ്രവാസിപോലെ
പേന
വാക്കുകളുടെ സ്വപ്നഭൂമികയിലേക്ക്
ഓടിക്കയറുന്നു

അണ്ണാക്കിലെ അവസാന
മഷിയും വറ്റിയ അയാൾ
അവിടെ തന്നെ മരിച്ചു വീഴുന്നു.

മലർന്നു കിടന്നുറങ്ങിയ
നമ്മുടെ വാരിയെല്ലുകൾ
നടുപേജാണെന്ന് കരുതി
കീറികൊണ്ടുപോയ മോഷ്ടാവ്

ഊറി ചിരിക്കുകയായിരിക്കണമിപ്പോൾ.

II

നിന്റെ അരക്കെട്ടിൽ
ഒരു കറുത്ത ചരടുണ്ടെന്ന്
ആദ്യം പറഞ്ഞത് നടുപേജാണ്.

നടുപേജിന്റെ മാറ് കീറി നൂലിട്ട
കുന്നം കുളത്തെ അച്ചായത്തിക്കും
ഉണ്ടായിരുന്നത്രേ
ഒരു കറുത്ത ചരട്

നഗനതയുടെ
അടിയന്തിരാവസ്ഥകാലത്ത്
നോട്ട് ബുക്കും
പുസ്തകവും തുറക്കുന്ന
ഓരോ പെണ്ണിനും
ഉണ്ടാകുമായിരിക്കണം

ഇരുട്ടിലേക്ക് വലിച്ചു കെട്ടുന്ന
ചില കറുത്തകയറുകൾ.

III

പ്രണയത്തിന്റെ രാഷ്ട്രീയം തന്നെ
മുറിച്ചു മാറ്റലാണ്

നോട്ട് ബുക്കിൽ നിന്നുമൊരു
നടുപേജ്

ചെടിയിൽ നിന്നും
ഒരു ചുകന്ന പൂവ്

നാവിൽ നിന്നും
ആവശ്യമില്ലാത്തൊരു വാക്ക്

യാത്രയിൽ നിന്നും
ഒരു ടിക്കറ്റ്

അവസാനം
ചുണ്ടിൽ നിന്നും ചുണ്ട്
കണ്ണിൽ നിന്നും കണ്ണ്

പിന്നെ കാലം മുറിച്ചു മാറ്റിയ
നമ്മളെ ചൊല്ലിയെന്തിനു
വേദനിക്കണം നാം വ്യഥാ..

IV

തെരുവിലെ വേശ്യാലയം പോലെ
നോട്ട് ബുക്ക് ഓരോ ചെറുകാറ്റിലും
കന്യകമാരായ ഇതളുകൾ കാട്ടി
ഉപഭോക്താവിനെ മാടിവിളിക്കും.

അപ്പോൾ ചില സദാചാര പോലീസുമാർ
അവളെ ചീത്തവിളിക്കും

ചിലർ അവളുടെ
സുന്ദരിമാരായ സഹോദരിമാരെ
ചീന്തിയെടുത്ത് വീട്ടിലേക്ക് കൊണ്ട് പോകും

ചിലർ ചില ന്യൂജനറേഷൻ സിനിമകളിലെ
എല്ലാ മോഡലുകളും പരീക്ഷിക്കുന്ന ശാസ്ത്രജ്ഞരാകും

പ്രണയ നൈരാശ്യം കൊണ്ട്
ഭ്രാന്തനായ ഒരജ്ഞാതൻ മാത്രം
അവളുടെ നടുപേജിൽ
ഹ്യദയതുടിപ്പ് കാതോർത്ത് ഉറങ്ങിപ്പോകും

തൂവാന തുമ്പി സിനിമയിലെപ്പോലെ
ഒരു മഴപ്പെയ്യുന്നുണ്ടാകുമപ്പോൾ.

V

രണ്ട് തരം മനുഷ്യരെയുള്ളൂ

ഒന്ന് നിശകളങ്കമായ ഹ്യദയമുള്ളവർ
അതല്ലെങ്കിൽ ഇല്ലാത്തവർ
അതുമല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവർ
അതുമതുമതുമെല്ലെങ്കിൽ
കണക്ക് ബുക്കിന്റെ നടുപേജ് പേലെ..

രണ്ടാമത്തെ ജാതിയാണ് കൂടുതൽ
പ്രണയം കുറിച്ചിട്ടവർ
വെട്ടിത്തിരുത്തിയവർ
ആധിയും വ്യാധിയുമുള്ളവർ
കടലിനേയും കറുപ്പിനേയും പേടിക്കുന്നവർ
കവിതയും കഥയും വരച്ചിടുന്നോർ
അതുമതുമതുമെല്ലെങ്കിൽ
വരച്ചിട്ട വരയിലൂടെ മാത്രം നടക്കുന്ന
ഞാനും നീയുമെന്നപേരുള്ള
ചില നേർ രേഖകൾ..

VI

ഭൂമിയിലെ ഏറ്റവും വിശാലമായ
എക്സ്പ്രസ് വേ ഹൈവേകളാണ്
നടുപേജുകൾ

അതുകൊണ്ടാണല്ലോ
നൂറ് കാമുകിമാരുണ്ടായിട്ടും

സുഹ്യത്തെ
ഒന്നുപോലും കൂട്ടിമുട്ടാതെ
താങ്കൾ രക്ഷപ്പെട്ടത്.

VII

കീറിയെടുത്തൊരാ നടുപേജായിരിക്കണം
പ്രണയത്തിന്റെ ആദ്യയോർമകൾ.

Friday, August 2, 2013

പെട്ടി കെട്ടിയ രാത്രി

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

ഒന്നുറക്കം പിടിക്കുമ്പോഴേക്കും
പെട്ടിക്കകത്തു നിന്നും
ചില ഓർമ്മപ്പെടുത്തലുകൾ

ഷാഹുലിന്റെ ഉമ്മയാണാദ്യം വിളിച്ചത്‌
മോനേ ആ ടോർച്ചിങ്ങു വേഗം കൊണ്ടുവരണേന്ന്
ഈ മഴേത്ത്‌ രാത്രി ഒന്നു പുറത്തിറങ്ങാൻ
നീ വേഗമെത്തേണേന്ന്

വേഗമെത്താമെന്ന
വാക്കിനാൽ ഉമ്മയുറങ്ങി
കൂടെ ഞാനും

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

സുനിലിന്റെ പെണ്ണാണ്‌
ഇക്കാ കല്ല്യാണത്തിന്‌ മുന്നെ എത്തില്ലേന്ന്
പമ്പേഴ്സില്ലാതെ കുട്ടിയെ
എങ്ങോട്ടും കൊണ്ടുപോകാൻ പറ്റില്ലെന്ന്

നാളെത്തന്നെ
എന്നവാക്കുകൊണ്ട്‌
അവരെയുറക്കിയതാണ്‌

എന്നിട്ടും
പെട്ടികെട്ടിയ രാത്രി
ഉറങ്ങാനെന്തു പെടാപാടാണ്‌

ഞാനായി വാങ്ങിയ മൊബൈലിൽ
കൂട്ടുകാരാ
കൂട്ടുകാരാ
എന്ന റിംങ്ങ്ടോണാണെന്നെ ഉണർത്തിയത്‌.

ടാ
ഞാൻ വന്നളിയാ എന്ന വാക്കുകൊണ്ട്‌
അവനെ ലഹരിപ്പിടിപ്പിച്ച്‌
മയക്കി കിടത്തി

എന്നിട്ടും
മെന്നിട്ടും
എനിക്കുറക്കം വന്നതേയില്ല

ഭൂമിയിലെ
പ്രതീക്ഷകളെല്ലാം
ഒഴുകിപ്പോകുന്ന
ബാഗേജ്‌ കടലിടുക്കിലൂടെ
എന്റെ ലാഗേജും നാളെ സഞ്ചരിച്ച്‌
അവർക്ക്‌ മാത്രമറിയാവുന്ന ഭാഷയിൽ
നാല്‌ മണിക്കൂർ പറയുന്ന തമാശകൾകേട്ട്‌
ചിരിച്ചുറങ്ങിയതാണ്‌

അപ്പോഴാണ്‌
കോടാലി തൈലം
ലഗേജിലാകെ പരന്നത്‌
ഉമ്മ മോനേന്ന് വിളിച്ചത്‌

ഒന്നും മറന്നിട്ടില്ലയെന്ന
ഒറ്റവാക്ക്‌ കൊണ്ട്‌
കെട്ടിയിട്ടുണ്ടെന്ന ഉറപ്പിലാണ്‌
നേരം വെളുത്തത്‌









Thursday, June 20, 2013

കറുപ്പിന്റെ രാഷ്ട്രീയം


കറുത്തവൻ
വെളുത്തവന്റെ ഭാഷപഠിക്കുന്നു
അവന്റെ വസ്ത്രം ധരിക്കാൻ പഠിക്കുന്നു
അവനെപ്പോലെ നടക്കുന്നു,
ഇരിക്കുന്നു
തിന്നുന്നു
തൂറുന്നു.

വെളുത്തവനോ
കറുത്തവന്റെ രാഷ്ട്രീയം
മണ്ണിന്റെ ചരിത്രം
ജലത്തിന്റെ സാമ്പത്തിക ശാസ്ത്രം
മൂന്നാലോകമെന്ന ഉപപാഠപുസ്തകം തന്നെ
മുഴുവൻ പഠിച്ചെടുക്കുന്നു.

കറുത്തവർ വെളുത്തവരുടെ നാട്ടിലേക്കും
വെളുത്തവർ കറുത്തവരുടെ നാട്ടിലേക്കും
കുടിയേറിപാർക്കുന്നു

സ്വന്തമായി
തനിക്കൊരു രാജ്യമുണ്ടെന്ന്
കറുത്തവൻ തെറ്റിദ്ധരിക്കുന്നു.
----------------------------------

മഴയത്ത് മൈലുകൾ താണ്ടി
ഗർഭിണിയായ ഭാര്യയെ ചുമന്ന്
മലയിറങ്ങിയവന്
രാഷ്ട്രീയമേയില്ല

പട്ടിണിമരണം
റെജിസ്ട്രേഷൻ ആവശ്യമില്ലാത്തത് കൊണ്ട്
തിരിച്ച് പോക്ക് എത്ര എളുപ്പം

രാഷ്ട്രവും
നിയമവും നീതിയുമില്ലാത്തവന്
എല്ലാം സുഖം സുന്ദരം…

ഇതെല്ലാമുള്ളവരുടെ കാര്യമാണ് കഷ്ടം

Thursday, April 25, 2013

ആറാം നിലയിലേക്കുള്ള ദൂരം.




ഓരോ ഫ്ലാറ്റും
ഓരോ കൂടാണ്‌

ഒന്നാം നിലയിലെ ബാച്ച്ലേഴ്സിന്റെ
കാക്കകൂട്ടിൽ
എപ്പോഴും കലമ്പലാണ്‌

രണ്ടാം നിലയിലെത്തിയാൽ
കുയിലിന്റെ പാട്ട്‌ കേൾക്കാം

മൂന്നാം നില
മുങ്ങകളുടേതാണ്‌
രാത്രിയായാൽ ചിലർ
ലിഫ്റ്റിന്റെ മൂലയിൽ
വെള്ളിമുങ്ങകളുമായി അള്ളിപ്പിടിച്ചിരിക്കും

നാലാം നിലയിലെ ചെമ്പോത്തിനെ
ആരും കണ്ടിട്ടില്ല
ഞാനും

എല്ലാ ദിവസവും
ജോലിക്ക്‌ പോകുന്ന
മരംകൊത്തിയുടെ കൂടെത്തിയാൽ
വീട്ടിലേക്ക്‌ പണമയച്ചില്ലല്ലോയെന്നോർമ്മ വരും

ആറാം നില
അരിപ്രാവുകളുടെ കൂടാണ്‌
അഥവാ നമ്മുടെ വീട്‌

കിണറ്റിലുള്ള പ്രാവിനെ
ടോർച്ചടിച്ച്‌ പിടിച്ചതിന്റെ ശാപമാകാം

പീക്കോക്‌ എന്നുപേരുള്ള
ഈ കൊമ്പിൽ നിന്നും നമുക്ക്‌
പറന്നു പോകാൻ കഴിയാത്തത്‌

ചിറകുകൾ
മുറിഞ്ഞുപോയ നമ്മൾ
ലിഫ്റ്റെന്ന സ്റ്റെക്ചറിൽ
തൂങ്ങിയിറങ്ങുന്നത്‌....

Tuesday, March 26, 2013

നമ്മുടെ പാവാടകൾ





മഞ്ഞ് പെയ്താൽ
പുതക്കാം

മഴവരുമ്പോഴും
വെയിലുവരുമ്പോഴും ചൂടാം

കാറ്റ് വരുമ്പോൾ ഒളിച്ചിരിക്കാം

നീയുരിഞ്ഞിട്ടുപോയ
പ്രണയത്തിൻ ചുവന്ന പാവാടകൾ
നനച്ചിടാൻ സമയമില്ലല്ലോ..

II

അയലത്ത് കിടക്കുമ്പോൾ
ആങ്കറിൽ കിടക്കുമ്പോൾ
നമ്മുടെ വസ്ത്രങ്ങൾ
നമ്മെളെക്കാളേറെ
പ്രണയബദ്ധരാകുന്നു…

അവ പരസ്പരം കെട്ടിപിടിച്ച്
വിയർത്തുപ്പോയ ഓർമകളെ
അയവിറക്കുന്നു.

കാറ്റത്ത് ആടുമ്പോഴും
മഴയത്ത് നനയുമ്പോഴും
താളമുണ്ട് , ലജ്ജയുണ്ട്..

മുട്ടിയുരുമ്മി
മാറ്റുനോക്കും
ഓരോ പുതുമോടിയും

ശ്രദ്ധിച്ചിട്ടില്ലെ
ഊരുമ്പോൾ തടഞ്ഞുനിൽക്കുന്ന
നമ്മുടെ അടിവസ്ത്രങ്ങൾ പോലും
ഒരുമിച്ച് ഇറങ്ങിപ്പോകുന്നത്
ഒരു രാത്രി മുഴുവൻ .
കെട്ടിപ്പിടിച്ചുറങ്ങുന്നത്.

III

വലിച്ചെറിയാൻ
ഒരുപാട് വസ്ത്രങ്ങളുണ്ട്

മതത്തിന്റെ
ജാതിയുടെ
നിറത്തിന്റെ

അവസാന വസത്രവും ഊരിയെറിഞ്ഞ്
ഞാൻ നഗ്നനാകുന്നതെപ്പോഴാണ്…

Sunday, March 3, 2013

randu kavithakal


ചുണ്ടുകൾ കൊണ്ട്‌
ഓഫ്‌ ഡ്രൈവ്‌ ചെയ്ത്‌
മരുഭൂമിയിലൂടെ
ചെങ്കുത്തായും ചെരിഞ്ഞും
ഇതാ ഇപ്പോൽ മറിയുമെന്ന് തോന്നിക്കുമാറ്‌
ഒരു കറുത്ത ഹമ്മർ കയറിപ്പോകുന്നു.

സാന്റിയാഗൊ എന്ന ആട്ടിടയൻ
മണൽ കാറ്റിനിടയിലൂടെ
ഈ കാഴ്ച കാണുന്നു....

പെണ്ണിന്റെ ചുണ്ട്‌
പനിനീർപ്പൂ പോലെ
ചുകന്നതോ മൃദുലമോ അല്ല
അത്‌ ഹമ്മറിന്റെ ടയറുകൾ പോലെ
കറുത്തതും കരുത്തുറ്റതുമാണെന്ന്
സാന്റിയാഗോ പിറുപിറുക്കുന്നു

ഈജിപ്തിലേക്കുള്ള
വഴി
വഴിയെന്ന്
ഹമ്മർ പോയവഴിയെ വെച്ചുപിടിക്കുന്നു....

ഷാവെഴ്സിന്റെ അഭാവത്തിൽ
അമേരിക്കൻ പട്ടാളം
വെന്വെസുലയിലേക്ക്‌
ഹമ്മറിടിച്ചു കയറ്റുമോയെന്ന്
സിരയിൽ വിപ്ലവം
ശങ്കിച്ച നിമിഷം
ഞാൻ ഹമ്മറിൽ നിന്നും
ഓഫ്‌ റോടിൽ നിന്നും
തെറിച്ചു പോകുന്നു..

പിറ്റേന്ന് രാവിലെ
ഹമ്മറുകളോടിച്ചുപ്പോയ
ഒരു ഒഴിവു ദിനത്തെ
കുറിച്ചോർത്ത്‌
ഞാനും നീയും പൊട്ടിച്ചിരിക്കുന്നു.

II

ഇണക്കമെന്ന ആഢംബര നൗകയിൽ
ആർമ്മാദിച്ച്‌ ഉല്ലസിക്കവെ
ആകാശം കറുക്കുന്നു

ഇണക്കമെന്ന
ഒരിക്കലും മുങ്ങില്ലെന്ന്
അഹങ്കരിച്ച കപ്പൽ
പിണക്കമെന്ന കടലിൽ
നിശബ്ദം താഴ്‌ന്നുപോകുന്നു

നാം വേർപ്പെട്ട്‌
ഞാനെന്ന കരയിലേക്ക്‌
നീന്തവേ

കൈ കുഴഞ്ഞ്‌
കാൽ തളർന്ന്
നീന്തിതോൽക്കുന്നു

മരണത്തിനു മുൻപ്‌
തകർന്നുപ്പോയ
മോഹങ്ങളുടെ മരപ്പലകയിലൊന്ന്
നമ്മുക്ക്‌ കിട്ടുന്നു

നാം എത്രയോ ശ്രദ്ധിച്ച്‌
ഒന്നായ്‌ തുഴയുന്നു

ഒരു ചുംമ്പനം
കരയുടെയും
കടലിന്റെയും
നൗകയുടെയും
ഓർമ്മകൾ മായ്ച്ച്‌ കളയുന്നു....

Monday, February 18, 2013

പേരുമാറ്റപെട്ട മാനസികാരോഗ്യ കേന്ദ്രങ്ങൾ..




ഓർക്കാനൊന്നും ഇഷ്ടപ്പെടാത്തവർ
സംഗീതോപകരണങ്ങൾ
കൊണ്ടുനടക്കാറില്ല...

എന്നിട്ടും
നഗരത്തിലേക്ക്‌ നോക്കി
നോക്കി നിൽക്കവെ
ജനലഴികൾ വീണകമ്പികളാകുന്നു...

അവ ഒരു സംഗീതവും
പൊഴിക്കുന്നില്ല

ഓർമ്മ എന്ന ഷോക്ക്‌
ട്രീറ്റ്‌മന്റ്‌ മാത്രം നൽകുന്നു..

ഫ്ലാറ്റുകൾ
വില്ലകൾ
ഹോട്ടലുകൾ

പേരുമാറ്റപെട്ട മാനസികാരോഗ്യ കേന്ദ്രങ്ങൾ..